വിശ്വഹിന്ദു പരിഷത്തിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളിൽ പുരുഷന്മാർക്ക് ഷർട്ട് ധരിച്ചും പ്രവേശനം ആകാമെന്ന തീരുമാനം വന്നതോടെ, ക്ഷേത്രത്തിൽ മേൽവസ്ത്രം ധരിച്ച് ദർശനമാകാമോ എന്ന ചർച്ച വീണ്ടും സജീവമാവുകയാണ്. ഈ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങൾ ഉയരുന്ന പശ്ചാത്തലത്തിൽ ഇതിന്മേലുള്ള അന്തിമ തീരുമാനം ക്ഷേത്രവിശ്വാസികൾക്കും ആചാര്യന്മാർക്കും ഹിന്ദു സംഘടനകൾക്കും വിട്ടുകൊടുക്കുന്നതായിരിക്കും ഉചിതം. എന്നാൽ, ഈ വിഷയത്തിന്മേൽ ഇതുവരെ ശ്രദ്ധയിൽപെട്ടിട്ടുള്ളതിൽ വച്ചേറ്റവും പഴക്കമുള്ളൊരു സംവാദം ഈ അവസരത്തിൽ ഓർത്തെടുക്കുന്നത് ഉചിതമാണെന്ന് തോന്നുന്നു. ഒരു നൂറ്റാണ്ടു മുമ്പ്, കൃത്യമായി പറഞ്ഞാൽ 1910ൽ, പി. ടി. കണ്ണനും സാക്ഷാൽ മൂർക്കോത്ത് കുമാരനും തമ്മിലാണ് ഇത്തരത്തിലൊരു വാദപ്രതിവാദം നടന്നത്. മഹാകവി കുമാരനാശാന്റെ പത്രാധിപത്യത്തിൽ പുറത്തിറങ്ങിയിരുന്ന, ശ്രീനാരായണ ധർമ പരിപാലന യോഗത്തിന്റെ മുഖപത്രമായിരുന്ന വിവേകോദയത്തിന്റെ 1085 മകരം-കുംഭം ലക്കത്തിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിന് തൊട്ടടുത്ത ലക്കത്തിൽ (1085 മീനം) വന്ന മറുപടിയുമാണ് ഈ ലേഖനത്തിന് ആധാരം.
ലേഖകൻ പി. ടി. കണ്ണൻ തന്റെ ഉത്തര-പൂർവ ഭാരതത്തിലെ ക്ഷേത്ര സന്ദർശനാനുഭവങ്ങൾ ‘കാളിക്കോട്ട’ എന്ന തലക്കെട്ടിൽ വിവേകോദയത്തിൽ (പുസ്തകം 6. നമ്പർ 10&11) എഴുതുന്നു. കാളിക്കോട്ടയെന്നാൽ കൊൽക്കത്തയിലെ പ്രസിദ്ധമായ കാളിഘട്ടാണ്. ബംഗാളിലെ കാളി ആരാധനയെപ്പറ്റിയും, വിശേഷിച്ച് ലേഖകന്റെ കാളീഘട്ടിലെ ക്ഷേത്ര ദർശനത്തെപ്പറ്റിയുമുള്ള വളരെ മനോഹരവും വിജ്ഞാനപ്രദവുമായ ഒരു ലേഖനമാണിത്. കാളിഘട്ടിലെ ക്ഷേത്രദർശനത്തെപ്പറ്റി വിവരിക്കുമ്പോൾ, അദ്ദേഹം നടത്തിയ ഒരു നിരീക്ഷണമാണ് കേരളത്തിലെ ക്ഷേത്രങ്ങളിലെ പുരുഷന്മാരുടെ മേൽവസ്ത്രനിരോധനത്തെപറ്റിയുള്ള ആദ്യകാല ചർച്ചയിലേക്ക് വഴിമരുന്നിട്ടത്. ലേഖകൻ കണ്ണന്റെ വാക്കുകളിങ്ങനെ: “ബംഗാളികളിൽ നിന്ന് വേറെതന്നെ തിരിച്ചറിയാവുന്ന എന്നെ ആ ക്ഷേത്രത്തിന്റെ വാതിൽക്കൽ നിന്നുകൊണ്ട് യാത്രക്കാരെ ക്രമമായി ഉള്ളിലേക്കു കടത്തിവിടുന്ന ഒരാൾ അരികിലേക്ക് വിളിച്ചു. അയാൾ ആ ക്ഷേത്രത്തിന്റെ സമുദായികളിൽ ഒരുവനാണ്. ഇംഗ്ളീഷ് ഭാഷ നല്ലവണ്ണം അറിയാം. കുപ്പായവും ധരിച്ചിട്ടുണ്ട്. അതിനുള്ളിൽ ദർശനത്തിനായി കടക്കുന്നവരൊന്നും ഈ ഒരാവശ്യത്തിലേക്കായി കുപ്പായം അഴിക്കുന്നത് ഞാൻ കണ്ടില്ല. ഈ അവസരത്തിൽ നമ്മുടെ ജഗന്നാഥ ക്ഷേത്രത്തിലെ നിർബന്ധമായ നിയമവും, മുമ്പു ഞാൻ ആ ക്ഷേത്രത്തിൽ പോയപ്പോൾ ഒരു മാലക്കാരൻ എന്റെ കുട അകത്തേക്ക് കൊണ്ടുവരാൻ പാടില്ലെന്നും മറ്റും ധിക്കാരവാക്കുകൾ ഉപയോഗിച്ച് എന്നെ ശാസിച്ചതും എനിക്കോർമ്മ വന്നു. തെക്കേ ഇന്ത്യയിലെ ഒട്ടുമുക്കാലും ക്ഷേത്രങ്ങളിൽ ഞാൻ പോയിട്ടുണ്ട്. നമ്മുടെ ജഗന്നാഥ ക്ഷേത്രത്തിലൊഴിച്ചു വേറെ ഒരു ക്ഷേത്രത്തിലും കടക്കാൻ ഞാൻ കുപ്പായം അഴിച്ചു വച്ചിട്ടില്ല. ഈ നിർബന്ധനിയമം നമ്മുടെ ക്ഷേത്രത്തിൽ ഏർപ്പെടുത്തിയവർ എന്തോ ചില സാരമായ ഉദ്ദേശ്യത്തോടെ അങ്ങിനെ ചെയ്തതായിരിക്കാമെന്നു വച്ച് അതിനെപ്പറ്റി ഞാൻ ഒന്നും തന്നെ പറയുന്നില്ല.”
1908ൽ ശ്രീനാരായണ ഗുരുദേവൻ പ്രതിഷ്ഠ നിർവഹിച്ച പ്രശസ്തമായ തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തെ പറ്റിയാണ് ലേഖകൻ ഇവിടെ പരാമർശിക്കുന്നത്. ഈ പരാമർശത്തിന് മറുപടി വിവേകോദയത്തിന്റെ തൊട്ടടുത്ത ലക്കത്തിൽ പ്രസിദ്ധീകരിച്ചു. വിഖ്യാത പണ്ഡിതനും എഴുത്തുകാരനുമായിരുന്ന മൂർക്കോത്ത് കുമാരനായിരുന്നു മറുമൊഴി എഴുതിയത്. ജഗന്നാഥ ക്ഷേത്രത്തിന്റെ പ്രാരംഭഘട്ടം മുതൽ നേതൃനിരയിൽ പ്രവർത്തിക്കുകയും പിൽക്കാലത്ത് ഗുരുദേവന്റെ ആശീർവാദത്തോടെ ക്ഷേത്രത്തിൽ നടന്ന ഹരിജനപ്രവശേനത്തിന് മുൻകൈ എടുക്കുകയും ചെയ്ത മൂർക്കോത്ത് കുമാരൻ, കണ്ണന്റെ ആരോപണങ്ങളെ അതി നിശിതമായാണ് ‘കാളിക്കോട്ടയും, ജഗന്നാഥക്ഷേത്രവും’ എന്ന തന്റെ മറുപടി ലേഖനത്തിൽ വിമർശിക്കുന്നത്. “മിസ്റ്റർ കണ്ണനെയും അദ്ദേഹത്തിന്റെ കുപ്പായത്തേയുംപറ്റി ഞാൻ സത്യമായും അനുശോചിക്കുന്നു,” എന്ന് തുടങ്ങി, “തെക്കേഇന്ത്യയിലെ ഒട്ടുമുക്കാലും ക്ഷേത്രങ്ങൾ എന്നുപറഞ്ഞതിൽ കേരളത്തിലെ ക്ഷേത്രങ്ങൾ ഉൾപ്പെടുമെന്ന് തോന്നുന്നില്ലെന്നും,” കുമാരൻ തന്റെ മറുപടിയിൽ പറയുന്നു. “കേരളത്തിലെ മറ്റു ക്ഷേത്രങ്ങളിൽ തീയ്യർക്ക് കടക്കാൻ പാടില്ലെന്നതിനാൽ ഞാൻ ഇതുവരെ ഒന്നിലും കടന്നിട്ടില്ല. മിസ്റ്റർ കണ്ണനും കടന്നിട്ടില്ലെന്നാണ് ഞാൻ വിശ്വസിച്ചത്. എന്തോ അദ്ദേഹത്തിന്റെ ഉദ്യോഗസ്‌ഥിതി നിമിത്തം അങ്ങിനെ വല്ലതും സാധിക്കയോ, പ്രത്യേകം വല്ല കഴിവും സിദ്ധിക്കയോ ചെയ്തിട്ടുണ്ടായിരിക്കാം. എന്നാലും അവിടങ്ങളിൽ കടക്കുമ്പോൾ കുപ്പായം ധരിക്കാൻ പാടുണ്ടോ എന്ന കാര്യത്തെപ്പറ്റി എനിക്ക് ബലമായ സംശയമുണ്ട്,” മൂർക്കോത്തു കുമാരൻ തുടരുന്നു.
ഓരോ അവസരത്തിലും ധരിക്കാൻ യൂറോപ്യന്മാർക്ക് വ്യത്യസ്ത വസ്ത്രങ്ങൾ ഉള്ളതുപോലെ നമുക്കില്ലെന്നും, എന്നാൽ ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കുമ്പോൾ പൂർണ ശുദ്ധിയോടെ വേണം എന്ന നിഷ്കർഷ ഉള്ളതിനാലുമാണ് മേൽവസ്ത്രം വേണ്ടെന്ന തീരുമാനമെടുത്തിട്ടുള്ളതെന്നും മൂർക്കോത്ത് കുമാരൻ തന്റെ ദീർഘലേഖനത്തിൽ വാദിക്കുന്നു. ക്ഷേത്രത്തിൽ മാത്രമല്ല ‘റെൻ ബെന്നറ്റ്’ പോലെയുള്ള ബ്രിട്ടീഷ് സ്ഥാപനങ്ങളിലും ‘കുട, വടി’ മുതലായവയുമായി പ്രവേശനം അനുവദിക്കാറില്ലെന്നും അദ്ദേഹം പറയുന്നു. “ഈ ‘സാരമായ ഉദ്ദേശ്യ’ത്തെപ്പറ്റി തലശ്ശേരിയിൽ വച്ച് തന്നെ വല്ലവരോടും ചോദിച്ചറിഞ്ഞു തൃപ്തിപ്പെട്ടിരുന്നെങ്കിൽ കാളിക്കൊട്ടയിലോളം ഈ ‘ശങ്കയും’ ഇഴച്ചു വലിച്ചുകൊണ്ട് പോകേണ്ടിവരില്ലായിരുന്നു,” എന്നും അദ്ദേഹം പരിഹസിക്കുന്നുണ്ട്. “മിസ്റ്റർ കണ്ണൻ ലോജിക് മുതലായ ശാസ്ത്രങ്ങൾ പഠിച്ച വിദ്വാനാണല്ലോ. കാളിക്കൊട്ട ക്ഷേത്രത്തിലും മറ്റുള്ള ചില ക്ഷേത്രങ്ങളിലും കുപ്പായം ധരിച്ചു കടക്കാമെന്നുള്ളതു കൊണ്ട് ജഗന്നാഥ ക്ഷേത്രത്തിലും അതിനെ അനുവദിക്കണമെന്നുള്ളതു ഒരു ന്യായമായിരിക്കയില്ലെന്നു അദ്ദേഹം സമ്മതിക്കുമെന്നു തോന്നുന്നു… കാളിക്കോട്ടയിലെ ആടുവെട്ടും ചോരയൊഴുക്കും മറ്റും ജഗന്നാഥക്ഷേത്രത്തിലില്ല… അതും ജഗന്നാഥക്ഷേത്രക്കാർ പകർത്തിക്കൊള്ളണമെന്നു പറയുമെങ്കിൽ വലിയ കഷ്ടമായിരിക്കുമെന്നേ പറയുന്നുള്ളു,” എന്ന വാദത്തോടെ ലേഖനം അവസാനിക്കുന്നു.
ഈ വിവാദത്തിന്മേൽ തുടർലേഖനങ്ങൾ ഉണ്ടായതായി ശ്രദ്ധയിൽപെട്ടിട്ടില്ല. ഗുരുദേവൻ സമാജത്തിന്റെ ലൗകിക-വൈദിക കാര്യങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന കാലമായിരുന്നെങ്കിലും ഈ വിഷയത്തിൽ എന്തുകൊണ്ടോ ഒരു ഗുരുവരുളുണ്ടായില്ല. ക്ഷേത്രങ്ങളിൽ പുരുഷന്മാർക്ക് മേൽവസ്ത്രം ധരിച്ചും പ്രവേശിക്കാമെന്ന് കഴിഞ്ഞ വർഷം ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് പ്രസിഡന്റ് പൂജനീയ സ്വാമി സച്ചിദാനന്ദ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ഒരു നൂറ്റാണ്ടിനിപ്പുറവും, തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിലെ മേൽവസ്ത്രം പാടില്ല എന്ന ആചാരത്തിന് മാറ്റം വന്നിട്ടില്ല. 2025 ൽ ‘ദി ഹിന്ദു’ ദിനപ്പത്രത്തിൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് പ്രകാരം, 2023ൽ ജഗന്നാഥ ക്ഷേത്രത്തിന്റെ മേൽനോട്ടം നിർവഹിക്കുന്ന ‘ജ്ഞാനോദയ യോഗം’ പുരുഷന്മാർക്ക് ഷർട്ട് ധരിച്ച് ക്ഷേത്രത്തിൽ പ്രവേശിക്കാം എന്നൊരു തീരുമാനം എടുത്തിരുന്നെങ്കിലും, വിശ്വാസികൾക്കിടയിൽ നിന്നുയർന്ന പ്രതിഷേധത്തെ തുടർന്ന് അതിൽ നിന്ന് പിൻവാങ്ങേണ്ടിവന്നിരുന്നു. ഇന്നും തുടരുന്ന ഈ വിവാദത്തിന് തുടക്കം കുറിച്ച ഒരു നൂറ്റാണ്ട് പഴക്കമുള്ള സംവാദമാണ് ചരിത്രത്തിന്റെ കൗതുകം, ആചാരപരിഷ്കരണവും അതിന്മേലുള്ള തീർപ്പുകൽപ്പിക്കലും മറ്റും ക്ഷേത്രവിശ്വാസികൾക്കും ക്ഷേത്രനടത്തിപ്പിൽ ഭാഗഭാക്കായവർക്കും വിട്ടുകൊടുക്കാം.
(മാധ്യമപ്രവർത്തകനും സെന്റർ ഫോർ സൗത്ത് ഇന്ത്യൻ സ്റ്റഡീസിൽ ഫെല്ലോയുമാണ് ലേഖകൻ)








