Desi Narrative
  • രാഷ്ട്രീയം
  • സംസ്കാരം
  • ചരിത്രം
  • മതം
  • സാമ്പത്തികം
  • സാഹിത്യം
  • സ്ട്രാറ്റജി
  • English
    • Politics
    • Culture
    • History
    • Religion
    • Economics
    • Literature
    • Strategy
Desi Narrative
  • രാഷ്ട്രീയം
  • സംസ്കാരം
  • ചരിത്രം
  • മതം
  • സാമ്പത്തികം
  • സാഹിത്യം
  • സ്ട്രാറ്റജി
  • English
    • Politics
    • Culture
    • History
    • Religion
    • Economics
    • Literature
    • Strategy
Desi Narrative
  • Home
  • Politics
  • Culture
  • History
  • Religion
  • Economics
  • Literature
  • Strategy
  • മലയാളം
Home മലയാളം മതം

ആരുടെ രാമൻ?

'രാമായണം മുഴുവൻ ഒരു ദിവസം കൊണ്ടു വായിച്ചു തീർക്കുന്നതാണ് പുണ്യം' എന്നരുളിയ ഗുരുവിനെയും അവധൂതകാലത്ത് രാമായണപ്രവചനങ്ങൾ നടത്തിയ ഗുരുവിനെയും രാമകഥാപാരായണം കേട്ട് മഹാസമാധി പ്രാപിച്ച ഗുരുവിനെയും നാമറിയണം.

Aug 10, 2026, 10:25 pm IST
in മതം, മലയാളം
Share on Facebook
Share on Twitter
Telegram

മലയാളിക്ക് അദ്ധ്യാത്മ രാമായണം മോക്ഷത്തിലേക്കുള്ള വഴികാട്ടി മാത്രമല്ല, ധാർമിക ജീവിതത്തിൻ്റെ കൈപ്പുസ്തകം കൂടിയാണ്. നമ്മുടെ ഭാഷയെയും സർഗാത്മകതയേയും സാംസ്കാരിക ജീവിതത്തെയും ജീവിത മൂല്യങ്ങളെയും ജീവിതാദർശങ്ങളെയും രൂപപ്പെടുത്തുന്നതിൽ രാമകഥ ചെലുത്തിയ സ്വാധീനം നിസ്തുലമാണ്. മേല്പറഞ്ഞവയെ കാലികമായി പുനഃക്രമീകരിക്കുന്നതിൽ വർഷം തോറുമുള്ള രാമായണ വായനയ്ക്ക് വലിയ പങ്കാണുള്ളത്. നമ്മുടെ പുതുവത്സര സങ്കൽപ്പങ്ങൾ, ലക്ഷ്യങ്ങൾ എന്നിവയെ ധർമാനുസൃതമായി രൂപപ്പെടുത്തുന്നതിലേക്കുള്ള ഒരു മാസം നീളുന്ന ഒരു ആത്മീയ മുന്നൊരുക്കമാണ് രാമായണമാസാചരണത്തിലൂടെ മലയാളികൾ ഒരുകാലത്തു നടത്തികൊണ്ടിരുന്നത്.

എഴുത്തച്ഛന്റേയും അദ്ധ്യാത്മ രാമായണത്തിന്റെയും നിരവധിയായ സംഭാവനകളിൽ ഏറ്റവും പ്രധാനപ്പെട്ടത്, അധിനിവേശങ്ങളുടെ നൈരന്തര്യത്തിൽ പെട്ടുഴന്ന നമ്മുടെ സാംസ്‌കാരിക സ്വത്വത്തിന്റെ തനിമ നഷ്ടപ്പെടുത്താതെ അതിനെ ചിരകാലത്തേക്കായി സംരക്ഷിച്ച് നിലനിർത്തി എന്നതാണ്. രാമായണം എന്ന തോണിയിലേറിയാണ് മലയാളഭാഷ അനേകം സാംസ്കാരികാധിവേശങ്ങൾ ഉയർത്തിയ വെല്ലുവിളികളെ തരണം ചെയ്തത്. ജഗത്തിനെ സൃഷ്‌ടിച്ച മഹാകവിയായ പരമേശ്വരൻ ആൽവൃക്ഷത്തെ ഒരു ചെറിയ വിത്തിൽ ഒളിപ്പിച്ചതു പോലെ, ധർമലോപത്തിൻ്റെ ആപത്സന്ധിയിൽ സനാതന ധർമത്തെയും ആർഷ സംസ്‌കാരത്തെയും ആചാര്യൻ രാമകഥയിലേക്ക് ആവാഹിച്ചു, ഭാഷയെ രാമായണത്തിൽ പൊതിഞ്ഞു സൂഷിച്ചു. നമ്മുടെ ഭാഷയെയും അത് ധാരണം ചെയ്ത സനാതന സംസ്കൃതിയെയും ഒരു ശക്തിക്കും തകർക്കാൻ കഴിയാഞ്ഞതിന് കാരണം അതിൻ്റെ ആത്മാവിനെ രാമകഥയുടെ അറിവാഴങ്ങളിൽ നങ്കൂരമിട്ടുറപ്പിച്ച തുഞ്ചത്ത് ആചാര്യൻ്റെ തപസ്സാണ്.

ആത്മശുദ്ധീകരണത്തിനുള്ള ഒരുപാധി എന്ന നിലയിൽ മലയാളികൾ രാമായണത്തെ കണ്ടു തുടങ്ങിയിട്ട് കാലങ്ങളേറെയായി. ഒരു നൂറ്റാണ്ടു മുന്നേ എങ്ങനെയായിരുന്നു കേരളീയർ രാമായണ പാരായണം അനുഷ്ഠിച്ചിരുന്നത്? അക്കാലത്ത് രാമായണത്തിന് സാധാരണക്കാരുടെ ഇടയിൽ എത്രത്തോളം പ്രചാരമുണ്ടായിരുന്നു? ശ്രീരാമൻ എന്ന ദേവതാസങ്കല്പം എത്രത്തോളം തദ്ദേശീയമാണ്? ഇങ്ങനെ ഒട്ടേറെ ചോദ്യങ്ങളാണ് രാമായണമാസത്തിൽ പല കോണുകളിൽ നിന്നായി ഉയരുന്നത്. ഏറെ കൗതുകമുണർത്തുന്ന ഈ ചോദ്യങ്ങൾക്ക് നാം മറുപടികൾ കണ്ടെത്തുന്നത് ശ്രീ നാരായണ ഗുരുദേവനിലൂടെയാണ്. ഗുരുദേവനും രാമായണവും തമ്മിലെന്ത് ബന്ധം എന്ന് ആശ്ചര്യപ്പെടുന്ന കുറേപേരുടെ സംശയനിവാരണത്തിനും ഈ ഈ ഹ്രസ്വാന്വേഷണം സഹായിച്ചേക്കും.

“പുരുഷാകൃതിപൂണ്ട ദൈവമോ?”

സമയരേഖയിൽ, തുഞ്ചത്ത് ആചാര്യൻ ജനിച്ച് മൂന്ന് ശതാബ്ദങ്ങൾക്ക് ശേഷമാണ് ശ്രീ നാരായണ ഗുരുദേവന്റെ അവതാരപ്പിറവി. ‘മനുഷ്യർ ഒരു ജാതി. അവർക്കൊരു മതം, ഒരു ദൈവം’ എന്ന ദിവ്യസന്ദേശത്തിലൂടെയും അതിന്റെ നിരവധി വ്യാഖ്യാനങ്ങളിലൂടെയും ‘ഈശ്വരൻ ഉണ്ട്’ എന്ന് നമ്മുടെ കാലത്തോട് അസന്നിഗ്ധമായി പ്രഖ്യാപിച്ച ശ്രീനാരായണഗുരുദേവനെ സംബന്ധിച്ചിടത്തോളം, ശ്രീരാമൻ പുരുഷാകൃതിപൂണ്ട ദൈവം തന്നെയായിരുന്നു. അനുകമ്പാദശകത്തിൽ, ഗീതോപദേശം നൽകുന്ന പാർത്ഥസാരഥിയ്ക്കൊപ്പം പരമേശ്വരന്റെ പുരുഷാവതാരമായ ശ്രീരാമനെയാണ് അനുകമ്പയുടെ ആൾരൂപമായി ഗുരുദേവൻ പ്രകീർത്തിക്കുന്നത്. ‘പുരുഷാകൃതിപൂണ്ട ദൈവമോ?’ എന്നതു കൊണ്ട് ഗുരു ഉദ്ദേശിക്കുന്നത് ശ്രീരാമനെത്തന്നെയെന്ന് ഗുരുദേവകൃതികളുടെ ആധികാരിക വ്യാഖ്യാതാക്കളായ ഡോ. ടി. ഭാസ്കരനും, മുനി നാരായണ പ്രസാദ് സ്വാമികളുമൊക്കെ സാക്ഷ്യപ്പെടുത്തുന്നു.1&2 അനുകമ്പാദശകത്തിൽ, ഈശ്വരന്റെ പുത്രഭാവത്തിലും ഈശ്വരന്റ ദൂതഭാവത്തിലും പലരെയും കല്പിക്കുമ്പോഴും, ഈശ്വരന്റെ നേർസ്വരൂപമായി ഗുരുദേവൻ കണ്ടത് ശ്രീരാമനെ മാത്രമായിരുന്നു. ‘ധർമ ഏവ പരം ദൈവം’ എന്നെഴുതിയ ഗുരുദേവൻ, ആ ധർമസങ്കല്പത്തെ ‘രാമോ വിഗ്രഹവാൻ ധർമ്മ’ എന്ന കവിവാക്യത്തോടു ചേർത്തുവയ്ക്കുമ്പോൾ ശ്രീരാമൻ പുരുഷാകൃതിപൂണ്ട ദൈവമാകുന്നു.3

ഹൈന്ദവപരമ്പര്യത്തിലെ അനേക ദേവതകളെ കേരളത്തിലുടനീളം പ്രതിഷ്ഠിച്ച ഗുരുദേവനിലൂടെ ഒരു ശ്രീരാമ പ്രതിഷ്ഠയും സംഭവിച്ചേക്കുമായിരുന്നു. ശിവഗിരിയിലെ വൈദികമഠത്തിൽ വിശ്രമിക്കുന്ന ഗുരുദേവനെ സന്ദർശിച്ച കുറച്ച് ഭക്തർ ഒരു ക്ഷേത്രപ്രതിഷ്ഠ നടത്തിത്തരണം എന്നപേക്ഷിക്കുമ്പോൾ, ബിംബപ്രതിഷ്ഠയ്ക്ക് പകരം ലക്ഷ്‌മിദേവിയെ സങ്കൽപ്പിച്ച് ഒരു വിളക്ക് പ്രതിഷ്ഠിച്ചാൽ പോരേയെന്ന് ഗുരുദേവൻ നിർദ്ദേശിച്ചു. ‘അതുകൊണ്ട് ആളുകൾ തൃപ്തിപ്പെടുകയില്ല. അവർക്ക് ഒരു ആരാധനാമൂർത്തി വേണം,’ എന്നായി ഭക്തർ. എന്നാൽ, ആ ദീപത്തിന് ചുറ്റും മഹാത്മാക്കളുടെ ചിത്രം പ്രതിഷ്ഠിച്ചാൽ മതിയല്ലോ എന്നൊരു പരിഹാരവും ഗുരുദേവൻ മുന്നോട്ടുവച്ചു. അതിലൊന്നായി ഗുരുദേവൻ നിർദ്ദേശിച്ചത് ശ്രീരാമനെയായിരുന്നു.4

ശ്രീരാമസങ്കലപ്പവും ശ്രീശിവസങ്കല്പവും നമ്മുടെ ആദിമഗോത്രാരാധനയുടെ ഭാഗമായിരുന്നെന്ന് സംഭാഷണത്തുടർച്ചയിൽ ഗുരുദേവൻ പറയുന്നു. “ശിവനും ശ്രീരാമനും മറ്റും ഓരോ കാലത്തുള്ള നേതാക്കന്മാർ ആയിരുന്നുവെന്നാണ് നമ്മുടെ പക്ഷം. ശ്രീരാമൻ ഒരു മറവൻ ആയിരുന്നെന്നാണ് നമുക്ക് തോന്നുന്നത്. നല്ല പരാക്രമിയും ഉപകാരിയുമായിരുന്നതിനാൽ ആളുകൾ സ്തുതിച്ച് ക്രമേണ എല്ലാ ഗുണങ്ങളും തികഞ്ഞ ദൈവസമാനനാക്കി.” ഇതിഹാസപുരുഷന്മാർ, പുരാണകഥാപാത്രങ്ങൾ, ആരാധനാമൂർത്തികളായ ദേവതകൾ എന്നിവ ആചാരാനുഷ്‌ഠാനങ്ങളുടെ ദൃഷ്ടിയിൽ എങ്ങനെ പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നു എന്നതിന് പ്രമാണമായി സ്വീകരിക്കാവുന്ന നിരീക്ഷണമാണ് ഗുരുദേവന്റേത്. ശ്രീരാമൻ എന്ന ഇതിഹാസനായകനെ നമ്മുടെ അടിസ്ഥാനവർഗ്ഗത്തിന്റെ ആരാധ്യദേവതയായി സ്ഥാപിക്കുന്ന ഗുരുദേവന്റെ ഈ വീക്ഷണം, ശ്രീരാമൻ എന്ന ദേവത ഈ നാടിന്റെ ആരാധനാക്രമത്തിന്റെ ഭാഗമായിരുന്നില്ല എന്നതരത്തിലുള്ള വ്യാജപ്രചരങ്ങൾക്കുള്ള മറുപടികൂടെയാണ്. അനേകം ശിവപ്രതിഷ്ഠകൾ നടത്തുകയും ശിവസ്തോത്രങ്ങൾ രചിക്കുകയും ചെയ്ത ഗുരുദേവൻ, വൈഷ്‌ണവ ദേവതയായ ശ്രീരാമനെയും ശിവനെയും ഒരേപോലെ നമ്മുടെ നാടിൻറെ ദേവതകളായി തന്നെകണ്ട് വിലയിരുത്തുന്നു.

രാമായണം എങ്ങനെ വായിക്കണം?

രാമായണം എങ്ങനെ വായിക്കണം എന്നതിനെ പറ്റി അക്കാലത്ത് നിലനിന്നിരുന്ന സമ്പ്രദായത്തെപ്പറ്റി ഗുരുദേവൻ ചില വിവരങ്ങൾ നമ്മോട് പങ്കുവയ്ക്കുന്നുണ്ട്. ഗുരുദേവ ശിഷ്യനും ശ്രീനാരായണ സന്ദേശപ്രചാരകനുമായിരുന്ന കോട്ടുക്കോയിക്കൽ വേലായുധൻ രേഖപ്പെടുത്തിയിരിക്കുന്നതു പ്രകാരം, അക്കാലത്ത് രാമായണം ഒരു ദിവസം കൊണ്ട് പാരായണം ചെയ്തുതീർക്കുമായിരുന്നു. ഗുരുദേവൻ പലപ്രാവശ്യം രാമായണം അപ്രകാരം പാരായണം ചെയ്തു തീർത്തിട്ടുണ്ടത്രെ! ആലുവ അദ്വൈതാശ്രമത്തിൽ വച്ച്, പഴയ ആചാരവിശ്വാസങ്ങളെപ്പറ്റി സംസാരിച്ചുകൊണ്ടിരിക്കെയാണ് ഗുരുദേവൻ ഇക്കാര്യം വെളിപ്പെടുത്തുന്നത്.

“‘രാമായണം മുഴുവൻ ഒരു ദിവസം കൊണ്ടു വായിച്ചു തീർക്കുന്നതാണ് പുണ്യം’ എന്നാണ് അന്നത്തെ അറിവിലും അഭിപ്രായത്തിലും എല്ലാവര്ക്കും ഉണ്ടായിരുന്നത്. നാം വായിച്ചിട്ടുണ്ട് രാമായണം. ഒരുദിവസം കൊണ്ട് വായിച്ചു തീർക്കും, അങ്ങനെ പലദിവസങ്ങളിലും,” എന്ന് ഗുരുദേവന്റെ തിരുവായ്മൊഴി.5 കർക്കടക മാസത്തിൽ അദ്ധ്യാത്മ രാമായണം പലവുരു വായിച്ച് പൂർത്തിയാക്കുന്ന അനേകമാളുകൾ നമുക്ക് ചുറ്റുമുണ്ട്. എന്നാൽ, ഗുരുദേവൻ പറഞ്ഞതുപോലെ, രാമായണം അഹോരാത്രം പാരായണം ചെയ്ത്, ഒരൊറ്റ ദിവസം കൊണ്ട് പൂർത്തിയാക്കുന്നവരും വിരളമായി ഇക്കാലത്തുമുണ്ട്. രാമായണപാരായണത്തിന്റെ ആ പഴയ സമ്പ്രദായം പിന്തുടരുന്നവർ ഇന്നുമുണ്ട് എന്ന് ചുരുക്കം.

രാമായണപാരായണം അർഥം അറിഞ്ഞു വേണം എന്നതിന് നിദാനമായി ഒരു കഥ ഗുരുദേവന്റെ അവധൂതകാലവുമായി ബന്ധപ്പെടുത്തി പരാമർശിച്ച് കാണുന്നുണ്ട്. മാവേലിക്കര ഇറവങ്കര തുണ്ടിൽ ശ്രീ കേശവൻ വൈദ്യർക്കുണ്ടായ ഒരു അനുഭവത്തെ ശ്രീ കോട്ടുക്കോയിക്കൽ വേലായുധൻ തന്റെ പുസ്തകത്തിൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു.6 ഒരു ദിവസം, ശ്രീ കേശവൻ വൈദ്യരും സുഹൃത്തുക്കളും ചേർന്ന് രാമായണം വായിച്ചുകൊണ്ടിരുന്നപ്പോൾ അവർക്കു സമീപം തേജസ്വിയായ ഒരു ഭിക്ഷു എത്തുന്നു. ആ ഭിക്ഷുവിനെ ഒന്ന് പരീക്ഷിക്കാൻ വേണ്ടി അവർ, രാമായണം വായിച്ച് അർഥം പറയാമോ ചോദിച്ചു. അർഥം പറയാമോ എന്ന ചോദ്യത്തിന്, “തോന്നും” എന്നാണ് ആ ദിവ്യൻ നൽകിയ മറുപടി. ഒരു പരീക്ഷണം പോലെ, അവർ ആ ദിവ്യപുരുഷന് ലക്ഷ്മണോപദേശം എന്ന ഭാഗം വായിക്കാൻ നൽകി. വായിച്ചു തുടങ്ങി അല്പസമയത്തിനകം തന്നെ, ആ ദിവ്യന്റെ അർത്ഥപ്രവചനവും ഭാഷാരീതിയും കേട്ട് അത്ഭുതപ്പെട്ടുപോയ വൈദ്യനും കൂട്ടരും കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കി ഉടനെ ആ ഭിക്ഷുവിനെ ദക്ഷിണയും ഉപചാരവും നൽകി പ്രീതിപ്പെടുത്താൻ ശ്രമിച്ചെങ്കിലും അതൊന്നും സ്വീകരിക്കാതെ, ആ അവധൂതൻ അവിടെ നിന്ന് പുറപ്പെട്ടു പോവുകയാണുണ്ടായത്. പിൽക്കാലത്ത് ഗുരുദേവനെ കരുനാഗപ്പള്ളിയിൽ വച്ച് ആദ്യമായി നേരിട്ട് കണ്ടപ്പോഴാണ് വൈദ്യന് ആരായിരുന്നു ആ പഴയ ഭിക്ഷാംദേഹി എന്ന് മനസ്സിലായത്. എന്തായാലും, ഒരു നൂറ്റാണ്ടിനു മുമ്പും രാമായണത്തിനും ശ്രീരാമോപാസനയ്ക്കും സിദ്ധപുരുഷന്മാരുടെ ഇടയിലും സാധാരണക്കാരായ മലയാളികളുടെ ഇടയിലും എത്രകണ്ട് പ്രചാരമുണ്ടായിരുന്നു എന്ന് മനസ്സിലാക്കുന്നതിന് ഗുരുദേവന്റെ ജീവചരിത്രത്തിലെ ഇത്തരം ചില ഏടുകൾ ധാരാളം മതിയാകും.

മഹാരാമായണവും മഹാസമാധിയും

ശ്രീരാമകഥ ഇതിവൃത്തമായി വരുന്ന രാമായണത്തോളം പ്രാധാന്യമുള്ള മറ്റൊരു പുരാണകൃതിയാണ് ജ്ഞാനവാസിഷ്ഠം അഥവാ യോഗവാസിഷ്ഠം. മഹാരാമായണം എന്നും ഈ കൃതി അറിയപ്പെടുന്നു. ശ്രീരാമദേവന് ഗുരുവായ വസിഷ്ഠൻ നൽകുന്ന ഉപദേശങ്ങളാണ് കൃതിയുടെ ഉള്ളടക്കം. വൈദികവും ദാര്ശനികവുമായ വിഷയങ്ങളെ വളരെ ആഴത്തിൽ ചർച്ച ചെയ്യുന്ന ഈ കൃതി ഗുരുദേവന്റെ ജീവിതയാത്രയിലുടനീളം കൂടെയുണ്ടായിരുന്നു. ഗുരുദേവന്റെ ഏറ്റവും പ്രിയപ്പെട്ട കൃതികളിൽ ഏറ്റവും പ്രധാനപെട്ടതായിരുന്നു യോഗവാസിഷ്ഠമെന്ന് പല ആധികാരിക ജീവചരിത്രകാരന്മാരും രേഖപ്പെടുത്തിയിട്ടുണ്ട്. വിശ്രമസമയങ്ങളിൽ ജ്ഞാനവാസിഷ്ഠവും ഭഗവദ്ഗീതയും ഗുരു ശിഷ്യരെക്കൊണ്ട് പാരായണം ചെയ്തു കേൾക്കാറുണ്ടായിരുന്നെന്ന് വി. ഭാർഗ്ഗവൻ വൈദ്യർ തന്റെ ശ്രീഗുരുദേവ സ്മരണകൾ എന്ന പുസ്തകത്തിൽ കുറിക്കുന്നു.7 മഹാസമാധി ദിവസം ഗുരുദേവൻ യോഗവാസിഷ്ഠത്തിലെ ജീവന്മുക്തിപ്രകരണം ശ്രവിച്ച് ധ്യാനനിഷ്ഠനായാണ് ശരീരത്യാഗം ചെയ്യുന്നത്. ഈ സംഭവം ശ്രീ കോട്ടുക്കോയ്ക്കൽ വേലായുധൻ ഗുരുവിന്റെ ജീവചരിത്രത്തിൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: “സമാധി സമയം സ്വാമി സന്നിധിയിൽവച്ചു ശ്രീ. വിദ്യാനന്ദസ്വാമികൾ യോഗവാസിഷ്ഠം ജീവന്മുക്തിപ്രകരണം വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. മോക്ഷപ്രാപ്തിയെ വിവരിക്കുന്ന ആ ഭാഗം കേട്ടുകൊണ്ടു ധ്യാനനിഷ്ഠനായാണ് ഗുരുദേവൻ മഹാസമാധി പ്രാപിച്ചത്.”8

അവധൂതകാലം മുതൽ മഹാസമാധി വരെ, ഗുരുദേവന്റെ ജീവിതകാലത്തുടനീളം രാമകഥയുടെ ആത്മീയ സാന്നിധ്യം നമുക്ക് തിരിച്ചറിയാൻ കഴിയും. ഗുരുവും ശ്രീരാമനും തമ്മിലെന്ത് എന്ന ചോദ്യത്തിന് പതിവായി ഉദ്ധരിച്ചു കാണാറുള്ളത് ഗുരുവിന്റെ ഒരേയൊരു സംഭാഷണം ഉത്തരരാമായണത്തിലെ ശംബൂകവധവുമായി ബന്ധപ്പെട്ടതാണ്. എന്നാൽ ഇത് മാത്രമായിരുന്നില്ലല്ലൊ ഈ വിഷയത്തെ അധികരിച്ച് ഗുരു പറഞ്ഞിട്ടുള്ളത്. “ശ്രീരാമന്റെ കാലത്തുകൂടി ശൂദ്രാദികൾക്ക് സന്യസിക്കാൻ പാടില്ലെന്നല്ലേ പറയുന്നത്?” എന്ന ഒരു അർദ്ധോക്തിയെ ആധാരമാക്കിയാണോ അതോ ഗുരുവിന്റെ വിശാലമായ ചിന്താലോകത്തെ സമഗ്രമായി വിലയിരുത്തിയതിന് ശേഷമാണോ ഈ സമസ്യയ്ക്ക് ഒരു ഉത്തരം കണ്ടെത്തേണ്ടത്? ഗാന്ധിജിയുടേതെന്ന പോലെ, ശ്രീനാരായണ ഗുരുദേവന്റെ കൂടിയാണ് രാമൻ.

ഗുരുദേവനെപ്പോലെയുള്ള അവതാരപുരുഷന്മാരുടെ ദിവ്യകണ്ഠത്തിലൂടെയായിരുന്നു രാമകഥ നമ്മുടെ കാലത്തേക്കും പ്രവഹിച്ചത്. തുഞ്ചൻ പറമ്പിലെ ശാരിക പൈങ്കിളിയുടെ പാട്ടിൻ്റെ തനിമയും കവിതയും ചാരുതയും നാലു നൂറ്റാണ്ടുകളും നാലു കടന്നുകയറ്റങ്ങളും മറികടന്ന് നിർമ്മിത ബുദ്ധിയുടെ യുഗത്തിലും അതിന്റെ ജൈത്രയാത്ര തുടരുന്നു. ഓരോ രാമായണ മാസത്തിലും, എത്രകേട്ടാലും മതിവരാത്ത കാകുത്സലീലകളുടെ കഥകൾ അടുത്ത തലമുറയിലേക്ക് നാം കൈമാറുമ്പോൾ, യഥാർത്ഥത്തിൽ കൈമാറ്റം ചെയ്യപ്പെടുന്നത് നമ്മുടെ ഭാഷയും സംസ്കാരവും സ്വത്വവും കൂടിയാണ്.

 

റഫറൻസ്:

1. പേജ് 511. ഭാസ്കരൻ, ടി. ശ്രീനാരായണഗുരുവിന്റെ സമ്പൂർണകൃതികൾ. മാതൃഭൂമി ബുക്ക്സ്, കോഴിക്കോട്. 1985.
2. പേജ് 790. നാരായണപ്രസാദ്, മുനി. ശ്രീനാരായണഗുരു കൃതികൾ സമ്പൂർണ്ണം (വാല്യം മൂന്ന്). ഡിസി ബുക്ക്സ്, കോട്ടയം. 2019
3. ധർമം. ശ്രീ നാരായണഗുരുദേവൻ.
4. പേജ് 39. ബാലകൃഷ്ണൻ, ശ്യാം. മൗനപ്പൂന്തേൻ. വൺ-വേൾഡ് യൂണിവേഴ്സിറ്റി, വയനാട്. 2015.
5. പേജ് 170. വേലായുധൻ കോട്ടുക്കോയിക്കൽ. ശ്രീ നാരായണഗുരുവും ശിഷ്യന്മാരും (ഒരു വിവരണഗ്രന്ഥം). ശ്രീനാരായണപ്രസ്സ്, കൊല്ലം. 1970.
6. പേജ് 169. വേലായുധൻ കോട്ടുക്കോയിക്കൽ. ശ്രീ നാരായണഗുരുവും ശിഷ്യന്മാരും (ഒരു വിവരണഗ്രന്ഥം). ശ്രീനാരായണപ്രസ്സ്, കൊല്ലം. 1970.
7. പേജ് 120. വൈദ്യർ, വി ഭാർഗ്ഗവൻ. ശ്രീഗുരുദേവ സ്മരണകൾ. ഗായത്രി ആശ്രമം, ചാലക്കുടി. 2014.
8. പേജ് 240. വേലായുധൻ, കോട്ടുക്കോയ്ക്കൽ. ശ്രീനാരായണഗുരു ജീവചരിത്രം. എസ് എൻ പ്രസ്സ്, കൊല്ലം. 1975.

Tags: Sree Narayana GuruSri RamanRamayanamശ്രീനാരായണ ഗുരുഅദ്ധ്യാത്മ രാമായണംശ്രീരാമൻ
ShareSend
Tweet
Share

Discussion about this post

Related Posts

എഫ്സിആർഎ നിയമഭേദഗതിക്ക് ഒരു വത്തിക്കാൻ മാതൃക

ഡ്രംഹെല്ലർ: ജീവാശ്മങ്ങളുടെ താഴ്‌വര

ഡ്രംഹെല്ലർ: ജീവാശ്മങ്ങളുടെ താഴ്‌വര

പുതിയത്

എഫ്സിആർഎ നിയമഭേദഗതിക്ക് ഒരു വത്തിക്കാൻ മാതൃക

ഡ്രംഹെല്ലർ: ജീവാശ്മങ്ങളുടെ താഴ്‌വര

ആരുടെ രാമൻ?

Load More
  • Home
  • Politics
  • History
  • Culture
  • Religion
  • Literature
  • Economics
  • Strategy
  • About Us

© Desi Narrative

No Result
View All Result
  • രാഷ്ട്രീയം
  • സംസ്കാരം
  • ചരിത്രം
  • മതം
  • സാമ്പത്തികം
  • സാഹിത്യം
  • സ്ട്രാറ്റജി
  • English
    • Politics
    • Culture
    • History
    • Religion
    • Economics
    • Literature
    • Strategy

© Desi Narrative