Desi Narrative
  • രാഷ്ട്രീയം
  • സംസ്കാരം
  • ചരിത്രം
  • മതം
  • സാമ്പത്തികം
  • സാഹിത്യം
  • സ്ട്രാറ്റജി
  • English
    • Politics
    • Culture
    • History
    • Religion
    • Economics
    • Literature
    • Strategy
Desi Narrative
  • രാഷ്ട്രീയം
  • സംസ്കാരം
  • ചരിത്രം
  • മതം
  • സാമ്പത്തികം
  • സാഹിത്യം
  • സ്ട്രാറ്റജി
  • English
    • Politics
    • Culture
    • History
    • Religion
    • Economics
    • Literature
    • Strategy
Desi Narrative
  • Home
  • Politics
  • Culture
  • History
  • Religion
  • Economics
  • Literature
  • Strategy
  • മലയാളം
Home മലയാളം സംസ്കാരം

ഡ്രംഹെല്ലർ: ജീവാശ്മങ്ങളുടെ താഴ്‌വര

തിരിഞ്ഞു നോക്കുമ്പോൾ ഡ്രംഹെല്ലർ ഒരു അന്യഗ്രഹത്തെ അനുസ്മരിപ്പിക്കുന്നു. ഈ ദേശത്തിന് ഭൂമിയേക്കാൾ, ചിത്രകാരൻ്റെ ഭാവനയിൽ വരച്ചെടുത്ത ചൊവ്വാ ഗ്രഹത്തിൻ്റെ ഉപരിതലത്തോടാണ് കൂടുതൽ സാമ്യം. ഒരു ഗ്രഹത്തിനുള്ളിലെ മറ്റാരു ഗ്രഹം. ഒരു യുഗത്തിനുള്ളിലെ മറ്റാരു യുഗം.

Aug 10, 2026, 10:42 pm IST
in സംസ്കാരം, മലയാളം
Share on Facebook
Share on Twitter
Telegram

ഗണേഷ് രാധാകൃഷ്ണൻ & ഗായത്രി എ. കെ.

 

“അപ്പോൾ കാകഭുശുണ്ഡൻ പറഞ്ഞു: ഞാനോര്‍ക്കുന്നു, പണ്ട് ഭൂമിയിൽ‍ യാതൊന്നും ഇല്ലാതിരുന്ന ഒരു കാലം. മരങ്ങളോ ചെടികളോ പർ‍വ്വതങ്ങളോ പോലും ഉണ്ടായിരുന്നില്ല. പതിനോരായിരം കൊല്ലം ഭൂമിയെ ദ്രവശില മൂടിക്കിടന്നിരുന്നു. അപ്പോള്‍ ധ്രുവങ്ങൾക്ക് കീഴിൽ രാത്രിയോ പകലോ ഒന്നും ഉണ്ടായിരുന്നില്ല. കാരണം സൂര്യചന്ദ്രന്മാർ‍ ബാക്കിയുള്ള ഭൂമിയെ പ്രകാശമാനമാക്കാക്കിയിരുന്നില്ല. ധ്രുവപ്രദേശത്തിന്റെ പകുതി മാത്രമേ പ്രകാശിച്ചിരുന്നുളളു. അപ്പോൾ‍ അസുരന്മാരാണ് ഭൂമിയെ ഭരിച്ചിരുന്നത്. അതിശക്തരും, ഐശ്വര്യസമൃദ്ധിയുളളവരുമായിരുന്നുവെങ്കിലും മായാഭ്രമങ്ങൾ‍ക്കടിമകളായിരുന്നു അവർ‍. ഭൂമി അവർ‍ക്കൊരു കളിസ്ഥലമായിരുന്നു. ധ്രുവപ്രദേശങ്ങളൊഴികെ എല്ലായിടവും ജലം നിറഞ്ഞിരുന്നു. പിന്നീട് കുറെയേറെക്കാലം ധ്രുവപ്രദേശമൊഴിച്ചെല്ലായിടവും കാടുനിറഞ്ഞു കിടന്നു. പിന്നീട് വൻ‍ പർ‍വ്വതങ്ങൾ ഉണ്ടായി. എന്നാൽ‍ അവയിലൊന്നും മനുഷ്യവാസം ഉണ്ടായില്ല. അസുരന്മാരുടെ ശവശരീരം കൊണ്ട് ഒരു പതിനായിരം കൊല്ലം ഭൂമി മൂടപ്പെട്ടിരുന്നു. ആകാശത്ത്‌ അലസഗമനം നടത്തിയിരുന്ന ദേവന്മാർ‍ അപ്പോൾ‍ ഭയം മൂലം ആ ഭാഗത്തേയ്ക്ക് വരാതായി. ഭൂമി ഒറ്റയൊരു വൻപർ‍വ്വതം പോലെ ആയിത്തീർന്നിരുന്നു…” (ഭുശുണ്ഡോപാഖ്യാനം, നിർവാണ പ്രകരണം, യോഗവാസിഷ്ഠം)

ഭൗമഘടികാരത്തിലെ 250 മില്യൺ വർഷങ്ങൾക്ക് മുൻപ്, മീസോസോയിക് യുഗത്തിലെ ട്രയാസ്സിക് കാലഘട്ടത്തിൽ ഭൂമിയെ അടക്കി ഭരിക്കുകയും, 66 മില്യൺ വർഷങ്ങൾക്ക് മുമ്പ് പൊടുന്നനെ അപ്രത്യക്ഷരാവുകയും ചെയ്ത രാക്ഷസ സമാനരായ ഉരഗവർഗം. ദിനോസറുകൾ എന്ന് നമ്മൾ ഇന്ന് വിളിക്കുന്ന ഈ ജീവിവർഗം ആദിയിൽ ഇര തേടിയും, പുല്ലു മേഞ്ഞും നടന്നിരുന്ന കാലത്ത് ഈ ഭൂമി പാൻജിയ എന്ന ഒരൊറ്റ ഖണ്ഡമായിരുന്നു. ലോകത്ത് ഇന്ന് കാണുന്ന പല പർവത നിരകളും ജലാശയങ്ങളും അന്നുണ്ടായിരുന്നില്ല. ഭൂമിയിലെ അവസാനത്തെ ദിനോസറും മണ്ണടിഞ്ഞ് ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് ശേഷമാണ് ഇന്നുകാണുന്ന ഹിമാലയം പിറവി കൊള്ളുന്നത്. യുഗങ്ങൾക്കപ്പുറത്തെ റോക്കി പർവത നിരകളല്ല ഇന്ന് നാം കാണുന്ന ഹിമാലയത്തിന്റെ അമേരിക്കൻ പതിപ്പായ റോക്കി മലനിരകൾ. ദിനോസറുകളുടെ കാലത്ത് തലയുയർത്തി നിന്ന റോക്കി, പിളരുകയും അസ്തമിക്കുകയും, ഇന്ന് കാണുന്നത് പോലെ വീണ്ടും കിളിർക്കുകയും ചെയ്തു എന്ന് ശാസ്ത്രമതം. പെട്ടെന്നുണ്ടായ ഏതോ ഒരു ഭൂകമ്പത്തിലോ സുനാമിയിലോ അഗ്നിപർവ്വതസ്ഫോടനത്തിലോ ഉൾക്കനിപാതത്തിലോ പെട്ട് ആ രാക്ഷസ ജീവികൾ ഒന്നാകെ കൊല്ലപ്പെടുന്നു. അവയുടെ ശവശരീരങ്ങൾ ഭൂതലത്തെയാകെ മൂടികിടന്നു. ദ്രവശിലയും അവസാദങ്ങളും അവയെ പൊതിഞ്ഞു. കാലക്രമത്തിൽ അവ ജീവാശ്മങ്ങൾ അഥവാ ഫോസ്സിലുകളായി രൂപാന്തരപ്പെട്ടു. അവയുടെ മീതെ പുതിയ വൻകരകൾ, പർവതങ്ങൾ, സമുദ്രങ്ങൾ, വനങ്ങൾ, പുഴകൾ, പുതിയ ജീവി വർഗങ്ങൾ എന്നിവ ഭൂമിയിൽ പ്രത്യക്ഷപ്പെട്ടു. ആ ഭീമന്മാരുടെ വർഗത്തിൽ അതിജീവിച്ചത് പക്ഷിരൂപികൾ മാത്രമായിരുന്നു- പോയ യുഗങ്ങളിൽ താൻ കണ്ട കാഴ്ച്ചകൾ, ഒരു കഥ പോലെ ഓർത്തെടുത്ത് വസിഷ്ഠ മഹർഷിയോട് പറഞ്ഞു കൊടുത്ത കാക ഭുശുണ്ഡന്റെ വംശം.

ദിനോസറുകളുടെ ആഗോളതലസ്ഥാനം

കാനഡയിലെ ആൽബെർട്ട പ്രവിശ്യയിലെ കാൽഗറിയിൽ നിന്ന് ഡ്രംഹെല്ലറിലേക്കുള്ള യാത്രയിൽ ഓർത്തത്, സുമേരുവിന്റെ ഇശാനകോണിലെ കൊടുമുടിയിൽ ആകാശത്തോളം പൊക്കത്തിൽ വളർന്നു നിൽക്കുന്ന കല്പവൃക്ഷത്തിൽ ജീവിച്ചിരിക്കുന്ന, ലോകങ്ങളിലൊക്കെ സുഖമായി വിഹരിക്കുന്നവൻ എന്നർത്ഥം വരുന്ന ഭുശുണ്ഡൻ എന്ന പേരുള്ള ആ പക്ഷിരാജനെപ്പറ്റിയായിരുന്നു. ഈ ലോകത്തിനകത്തും പുറത്തുമുള്ള അനേകം ലോകങ്ങൾ, അവയുടെ ആവർത്തനങ്ങൾ, ഇതിനെയെല്ലാം അതിജീവിച്ച, ഇതിനെല്ലാം സാക്ഷിയായ ജീവന്മുക്തനായ ഒരു പക്ഷി. വൃക്ഷലതാദികൾ തീരെയില്ലാത്ത കല്ലും മണ്ണും മാത്രമുള്ള ഭൂമിയെയും, വളരെക്കാലം ഭസ്മം മാത്രം മൂടിയ ഭൂമിയെയും ആ പക്ഷി കണ്ടിട്ടുണ്ടെന്ന വസിഷ്ഠ മഹർഷിയുടെ വാക്കുകളെ അനുസ്മരിപ്പിക്കുന്ന ഒരു ഭൂപ്രകൃതിയിലൂടെയാണ് യാത്ര. ബാഡ്‌ലാൻഡ്‌സ് (badlands) എന്ന് ഇംഗ്ലീഷിലും ‘ബീഹഡ്’ എന്ന് ഹിന്ദിയിലും പറയപ്പെടുന്ന ഊഷരഭൂമി. മൃദുവായ അവസാദശിലകളിൽ നിന്ന് വൻതോതിൽ മണ്ണൊലിച്ച് പോയാണ് ബാഡ്‌ലാൻഡുകൾ രൂപപ്പെടുന്നത്. മേൽമണ്ണ് പൂർണ്ണമായും നഷ്ടപ്പെട്ട, ഭസ്മം മൂടിയ കല്ലും മണ്ണും മാത്രം ശേഷിക്കുന്ന, ഒരു മരം പോലും കിളിർക്കാത്ത ഭൂമി കിലോമീറ്ററുകൾ വളഞ്ഞും പുളഞ്ഞും കിടക്കുന്നു. അവയുടെ ഇടയിൽ, കിടങ്ങുകളും, പണ്ടെങ്ങോ ഒഴുകിയിരുന്ന ഒരു പുഴയുടെ വരണ്ട ചാലും. ഉത്തര ഭാരതത്തിലെ ചമ്പൽ മേഖലയിൽ ഇതിനോട് സമാനമായ ഭൂപ്രകൃതി കാണാൻ സാധിക്കും. അത് പരിചയമില്ലാത്ത പക്ഷം, തീർത്തും പുതുമ നിറഞ്ഞ ഒരു ഭൂമികയാണ് ഡ്രംഹെല്ലർ.

ഫോസ്സിലുകളാൽ സമൃദ്ധമായ ഒരു ഭൂപ്രദേശമാണ് കാനഡയുടെ പെട്രോളിയം കലവറ കൂടിയായ ആൽബെർട്ട. അമ്പതിലധികം വൈവിധ്യമാർന്ന ദിനോസർ വർഗങ്ങളുടെ, ആയിരത്തിലധികം പൂർണമായ ഫോസ്സിലുകളാണ് ഇവിടെ നിന്ന് ഇതുവരെ ലഭിച്ചിട്ടുള്ളത്. ദിനോസറുകളുടെ ആഗോള തലസ്ഥാനം എന്നറിയപ്പെടുന്ന തെക്കൻ ആൽബെർട്ടയിലെ ഡ്രംഹെല്ലർ ഒരുകാലത്ത് ഈ മേഖലയിലെ ഏറ്റവും വലിയ കൽക്കരി ഖനിയായിരുന്നു. 1911ൽ കൽക്കരി ഖനനത്തിനായി ഈ പ്രദേശമാകെ വിലയ്ക്ക് വാങ്ങിയ സാമുവേൽ ഡ്രംഹെല്ലറുടെ പേരിലാണ് ഇവിടം ഇന്നറിയപ്പെടുന്നത്. ഡ്രംഹെല്ലർ നഗര പരിസരത്ത് ജനവാസം നന്നേ കുറവാണ്. എന്നാലും, ഒരു ശരാശരി കൊച്ചു നോർത്ത് അമേരിക്കൻ ടൗൺ ആണ് ഡ്രംഹെല്ലർ. ഈ ചെറു നഗരത്തെ ചുറ്റി റെഡ് ഡീർ നദി ഒഴുകുന്നു. മഹാ ക്രിറ്റേഷ്യസ് യുഗത്തിന്റെ അന്ത്യ കാലഘട്ടത്തിൽ ജീവിച്ചിരുന്ന മാംസഭുക്കായിരുന്ന റ്റിറാനോസാറസ് റക്സ് എന്ന വലിപ്പമേറിയ ഒരിനം ദിനോസറിന്റെ ഫൈബർ ഗ്ലാസിൽ തീർത്ത പടുകൂറ്റൻ പ്രതിമയാണ് നഗരത്തിലേക്ക് കടക്കുമ്പോൾ ആദ്യം കാണുന്ന കാഴ്ച്ച. നഗരത്തിന്റെ പ്രധാന ലാൻഡ്മാർക്കാണ് ഈ പ്രതിമ. സ്ഥലത്തെ പ്രധാന ആകർഷണമായ റോയൽ ടൈറൽ മ്യൂസിയം ഓഫ് പാലിയൻ്റോളജിലേക്കെത്താൻ, ഈ പ്രതിമയും കടന്ന്, ബാഡ്‌ലാൻഡ്സിനെ ചുറ്റി പിന്നെയും കുറെ ദൂരം യാത്ര ചെയ്യണം. ചാരം മൂടിക്കിടക്കുന്ന മിനാരങ്ങൾ പോലെ പാതയുടെ ഇരുവശങ്ങളെയും ചുറ്റി പ്രകൃതിയുടെ കൂറ്റൻ സൃഷ്ടികൾ തലയുയർത്തി നിൽക്കുന്നു. മുമ്പെങ്ങും കാണാത്ത അത്ഭുത കാഴ്ചയുടെ മായാലോകം.

മാൻ കൂട്ടം തെളിയിച്ച വഴികളിലൂടെ…

 

കാൽഗറിയിൽ നിന്നും രണ്ടര മണിക്കൂർ നീണ്ട ഡ്രൈവിനൊടുവിൽ, ഡ്രംഹെല്ലറിൽ നമ്മെ കാത്തിരിക്കുന്ന കൗതുക കാഴ്ച്ചകളിൽ റോയൽ ടൈറൽ മ്യൂസിയവും അത് സ്ഥിതി ചെയ്യുന്ന ബാഡ്‌ലാൻഡും ഉൾപ്പെടും. കൂടാതെ ബാഡ്‌ലാൻഡിനെ അർദ്ധ പ്രദക്ഷിണം ചെയ്യുന്ന ഫോസിൽ ഹണ്ടിംഗ് ട്രയിലും. മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന പ്രദർശനവസ്തുക്കളിൽ ഏറിയ പങ്കും ലഭിച്ചിരിക്കുന്നത് അതിനെ ചുറ്റി നിലകൊള്ളുന്ന ഈ ബാഡ്‌ലാൻഡിൽ നിന്നാണ്. രാവിലെ പത്ത് മണിക്ക് ആരംഭിക്കുന്ന ഫോസിൽ ഹണ്ടിംഗ് ട്രെയിൽ ആയിരുന്നു ഞങ്ങളാദ്യം തെരഞ്ഞെടുത്തത്. രണ്ട് പേർക്ക് 25 ഡോളർ ഫീസ് നൽകി, രണ്ട് ഗൈഡുകൾക്ക് ഒപ്പം ബാഡ്ലാൻ്റിൻ്റെ പ്രധാന ഭാഗങ്ങളെ ചുറ്റി തിരികെ മ്യൂസിയത്തിലേക്കെത്തുന്ന നടത്തവും, ഒപ്പം ഒരു ഫോസിൽ പര്യവേഷണവും. ഒന്നര മണിക്കൂർ നീളുന്ന കാൽനടയാത്ര നമ്മെ നയിക്കുന്നത് മീസോയിക് യുഗത്തിലേക്കാണ്. ഈ നടവഴിക്ക് സമാന്തരമായി, ഗൈഡുകളുടെ സഹായമില്ലാതെ യാത്രികർക്ക് സൗജന്യമായി ഒറ്റയ്ക്ക് നടന്നു കാണാൻ പാകത്തിൽ ഒരു ‘ബാഡ്ലാൻഡ്സ് ഇൻ്റർപ്രറ്റിവ് ട്രയിൽ’ കൂടിയുണ്ട്. അതും വ്യത്യസ്തമായ ഒരനുഭവമാണ്. പണ്ടെങ്ങോ ഒഴുകിയിരുന്ന നദി അവശേഷിപ്പിച്ച വരണ്ട ചാലുകളിലൂടെയുള്ള നടപ്പാതയുടെ ഓരോ സന്ധിയിലും അതത് ഭൂപ്രകൃതിയെപ്പറ്റിയും അതിൻ്റെ പ്രത്യേകതകളെ പറ്റിയുമുള്ള ശാസ്‌ത്രീയ വിവരണങ്ങൾ ഫലകങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു.

യാത്രാരംഭത്തിൽ നൽകിയ നിർദ്ദേശങ്ങളിൽ ഗൈഡുകൾ ആവർത്തിച്ച് പറഞ്ഞത്,  ‘ഇവിടെ കാണുന്ന ഫോസിലുകളും ഒരോ മൺ തരികളും സംരക്ഷിത ദേശീയ നിധികളാണ്. അവ ഇന്നെങ്ങനെയോ, അതേ പോലെ ഭാവിയിലേക്കും സുരക്ഷിതമായി വയ്ക്കേണ്ടത് നമ്മുടെ കടമയാണ്. അതുകൊണ്ട് നിങ്ങളുടെ കൈവശമുള്ളതൊന്നും ഇവിടെ നിക്ഷേപിക്കുകയോ, ഇവിടെ കാണുന്നതൊന്നും നിങ്ങളുടെ കൈവശമാക്കുകയോ അരുത്,’ എന്നായിരുന്നു. ഇതിന് വിപരീതമായ ഏതൊരു പ്രവർത്തിക്കും അൻപതിനായിരം ഡോളർ പിഴയോ, ഒരു വർഷം വരെ തടവോ ശിക്ഷയായി ലഭിക്കാമെന്ന് സമീപത്തെ ചുമരിൽ തൂക്കിയിട്ടിരിക്കുന്ന മുന്നറിയിപ്പിൽ കണ്ടു. ഗൈഡുകളോടൊപ്പം യാത്ര തുടങ്ങിയ ആ ചെറിയ സംഘത്തിൽ ഇന്ത്യക്കാരായി ഞങ്ങൾ രണ്ടുപേർ മാത്രം. ഞങ്ങൾ നടന്നു പോകുന്ന ഒറ്റയടി പാതയ്ക്ക് ആ പ്രദേശത്തെ മാൻ കൂട്ടത്തോടാണ് നന്ദി പറയേണ്ടതെന്ന് ഗൈഡായ പെൺകുട്ടി പറഞ്ഞത്. മാനുകൾ തെളിയിച്ച വഴിയിലൂടെയാണ് ഞങ്ങളുടെ യാത്ര. പാതയുടെ വശങ്ങളിലെ കട്ടിയുള്ള ചെളിമണ്ണിൽ  ചെറുതും വലുതുമായ മാനുകളുടെ കുളമ്പടി പാടുകൾ അങ്ങിങ്ങായി പതിഞ്ഞു കിടന്നു.

ദശലക്ഷക്കണക്കിന് വർഷങ്ങൾ മുമ്പ് ഇവിടം ഒരു വൻ സമുദ്രമായിരുന്നു. പിന്നീട്, 14000 വർഷങ്ങൾ മുമ്പ് ആർത്തു തല്ലിയൊഴുകിയിരുന്ന ഒരു പുഴയും, വർത്തമാനത്തിൽ വരണ്ട പുഴ ഒഴുകിയിരുന്ന വെറും വഴിയും. ഫലഭൂയിഷ്ടി തീരെ കുറഞ്ഞ ഈ മണ്ണിൽ അനാകർഷകങ്ങളായ ചില ചെറിയ ചെടികളുടെയും കള്ളിമുൾചെടികളുടെയും തനിയാവർത്തനങ്ങളല്ലാതെ മറ്റൊന്നും കാണാനില്ല. എന്നാൽ, വഴിയുടെ വശങ്ങളിൽ ധ്യാനമഗ്നരായി നിൽക്കുന്ന ഒരു സൗമ്യമായ ഒരു സസ്യം മാത്രം ശ്രദ്ധ ആകർഷിച്ചു. ഇളം ചാര നിറം കലർന്ന ഇലകളുള്ള, വരൾച്ചയെ അതിജീവിക്കാൻ ശേഷിയുള്ള ആ ചെടിയുടെ പേര് സേജ് ഷ്രബ് (sage shrub) എന്നാണെന്ന് പറഞ്ഞു കേട്ടു. പേരു സൂചിപ്പിക്കുന്നതു പോലെ ആ ചെടിക്ക് കാഴ്ച്ചയിലൊരു വിശുദ്ധിയും ഒപ്പം ചില ഔഷധ ഗുണങ്ങളുമുണ്ട്. ഒരു വളവു തിരിഞ്ഞപ്പോൾ, ആ ചെടികളെ വേദനിപ്പിക്കാതെ, ഇലകൾ പൊട്ടിക്കാതെ, അവയെ തലോടി, കൈ മണത്തു നോക്കാൻ ഗൈഡ് ഞങ്ങൾക്ക് അനുവാദം നൽകി- പച്ചകർപ്പൂരത്തിൻ്റെ ശാന്തമായ സുഗന്ധം. ആ അഭൗമ ഗന്ധം സാവധാനം ആസ്വദിച്ച്, അതിൽ മതിമറന്നു നിൽക്കുമ്പോൾ, ഞങ്ങൾക്ക് മുമ്പേ പോയ സംഘാംഗങ്ങളായ കുട്ടികൾ വട്ടം കൂടി നിന്ന് തങ്ങളുടെ അത്ഭുതം അൽപ്പമുറക്കെ ആർപ്പുവിളികളിലൂടെ പ്രകടിപ്പിക്കുന്നു. ആ ശബ്‌ദം ഞങ്ങൾക്ക് ഒരു ശ്രദ്ധ ക്ഷണിക്കലായി. നടുവിൽ നിൽക്കുന്ന ഗൈഡിൻ്റെ ഉയർത്തിപിടിച്ച കയ്യിൽ ഒരുറച്ച മരക്കഷണം പോലെ എന്തോ ഒന്നുണ്ട്. അതായിരുന്നു ആദ്യത്തെ ഫോസിൽ ദർശനം. പ്രതീക്ഷക്കുമപ്പുറം ഘനമുള്ള ആ വസ്തു ഞങ്ങൾ ഓരോരുത്തരുടെയും കൈകളിൽ തന്നു. ഒടുക്കം, അവസാനത്തെ ആളും തൊട്ടറിഞ്ഞ ശേഷം അതിനെ പൂർവ്വ സ്ഥാനത്ത് ഉപേക്ഷിച്ചു എന്നുറപ്പ് വരുത്തി ഞങ്ങൾ വീണ്ടും നടന്നു.

ഫോസിൽ വേട്ട

ഭസ്മം മൂടിയ മൺമകുടങ്ങൾ മുട്ടകൂണുകൾ പോലെ പല നിരകളായി ചുറ്റും പൊന്തി നിൽക്കുന്നു. ആ ഉയരങ്ങളിലേക്കാണ് ഞങ്ങൾ നടന്നു കയറുന്നത്. ഉണങ്ങി വരണ്ട ചെളിയുടെ പാളികൾ വിണ്ടു കീറി കിടക്കുന്നു. അതിനിടയിലൂടെ ഇന്നലെ പെയ്ത മഴയുടെ വെള്ളമൊഴുകിയ ചെറു ചാലുകൾ. ആ വഴി കയറി നേരെ ഇറങ്ങി ചെല്ലുന്നിടത്ത് മുമ്പേ നടന്നവർ ഞങ്ങളെ കാത്തു നിന്നു. അവർക്കു ചുറ്റും കുറേ കല്ലുകളും മരക്കഷണങ്ങളും ചിതറിക്കിടന്നു. ഗൈഡുകൾ ഒരു ദീർഘമായ ക്ലാസിന് തയ്യാറെടുക്കുന്നതു പോലെ, അവരുടെ തോൾ സഞ്ചിയിൽ നിന്ന് ഏതൊക്കെയോ കുപ്പികളും ശേഖരങ്ങളും പുറത്തെടുക്കുകയായിരുന്നു.

എങ്ങനെ ദിനോസർ ഫോസിലുകളെ തിരിച്ചറിയാം എന്ന വിഷയത്തെ വിശദമായി, എന്നാൽ സരളമായി പഠിപ്പിക്കുന്ന ഒരു ക്ലാസ്. അതിനായി അവർ സ്വീകരിക്കുന്ന രീതിശാസ്ത്രം വളരെ ലളിതമാണ്. ലൗകിക തത്വങ്ങളിൽ നിന്ന് ശാശ്വത സത്യത്തെ തിരിച്ചറിയാൻ ഭാരതീയ ദർശനം പഠിപ്പിച്ച രീതി- ‘നേതി നേതി’, ഇതല്ല ഇതല്ല എന്ന ഔപനിഷദ മന്ത്രം. വളരെ അപൂർവ്വമായ ദിനോസർ ഫോസിലുകളെ തിരിച്ചറിയാൻ അവയോടൊപ്പം കൂടിക്കലർന്ന് സാമാന്യേന കാണപ്പെടുന്ന വസ്തുക്കളെ ആദ്യം മനസ്സിലാക്കുകയാണ് ചെയ്യേണ്ടത്. മണൽക്കല്ലുകൾ, ലോഹാംശം കൂടിയ ലാവക്കല്ലുകൾ തുടങ്ങിയ വിവിധ തരം ശിലകൾ, തടിക്കഷണങ്ങൾ, കൽക്കരി കഷണങ്ങൾ, ഫോസിൽവൽക്കരിക്കപ്പെട്ട തടി, കുന്തിരിക്കം മുതലായവയെ ആദ്യം തിരിച്ചറിയാൻ പഠിപ്പിക്കുന്നു. ഇവയുടെ സാംപിളുകളാണ് കുപ്പിയിലാക്കി അവർ കൈവശം സൂക്ഷിച്ചിരുന്നത്. അതൊക്കെ നമ്മുടെ കൈകളിലേക്ക് അവർ പകർന്നു നൽകി. അതുകണ്ട് മനസ്സിലാക്കി, സമാനമായ വസ്തുക്കളെ താഴെ ഭൂമിയിൽ നമ്മൾ തിരയണം. ചുറ്റിനും ചിതറിക്കിടക്കുന്ന വസ്തുക്കളെ ഓരോന്നും “നേതി നേതി’ എന്നുറപ്പിച്ച് നമ്മൾ മാറ്റിയിടുന്നു. തിരച്ചിലിനൊടുവിൽ ഇതൊന്നുമല്ലാത്ത ഒരു വസ്തുവിൽ നമ്മുടെ കൈ തടയുന്നുണ്ടെങ്കിൽ അതായിരിക്കും ദിനോസറിൻ്റെ ഫോസിൽ. കൂട്ടത്തിലെ കുട്ടികളും മുതിർന്നവരും ഉത്സാഹത്തോടെ ഫോസിൽ തിരഞ്ഞു. ഞങ്ങളിൽ പലർക്കും കിട്ടിയത് കല്ലുകളും മരക്കഷണങ്ങളും മില്യൺ വർഷങ്ങൾ പഴകിയ കുന്തിരിക്കവും മാത്രം. ചില കൊച്ചു കുട്ടികൾ ആ പരിസരം അരിച്ചു പെറുക്കി ദിനോസറിൻ്റെ ചെറുതും വലുതുമായ അസ്ഥി കഷണങ്ങൾ കണ്ടെടുത്ത് കൊണ്ടു വന്നു. മൺകൂണുകളുടെ ഇടയിൽ നിന്ന് മണ്ണൊലിച്ചു പോയി രൂപപ്പെടുന്ന ഏറ്റവും പുതിയ ചാലുകളിൽ എന്തെങ്കിലും എഴുന്നു നിൽക്കുന്നുണ്ടോ എന്നാണ് ഞങ്ങൾ അന്വേഷിച്ചത്. അങ്ങനെ എന്തെങ്കിലും കണ്ടാലും അതൊന്നും പിഴുതെടുക്കാൻ അനുവാദമില്ല. ആ സംരക്ഷിത പ്രദേശത്ത് പ്രകൃതി രഹസ്യമായി സൂക്ഷിക്കുന്ന ഫോസിലുകൾ, അവയുടെ പ്രകൃത്യാവസ്ഥയിൽ തന്നെ തുടരണം എന്നാണ് ശാസ്ത്ര ലോകത്തിൻ്റെയും ഭരണകൂടത്തിൻ്റെയും തീരുമാനം.

അതിനു ശേഷം ഗൈഡ് പെൺകുട്ടി ഞങ്ങൾക്ക് കാട്ടിത്തന്നത് അത്തരമൊരു കാഴ്ച്ചയാണ്. അല്പം ഉയരത്തിൽ, കടുപ്പമേറിയ ഒരു മൺകൂന. അതിൽ പുറത്തേക്ക് തള്ളി നിൽക്കുന്ന ഒരു ഭാഗം തൊട്ടു കാണിച്ച് ഗൈഡ് പറഞ്ഞത്, ആ തടിപ്പിന് തൊട്ടടിയിൽ ഒരു ഭീമാകാരനായ ദിനോസറിൻ്റെ പൂർണമായ ഫോസിലാണെന്നാണ്. പ്രതലത്തിൽ നിന്ന് ഏതാനം സെൻ്റിമീറ്ററുകൾ മാത്രം താഴെ സ്ഥിതി ചെയ്യുന്ന നിരവധി ഫോസിലുകൾ ഇതുപോലെ വേറെയുമുണ്ട്. അവയൊന്നും ഇനി തുരന്നെടുക്കേണ്ടെ എന്നാണ് തീരുമാനം. പ്രകൃതിയുടെ താളക്രമത്തിന് ഭംഗം വരുത്താതെ, കാലം അവയെ വെളിപ്പെടുത്താൻ തീരുമാനിക്കുന്നത് വരെ കാത്തിരിക്കാം എന്നാണ് ആധുനിക മനുഷ്യൻ ലഭിച്ചിരിക്കുന്ന പുതിയ തിരിച്ചറിവ്. ഏതാനം ദശകങ്ങൾക്ക് മുമ്പ് വരെ ശാസ്ത്രവും സാങ്കേതികവിദ്യയും വ്യവസായവും ഭരണകൂടവും കൂടിചേർന്ന് കൽക്കരിക്കും ധാതുക്കൾക്കും വേണ്ടി നിരന്തരം കശാപ്പു ചെയ്തു കൊണ്ടിരുന്ന അതേ പ്രദേശത്തിൻ്റെ ‘സ്വാഭാവികതയെ’ പറ്റിയാണ് ഈ പുത്തൻ ആശങ്ക എന്നോർക്കണം.

മാനുകൾ ഞങ്ങളെ കൊണ്ടുചെന്നെത്തിച്ച വഴിയുടെ മറ്റൊരു വശത്ത് കിഴുക്കാംതൂക്കായ പാറകൾക്ക് സമീപം വീണ്ടുമൊരു ഫോസിൽ വേട്ട. ഈ തവണ ഞങ്ങളിൽ പലർക്കും ഫോസിലുകൾ കണ്ടെടുക്കാൻ കഴിഞ്ഞു. അവയിൽ ഉരഗ ഭീമൻ്റെ നട്ടെല്ലുവിൻ്റെ കശേരുവും, പല്ലുകളും കൈകളിലെ അസ്ഥികളും ഉണ്ടായിരുന്നു. ഒരു മണിക്കൂർ കൊണ്ട് നേടിയെടുത്ത ഈ പുതിയ നൈപുണ്യം ഞങ്ങളെ പൗരശാസ്‌ത്രജ്ഞരാക്കാൻ പ്രാപ്തമാക്കുന്നതാണെന്നാണ് ഗൈഡിൻ്റെ അഭിപ്രായം. ഫോസിൽ സമ്പന്നമായ ആൽബർട്ടയിൽ സാധാരണക്കാരായ വ്യക്തികളും മറ്റും പുതിയ ഫോസിലുകൾ കണ്ടെത്തുന്നത് അപൂർവ്വമല്ല. അങ്ങനെ കിട്ടുന്ന ഫോസിലുകൾ അത് കണ്ടെത്തിയ വ്യക്തിയുടെ പേരിലായിരിക്കും അറിയപ്പെടുക. ആ ഭാഗ്യം ഞങ്ങൾക്കുണ്ടാകട്ടെ എന്നാശംസിച്ചാണ് ആ ചെറിയ പഠന യാത്ര അവർ അവസാനിപ്പിച്ചത്.

ചരിത്രം പ്രദർശനത്തിന്!

 

തിരികെ മ്യൂസിയത്തിലെത്തിയപ്പോൾ അവിടെ മുഴുവൻ ചുറ്റി നടന്നു കാണാൻ മണിക്കൂറുകൾ വേണ്ടിവരും എന്ന് മനസ്സിലായി. അത്യപൂർവങ്ങളായ ദിനോസർ ഫോസിലുകൾ പൂർണ രൂപത്തിലും അല്ലാതെയും പ്രദർശിപ്പിച്ചിരിക്കുകയാണ് അവിടെ. കൃത്രിമമായി മൂശയിൽ വാർത്തെടുത്ത രൂപങ്ങളുമുണ്ട്. ചിലവയാകട്ടെ, പ്രകൃതിയിൽ നിന്ന് കിട്ടിയ അപൂർണമായ ഫോസിലുകളിൽ, അതിന് പൂർന്നത നൽകാൻ ഫൈബർ പോലുള്ള വസ്തുക്കൾ ചേർത്ത് വാർത്തെടുത്തവയാണ്. പാലിയൻ്റോളജിയിൽ പ്രിയമുള്ളവർക്കും സാധാരണ സന്ദർശകർക്കും കുട്ടികൾക്കും ഒരേപോലെ ഇഷ്ടപ്പെടുന്ന രീതിയിലാണ് മ്യൂസിയം സജീകരിച്ചിരിക്കുന്നത്.

മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരുന്നു ഫോസ്സിലുകളിൽ പ്രധാനമായവ ട്രൈസെറാടോപ്സ് എന്ന സസ്യഭുക്കായ മുക്കൊമ്പൻ ദിനോസറിന്റെ ഫോസ്സിലും ഉൾപ്പെടും. ഏകദേശം പൂർണമായ ട്രൈസെറാടോപ്സിന്റെ തലയോടാണ് പ്രധാന ആകർഷണം. ഫൗണ്ടേഷൻസ് വിഭാഗത്തിൽ പല സ്‌പീഷീസ് ദിനോസറുകളുടെ അസ്ഥികൾ അവയ്ക്ക് ജീവനുള്ളതുപോലെ ക്രമീകരിച്ചിരിക്കുന്നതായി കാണാം. കൂടാതെ, ലോകത്തിലെ ഏറ്റവും നന്നായി സംരക്ഷിക്കപ്പെട്ട കവചിത ദിനോസറിന്റെ ഫോസ്സിലായ ബോറിയലോപെൽറ്റ മാർക്ക്മിച്ചെല്ലി, ദിനോസർ മുട്ടകൾ, മുട്ടയിൽ ഭ്രൂണാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന കുഞ്ഞൻ ദിനോസർ, ഒരു ദിനോസറിന്റെ ഭക്ഷിക്കുന്ന മറ്റൊരു ദിനോസറിന്റെ ഫോസിൽ, അങ്ങനെ ഏകദേശം എണ്ണൂറോളം ഫോസ്സിലുകളാണ് റോയൽ ടൈറൽ മ്യൂസിയത്തിൽ പ്രദർശനത്തിന് വച്ചിരിക്കുന്നത്. അതേസമയം, അതിന്റെ എത്രയോ മടങ്ങ് വലിയ ശേഖരമാണ് അവരുടെ പക്കലുള്ളത്- യഥാർത്ഥ കണക്ക് ഏകദേശം ഒന്നരലക്ഷത്തിധികം വരും!

മ്യൂസിയം കണ്ടു തീർത്ത ശേഷം, ഇൻ്റർപ്രറ്റിവ് ട്രയിലിലൂടെ ഒരു നടത്തവും പൂർത്തിയാക്കിയാണ് ഞങ്ങൾ വൈകുനേരം തിരികെ കാൽഗറിയിലേക്ക് മടങ്ങിയത്. തിരിഞ്ഞു നോക്കുമ്പോൾ ഡ്രംഹെല്ലർ ഒരു അന്യഗ്രഹത്തെ അനുസ്മരിപ്പിക്കുന്നു. സൂര്യാസ്തമയം രാത്രി പത്തുമണിയോടടുക്കും. വൈകുന്നേരത്തെ ചെമ്മാനവും ചുവന്ന മലകളും ചെമ്മണ്ണും ഈ ഭ്രമത്തെ തീവ്രമാക്കുന്നു. ഈ ദേശത്തിന് ഭൂമിയേക്കാൾ, ചിത്രകാരൻ്റെ ഭാവനയിൽ വരച്ചെടുത്ത ചൊവ്വാ ഗ്രഹത്തിൻ്റെ പശ്ചാത്തലത്തിനോടാണ് കൂടുതൽ സാമ്യം. ഒരു ഗ്രഹത്തിനുള്ളിലെ മറ്റാരു ഗ്രഹം. ഒരു യുഗത്തിനുള്ളിലെ മറ്റാരു യുഗം. ഒരു വേള, ഭുസുണ്ഡൻ കണ്ട കാഴ്ച്ചകൾ മിസോയിക് യുഗത്തിലെ ഡ്രംഹെല്ലർ അല്ലെന്നാരറിഞ്ഞു? ഹരിതാഭമായ സഹ്യഭൂവിൽ മാത്രമല്ല, ഒരു പക്ഷേ ഏതോ അരസികനായ പ്രയോജനവാദിയാൽ നാമകരണം ചെയ്യപ്പെട്ട  പ്രകൃതി ബാഡ് ലാൻഡിലും മനോഹരിയാണ്. ഖസാക്കിൻ്റെ ഇതിഹാസകാരൻ ഗുരുസാഗരത്തിൽ ദൽഹിയുടെ വരണ്ട പര്യമ്പുറങ്ങളെ വരഞ്ഞിട്ടിരിക്കുന്നതു പോലെ, ചരിത്രാവശിഷ്ടങ്ങളെ ചുമന്നു നിൽക്കുന്ന, വൈരാഗിയായ ഡ്രംഹെല്ലർ. ‘പൊടിയും മുൾച്ചെടിയും മുൾച്ചെടിയുടെ പ്രഭയില്ലാത്ത പൂവും പാറത്തിട്ടും നിറഞ്ഞ, ഉറഞ്ഞുപോയ കല്ലിന്റെ തിരമാലകളെ പോലെ കാഴ്ചപ്പാടിന്റെ അപ്പുറത്തോളം നിൽക്കുന്ന’ ആ അത്ഭുത ഭൂമി ഞങ്ങൾക്ക് പിന്നിൽ മറഞ്ഞു.

Tags: DrumhellerAlberta
ShareSend
Tweet
Share

Discussion about this post

Related Posts

എഫ്സിആർഎ നിയമഭേദഗതിക്ക് ഒരു വത്തിക്കാൻ മാതൃക

ആരുടെ രാമൻ?

പുതിയത്

എഫ്സിആർഎ നിയമഭേദഗതിക്ക് ഒരു വത്തിക്കാൻ മാതൃക

ഡ്രംഹെല്ലർ: ജീവാശ്മങ്ങളുടെ താഴ്‌വര

ആരുടെ രാമൻ?

Load More
  • Home
  • Politics
  • History
  • Culture
  • Religion
  • Literature
  • Economics
  • Strategy
  • About Us

© Desi Narrative

No Result
View All Result
  • രാഷ്ട്രീയം
  • സംസ്കാരം
  • ചരിത്രം
  • മതം
  • സാമ്പത്തികം
  • സാഹിത്യം
  • സ്ട്രാറ്റജി
  • English
    • Politics
    • Culture
    • History
    • Religion
    • Economics
    • Literature
    • Strategy

© Desi Narrative