സോക്രട്ടിസിന്റെ പ്രധാന ശിഷ്യനായിരുന്ന സെനഫോൻ തന്റെ ഗുരുവിനെക്കുറിച്ച് എഴുതിയ ചില ഭാഗങ്ങളെ വിലയിരുത്തിക്കൊണ്ട് ബെർട്രാൻഡ് റസ്സൽ ‘എ ഹിസ്റ്ററി ഓഫ് വെസ്റ്റേൺ ഫിലോസഫി’ എന്ന വിഖ്യാതമായ ഗ്രന്ഥത്തിൽ ഇങ്ങനെ കുറിച്ചു: “ഒരു ജ്ഞാനിയുടെ വാക്കുകളെക്കുറിച്ച് ഒരു ഭോഷൻ നൽകുന്ന വിവരണം ഒരിക്കലും കൃത്യമായിരിക്കില്ല; കാരണം, താൻ ശ്രവിക്കുന്നവയെ സ്വന്തം ഗ്രഹണശേഷിക്കനുസരിച്ച് അവൻ അബോധപൂർവ്വം പുനരാവിഷ്കരിക്കും.”1 ഈ ദുർവിധി ബാധിക്കാത്ത ദാർശനികന്മാരും ചിന്തകരും ലോകചരിത്രത്തിൽ തന്നെ കുറവായിരിക്കും. നമ്മുടെ കാലത്തും സ്ഥിതി വ്യത്യസ്തമല്ല. കേവലം 100 വർഷങ്ങൾക്കു മുമ്പ് സശരീരനായിരുന്ന ശ്രീനാരായണഗുരുദേവന്റെ ഉപദേശങ്ങളും നിലപാടുകളും സുവ്യക്തമായി ഗുരു തന്നെ എഴുതി വച്ചിട്ടുണ്ടെന്നിരിക്കെ, ഗുരുവിന്റെ സംഭാഷണങ്ങളെ സന്ദർഭത്തിൽ നിന്നടർത്തിയെടുത്ത് വികൃതവൽക്കരിച്ച് അവതരിപ്പിക്കുന്ന പതിവ് ഇവിടെ വേരുറപ്പിച്ചിട്ട് കാലങ്ങളായി. ദൗർഭാഗ്യവശാൽ, അത്തരം കുപ്രചരങ്ങളിൽ പലതിനും ജനസാമാന്യത്തിന്റെയിടയിൽ ഇന്ന് പ്രചുര പ്രചാരം ലഭിച്ചിട്ടുണ്ട്. അത്തരത്തിലുള്ള ഒന്നാണ്, മരണാന്തരകർമങ്ങളെ സംബന്ധിച്ച് ഗുരുവിന്റേതെന്ന തരത്തിൽ പ്രചരിക്കുന്ന ചില അഭിപ്രായങ്ങൾ.
മരണശേഷം ശവശരീരം എന്ത് ചെയ്യണമെന്ന ഒരു ചോദ്യത്തിന്, ശവങ്ങൾ ചക്കിലിട്ടാട്ടി വളമാക്കി കൃഷിക്കുപയോഗിക്കുന്നതല്ലേ നല്ലതെന്ന് ഗുരു മറിച്ചൊരു ചോദ്യമുന്നയിക്കുന്നു. ‘അയ്യോ അത് സങ്കടമാണ്’ എന്ന് ചോദ്യകർത്താവിന്റെ മറുപടി. അപ്പോൾ, “അതെന്താ നോവുമോ?” എന്ന് ചിരിച്ചുകൊണ്ട് ഗുരു പ്രതിവചിക്കുന്നു.2 ഈ സംഭാഷണത്തിൽ അന്തർഗതമായ വികാരവിചാരങ്ങളെ മനസ്സിലാക്കിയെടുക്കാൻ സാമാന്യബുദ്ധിയുള്ളവർക്ക് പ്രയാസമുണ്ടാവുകയില്ല. അന്തസ്സാരവിഹീനമായ ചോദ്യങ്ങളോട് ഗുരുദേവന്റെ പ്രതികരണം ഇങ്ങനെത്തന്നെയായിരുന്നു എന്ന് ആ ജീവിതത്തിലുടനീളം ഉദാഹരണങ്ങളേറെയുണ്ട്. ഇക്കാര്യത്തിൽ, ചോദ്യമുന്നയിക്കുന്നയാളിന്റെ സ്വഭാവവും ശീലവും വ്യക്തിത്വവും ഗുരുവിന്റെ ഉത്തരത്തിൽ നിഴലിക്കും. ചോദ്യം എത്രത്തോളം ആത്മാർഥമായി ഉന്നയിക്കുന്നതാണ് എന്നതും വളരെ പ്രധാനമാണ്. അത് യോഗാഭ്യാസത്തെക്കുറിച്ചായാലും മരണാന്തര കർമത്തെക്കുറിച്ചായാലും തിലഹവനത്തെക്കുറിച്ചായാലും ആര് ചോദിക്കുന്നു, ചോദിക്കുന്നയാളിന് ഈ വിഷയത്തിൽ എത്രത്തോളം ആത്മാർത്ഥതയുണ്ട് എന്നൊക്കെ അനുസരിച്ചിരിക്കും ഇതിന്റെ മറുപടി. നേരിട്ട് സംശയമുന്നയിക്കുന്നവരോട്, വിഷയത്തിന്റെ ഗൗരവമനുസരിച്ച് അവർക്ക് സന്തോഷം നൽകുന്ന മറുപടി നൽകുന്നതും ഗുരുവിന്റെ ഒരു രീതിയായിരുന്നെന്ന് വിവിധ സന്ദർഭങ്ങളെ വിലയിരുത്തുന്നവർക്ക് മനസ്സിലാകും. വ്യക്തികളോടുള്ള ഗുരുവിന്റെ പ്രതികരണങ്ങൾക്ക് സാർവ്വലൗകികമായ മാനം നൽകുന്നത് സത്യത്തിൽ ഗുരുനിന്ദയാണ്. അതല്ലെങ്കിൽ അത്തരം ചോദ്യങ്ങളും ഉത്തരങ്ങളും ഗുരുവിന്റെ വ്യക്തിപരമായ ബോധ്യങ്ങളെപ്പറ്റി ചോദിക്കുന്നതായിരിക്കണം. ഇത്തരത്തിൽ, ഗുരുവിന് ഒരു വിഷയത്തിലുള്ള കാഴ്ചപ്പാട് സാമാന്യ ജനങ്ങൾക്ക് വേണ്ടി സ്വന്തം വാക്കുകളിൽ എഴുതി വച്ചിട്ടുണ്ടെങ്കിൽ അതാണ് ആ പ്രത്യേക വിഷയത്തിൽ പരമപ്രമാണമായി സ്വീകരിക്കേണ്ടത്.
ദഹനവും തിലഹവനവും: ഗുരു നിർദ്ദേശിച്ച മരണാനന്തരക്രിയ
സാർത്ഥകമായ ഒരു മനുഷ്യജീവിതം എങ്ങനെ ജീവിക്കണം എന്നതിന് ശ്രീനാരായണഗുരു നൽകിയ ഉപദേശങ്ങളുടെ സമാഹാരമാണ് ശ്രീനാരായണസ്‌മൃതി. ആധുനിക മനുഷ്യന്റെ ജീവിതം ധർമാനുസാരിയായി എപ്രകാരം ചിട്ടപ്പെടുത്തണം എന്നുള്ളതിന് നമുക്ക് മുന്നിലുള്ള പ്രധാനപ്പെട്ട സ്‌മൃതി ഗ്രന്ഥമാണിത്. ധർമാധർമവിവേചനം, സാമാന്യധർമവിചാരം തുടങ്ങിയവയുൾപ്പെടുന്ന ഈ കൃതിയിൽ, ഒരു മനുഷ്യന്റെ ജനനം മുതൽ മരണം വരെ ഏതൊക്കെ കർമങ്ങളും ധർമങ്ങളുമാണ് അനുഷ്ഠിക്കേണ്ടത് എന്ന് കൃത്യമായി വിവരിച്ചിരിക്കുന്നു. പത്ത് സർഗങ്ങളായി വിഭജിച്ചിരിക്കുന്നു ഈ ഗ്രന്ഥത്തിലെ, ഒൻപതാം സർഗം അപരക്രിയ അഥവാ ചരമക്രിയയെപ്പറ്റിയാണ്. ഒരു മനുഷ്യന്റെ മരണാന്തര കർമങ്ങൾ എപ്രകാരം കൃത്യമായി അനുഷ്ടിക്കണം എന്നതിനെപ്പറ്റി ഗുരുദേവൻ എട്ടോളം ശ്ലോകങ്ങളിലായി വിവരിക്കുന്നു. അവയെന്തെല്ലാമെന്ന് നമുക്ക് പരിശോധിക്കാം3:
സ്ത്രീ, ബാലൻ, യുവാവ്, വൃദ്ധൻ മുതലായവർ മരിക്കുമ്പോൾ, അവരുടെ മൃതശരീരത്തെ ചുറ്റുമുള്ള ശുദ്ധിയെ പരിഗണിച്ച് വിധിപ്രകാരം ദഹിപ്പിക്കണം. ഇക്കാര്യത്തിൽ മറ്റൊരു സാമാന്യ വിധിയില്ല. (ശ്ലോകം 253.) (ഇവിടെ വിശേഷവിധി നിർണയിച്ചിരിക്കുന്നത് സന്യാസിമാരുടെ സമാധിക്കാണ്. ഇതിന്റെ കൂടുതൽ വിവരങ്ങൾ, പത്തംസർഗ്ഗത്തിൽ ഗുരു നൽകുന്നു.)
ഇവിടെ ബന്ധുക്കളുടെ ശവസംബന്ധമായ ആശൗചകർമം (പുല) പത്തുദിവസത്തേക്ക് എന്ന് നിശ്ചയിച്ചിട്ടുണ്ട്. പതിനൊന്നാംദിവസം തന്നെ ഹോമവും പുണ്യാഹവും ചെയ്യണം. (254)
പുണ്യാഹം കഴിഞ്ഞ് അതേ ദിവസം വിധിയനുസരിച്ചുള്ള കുളികൊണ്ട് ശുദ്ധിയുണ്ടാകും. പ്രേതത്തെ ഉദ്ദേശിച്ചുള്ള വിധി അതിൽകൂടുതലായി ഒരിടത്തും ഒരു വിധിയും ചെയ്യേണ്ടതില്ല. (255)
പിതാവിന്റെ പിണ്ഡക്രിയ ചെയ്യുന്നവനായി മകനോ അയാളുടെ അഭാവത്തിൽ കൊച്ചുമകനോ അയാളുടെയും അഭാവത്തിൽ സഹോദരനോ സഹോദരപുത്രനോ ഇങ്ങനെ ആരെയെങ്കിലും നിശ്ചയിക്കണം. (256)
ഈ പറഞ്ഞവരുടെ അഭാവത്തിലാകട്ടെ സഹോദരീപുത്രനും സമ്മതനാണ്. അല്ലെങ്കിൽ പിണ്ഡദാനാവകാശം ദമ്പതികൾക്കു പരസ്പരം ആകാം. (257)
പരേതന്റെ ആശൗചം, പിണ്ഡദാനം തുടങ്ങിയ വിധികളൊക്കെയും അർത്ഥശൂന്യവും അജ്ഞതയുടെ വിലാസവുമാണെന്ന മനഃസ്ഥിതി ഉള്ളവൻ പിന്നീട് സംശയിച്ചു ദുഃഖിക്കില്ലയെങ്കിൽ പുല മുതലായ വിധി ഒരിക്കലും ചെയ്യേണ്ടതില്ല, അല്ലാത്തവർക്കെല്ലാമായി ഈ വിധിയെ നിയമിച്ചിരുന്നു. (258-259) (അതായത്, നിർവികൽപനിലയിലുള്ള ഋഷിയും സന്യാസിയും പുലയിൽ നിന്ന് ഒഴിവാകുന്നു. എന്നാൽ, ബന്ധുവായ പരേതന്റെ ദാഹകർമം അവർക്കും ഒഴിച്ചുകൂടാനാവാത്ത കടമയാണ്.)
അപരക്രിയയാകുന്ന വിധിയാകട്ടെ, അതു ചെയ്യുന്നതിൽ തല്പരരായ പുരോഹിതന്മാർ നിയുക്തമായ വഴിയിലൂടെയും അതാതു ദേശകാലങ്ങൾക്ക് അനുകൂലമായും നിർവഹിച്ചുകൊള്ളണം. (260)
മരണാനന്തര ക്രിയകളിൽ പരമ്പരാഗതമായ ഹിന്ദുആചാരപ്രകാരമുള്ള ആചാരവിധികളാണ് ഗുരുദേവൻ ഇവിടെ നിർദ്ദേശിക്കുന്നത് എന്ന് നമുക്ക് കാണാം. ഗുരുവിന്റെ സംഭാഷങ്ങളിൽ ചിലർ തേടിയ രണ്ടു ചോദ്യങ്ങൾക്കുമുള്ള വ്യക്തമായ ഉത്തരങ്ങൾ സ്‌മൃതിയിലൂടെ ഗുരു നമുക്ക് നൽകുന്നുണ്ട്. മരണാനന്തരം ശരീരം ദഹിപ്പിക്കണോ അതോ വെറുതെ കുഴിച്ചിട്ടാൽ മതിയോ? “പ്രാണൻ പോമന്തരാത്മാവിൽ; പിമ്പു നീറാകുമീയുടൽ”4 എന്ന് ഗുരു തന്നെ പരിഭാഷചെയ്ത ‘ഭസ്മാന്തം ശരീരം’ എന്ന യജുർവേദ മന്ത്രത്തെ പ്രമാണമാക്കി ഗുരു സ്‌മൃതിയിൽ നിർദ്ദേശിച്ചിരിക്കുന്നത് മൃതശരീരം കൃത്യമായി ദഹിപ്പിക്കണമെന്നാണ്. (ശ്ലോകം 253). ഇനി തിലഹവനം അരുതെന്ന് പറഞ്ഞ് ഗുരുദേവൻ വിലക്കിയിരുന്നോ? അപരക്രിയകളുടെ ഭാഗമായി 254-)o ശ്ലോകത്തിൽ ഗുരുദേവൻ നിർദ്ദേശിച്ചിരിക്കുന്ന ഹോമകർമമാണ് തിലഹവനം. ആത്മാവിന്റെ സദ്ഗതിക്കായി വേദമന്ത്രങ്ങളും വിശിഷ്യാ പിതൃസൂക്തവും ഉപയോഗിച്ച് നടത്തുന്ന ഹോമക്രിയയാണിത്. ഗുരുദേവന്റെ ഗൃഹസ്ഥ ശിഷ്യനായിരുന്ന വി. ഭാർഗവൻ വൈദ്യൻ തന്റെ ‘ശ്രീ ഗുരുദേവ സ്മരണകൾ’ എന്ന പുസ്തകത്തിൽ, ഗുരുദേവന്റെ ചെമ്പഴന്തിയിലെ വീട്ടിൽ എല്ലാ ദിവസവും തിലഹവനം നടന്നുവരുന്നു എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. “ഗുരുദേവൻ ജനിച്ച കിഴക്കേമുറിയിൽ കിഴക്കേ ഭിത്തിയോട് ചേർന്ന് ഗുരുദേവന്റെ ഒരു പ്രതിമ ഇപ്പോൾ വച്ചിട്ടുണ്ട്. അതിനു മുൻപിൽ ഹോമകുണ്ഡവുമുണ്ട്. നിത്യവും അവിടെ ‘തിലഹവനം’ നടത്തിവരുന്നു.”5
മരണത്തിനും പുനർജന്മത്തിനുമിടയിൽ
മരണത്തിനും പുനർജനനത്തിനുമിടയിലുള്ള ആത്മാവിന്റെ ഗതിയെപ്പറ്റി ഗുരു എന്താണ് പറഞ്ഞത്? അതിനെപ്പറ്റി ഗുരുദേവൻ പറയുക മാത്രമല്ല ഗദ്യഭാഷയിൽ ഒരു കുറിപ്പ് തന്നെ രചിച്ചിട്ടുണ്ട്. പരലോകത്തെപ്പറ്റിയും മരണശേഷമുള്ള ആത്മാവിന്റെ ഗതിയെപ്പറ്റിയുള്ള ഗുരുദേവന്റെ സുവ്യക്തമായ കാഴ്ചപ്പാട് ഗദ്യകൃതിയായ ‘ദൈവചിന്തനം-I’ൽ കാണാം. “ഇഹലോകവാസികളെപ്പോലെ പരലോകവാസികളും ഉണ്ടെന്നുള്ളത് നിർവിവാദമാകുന്നു,” എന്ന് ഗുരുദേവൻ ഖണ്ഡിതമായിത്തന്നെ പറയുന്നു. “ചിലർ ബലികൊള്ളുന്നവർ, ചിലർ തർപ്പണ പ്രീതിയുള്ളവർ, ചിലർ ഹോമത്തിൽ പ്രീതിയുള്ളവർ, ചിലർ അമൃതം ഭക്ഷിക്കുന്നവർ, ചിലർ പരമാണുപ്രായേണ പരകായത്തിൽ പ്രവേശിക്കുന്നവർ,…”6 എന്നിങ്ങനെ പരലോകവാസികളെപ്പറ്റി ഗുരുദേവൻ ഒരു നീണ്ട വിവരണം തന്നെ നൽകുന്നുണ്ട്. ഗാരുഡപുരാണം പോലെയുള്ള പുരാണകൃതികളിൽ മരണാന്തരമുള്ള ആത്മാവിന്റെ പ്രയാണത്തെപ്പറ്റി പറഞ്ഞിരിക്കുന്നതിനെ ശരിവയ്ക്കുകയാണ് ഗുരുവും ചെയ്യുന്നത്.
മനുഷ്യൻ അവന്റെ പ്രവർത്തിക്കനുസരിച്ച്, കർമഫലമനുഭവിച്ച്, ജനനമരണ ചക്രങ്ങളിലൂടെ കടന്നുപോകും എന്ന് ഗുരുദേവൻ പറയുന്നു. ദുഷ്കർമ്മിയും, ഹിംസചെയ്യുന്നവനും, ദുർദേവതകളെ ആരാധിക്കുന്നവനും മരണശേഷം സൂക്ഷ്മരൂപത്തെ സ്വീകരിച്ച് നരകാദികളായ അനുഭവങ്ങളിൽകൂടി കടന്നുപോയി ‘പാപയോനിയിൽ’ വീണ്ടും ജനിക്കും എന്ന് ഗുരു നമ്മോട് പറഞ്ഞത് ഏതെങ്കിലും സംഭാഷണ മധ്യേയല്ല, മറിച്ച് സർവ്വർക്കും മനസ്സിലാകുന്ന ശുദ്ധമലയാള ഗദ്യത്തിലാണ് അവിടുന്ന് അതെഴുതുന്നത്. “ചിലർ ദേവനേത്, ദേവിയേത് എന്നിങ്ങനെ ഉദ്ഘോഷിച്ചുകൊണ്ട് ജീവകാരുണ്യമില്ലാതെയുള്ള പ്രവൃത്തികളെ ചെയ്ത് കാലം കഴിച്ചു വരുന്നു. അവരും മരിച്ച് മേൽ പ്രകാരം നരകത്തിൽ വീണ് അങ്ങുള്ള സർവ്വോപദ്രവഫലവും ഭുജിച്ച് അധോമുഖന്മാരായി ഭൂമിയിൽ വീണ് തൃണജളൂകാദി പാപയോനികളിൽ പിറന്ന് തപിച്ചു മരിക്കുന്നു. പിന്നെ ചിലർ സർണ്ണപ്രപഞ്ചവും പരമാണുക്കളുടെ സംയോഗംകൊണ്ട് സംഭവിച്ചതല്ലാതെ ഇതിനു വേറെ ഒരു കാരണവുമില്ല എന്നിങ്ങനെയുള്ള അഹമ്മതികളെയും കൈക്കൊണ്ട് ദുർവ്യാപാരികളായി തന്നാൽ നിയമിക്കപ്പെട്ട പരമാവധിയായ സാദ്ധ്യപരമാണുവ്യൂഹം സാധനബുദ്ധിവൃത്തിയുടെ വ്യാപകധർമ്മത്തിൽ ലയിച്ച് സാദ്ധ്യസാധനനിർമ്മുക്തന്മാരായി ആ ശുദ്ധശൂന്യത്തിൽ മോഹിച്ചുകിടക്കുന്നതിനുപോലും സംഗതി വരാതെ അവരും വൃഥൈവ മരിച്ച് നരകത്തിൽ വീണ് ദുഃഖിച്ച് നരകശേഷം ഭൂമിയിൽ വീണ് കൃമികീടങ്ങളായിപ്പോകുന്നു,”7 എന്ന് ഗുരുദേവൻ ദൈവചിന്തനത്തിൽ അഭിപ്രായപ്പെട്ടിരിക്കുന്നു. അങ്ങനെ മരണത്തിനും പുനർജനനത്തിനുമിടയിലുള്ള അവസ്ഥയെപ്പറ്റിയുള്ള സംശയങ്ങളും ഗുരുദേവൻ ദൂരീകരിക്കുന്നു.
ഗുരുദേവൻ അരുവിപ്പുറത്ത് ആസ്ഥാനമുറപ്പിച്ച കാലത്ത്, ആണ്ടുതോറും അവിടെവച്ച് ഗുരുവിന്റെ മേൽനോട്ടത്തിൽ കർക്കടകവാവ് ബലികർമം നടന്നിരുന്നു. ക്ഷേത്രപ്രതിഷ്ഠക്ക് മുമ്പേ ആരംഭിച്ചതാണ് ഈ വാർഷിക ചടങ്ങെന്നും പറയപ്പെടുന്നു. എന്നാൽ അരുവിപ്പുറത്തെ മഹത്തായ ശിവപ്രതിഷ്‌ഠയ്‌ക്കു ശേഷം വന്ന കര്‍ക്കിടകവാവു ദിനത്തിൽ ധാരാളം ഭക്തരാണ് ബാലികർമങ്ങളിൽ പങ്കുകൊള്ളാൻ എത്തിച്ചേർന്നത്. പിതൃബലികർമങ്ങളുടെ മേൽനോട്ടത്തിനായി, ഈ പ്രത്യേകദിനത്തോടനുബന്ധിച്ച് വിളിച്ച് ചേർക്കപ്പെട്ട കൂട്ടായ്മ ‘അരുവിപ്പുറം വാവൂട്ടു യോഗം’ എന്നറിയപ്പെട്ടു. 1899ൽ ഈ സംഘം കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത് ‘ക്ഷേത്രയോഗ’മായി മാറി. ഈ പ്രാദേശിക കൂട്ടായ്മ വികസിച്ചാണ് പിന്നീട് ശ്രീനാരായണ ധര്‍മ്മ പരിപാലന (എസ്.എന്‍.ഡി.പി.) യോഗം എന്ന മഹത്തായ സംഘടനയായി രൂപാന്തരം പ്രാപിക്കുന്നത്.8 വസ്തുതകളും ചരിത്രവും ഇതായിരിക്കെ, ഗുരുദേവ ദർശനത്തിന്റെ അടിസ്ഥാനമൂല്യങ്ങളെ പോലും ചോദ്യം ചെയ്യുന്ന തരത്തിലുള്ള ഹീനമായ വ്യാജപ്രചാരങ്ങൾ അങ്ങേയറ്റം അപലപനീയമാണ്. തങ്ങളുടെ ഹിന്ദുവിരുദ്ധ അജണ്ടയ്ക്ക് ചേരുന്ന വിധത്തിൽ ശ്രീനാരായണദർശനത്തെ പ്രത്യയശാസ്ത്ര മൂശയിൽ വികൃതമായി വാർത്തെടുക്കാനുള്ള ശ്രമങ്ങൾ മുളയിലേ നുള്ളിക്കളയണം. ഗുരുവചനങ്ങളുടെ ദുർവ്യാഖ്യാനങ്ങൾക്കും ദുർവ്യാഖ്യാതാക്കൾക്കും വേദിയൊരുക്കുന്നത് കടുത്ത ഗുരുനിന്ദയാണെന്നും നാം മനസ്സിലാക്കണം.
റഫറൻസ്:
1. റസ്സൽ ബെർട്ടൻഡ്. ഹിസ്റ്ററി ഓഫ് വെസ്റ്റേൺ ഫിലോസഫി. പോപ്പുലർ ബുക്ക് സർവീസസ്, ന്യൂ ഡൽഹി. 1946. പേജ് 101.
“A stupid man’s report of what a clever man says can never be accurate, because he unconsciously translates what he hears into something he can understand.”
2. ഡോ. ഭാസ്കരൻ. ടി. ശ്രീനാരായണഗുരു വൈഖരി. കുന്നത്തുനാട് എസ്.എൻ.ഡി.പി യൂണിയൻ, പെരുമ്പാവൂർ. 1994. പേജ് 320.
3. ആചാര്യ ഡോ. ജി. ആനന്ദരാജ്. ശ്രീനാരായണസ്‌മൃതി (ശ്രുതിപ്രിയാഭാഷ്യം). കുരുക്ഷേത്രപ്രകാശൻ, കൊച്ചി. 2025. പേജ്: 243-249.
4. ശ്രീനാരായണ ഗുരു. ഈശാവാസ്യോപനിഷദ് ഭാഷ.
5. വി. ഭാർഗവൻ വൈദ്യൻ. ശ്രീഗുരുദേവ സ്മരണകൾ. ഗായത്രി ആശ്രമം ട്രസ്ററ്, ചാലക്കുടി. 2014. പേജ് 29.
6. ശ്രീനാരായണഗുരു. ദൈവചിന്തനം-I
7. ibid
8. പ്രൊഫ. പി. എസ്. വേലായുധൻ. എസ്എൻഡിപി യോഗ ചരിത്രം. എസ്എൻഡിപി യോഗം. കൊല്ലം. 1978. പേജ് 91.





Discussion about this post