സനാതനധർമത്തെ സംബന്ധിച്ച് പ്രാമാണികനോ ആപ്തനോ അല്ലെങ്കിലും സർഗാത്മകമായ ഒരു വ്യക്തിത്വത്തിനുടമയായിരുന്ന ഓഷോ രജനീഷിന്റെ ചില നിരീക്ഷണങ്ങൾ അതിന്റെ മൗലികതയുടെ പേരിൽ നമ്മുടെ ശ്രദ്ധ ആകർഷിക്കാറുണ്ട്. ചരിത്രപുരുഷൻ കൂടിയായിരുന്ന ഭഗവാൻ ശ്രീകൃഷ്ണനെ ശുദ്ധബോധത്തിന്റെ പ്രതീകമായി അവതരിപ്പിക്കുമ്പോൾ ഓഷോ പറയാറുണ്ട്: “കൃഷ്ണൻ ഏത് ദിവസവും ഏത് സമയത്തും സംഭവിക്കാം; ഏത് കാലഘട്ടത്തിനും ഏത് സാഹചര്യത്തിനും അവൻ പ്രസക്തനായിരിക്കും. താൻ ആരാണോ അതായിരിക്കാൻ അവന് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ല; എല്ലാ കാലങ്ങളിലും അവൻ ഒരുപോലെ തന്നെയായിരിക്കും.” (“He can happen at any date and time; he will be relevant to any time and situation. He will have no difficulty whatsoever in being what he is; he will be the same in all times.”) അങ്ങനെ, ഇപ്പോഴും എവിടെയും, ദ്വാപരത്തിലെന്നപോലെ കലിയുഗത്തിലും, സംഭവിക്കാവുന്ന ദിവ്യസാന്നിധ്യത്തിന്റെ ആ സാധ്യതയ്ക്കു ശ്രീവ്യാസമഹർഷി നൽകിയ പേരാണ് ശ്രീകൃഷ്ണൻ. ദ്വാപരയുഗത്തിലെ മഥുരയിലോ കുരുക്ഷേത്രയിലോ വച്ച് മാത്രമല്ല, സ്വയം ഒരുങ്ങുന്ന ഓരോ വ്യക്തിയിലും ദേശകാലങ്ങൾക്കതീതമായി സംഭവിക്കാവുന്ന സാധ്യതയാണ് കൃഷ്ണനെന്ന് ഓഷോ പറയുമ്പോൾ, അത് വേദവ്യാസന്റെ ബോധസ്വരൂപനായ കൃഷ്ണനെ തിരിച്ചറിയുന്ന മറ്റൊരു കവിയുടെ വാക്കുകളാകുന്നു.
മഹാഭാരത്തിലെ പ്രഥമ കൃഷ്ണദർശനം
ആദിപർവ്വത്തിലെ ദ്രൗപദീസ്വയംവരത്തിലാണ് മഹാഭാരതത്തിലേക്കുള്ള ശ്രീകൃഷ്ണന്റെ രംഗപ്രവേശനം. മറ്റെല്ലാ കഥാപാത്രങ്ങളെയും വർണനകളുടെയും ചമത്കാരങ്ങളുടെയും ധാരാളിത്തത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കുന്ന വ്യാസൻ, ഭഗവാൻ ശ്രീകൃഷ്ണനെ ആൾക്കൂട്ടത്തിൽ വെറുമോരാളായി, ആരവങ്ങളും പരിവേഷങ്ങളുമൊന്നുമില്ലാതെ ഒരു സാധാരണ മനുഷ്യനെയെന്ന പോലെയാണ് നമ്മെ പരിചയപ്പെടുത്തുന്നത്. പാഞ്ചാലദേശത്ത് വച്ച് നടക്കുന്ന സ്വയംവരചടങ്ങുകളെ ജ്യേഷ്ഠൻ ബാലരാമനോടൊപ്പം സഭയുടെ ഒരറ്റത്തിരുന്ന് വെറും സാക്ഷീഭാവത്തിൽ വീക്ഷിക്കുന്ന ക്ഷണിതാവായ ഒരുവൻ മാത്രമാണ് ശ്രീകൃഷ്ണൻ. ആ വേദിയിൽ ബ്രാഹ്മണവേഷം കെട്ടി സ്വയംവരത്തിൽ പങ്കെടുക്കുന്ന പഞ്ചപാണ്ഡവരെ ആദ്യം തിരിച്ചറിയുന്നത് ശ്രീകൃഷ്ണനാണ്. തങ്ങളെ വിഡ്ഢികളാക്കിക്കൊണ്ട് ഏതോ ഒരു ബ്രാഹ്മണൻ ദ്രൗപദിയെ സ്വന്തമാക്കിയത് കണ്ട് കുപിതരായ ക്ഷത്രിയർ വാളെടുക്കുമ്പോൾ, ശാന്തനായി ഈ രംഗം വീക്ഷിക്കുന്ന കൃഷ്ണൻ മാത്രമാണ് വേഷപ്രച്ഛന്നരായ പാണ്ഡവരെ തിരിച്ചറിയുന്നത്. ഈ സന്ദർഭത്തിൽ, “ഇതർജുനൻ താനിഹ ശങ്കയില്ലാ ഹേ രാമ, ഞാൻ കൃഷ്ണനാണെന്നു വച്ചാൽ” എന്ന് ബലരാമനോട് പറയുന്ന കൃഷ്ണനെ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻതമ്പുരാന്റെ ഭാഷാഭാരതത്തിൽ നമുക്ക് കാണാം. മഹാഭാരതകഥയിലെ ഒരു പ്രധാന വഴിത്തിരിവാണ് eഇ സന്ദർഭം. പിൽക്കാലത്ത്, മഹാഭാരതയുദ്ധത്തിൽ തങ്ങളുടെ എതിർപക്ഷത്ത് അണിനിരക്കുന്ന പലരുടെയും ശത്രുത പാണ്ഡവർ സമ്പാദിക്കുന്നത് ഈ സ്വയംവര വേദിയിൽ വച്ചാണ്. അതുപോലെ, പാണ്ഡവരുടെ ഏറ്റവും വലിയ മിത്രമായ യോഗീശ്വരനായ ശ്രീകൃഷ്ണൻ അവർ പോലുമറിയാതെ അവരെ തിരിച്ചറിയുന്നതും ഇതേ വേദിയിൽ വച്ച് തന്നെ. ഇതാണ് മഹാഭാരതത്തിലെ പ്രഥമ കൃഷ്ണദർശനത്തിന്റെ പ്രാധാന്യം.
മഹാഭാരതത്തിലെ കൃഷ്ണന്റെ ഈശ്വരീയത അതിന്റെ പൂർണ്ണതയിൽ ദൃശ്യമാകുന്നത് ഭഗവദ് ഗീതോപദേശത്തിലാണ്. വേദസാരമായ യോഗശാസ്ത്രം എന്ന് പുകൾപെറ്റ ഭഗവദ് ഗീതയുടെ ഉള്ളടക്കം ബ്രഹ്മവിദ്യയാണ്. അർജുനന് ശിഷ്യസ്ഥാനം നൽകി ഭഗവാൻ ഉപദേശിക്കുന്ന ഭഗവദ് ഗീതയെ ഉപനിഷത്തായും സ്‌മൃതിഗ്രന്ഥമായും കലിയുഗത്തിൽ മനുഷ്യർ കണക്കാക്കുന്നു. ദ്വാപരത്തിൽ അർജുനന് യോഗശാസ്ത്രം ഉപദേശിച്ച കൃഷ്ണൻ, അർവാചീനരായ ഋഷിമാരുടെയും യോഗീശ്വരന്മാരുടെയും ഈശ്വരനായി നമ്മുടെ കാലത്തും അനവരതം സംഭവിച്ചു കൊണ്ടിരിക്കുന്നു. ശ്രീകൃഷ്ണന്റെ വർത്തമാനകാല സാന്നിധ്യത്തെ നാമെത്രമാത്രം തിരിച്ചറിഞ്ഞിട്ടുണ്ട്? യോഗേശ്വരനായ ശ്രീകൃഷ്ണൻ പത്തോമ്പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിലും വെളിപ്പെട്ടെന്ന് നമ്മോട് പറഞ്ഞ യോഗീശ്വരന്മാർ ആരൊക്കെയാണ്? ഈ അന്വേഷണം നമ്മെ പ്രധാനമായും കൊണ്ടെത്തിക്കുന്നത് നമ്മുടെ കാലത്ത് ജീവിച്ച് സമാധിയടഞ്ഞ രണ്ടു യോഗീശ്വരന്മാരിലേക്കാണ്. ഭാരതത്തെ ആത്മീയമായും ചിന്താപരമായും പരിവർത്തനം ചെയ്ത മഹായോഗികളായ ശ്രീനാരായണഗുരുവിനും ശ്രീ അരവിന്ദ മഹർഷിക്കും കൈവന്ന ആദ്യത്തെ ഈശ്വരാനുഭവം ശ്രീകൃഷ്ണദർശനമായിരുന്നു. ദർശനത്തിൽ മാത്രമല്ല, അനുഭവത്തെ അക്ഷരങ്ങളിലേക്ക് പകർന്ന രീതിക്കുമുണ്ട് ഇവർക്കിടയിൽ അനിതരസാധാരണമായ സമാനതകൾ. ഈ അപൂർവ്വാനുഭവത്തെ ഇരുവരും സ്വന്തം കൈകളാലെഴുതി സൂക്ഷിച്ചിട്ടുമുണ്ട്. അതും കവിതയായി. മാത്രമല്ല ഒരൊറ്റ ശ്ലോകത്തിൽ, മുക്തകമായി.
ഗുരുവിന്റെ കൃഷ്ണദർശനം
വിദ്യാർത്ഥിയായിരുന്ന ശ്രീനാരായണഗുരു ഉപരിപഠനാർത്ഥം എത്തിച്ചേരുന്നത് കായംകുളത്തെ കുമ്മമ്പള്ളി രാമൻപിള്ള ആശാന്റെ അടുത്തായിരുന്നു. യുവാവായ ഗുരുവിന് അപ്പോൾ പ്രായം ഇരുപത് വയസ്സ് കഴിഞ്ഞിരുന്നു. അക്കാലം വാരണപ്പള്ളിയെന്ന പ്രസിദ്ധമായ ഈഴവത്തറവാട്ടിലാണ് ഗുരു താമസിച്ചിരുന്നത്. ആ കാലഘട്ടത്തിലെ ഗുരുവിനെ ഒരു തികഞ്ഞ ശ്രീകൃഷ്ണ ഭക്തനായാണ് ജീവചരിത്രകാരന്മാരെല്ലാം വിശേഷിപ്പിക്കുന്നത്. പൊതുവെ ശിവഭക്തരായിരുന്ന വാരണപ്പള്ളി തറവാട്ടിലെ മുതിർന്ന സ്ത്രീകളെല്ലാം ഗുരുവിനെ മാതൃകയാക്കി ശ്രീകൃഷ്ണ ഭക്തരായി മാറിയെന്നുപോലും കോട്ടുക്കോയ്ക്കൽ വേലായുധനെ പോലെയുള്ള ജീവചരിത്രകാരന്മാർ രേഖപ്പെടുത്തിയിരിക്കുന്നു. അക്കാലം ഗുരുദേവൻ ഗജേന്ദ്രമോക്ഷം അമ്മാനപ്പാട്ടുൾപ്പെടെ നിരവധി ശ്രീകൃഷ്ണ സ്തോത്രകൃതികൾ ആ അമ്മമാർക്കായി രചിച്ചിട്ടുണ്ട്. ദൗർഭാഗ്യവശാൽ അവയെല്ലാം കാലത്തിന്റെ വിസ്‌മൃതിയിൽ മറഞ്ഞുപോയി. ശ്രീ മൂർക്കോത്തു കുമാരൻ രചിച്ച ജീവചരിത്രത്തിൽ കൊല്ലവർഷം 1053 മുതൽ 1057 വരെ നാലു വർഷക്കാലം ഗുരു വാരണപ്പള്ളിയിൽ താമസിച്ചു വിദ്യാഭ്യാസം പൂർത്തിയാക്കി എന്നു കാണാം. എന്നാൽ, കുമാരനാശാനെ പോലെയുള്ളവർ ഗുരു രണ്ടു വർഷം മാത്രമേ അവിടെ ചിലവഴിച്ചുള്ളൂ എന്നും അഭിപ്രായപ്പെടുന്നു. എന്തായാലും മേൽപ്പറഞ്ഞ കാലയളവിലാണ് ഗുരുവിന് ആദ്യമായി കൃഷ്ണദർശനം ലഭിക്കുന്നത്. ഈ പ്രത്യക്ഷദർശനത്തെപ്പറ്റി പിൽക്കാലത്ത് ഗുരു തന്നോട് പറഞ്ഞിട്ടുണ്ടെന്ന് അന്നത്തെ ഒരു ജില്ലാ ജഡ്ജിയും ആദ്യകാല എസ്.എൻ.ഡി.പി യോഗം നേതാവുമൊക്കെയായിരുന്ന ഇ. കെ. അയ്യാക്കുട്ടിയും വെളിപ്പെടുത്തിയിട്ടുണ്ട്.
അനിർവചനീയമായ ആ ദർശനാനുഭൂതിയെ ഗുരു തന്നെ വാക്കുകളിലേക്ക് പകർത്തി, ‘ശ്രീകൃഷ്ണദർശനം’ എന്ന പേരിൽ ഒരു കവിത രചിച്ചു. ഈ മുക്തകത്തോടൊപ്പം, വിഷ്ണ്വാഷ്ടകം, ശ്രീവാസുദേവാഷ്ടകം എന്നീ മറ്റ് വൈഷ്ണവ സ്തോത്രങ്ങളും ഗുരു രചിച്ചിട്ടുണ്ട്. എന്നാൽ, അത്തരം സ്തോത്രകൃതികളിൽ നിന്നും ഘടനാപരമായും ഭാവപരമായും ദാർശനികമായും ‘ശ്രീകൃഷ്ണദർശനം’ വേറിട്ടു നിൽക്കുന്നു. ശാർദൂലവിക്രീഡിതത്തിൽ എഴുതപ്പെട്ട ആ ശ്ലോകം താഴെകൊടുക്കുന്നു:
“ഭൂയോവൃത്തിനിവൃത്തയായ്ബ്‌ഭുവനവും-
സത്തില്‍ തിരോഭൂതമായ്
പീയൂഷധ്വനിലീനമായ്ച്ചുഴലവും
ശോഭിച്ചു ദീപപ്രഭ,
മായാമൂടുപടം തുറന്നു മണിരംഗത്തില്‍
പ്രകാശിക്കുമ-
ക്കായാവിന്‍ മലര്‍മേനി കൗസ്തുഭമണി-
ഗ്രീവന്റെ ദിവ്യോത്സവം.”
ഈ മുക്തകത്തെ ഡോ. ടി. ഭാസ്കരൻ വിശദീകരിക്കുന്നതിങ്ങനെ: “രണ്ടാമതും ഉണ്ടാവുക എന്ന സ്ഥിതി മാറി, ഭുവനം സത്തിൽ തിരോധാനം ചെയ്തു. അമൃതനിർഭരമായ ശബ്ദം വിലയിച്ചു. ചുറ്റും വിളക്കിന്റെ പ്രഭ തിളങ്ങി, മായാമൂടുപടം മാറ്റി മണിരംഗത്തിൽ പ്രകാശിക്കുന്ന കായാമ്പൂവർണ്ണമുള്ള മേനി (ശ്രീകൃഷ്ണന്റെ) ദിവ്യോത്സവം.”
നിർഗുണോപാസനയുടെ അർത്ഥതലങ്ങളിൽ തുടങ്ങി സഗുണോപാസനയുടെ ഭാവതലങ്ങളിലേക്ക് വ്യാപിക്കുന്ന ഒരു തികഞ്ഞ അനുഭവ സാക്ഷാത്കാരമാണ് ഗുരുവിന്റെ ഈ കവിത. മനോവൃത്തിയുടെ സമ്പൂർണമായ നിവൃത്തിയായിരുന്നു ഗുരുവിന് ശ്രീകൃഷ്ണ ദർശനം. ഭാവങ്ങളെല്ലാം സംഭവിക്കുന്ന ഭുവനം തിരോഭവിക്കുകയും ശബ്ദായമാനമായ ആന്തരികലോകം നിശബ്ദമാവുകയും ചെയ്യുന്നു. അങ്ങനെ, ഈശ്വര ദർശനത്തെ അതിദിവ്യമായ, ‘അപാരമായ പ്രകാശത്തോട്’ ചേർത്തുവച്ചാണ് ഗുരു അനുഭവത്തെ വാക്കുകളാൽ പൂരിപ്പിക്കുന്നത്. അലൗകികമായ ഒരു വിഷ്ണുദര്ശനാനുഭൂതി വാങ്മയമായി ഒഴുകി വന്നതാണീ മുക്തകം എന്ന് ശ്രീനാരായണകൃതികളുടെ ഒരു പ്രധാന ഭാഷ്യകാരനായ മുനി നാരായണപ്രസാദ് സ്വാമികൾ വിലയിരുത്തുന്നു. ഈ മുക്തകം ഒരു വ്യാഖ്യാനത്തിനും വഴങ്ങുന്നതല്ല എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. തികച്ചും സത്യസന്ധമായ ഒരു നിരീക്ഷണമാണത്.
മഹർഷി അരവിന്ദന്റെ കൃഷ്ണദർശനം
ശ്രീനാരായണ ഗുരുവിന് ലഭിച്ച കൃഷ്ണദർശനം ഗുരുവിന്റെ ജീവിതപന്ഥാവിലെ സ്വാഭാവികമായ ഒരു പരിണാമമായിരുന്നെങ്കിൽ, വിപ്ലവകാരിയും ബുദ്ധിജീവിയും കവിയും എഴുത്തുകാരനുമൊക്കെയായിരുന്ന അരവിന്ദ മഹർഷിക്ക് അതൊരു സമൂല പരിവർത്തനത്തിലേക്കുള്ള പാതയൊരുക്കലായിരുന്നു. ബംഗാളിലെ സ്വതന്ത്ര്യസമരത്തിന് നേതൃത്വം നൽകിയ കാലത്തായിരുന്നു മഹർഷി അരവിന്ദനെ വീണ്ടും തടവിലാക്കുന്നത്. കുപ്രസിദ്ധമായ 1908ലെ ആലിപ്പൂർ ബോംബ് കേസിൽ കുറ്റാരോപിതനായി ആലിപ്പൂർ ജയിലിൽ കഴിയുന്ന അക്കാലത്ത് അദ്ദേഹത്തിന്റെ ജീവിതം വല്ലാത്തൊരു ആത്മീയ പരിവർത്തനത്തിന് വിധേയമായി. കാരാഗ്രഹത്തിനുള്ളിൽ ആ വിപ്ലവകാരി ശ്രീകൃഷ്ണ ഭഗവാനെ ദർശിച്ചു. ആ ദിവ്യദർശനമാണ് അദ്ദേഹത്തെ സമരമുഖത്തു നിന്ന് അദ്ധ്യാത്മിക സാധനയുടെയും സനാതനധർമ്മ പ്രചാരണത്തിന്റെയും വഴിയിലേക്ക് അദ്ദേഹത്തെ നയിച്ചത്. ആ സാക്ഷാത്കാരത്തെപ്പറ്റി പിൽക്കാലത്ത് തന്റെ പ്രസിദ്ധമായ ഉത്തർപാഡാ പ്രസംഗത്തിൽ അദ്ദേഹം തന്റെ സ്വതസിദ്ധമായ കാവ്യാത്മക ഭാഷയിൽ വെളിപ്പെടുത്തിയിട്ടുണ്ട്.
“എന്നെ മനുഷ്യരിൽ നിന്ന് വേർതിരിച്ചുനിർത്തിയിരുന്ന ആ ജയിലിനെ ഞാൻ നോക്കി;
അപ്പോൾ അതിന്റെ ഉയർന്ന മതിലുകളല്ല എന്നെ തടവിലാക്കിയിരുന്നതെന്ന് ഞാൻ അറിഞ്ഞു. അല്ല, എന്നെ ചുറ്റിപ്പറ്റി നിന്നത് വാസുദേവനായിരുന്നു. എന്റെ സെല്ലിന് മുന്നിലുണ്ടായിരുന്ന വൃക്ഷത്തിന്റെ ശാഖകൾക്കടിയിലൂടെ ഞാൻ നടന്നു; പക്ഷേ അത് വെറുമൊരു വൃക്ഷമായിരുന്നില്ല. അവിടെ ഞാൻ കണ്ടത് വാസുദേവനെയായിരുന്നു; എന്റെ മേൽ തന്റെ തണൽ വിരിച്ചുനിൽക്കുന്ന ശ്രീകൃഷ്ണനെയായിരുന്നു. എന്റെ സെല്ലിന്റെ കമ്പികൾ ഞാൻ നോക്കി; വാതിലിന്റെ പകരം പ്രവർത്തിച്ചിരുന്ന ആ ഇരുമ്പ് അഴികളിലും വീണ്ടും ഞാൻ വാസുദേവനെ കണ്ടു. എന്റെ സുരക്ഷക്കായി ഒരു കാവൽക്കാരനായി നിലകൊള്ളുകയും ചെയ്തത് നാരായണനായിരുന്നു. അല്ലെങ്കിൽ, കിടക്കയായി എനിക്ക് നൽകിയിരുന്ന പരുക്കൻ പുതപ്പുകളിൽ ഞാൻ കിടക്കുമ്പോൾ, എന്നെ ചുറ്റിപ്പിടിച്ചിരിക്കുന്നത് ശ്രീകൃഷ്ണന്റെ കൈകളാണെന്ന് ഞാൻ അനുഭവിച്ചു; എന്റെ സുഹൃത്തും എന്റെ പ്രിയതമനുമായ അവന്റെ കൈകൾ. അവൻ എനിക്ക് നൽകിയ ആ ആഴമേറിയ ദർശനത്തിന്റെ ആദ്യ അനുഭവം ഇതായിരുന്നു. ജയിലിലെ തടവുകാരെ ഞാൻ നോക്കി, കള്ളന്മാരെയും, കൊലപാതകികളെയും, വഞ്ചകരെയും. അവരെ നോക്കിയപ്പോൾ ഞാൻ വാസുദേവനെയാണ് കണ്ടത്. ആ ഇരുണ്ടുപോയ ആത്മാക്കളിലും, തെറ്റായി ഉപയോഗിക്കപ്പെട്ട ആ ശരീരങ്ങളിലും ഞാൻ കണ്ടെത്തിയത് നാരായണനെയായിരുന്നു…” ഇങ്ങനെ പോകുന്നു ഉത്തർപാഡാ പ്രസംഗത്തിലെ ശ്രീ അരവിന്ദന്റെ കൃഷ്ണദർശനാനുഭവത്തെ കുറിച്ചുള്ള വിവരണം.
ഈ അനുഭവത്തെ അദ്ദേഹം പിന്നീട് പല കുറിപ്പുകളിലും കത്തുകളിലും അത്യധികം ആത്മീയ നിർവൃതിയോടെ പരാമർശിക്കുന്നുണ്ട്. ജയിലിൽ വച്ചുണ്ടായ കൃഷ്ണദർശനത്തെ ‘കൃഷ്ണൻ’ എന്ന പേരിൽ ഒരു മുക്തകമാക്കി (sonnet) ഗുരുദേവനെപ്പോലെ മഹർഷിയും പകർത്തിവച്ചു:
At last I find a meaning of soul’s birth
Into this universe terrible and sweet,
I who have felt the hungry heart of earth
Aspiring beyond heaven to Krishna’s feet.
I have seen the beauty of immortal eyes,
And heard the passion of the Lover’s flute,
And known a deathless ecstasy’s surprise
And sorrow in my heart for ever mute.
Nearer and nearer now the music draws,
Life shudders with a strange felicity;
All Nature is a wide enamoured pause
Hoping her lord to touch, to clasp, to be.
For this one moment lived the ages past;
The world now throbs fulfilled in me at last.
മഹർഷിയുടെ ആത്മാവിന്റെ ആഴങ്ങളിൽ നിന്നുള്ള പ്രൗഢമായ ഭാഷ ഒരു തരത്തിലുള്ള വിവർത്തനങ്ങൾക്കും വഴങ്ങുന്നതല്ല. മുനി നാരായണ പ്രസാദ് സ്വാമി ഗുരുദേവന്റെ മുക്തകം വ്യാഖ്യാനിക്കുന്നതിൽ നിന്ന് പിൻവാങ്ങിയതുപോലെ, ശ്രീ അരവിന്ദന്റെ പ്രതിഭാവിലാസത്തിന് മുന്നിൽ ആദരപൂർവ്വം തൊഴുതു മാറി നിൽക്കലാണ് ഔചിത്യം. എന്നാൽ വായനക്കാർക്കുവേണ്ടി മാത്രം, മഹർഷിയുടെ അഗാധവും ഗംഭീരവുമായ വാഗ്മയത്തെ അതിന്റെ സാകല്യത്തിൽ ഗ്രഹിക്കുന്നതിലെ ബൗദ്ധിക-ഭാഷാപരിമിതി സ്വയം വെളിപ്പെടുത്തുന്ന ഒരു സ്വതന്ത്ര ഭാഷാന്തരം താഴെക്കൊടുക്കുന്നു:
ആത്മാവിന്റെ ജന്മത്തിന് ഈ വിശ്വത്തിൽ ലഭിച്ച അർത്ഥം
അവസാനം ഞാൻ കണ്ടെത്തിയിരിക്കുന്നു,
ഭയാനകവും മധുരവുമായ ഈ പ്രപഞ്ചത്തിലേക്ക്
ജനിച്ചുവന്നതിന്റെ പൊരുൾ.
ഭൂമിയുടെ വിശക്കുന്ന ഹൃദയത്തെ ഞാൻ അനുഭവിച്ചിട്ടുണ്ട്;
സ്വർഗ്ഗത്തെയും അതിജീവിച്ച്
കൃഷ്ണന്റെ പാദങ്ങളിലേക്കുയരാൻ അത് ആഗ്രഹിക്കുന്നതും ഞാൻ അറിഞ്ഞു.
അമരമായ ആ കണ്ണുകളുടെ സൗന്ദര്യം ഞാൻ ദർശിച്ചു,
പ്രണയിയുടെ കുഴലിന്റെ ആഴമുള്ള ആവേശം ഞാൻ കേട്ടു;
മരണമില്ലാത്ത ആനന്ദത്തിന്റെ അപ്രതീക്ഷിത വിസ്മയവും
എന്നിൽ എന്നെന്നേക്കുമായി നിശ്ശബ്ദമായ ദുഃഖവും ഞാൻ അറിഞ്ഞു.
ഇപ്പോൾ സംഗീതം കൂടുതൽ കൂടുതൽ അടുത്തുവരുന്നു;
ജീവൻ ഒരു വിചിത്രമായ ആനന്ദവിറയലിൽ വിറയ്ക്കുന്നു.
പ്രകൃതി മുഴുവൻ പ്രണയഭരിതമായ ഒരു വിശാലമായ ഇടവേളപോലെ —
തന്റെ നാഥനെ സ്പർശിക്കാനും, ആലിംഗനം ചെയ്യാനും,
അവനിൽ ലയിക്കാനും കാത്തുനിൽക്കുന്നു.
ഈ ഒരൊറ്റ നിമിഷത്തിനായാണ് കഴിഞ്ഞ യുഗങ്ങൾ മുഴുവൻ ജീവിച്ചത്;
ഇപ്പോൾ ലോകം എന്റെ ഉള്ളിൽ
പൂർണ്ണത പ്രാപിച്ച് സ്പന്ദിക്കുന്നു.
ആലിപ്പൂരിലെ ജയിൽവാസകാലത്തുണ്ടായ ആ ദർശനത്തെ തുടർന്ന്,
തനിക്ക് ചുറ്റുമുള്ള സകല ചരാചരങ്ങളിലും കൃഷ്ണനെ ദർശിക്കാൻ തുടങ്ങിയ അരവിന്ദ മഹർഷിയെ ഉത്തർപാഡാ പ്രഭാഷണത്തിൽ നാം കണ്ടു. പ്രഭാഷണത്തിൽ സ്ഥൂലമായി വിവരിച്ച കേവലാനന്ദത്തെ കവിതയുടെ മൂശയിൽ കൂടുതൽ കൃത്യതയോടെയും സൂക്ഷ്മതയോടെയും അദ്ദേഹം അവതരിപ്പിക്കുകയാണ്. ശ്രീ അരവിന്ദനുണ്ടായതിന് സമാനമായ ആനന്ദാനുഭൂതികളാണ് ശ്രീനാരായണ ഗുരുവിനും അനുഭവവേദ്യമായതെന്ന് മൂർക്കോത്തു കുമാരനും രേഖപ്പെടുത്തിയിട്ടുണ്ട്. അക്കാലം യുവാവായ നാണുവാശാൻ നടന്ന വഴികളിലും തൊടിയിലും പാടത്തും തോട്ടിലും കുളത്തിലുമെല്ലാം ബാലകൃഷ്ണനെ കണ്ടു. കൃഷ്‌ണൻ തനിക്ക് സ്വപ്നത്തിലും ജാഗ്രത്തിലും ഒരേപോലെ പ്രത്യക്ഷനായിരുന്നു എന്ന് ഗുരു തന്നെ പറഞ്ഞിട്ടുണ്ട്. “ഈശാവാസ്യമിദം സർവം” എന്ന യജുർവേദ സൂക്തത്തെ ഇങ്ങനെ അനുഭവിച്ചറിയാലാണ് സനാതനധർമത്തിൽ മതമെന്ന സംജ്ഞ കൊണ്ടുദ്ദേശിക്കുന്നതെന്ന് നമ്മെ വീണ്ടും ഓർമ്മിപ്പിക്കുകയാണ് ഇരുവരും. അല്ലെങ്കിൽ ജീവന്മുക്തരായ ഋഷിവര്യന്മാർ ഇതൊക്കെ എന്തിന് സാധാരണ മനുഷ്യന്റെ ഭാഷയിൽ എഴുതി വയ്ക്കണം?
“ഈശാവാസ്യമിദം സർവം”
ഈശാവാസ്യോപനിഷത്തിൽ അന്തർഗതമായ മഹത്തായ അറിവിനെ സാക്ഷാത്കരിച്ച ഗുരുവും അരവിന്ദമഹർഷിയും ആ അറിവനുഭവത്തെ ഭാവാർത്ഥവിനിമയം ചെയ്തിട്ടുണ്ട്. ശ്രീപരമേശ്വരനെ തേജോമയസ്വരൂപനായിക്കണ്ട് സ്തുതിക്കുന്ന ഈശോപനിഷത്തിൽ, മേൽപ്പറഞ്ഞ ഈശ്വരാനുഭവത്തെ ഇപ്രകാരം വിവരിച്ചിരിക്കുന്നു:
യസ്തു സർവാ᳚ണി ഭൂ॒താന്യാ॒ത്മന്യേ॒വാനു॒പശ്യ॑തി।
സ॒ർവ॒ഭൂ॒തേഷു॑ ചാ॒ത്മാനം॒ തതോ॒ ന വിഹു॑ഗുപ്സതേ॥
ഈ മന്ത്രത്തെ സ്വാനുഭവത്തിന്റെ വെളിച്ചത്തിൽ ഇരുവരും എപ്രകാരം വിവർത്തനം ചെയ്‌തെന്നുകൂടി കാണാം.
“സർവഭൂതവുമാത്മാവിൽ
ആത്മാവിനെയുമങ്ങനെ
സർവഭൂതത്തിലും കാണു-
ന്നവനെന്തുള്ളു നിന്ദ്യമായ്?” എന്ന് ഗുരുവും,
“But he who sees everywhere the Self in all existences and all
existences in the Self, shrinks not thereafter from aught,” എന്ന് അരവിന്ദ മഹർഷിയും ഈ മന്ത്രത്തെ ഭാഷാന്തരം ചെയ്തിരിക്കുന്നു. ശ്രീകൃഷ്ണദർശനത്തിന് ശേഷം ഇരുവർക്കും അനുഭവവേദ്യമായതും ഇതുതന്നെ-സർവഭൂതത്തെയും ആത്മാവിൽ കാണുകയും, അതേപോലെ ആത്മാവിനെ സർവഭൂതത്തിലും കാണുകയും ചെയ്യുന്ന അദ്വൈതാവസ്ഥ.
‘കൃഷ്ണൻ’ എന്ന പേരിൽ എഴുതപ്പെട്ട മറ്റൊരു ചെറു കവിതയിൽ അരവിന്ദമഹർഷി സ്വാനുഭവത്തെ കുറച്ചുകൂടി വ്യക്തമാക്കി അവതരിപ്പിക്കുന്നുണ്ട്. അപ്പോൾ, ശ്രീനാരായണഗുരുദേവൻ കണ്ട അതേ ‘ദീപപ്രഭ’ തന്നെയാണ് മഹർഷിക്കും അനുഭവവേദ്യമായത് എന്ന് മനസ്സിലാക്കാം. ആ ‘അപാരമായ പ്രകാശത്തെ’ ഒരു മഹാകവി കൂടിയായ ശ്രീ അരവിന്ദൻ ഇങ്ങനെ പകർത്തി:
O immense Light and thou, O spirit-wide boundless Space,
Whom have you clasped and hid, deathless limbs, gloried face?
Vainly lie Space and Time, “Void are we, there is none.”
Vainly strive Self and World crying, “I, I alone.”
One is there, Self of self, Soul of Space, Fount of Time,
Heart of hearts, Mind of minds, He alone sits, sublime.
Oh, no void Absolute self-absorbed, splendid, mute,
Hands that clasp hold and red lips that kiss blow the flute.
All He loves, all He moves, all are His, all are He!
Many limbs sate His whims, bear His sweet ecstasy.
Two in One, Two who know difference rich in sense,
Two to clasp, One to be, this His strange mystery.
നേരത്തെ പറഞ്ഞതുപോലെ ഭാഷാപരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് അരവിന്ദ മഹർഷിയുടെ ഈ മനോഹരമായ കവിതയെ ഇപ്രകാരം സ്വതന്ത്രമായി ഭാഷാന്തരം ചെയ്യാം:
ഓ അപാരമായ പ്രകാശമേ,
ഓ ആത്മാവിനെപ്പോലെ വിശാലവും അതിരുകളില്ലാത്തതുമായ ആകാശമേ,
നിങ്ങൾ ആരെയാണ് ചേർത്തുപിടിച്ച് മറച്ചുവച്ചിരിക്കുന്നത്?
മരണാതീതമായ അവയവങ്ങളെയും മഹിമയാർന്ന മുഖത്തെയും ആരെയാണ് നിങ്ങൾ ഒളിപ്പിച്ചിരിക്കുന്നത്?
വ്യർത്ഥമായി ആകാശവും കാലവും കിടക്കുന്നു,
“ഞങ്ങൾ ശൂന്യരാണ്, ഇവിടെ ആരുമില്ല” എന്ന് പറഞ്ഞുകൊണ്ട്.
വ്യർത്ഥമായി ആത്മാവും ലോകവും പോരാടുന്നു,
“ഞാൻ മാത്രം, ഞാൻ മാത്രം” എന്ന് നിലവിളിച്ചുകൊണ്ട്.
ഒരുവനുണ്ട്, ആത്മാവിന്റെ ആത്മാവ്,
ആകാശത്തിന്റെ ആത്മാവ്, കാലത്തിന്റെ ഉറവിടം;
ഹൃദയങ്ങളുടെ ഹൃദയം, മനസ്സുകളുടെ മനസ്സ്,
അവൻ ഒരുവൻ മാത്രം മഹത്വത്തോടെ വാഴുന്നു.
അല്ല, ശൂന്യമായ പരമതത്ത്വമല്ല അവൻ,
സ്വയംപൂർണ്ണനും, സ്വയംലീനനും, ദീപ്തനും, നിശ്ശബ്ദനുമായവൻ.
ആലിംഗനം ചെയ്യുന്ന കൈകളും, ചുംബിക്കുന്ന ചുവന്ന അധരങ്ങളും കൊണ്ട്
അവൻ തന്റെ കുഴൽ വായിക്കുന്നു.
അവൻ എല്ലാറ്റിനെയും സ്നേഹിക്കുന്നു,
അവൻ എല്ലാറ്റിനെയും ചലിപ്പിക്കുന്നു;
എല്ലാം അവന്റേതാണ്, എല്ലാം അവൻ തന്നെയാണ്.
അനേകം അവയവങ്ങൾ അവന്റെ ഇച്ഛകളെ നിറവേറ്റുന്നു,
അവന്റെ മധുരമായ ആനന്ദത്തെ വഹിക്കുന്നു.
ഒന്നിൽ രണ്ടായി, വ്യത്യാസത്തെ അറിഞ്ഞുകൊണ്ടുതന്നെ സമ്പന്നമായ അനുഭവമുള്ള രണ്ടായി;
ആലിംഗനത്തിനായി രണ്ടായി,
അസ്തിത്വത്തിൽ ഒന്നായി,
ഇതാണ് അവന്റെ അത്ഭുതകരമായ രഹസ്യം.
അനുഭവത്തിൽ ‘ഒന്നിൽ രണ്ടായും’ പരാമനുഭവത്തിൽ ‘ഒന്നായും’ മാറുന്ന അവസ്ഥകളെ മഹർഷി അരവിന്ദൻ ഇവിടെ വാക്കുകളാൽ വരച്ചിടുന്നു. ശ്രീ അരവിന്ദനിലും ഗുരുദേവനിലും കാണുന്ന മറ്റൊരു ദാർശനിക സമാനത എന്തെന്നാൽ, ഈശ്വര ദർശനത്തിലൂടെ ഇരുവരും ബാഹ്യലോകത്തെ തള്ളിക്കളയുന്നില്ല എന്നതാണ്. അസത്യത്തിന്റെ മറ നീങ്ങുമ്പോൾ, ലോകമെങ്ങും വ്യാപിച്ചു നിൽക്കുന്ന ഈശ്വരീയത, അഥവാ ശ്രീകൃഷ്ണ സാന്നിധ്യം തനിയെ വെളിവാകുന്നു. ഗുരുവിന് കൃഷ്ണൻ ഒരു ദിവ്യനായകനും സൗന്ദര്യത്തിന്റെ പരാമരൂപവുമൊക്കെയാണെങ്കിൽ അരവിന്ദ മഹർഷിക്ക് ഒരു സുഹൃത്തും അന്തര്യാമിയുമൊക്കെയാണ്. ഭക്തിയും ആനന്ദവും സൗന്ദര്യവും വിസ്മയവുമെല്ലാം ഇരുവരുടെയും വാക്കുകളിൽ ഒളിഞ്ഞും തെളിഞ്ഞും നമുക്ക് കാണാം. അഥവാ, അരവിന്ദന്റെ ഈ രണ്ടുകവിതകളുടെയും ദിവ്യസങ്കലനം ഗുരുദേവന്റെ മുക്തകത്തിൽ ദർശിക്കാൻ പ്രയാസം ലവലേശമില്ല.
പൊതുവെ പരിഭാഷകൾക്ക് വഴങ്ങാത്ത കവിയാണ് ശ്രീ അരവിന്ദൻ. അതിന് ഉത്തമോദാഹരങ്ങളാണ് അരവിന്ദ മഹർഷിയുടെ സാവിത്രി എന്ന ആത്മീയകാവ്യശില്പം. സാവിത്രിയുടെ പരിഭാഷകൾ ഒട്ടൊക്കെ ഉണ്ടായിട്ടുണ്ടെങ്കിലും, മൂലകൃതിയുടെ സംവേദനക്ഷമത അവയ്‌ക്കൊന്നിനും കൈവരിക്കാനായിട്ടില്ല. വാക്കുകളുടെ തിരഞ്ഞെടുപ്പിലും അവയുടെ വിന്യാസത്തിലും പുലർത്തുന്ന ഈ മാന്ത്രികത ശ്രീനാരായണഗുരുദേവന്റെ കാവ്യഭാഷയിലും പ്രകടമാണെന്ന് പറയേണ്ടതില്ല. ഈശ്വരീയതയെ അനുഭവിച്ചറിയുന്ന യോഗി ഒരു നല്ല കവികൂടെയാകണമെന്ന് ഓഷോ ഒരു പ്രഭാഷണമദ്ധ്യേ പറഞ്ഞിട്ടുണ്ട്. അനിർവചനീയമായ ആത്മീയാനുഭവത്തെ അക്ഷരരൂപത്തിൽ പകർത്താൻ വെറുമൊരു കവിയായാൽ മാത്രം പോരാ, കുറഞ്ഞപക്ഷം ഒരു ഖലീൽ ജിബ്രാൻ എങ്കിലുമാകണമെന്നാണ് ഓഷോയുടെ പക്ഷം. ആത്മസാക്ഷാത്കാരം ലഭിക്കുന്ന സിദ്ധപുരുഷന്മാർ മിക്കവരും നിരക്ഷരരും ഭാഷയെ കാവ്യാത്മകമായി പ്രയോഗിക്കാൻ വിമുഖരും സ്വതവേ മൗനികളുമാണെന്നാണ് ഓഷോയുടെ കണ്ടെത്തൽ. എന്നാൽ ഓഷോയുടെ അത്തരം ആശങ്കകൾ ഇവിടെ അപ്രസക്തമാകുന്നു. ജ്ഞാന, ഭക്തി, രാജ, കർമയോഗങ്ങളെ സംയോജിപ്പിച്ച് സമഗ്ര യോഗ (Integral Yoga) എന്ന ഉപാസനാപദ്ധതി ചിട്ടപ്പെടുത്തിയ അരവിന്ദ മഹർഷിക്കും വേദാന്തദർശനത്തിന്റെ നിറവിൽ അറിവിനെ പരമസത്യമെന്നറിഞ്ഞ ശ്രീനാരായണഗുരുവിനും ശ്രീകൃഷ്ണദർശനം തങ്ങളുടെ ജീവിതത്തിൽ സംഭവിച്ച ഒരു നേരനുഭവമായിരുന്നു. ഇവരാകട്ടെ തങ്ങളുടെ കാലത്ത് ജീവിച്ചിരുന്ന ഏതു കവികളെയും നിഷ്പ്രഭരാക്കാൻ പോന്ന പ്രതിഭയുള്ള മഹാകവികളും. ഈശ്വരസാരൂപ്യത്തെ അതിലെ ആത്മീയപ്രഭ ചോർന്നു പോകാതെ കവിതയിലൂടെ ശാശ്വതീകരിക്കുകയാണ് ഇരു യോഗിവര്യന്മാരും ചെയ്തത്. ധർമത്തെ സേവിക്കുന്നവനോടൊപ്പം ഈശ്വരൻ എക്കാലവുമുണ്ടെന്നതിന്റെ വർത്തമാനകാല അനുഭവസാക്ഷ്യങ്ങളാണ് ആത്മീയതയുടെ സുഗന്ധവും കാവ്യസൗന്ദര്യവും ഒരുപോലെ തെളിഞ്ഞുനിൽക്കുന്ന ഗുരുവിന്റെയും മഹർഷിയുടെയും ഈ കവിതകൾ.
ദൈവം മരിച്ചു എന്ന പ്രഖ്യാപനത്തോടെയായിരുന്നു ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം. എന്നാൽ ഈശ്വരൻ ഉണ്ടോ എന്ന ചോദ്യത്തിനാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും നാം ഉത്തരം തേടിക്കൊണ്ടേയിരിക്കുന്നത്. ഈ ചോദ്യത്തിന് മറുപടിയായി, ഈശ്വരൻ ഉണ്ട് എന്ന് അസ്സന്നിദ്ധമായി പ്രഖ്യാപിച്ചവരാണ് ഗുരുദേവനും മഹർഷി അരവിന്ദനും ശ്രീചട്ടമ്പി സ്വാമികളും ശ്രീരാമകൃഷ്ണദേവനുമെല്ലാം. നമ്മുടെ കാലത്ത് ജീവിച്ച ഈ യോഗീശ്വരന്മാരെല്ലാം ഈ ബോധ്യത്തെ അവരുടെ നേരനുഭവങ്ങൾ കൊണ്ട് സാക്ഷ്യപ്പെടുത്തുന്നു. ഭഗവാൻ ശ്രീകൃഷ്ണൻ സമയകാലങ്ങൾക്കതീതനായി നമുക്കിടയിൽ നമ്മോടൊപ്പമുണ്ടെന്ന ഓർമ്മപ്പെടുത്തലാണ് ഓരോ ജന്മാഷ്ടമി ദിനവും നമ്മിലുണർത്തുന്നത്. നമ്മുടെ കാലത്തിൻ്റ ധർമോപദേഷ്ടാവ് ശ്രീകൃഷ്‌ണനാണ്. കൃഷ്ണൻ്റെ ധർമോപദേശത്തിൻ്റെ കാലിക പ്രസക്തിയും ഭഗവദ് ഗീതയുടെ പ്രാധാന്യവുമൊക്കെയാണ് ഇതിൽ നിന്ന് നാം മനസ്സിലാക്കേണ്ടത്. ഈ കലിയുഗത്തിലും ഈശ്വരൻ ഒരു സാന്നിധ്യമായി തന്നെ നമ്മോടൊപ്പമുണ്ട്. വേദവ്യാസൻ മുതൽ വർത്തമാനകാലത്തെ യോഗീശ്വരന്മാർ വരെ ഇരുകൈകളും മുകളിലേക്കുയർത്തി നമ്മോട് ഉറക്കെ വിളിച്ചു പറയുന്നതും അതുതന്നെയാണ്: “ഈശ്വരനുണ്ട് അതുകൊണ്ട് നിങ്ങൾ ധർമത്തെ സേവിക്കൂ.”
(സെന്റർ ഫോർ സൗത്ത് ഇന്ത്യൻ സ്റ്റഡീസിൽ ഫെല്ലോയാണ് ലേഖകൻ)








Discussion about this post