സെല്ഫ് ഹെല്പ്-മോട്ടിവേഷണൽ വിഭാഗത്തിൽ (genre) പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങൾക്കാണ് ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ വായനക്കാരുള്ളത്. സാഹിത്യത്തിൻറെ ആരാധകരോ കടുത്ത പുസ്തകപ്രേമികളോ അല്ലാത്തവർ പോലും വളരെയധികം വാങ്ങുന്നതും പുതിയതലമുറ വളരെ താല്പര്യത്തോടെ വായിക്കുന്നതും ഈ വിഭാഗത്തിൽപ്പെടുന്ന പുസ്തകങ്ങളാണ്. ഇതിൽ ലോകത്ത് വിവിധ ഭാഷകളിലായി ആളുകൾ ഏറ്റവും കൂടുതൽ വായിച്ച ആദ്യകാല പുസ്തകം 1937ൽ പുറത്തിറങ്ങിയ നെപ്പോളിയൻ ഹില്ലിന്റെ ‘തിങ്ക് ആൻഡ് ഗ്രോ റിച്ച്’ എന്ന പുസ്തകമായിരിക്കും. എന്നാൽ, അതിനും പതിറ്റാണ്ടുകൾ മുമ്പ് എഴുതപ്പെട്ടതാണ് അതേപോലെ പ്രശസ്തമായ ‘ആസ് എ മാന് തിങ്കേത്’ (As A Man Thinketh) എന്ന പുസ്തകം. പ്രസിദ്ധനായ ബ്രിട്ടീഷ് തത്വചിന്തകനും എഴുത്തുകാരനുമായിരുന്ന ജെയിംസ് അല്ലൻ 1903ൽ പ്രസിദ്ധീകരിച്ച ഈ പുസ്തകം ഇന്നും ലോകമെമ്പാടും വ്യാപകമായി വായിക്കപ്പെടുന്ന പഴയകാല പ്രചോദനാത്മക സാഹിത്യരചനകളിലൊന്നാണ്. ഈ ശ്രേണിയിൽ ഇന്ന് ചർച്ചചെയ്യപ്പെടുന്ന ജോസഫ് മർഫിയുടെ ‘പവർ ഓഫ് യുവർ സബ്കോൺഷ്യസ് മൈൻഡ്’ എന്ന പുസ്തകം അച്ചടിമഷി പുരളുന്നത് 1960കളിൽ മാത്രമാണെന്നുകൂടി ഓർക്കണം. കഴിഞ്ഞ നൂറുകൊല്ലങ്ങളായി മലയാളികൾ വായിച്ചുകൊണ്ടേയിരിക്കുന്ന ‘ആസ് എ മാന് തിങ്കേത്’ന്റെ നവീന വിവർത്തനങ്ങൾ പ്രമുഖ മലയാള പ്രസാധകരെല്ലാം ഇന്നും പ്രസിദ്ധീകരിക്കുന്നുണ്ടെന്നതാണ് ഈ പുസ്തകത്തിന്റെ മറ്റൊരു പ്രാധാന്യം. ജെയിംസ് അലന്റെ ഈ വിഖ്യാത ഗ്രന്ഥത്തിന് 1915ൽ ഒരു വിവർത്തനം മലയാളത്തിൽ വന്നിരുന്നു. ഒരു നൂറ്റാണ്ടു മുൻപ് മലയാളിക്ക് ഈ പുസ്തകം പരിചയപ്പെടുത്തിയതാകട്ടെ മഹാകവി കുമാരനാശാനും!
പ്രൗഡഗംഭീരമായ ആ ഭാഷാന്തരം “മനസ്സുപോലെ മംഗലം” എന്ന തലക്കെട്ടിൽ ആദ്യം വിവേകോദയം മാസികയിലും, “മനഃശക്തി” എന്ന പേരിൽ പിന്നീട് പുസ്തകരൂപത്തിലും പ്രസിദ്ധീകരിച്ചു. അന്നത്തെ പതിവ് രീതികൾക്ക് വിപരീതമായി, മൂലഗ്രന്ഥകാരന്റെ ഭാര്യയുടെ അനുവാദത്തോടെയായിരുന്നു ആശാൻ ഈ കൃതിയെ പരിഭാഷപ്പെടുത്തിയത്. വളരെ മനോഹരമായ ഒരു ആമുഖത്തോടെ കുമാരനാശാൻ മലയാളത്തിലേക്ക് അവതരിപ്പിച്ച ഈ പുസ്തകത്തിൽ അദ്ദേഹം ദർശിച്ച മഹത്വവും അതിൽ വിവരിച്ചിട്ടിട്ടുണ്ട്. “മനശക്തി മനുഷ്യർക്ക് ജാതിമതഭേദം കൂടാതെ പൊതുവിലുള്ള ജന്മസിദ്ധമായ സ്വത്താകുന്നു. അത് ആത്മാക്കൾക്കുള്ള, ഉപയോഗിക്കുംതോറും വർധിച്ചുവരുന്ന ഒരു ദിവ്യനിധി ആകുന്നു. ഈ അക്ഷയ ഭണ്ഡാരത്തിന്റെ കൈകാര്യകർത്തിത്വത്തിലുള്ള ചുമതലയും മതഭേദമോ വർണാശ്രമഭേദമോ സ്ത്രീപുരുഷഭേദമോ കൂടാതെ മനുഷ്യജാതിയിൽപ്പെട്ട എല്ലാവർക്കും ഒന്നുപോലെയുള്ളതാകുന്നു. എന്നാൽ നമ്മുടെ സ്ത്രീകളിലോ പുരുഷന്മാരിലോ ആയിരത്തിലൊരാൾ ആ വലിയ ചുമതലയെ വേണ്ടവണ്ണം അറിഞ്ഞു നടക്കുന്നുണ്ടോ എന്ന് സംശയമാണ്. ഈ ചെറിയ പുസ്തകം നമ്മെ നല്ലവണ്ണം ആ ചുമതലയെപ്പറ്റി ഓർമ്മപ്പെടുത്തുന്ന ഒന്നാണ്,” മഹാകവി എഴുതുന്നു.
പത്രപ്രവർത്തകനും ജീവചരിത്രകാരനുമൊക്കെയായിരുന്ന കുന്നത്ത് ജനാർദ്ദന മേനോൻ ഈ പുസ്തകത്തെ ഏതാണ്ട് അതെകാലത്തു തന്നെ മലയാളത്തിലേക്ക് തർജ്ജമ ചെയ്തു പ്രസിദ്ധീകരിച്ചിരുന്നു. ആ പുസ്തകത്തിന്റെ പേര് ‘മനം പോലെ മംഗലം’ എന്നായിരുന്നതുകൊണ്ടാണ് സമാനമായൊരു തലക്കെട്ട് തന്റെ പരിഭാഷയ്ക്ക് നൽകാഞ്ഞതെന്ന് ആശാൻ ആമുഖത്തിൽ പറയുന്നുണ്ട്. 1925നോടകം മൂന്നാം പതിപ്പ് പുറത്തിറങ്ങിയ ഈ ഗ്രന്ഥത്തെ ഒരു നൂറ്റാണ്ടിനപ്പുറമുള്ള നമ്മുടെ വായനാലോകം സാമാന്യം നന്നായിത്തന്നെ സ്വീകരിച്ചെന്നുവേണം മനസ്സിലാക്കാൻ. ശാരദാ ബുക്ഡിപോ ആയിരുന്നു പ്രസാധകർ.
വിക്ടർ യൂഗോയുടെ വിഖ്യാതമായ ‘ലെ മിറാബിലെ’യുടെ മലയാള പരിഭാഷ നിർവഹിച്ച നാലപ്പാട്ട് നാരായണമേനോനെ വിവർത്തകരിലെ പ്രതിഭ എന്ന് വിശേഷിപ്പിച്ചത് പ്രശസ്ത നിരൂപകൻ എം കൃഷ്ണൻ നായർ ആയിരുന്നു. സർഗാത്മക സാഹിത്യകാരന്മാരിൽ മാത്രമല്ല വിവർത്തകരിലും ‘ജീനിയസ്’ എന്ന് വിശേഷിപ്പിക്കപ്പെടേണ്ടവർ ഉണ്ടെന്നും നാലപ്പാടൻ മലയാളത്തിലെ അത്തരമൊരു ജീനിയസ് ആയിരുന്നെന്നുമാണ് ‘പാവങ്ങൾ’ എന്ന ബൃഹദ് പരിഭാഷയെ മുൻനിർത്തി കൃഷ്ണൻ നായർ സാഹിത്യവാരഫലത്തിൽ നിരവധി തവണ അഭിപ്രായപ്പെട്ടിട്ടുള്ളത്. കവി, പത്രാധിപർ, സാമൂഹ്യപരിഷ്കർത്താവ് എന്നീ നിലകളിൽ അറിയപ്പെട്ട കുമാരനാശാനിലെ വിവർത്തക പ്രതിഭയെ മലയാളികൾ വേണ്ടത്ര മനസ്സിലാക്കിയിട്ടില്ല എന്നുവേണം കരുതാൻ. ഒരു വിവർത്തകൻ എന്ന നിലയിലുള്ള കുമാരനാശാന്റെ സംഭാവനകളെ പലപ്പോഴും സാഹിത്യലോകം തമസ്കരിക്കുകയാണുണ്ടായത്. സൗന്ദര്യലഹരി അടക്കമുള്ള പദ്യകൃതികൾ വിവർത്തനം ചെയ്ത ആശാന്റെ ആനുകാലികപ്രസക്തങ്ങളായ നിരവധി ഗദ്യവിവർത്തനകൃതികൾ പതിറ്റാണ്ടുകളായി അച്ചടിയിൽ ഇല്ലെന്നു മാത്രമല്ല, അവയുടെ പേരുകൾ അദ്ദേഹത്തിന്റെ ജീവചരിത്രക്കുറിപ്പുകളിൽ പോലും ആരും എഴുതിച്ചേർത്തിട്ടില്ല. താൻ പത്രാധിപരായിരുന്ന, ശ്രീനാരായണധർമ പരിപാലന യോഗത്തിൻ്റെ മുഖപത്രമായിരുന്ന, വിവേകോദയത്തിൽ കാലികപ്രസക്തമായ പല സംസ്കൃത-ആംഗലേയ കൃതികളും അദ്ദേഹം പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചിരുന്നു. ഈ കൃതിയോടൊപ്പം അദ്ദേഹം പരിഭാഷ നിർവഹിച്ചവയിൽ മനുസ്മൃതിയും സദാചാരശതകവും പണ്ഡിറ്റ് സീതാനാഥ് തത്വഭൂഷന്റെ മൈത്രേയിയും ശങ്കരാചാര്യരുടെ സൗന്ദര്യലഹരിയും എഡ്വിൻ ആർനോൾഡിന്റെ ലൈറ്റ് ഓഫ് ഏഷ്യയുമൊക്കെയുൾപ്പെടുന്നു.
വിവർത്തനത്തിനായി അദ്ദേഹം തെരഞ്ഞെടുത്ത കൃതികളുടെ വൈവിധ്യവും നമ്മെ അത്ഭുതപ്പെടുത്തും. മഹാകാവ്യങ്ങൾ, ആഖ്യായികകൾ, സെല്ഫ്-ഹെല്പ്, താന്ത്രിക കൃതി, വൈദിക സ്മൃതി, ജീവചരിത്രം അങ്ങനെപോകുന്നു ആ നീണ്ട നിര. ഇവയിൽ ഏറിയപങ്കും വിവേകോദയത്തിൽ ഖണ്ഡശഃ പ്രസിദ്ധീകരിച്ചവ തന്നെ. വിവേകോദയത്തിന്റെ പത്രാധിപർ എന്ന നിലയിൽ, ഒരു ശരാശരി മലയാളിയുടെ വായനനിലവാരവും പുസ്തകപരിചയവും എത്രമാത്രം ഉയർന്നതും വിശാലവുമായിരിക്കണം എന്നതിൽ മഹാകവിയുടെ നിഷ്കർഷ നമ്മെ ഓർമ്മപ്പെടുത്തുക കൂടി ചെയ്യുന്നതാണ് ഈ വൈവിധ്യം.
ബൈബിളിലെ സദൃശവാക്യങ്ങളിലെ (Book of Proverbs) “For as he thinketh in his heart, so is he” അഥവാ “ഒരുവൻ മനസ്സിൽ ചിന്തിക്കുന്നതെന്തോ, അവൻ അതുതന്നെയായിത്തീരുന്നു,” (23:7) എന്ന വാക്യത്തിൽ നിന്നാണ് മൂലഗ്രന്ഥകാരനായ ജെയിംസ് അലൻ ഈ പുസ്തകത്തിന്റെ പേര് കണ്ടെത്തുന്നത്. രസകരമായൊരു വസ്തുത എന്തെന്നാൽ, ബൈബിളിലെ യഥാർത്ഥ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്താണ് ആ പ്രയോഗത്തിന് ഇത്തരമൊരു അർത്ഥകല്പന നൽകുന്നത്. ബൈബിളിൽ ഇതിനു മുന്നോടിയായി വരുന്ന വാക്യങ്ങളെ ചേർത്തുവച്ച് വായിക്കുമ്പോൾ ഈ പ്രയോഗത്തിന്റെ ശരിയായ അർഥം ‘മനുഷ്യൻ അവൻ ചിന്തിക്കുന്നതുപോലെ ആയിത്തീരുന്നു’ എന്നതാണെന്ന് പറയാൻ കഴിയില്ല. ബൈബിളിൽ ഈ വാക്യം കടന്നു വരുന്നത് ആത്മാർത്ഥതയില്ലാത്ത ഒരു ആതിഥേയനെക്കുറിച്ച് പരാമർശിക്കുമ്പോഴാണ്. പുറമേ “കഴിക്കൂ, കുടിക്കൂ” എന്നു പറയുമ്പോഴും അവന്റെ ഹൃദയം അതിഥിയോടൊപ്പമല്ല. അകമേ അവന് അതിഥിയോട് സ്നേഹമോ ഉദാരതയോ ഇല്ല. മനുഷ്യന്റെ യഥാർത്ഥ അന്തർഭാവം അവന്റെ പുറമേയുള്ള വാക്കുകളിൽ നിന്ന് വ്യത്യസ്തമായിരിക്കാം; അവന്റെ ഉള്ളിലെ മനോഭാവമാണ് അവന്റെ യഥാർത്ഥ സ്വഭാവത്തെ വെളിപ്പെടുത്തുന്നത്, എന്ന ആശയത്തിലാണ് ബൈബിളിലെ ഈ പ്രയോഗം.
എന്നാൽ, ‘മനുഷ്യൻ അവൻ ചിന്തിക്കുന്നതുപോലെ ആയിത്തീരുന്നു’ എന്നത് സനാതനധർമം നൽകുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു പാഠമാണ്. മനസ്സിന്റെ ഈ സവിശേഷ സിദ്ധിയ്ക്ക് പ്രമാണങ്ങൾ വേദത്തിലും ഉപനിഷത്തിലും ബ്രാഹ്മണത്തിലുമെല്ലാം ഏറെയുണ്ട്. ഋഗ്വേദത്തിലും, യജുർവേദത്തിലും, സാമവേദത്തിലും മനഃശാസ്ത്രപ്രധാനമായ മന്ത്രങ്ങൾ ധാരാളമുണ്ട്. എന്നിരുന്നാലും, ചതുർവേദങ്ങളിൽ മനോവിജ്ഞാനീയത്തെ വിശദമായി വിവരിക്കുന്നത് അഥർവ്വവേദത്തിലാണ്. അതുകൊണ്ടുതന്നെയാണ്, അഥർവവേദീയമായ ഗോപഥബ്രാഹ്മണവും മാണ്ഡൂക്യോപനിഷത്തും ഭാരതീയ മനഃശാസ്ത്രവിദ്യാർത്ഥികൾക്ക് പ്രാമാണികഗ്രന്ഥങ്ങളാകുന്നത്. ഉദാഹരണത്തിന്, മേൽപ്പറഞ്ഞ ആശയത്തെ ഗോപഥബ്രാഹ്മണം എപ്രകാരം വിശദീകരിക്കുന്നു എന്ന് നോക്കാം. “മനസ്സുകൊണ്ട് എന്തൊന്ന് ധ്യാനിക്കുന്നുവോ അത് അതുപോലെതന്നെ ഭവിക്കും,” എന്ന് ഗോപഥബ്രാഹ്മണം പറയുന്നു.
സ മനസാ ധ്യായേദ്, യദ് വാം അഹം കിം ച മനസാ ധ്യാസ്യാമി
തഥൈവ തദ് ഭവിഷ്യതി. തദ്ധസ്മ തഥൈവ ഭവതി. (ഗോപഥ ബ്രാഹ്മണം. 1.1.9)
(അർഥം: അവൻ മനസ്സുകൊണ്ട് ധ്യാനിക്കട്ടെ (ചിന്തിക്കട്ടെ/ആഗ്രഹിക്കട്ടെ), ഞാൻ മനസ്സിൽ എന്തിനെക്കുറിച്ച് ചിന്തിക്കുന്നുവോ/ധ്യാനിക്കുന്നുവോ, അതുതന്നെയായി അത് ഭവിക്കുന്നു. അത് തീർച്ചയായും അങ്ങനെ തന്നെയാകുന്നു.)
ഇതുതന്നെ ബൃഹദാരണ്യകോപനിഷത്തും വ്യക്തമായി പറയുന്നു. മനസ്സിന്റെയും സങ്കല്പത്തിന്റെയും അപാരശക്തിയെ സർഗാത്മകമായും സകാരാത്മകമായും എങ്ങനെ പ്രയോജനപ്പെടുത്താം എന്നതാണ് വേദങ്ങളിലെ പ്രധാന പ്രതിപാദ്യ വിഷയവും. മനസ്സിനെ കല്യാണകാരിയായി നിലനിർത്താൻ ഈശ്വരനോട് പ്രാർത്ഥിക്കുന്ന യജുർവേദത്തിലെ ശിവസങ്കല്പസൂക്തം ആധുനിക മനഃശാസ്ത്രത്തെ സംബന്ധിച്ച് പഠനവിഷയമായ ഒരു ഭാഗമാണ്. മനഃശക്തിയെ ഉപയോഗിച്ച് എങ്ങനെ ഭൗതികമായ ഉന്നതിയെ പ്രാപിക്കാം എന്ന് പഠിപ്പിക്കുന്ന ‘മാനിഫെസ്റ്റേഷൻ’ അഥവാ ആഗ്രഹസാക്ഷാത്കാര വിദ്യയ്ക്ക് ഇന്ന് ഏറെ പ്രചാരമുണ്ട്. ഇതിനെ ആസ്പദമാക്കി നിരവധി പുസ്തകങ്ങളും പ്രഭാഷണങ്ങളും അനുദിനം പുറത്തുവന്നുകൊണ്ടിരിക്കുന്നു. എന്നാൽ, മനസ്സിന്റെ ഈ സവിശേഷ കഴിവിനെ ഉണർത്താനുള്ള ഏറ്റവും ഉദാത്തവും ഫലപ്രദവുമായ മാർഗമാണ് യജുർവേദത്തിൽ അന്തർഗതമായ ശ്രീരുദ്രത്തിന്റെ ഭാഗമായ ‘ചമകം’. മനസ്സിനെയും മനഃശക്തിയെയും ഒരു പ്രധാനവിഷയമായി പരിഗണിക്കുന്ന മാണ്ഡൂക്യോപനിഷത്ത്, ബൃഹദാരണ്യകോപനിഷത്ത്, ഭഗവദ് ഗീത മുതലായ ഗ്രന്ഥങ്ങളും ഭാരതീയ മനഃശാസ്ത്രത്തിന്റെ ആധാരശിലകളായി വർത്തിക്കുന്നു. അതുപോലെ, മാനസികപ്രതിഭാസങ്ങളെയും മനഃശാസ്ത്രത്തെയും പറ്റി വിശദമായി പ്രതിപാദിച്ചിരിക്കുന്ന പുരാണകൃതിയായ യോഗവാസിഷ്ഠവും ഇവിടെ പ്രത്യേക പരാമർശമർഹിക്കുന്നു. ശ്രീനാരായണ ഗുരുദേവന് ഏറെ പ്രിയപ്പെട്ട പുരാണഗ്രന്ഥമായിരുന്നു ഇത്. ഭാരതീയ മനഃശാസ്ത്രത്തിന്റെ ചിരകാലസ്രോതസ്സുകളായ ഈ ഗ്രന്ഥങ്ങളിലെല്ലാം ആഴത്തിൽ അവഗാഹമുണ്ടായിരുന്ന കുമാരനാശാൻ, മനസ്സ് എന്ന പ്രഹേളികയെ തന്റെ കാവ്യങ്ങളിൽ വ്യത്യസ്തങ്ങളായ രീതികളിൽ സമീപിച്ചിട്ടുണ്ട്. ഒരു സാധകൻ എന്ന നിലയിലും ശ്രീനാരായണ ഗുരുദേവന്റെ വത്സല ശിഷ്യനായിരുന്ന മഹാകവിക്ക് ഈ വിഷയത്തിൽ അനന്യസാധാരണമായ അനുഭവവും പാണ്ഡിത്യവും ഉണ്ടെന്നതും നിസ്തർക്കമാണ്. പരിഭാഷകന്റെ ഈ സവിശേഷ പശ്ചാത്തലം ഈ വിവർത്തനത്തെ എത്രത്തോളം സ്വാധീനിച്ചിരിക്കുന്നു എന്ന് പുസ്തകത്തിന്റെ സാമാന്യവായനയിൽ നിന്നു തന്നെ വ്യക്തമാകും.
ജെയിംസ് അലന്റെ മൂലകൃതിയുടെ ആദ്യത്തെ അധ്യായം ‘Thought And Character’ തുടങ്ങുന്നത് ഇപ്രകാരമാണ്: “The aphorism, “As a man thinketh in his heart so is he,” not only embraces the whole of a man’s being, but is so comprehensive as to reach out to every condition and circumstance of his life. A man is literally what he thinks, his character being the complete sum of all his thoughts.” ഇതിന് കുമാരനാശാൻ നൽകുന്ന പരിഭാഷ എന്താണെന്ന് നമുക്ക് നോക്കാം. “‘മനഃകൃതം കൃതം’ എന്ന വാക്യം ഒരുത്തന്റെ ആഭ്യന്തരജീവിതത്തെ സംബന്ധിച്ചിടത്തോളം മാത്രമല്ല അർത്ഥവത്തായിരിക്കുന്നത്; അവന്റെ പുറമെയുള്ള എല്ലാ സ്ഥിതികളിലും, പര്യന്താവസ്ഥകളിലും കൂടി യോജിക്കത്തക്കവണ്ണം അതിന്റെ അർത്ഥത്തിന് അത്ര വ്യാപ്തിയുണ്ട്. മനുഷ്യൻ ശരിയായും അവന്റെ വിചാരമല്ലാതെ മറ്റൊന്നുമല്ല; അവന്റെ സ്വഭാവം സ്വന്ത വിചാരങ്ങളുടെ ആകെത്തുകയുമാകുന്നു.”
“As a man thinketh in his heart so is he…” എന്ന ബൈബിൾ വാക്യത്തിനൊരു പരിഭാഷ മലയാളം ബൈബിളിൽ നിന്നുദ്ധരിക്കുന്നതിന് പകരം മഹാകവി ഉപയോഗിച്ചിരിക്കുന്നത് യോഗവാസിഷ്ഠത്തിലെ പ്രസിദ്ധമായ “മനഃകൃതം കൃതം രാമ ന ശരീര കൃതം കൃതം” എന്ന ശ്ലോകമാണ്. കർമം മനസുകൊണ്ട് ചെയ്യുന്നതാണ് അല്ലാതെ വെറും ശരീരം കൊണ്ട് ചെയ്യുന്നതല്ല എന്ന് വസിഷ്ഠമഹർഷി ശ്രീരാമനു നൽകുന്ന ഉപദേശമാണിത്. എന്തുകൊണ്ടാണ് പരിഭാഷയിൽ ഇത്തരമൊരു വേറിട്ട രീതി മഹാകവി സ്വീകരിച്ചത് എന്നത് ചിന്താർഹമാണ്. പാശ്ചാത്യകൃതികളുടെ സ്വതന്ത്രവ്യാഖ്യാനങ്ങൾ മലയാളത്തിൽ ധാരാളം പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും അവയിലൊന്നും മറ്റു പരിഭാഷകർ സ്വീകരിക്കാൻ ധൈര്യപ്പെടാത്തത്ര സ്വാതന്ത്ര്യം ഒരു വിവർത്തകനെന്ന നിലയിൽ കുമാരനാശാൻ പലപ്പോഴും സ്വീകരിച്ചു കണ്ടിട്ടുണ്ട്.
ഭാരതീയമനഃശാസ്ത്രപാരമ്പര്യത്തെ ആഴത്തിലറിഞ്ഞ മഹാകവി അതിന്റെ അന്തഃസത്ത തന്റെ ഹൃദയത്തിലും ബുദ്ധിയിലും നിറച്ച് ചെയ്ത വിവർത്തനമാണിതെന്ന് വായനക്കാരന് തോന്നിപ്പോകുന്നതിന് കാരണങ്ങൾ ഏറെയുണ്ട്. മനുഷ്യന്റെ മാനസികവ്യാപാരങ്ങൾക്ക് ശരീരത്തിനും സങ്കല്പത്തിനും മറ്റുമുണ്ടാക്കുന്ന സ്വാധീനത്തെപ്പറ്റി പല അദ്ധ്യായങ്ങളിലായി ഈ ചെറുപുസ്തകകത്തിൽ വിവരിക്കുന്നുണ്ട്. മനഃശാന്തിയെപ്പറ്റിയാണ് അവസാനത്തെ അധ്യായം. അലൻ ‘Serenity’ എന്നും ആശാൻ ‘ശാന്തി’ എന്നും പേരിട്ട ഈ അധ്യായത്തിലെ ഒരു ഭാഗം നോക്കാം: “Who does not love a tranquil heart, a sweet-tempered, balanced life? It does not matter whether it rains or shines, or what changes come to those possessing these blessings, for they are always sweet, serene, and calm. That exquisite poise of character, which we call serenity is the last lesson of culture, the fruitage of the soul. It is precious as wisdom, more to be desired than gold—yea, than even fine gold.”
ഇത് മഹാകവിയുടെ ഭാഷയിൽ വായിച്ചാൽ:”..സ്വഭാവത്തിന്റെ മനോഹരമായ ഈ സമസ്ഥിതിക്കാകുന്നു ശാന്തി എന്നു പറയുന്നത്. അത് ഉത്കൃഷ്ട വിദ്യാഭ്യാസത്തിന്റെ ഒടുവിലത്തെ പാഠമാകുന്നു. ജീവിതലതയുടെ വിടർന്ന പുഷ്പമാകുന്നു. അത് വിജ്ഞാനം പോലെ വിലയേറിയതും പൊന്നിനെക്കാളും, കലർപ്പില്ലാത്ത തങ്കത്തേക്കാളും ആശിക്കത്തക്കതും ആകുന്നു…” കുമാരനാശാന്റെ പരിഭാഷയിൽ ഉപനിഷത്ത് മന്ത്രങ്ങൾ പോലെ വായിച്ചെടുക്കാവുന്ന ഈ ഖണ്ഡികയിൽ പല വാചകങ്ങളും സങ്കീർത്തനങ്ങൾ പോലെയുള്ള ബൈബിൾ ഭാഗങ്ങളിൽ നിന്ന് കടം കൊണ്ടവയാണെന്നതാണ് യാഥാർഥ്യം.
‘Exquisite poise of character’ എന്ന് മൂലകൃതിയിൽ പറയുന്ന മനസ്സിന്റെ സവിശേഷമായ ശാന്താവസ്ഥയെ ‘സമസ്ഥിതി’ എന്ന് ആശാൻ പരിഭാഷപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധേയമാണ്. ഭഗവദ്ഗീതയിലെ സംഖ്യയോഗത്തിൽ മനസ്സിനെ സുഖത്തിലും ദുഖത്തിലും ഒരുപോലെ സൂക്ഷിക്കുന്നവനാണ് യഥാർത്ഥ യോഗി എന്ന് പറയുന്നുണ്ട്. ‘സമത്വം യോഗ ഉച്യതേ’ എന്ന ഈ ഭഗവദ്ഗീതയുടെ പൗരസ്ത്യ മനഃശാസ്ത്രബോധത്തിലേക്കാണ് ആശാൻ ഈ കൃതിയെ സൂക്ഷ്മമായി ഭാഷാന്തരം ചെയ്തിരിക്കുന്നത്. പാശ്ചാത്യ ജീവിതാദർശത്തിന്റെ സ്വാധീനത്തിൽ എഴുതപ്പെട്ട ഒരു കൃതിയെ ഭാഷാന്തരം ചെയ്യുമ്പോൾ എപ്രകാരമാണ് തദ്ദേശീയ സാംസ്കാരികതയുടെ ആത്മാവ് അതിന് നൽകേണ്ടതിന്റെ പ്രാധാന്യം വിളിച്ചോതുന്ന ഒരു സ്വതന്ത്രാവിഷ്കാരം എന്ന നിലയിൽ ഈ പുസ്തകത്തെ മനസ്സിലാക്കേണ്ടതുണ്ട്.
ഭാരതീയ ദർശനത്തെ ആഴത്തിൽ പഠിക്കുകയും ഉൾക്കൊള്ളുകയും ചെയ്ത കുമാരനാശാന്റെ പ്രതിഭയുടെ സ്പർശം ‘മൈത്രേയി’ എന്ന വിവർത്തനത്തിലേതെന്നതു പോലെ ഇതിലും ആദ്യന്തം ദൃശ്യമാണ്. ‘മനഃശക്തി’യുടെ ഭാഷ അത്യന്തം സരളവും കാവ്യാത്മകവും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏതൊരു സാധാരണ വായനക്കാരനും നിഷ്പ്രയാസം വഴങ്ങുന്നതുമാണ്. എല്ലാത്തിനുമപ്പുറം, കുമാരനാശാൻ എന്ന സർഗാത്മക പ്രതിഭയെ മലയാളത്തിന്റെ വിവർത്തക പ്രതിഭ എന്ന നിലയിൽകൂടി സാഹിത്യചരിത്രത്തിൽ അടയാളപ്പെടുത്തുന്ന പുസ്തകമാണ് ‘മനഃശക്തി’.








