Desi Narrative
  • രാഷ്ട്രീയം
  • സംസ്കാരം
  • ചരിത്രം
  • മതം
  • സാമ്പത്തികം
  • സാഹിത്യം
  • സ്ട്രാറ്റജി
  • English
    • Politics
    • Culture
    • History
    • Religion
    • Economics
    • Literature
    • Strategy
Desi Narrative
  • രാഷ്ട്രീയം
  • സംസ്കാരം
  • ചരിത്രം
  • മതം
  • സാമ്പത്തികം
  • സാഹിത്യം
  • സ്ട്രാറ്റജി
  • English
    • Politics
    • Culture
    • History
    • Religion
    • Economics
    • Literature
    • Strategy
Desi Narrative
  • Home
  • Politics
  • Culture
  • History
  • Religion
  • Economics
  • Literature
  • Strategy
  • മലയാളം
Home മലയാളം മതം

‘ശൈവം തന്നല്ലോ?’: ശ്രീനാരായണ ഗുരുദേവനും ‘വെജിറ്റേറിയനിസവും’

ഭക്ഷണകാര്യത്തിൽ 'ശൈവം തന്നല്ലോ?' എന്നാണ് ശ്രീനാരായണ ഗുരുദേവൻ മറ്റുള്ളവരോട് അന്വേഷിക്കാറ്. ഗുരുദേവകൃതികളിലും സകല ആഗമങ്ങൾക്കും അടിസ്ഥാന ഗ്രന്ഥമായ, 'തമിഴ് വേദ'മെന്നറിയപ്പെടുന്ന 'തിരുമന്ത്രത്തിലും', ഗുരുദേവൻ പരിഭാഷപ്പെടുത്തിയ 'തിരുക്കുറളിലും' മാംസാഹാരത്തെ അതിനിന്ദ്യമായി കണ്ട് വർജ്ജിക്കണം എന്നുപറഞ്ഞിരിക്കുന്നതായി കാണാം.

Mar 1, 2026, 03:22 am IST
in മതം, മലയാളം
‘ശൈവം തന്നല്ലോ?’: ശ്രീനാരായണ ഗുരുദേവനും ‘വെജിറ്റേറിയനിസവും’
Share on FacebookShare on TwitterTelegram

ഹിന്ദുത്വത്തെയും വെജിറ്റേറിയനിസത്തെയും ബന്ധപ്പെടുത്തിയുള്ള ചില vivadangal കഴിഞ്ഞകുറെ കാലങ്ങളായി നമ്മുടെ പൊതുചർച്ചാവേദികളിൽ ഉയർന്നുകേൾക്കാറുണ്ട്. വേദങ്ങളെയും ഇതിഹാസങ്ങളെയും ഒക്കെ വികലമായി ഉദ്ധരിച്ച് പല സ്ഥാപിതതാല്പര്യക്കാരും മാംസാഹാരം സനാതന ധർമത്തിൽ വിഹിതമാണെന്ന് വാദിക്കുന്നുണ്ട്. അങ്ങനെ വാദിക്കുന്നവരുടെ ലക്ഷ്യം, വൈദിക ധർമം മാംസാഹാരത്തെ അംഗീകരിക്കുന്നു, എന്നാൽ ‘ആധുനിക ബ്രാഹ്മണ്യം’ വെജിറ്റേറിയനിസം അടിച്ചേൽപ്പിക്കുന്നു എന്നമട്ടിലുള്ള ഒരു നവീനാഖ്യാനം സൃഷ്ടിച്ചെടുക്കുകയാണ്. ഇതിലെ ന്യായാന്യായങ്ങളെപ്പറ്റിയും സത്യാസത്യങ്ങളെപ്പറ്റിയും അനേകം ലേഖനങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. വെജിറ്റേറിയനിസം എന്നാൽ ഫാസിസം ആണെന്ന വിചിത്രവാദത്തിലെത്തി നിൽക്കുകയാണ് ഈ വിവാദങ്ങൾ. വർത്തമാനകാലത്ത് നാം നേരിടുന്ന എല്ലാ ധാർമിക പ്രശ്നങ്ങളുടെയും പരിഹാരം നാം തേടുന്നത് നമ്മുടെ കാലത്തിന്റെ സ്‌മൃതികാരകനായ ശ്രീനാരായണഗുരുദേവനിലായിരിക്കെ, ഈ വിവാദവിഷയത്തിൽ മാത്രം നാമെന്തുകൊണ്ട് ഭരദ്വാജ ഋഷിയിലും ശ്രീരാമനിലും ഉത്തരം തേടുന്നു? എന്തുകൊണ്ട് ശ്രീനാരായണഗുരുവിന്റെ ഉപദേശങ്ങളെയും കൃതികളെയും വിമർശകർ ഈകാര്യത്തിൽ പ്രമാണമായി സ്വീകരിക്കുന്നില്ല?

സനാതനധർമവും ആഹാരവും

എല്ലാ ‘ഇസ’ങ്ങളെയും പോലെ, ‘വെജിറ്റേറിയനിസം’ എന്ന സങ്കൽപവും പാശ്ചാത്യമാണെന്ന് പറയേണ്ടിവരും. കാരണം, സനാതന ധർമത്തിന്റെ അടിസ്ഥാന പ്രമാണങ്ങളിലെങ്ങും ‘സസ്യാഹാരം മാത്രം’ എന്ന് നിഷ്കര്ഷിക്കുന്നതായി നമുക്ക് കാണാൻ സാധിക്കുന്നില്ല. പിന്നെയെന്താണ് നമ്മുടെ ആഹാര നിയമം? ഭക്ഷണത്തിൻ്റെ കാര്യത്തിൽ ഹിംസ പാടില്ല, മലിനമായത് (അമേധ്യം അഥവാ മേധ്യയോഗ്യമല്ലാത്തത്) ഭക്ഷിക്കാൻ പാടില്ല- ഇതാണ് ധാർമികർക്ക് വിധിച്ച ആഹാരമര്യാദ. മേധിക്കാൻ (യജ്ഞത്തിന്/ ഈശ്വരാരാധനയ്ക്ക്) യോഗ്യതയില്ലാത്തത് ഭക്ഷിക്കാൻ പാടില്ല; അതുപോലെ തിരിച്ചും. ഇത് അടിസ്ഥാനപ്രമാണമായി സ്വീകരിച്ചു കൊണ്ടാണ് ശ്രീനാരായണഗുരു മൃഗബലി മുതലായ ഹിംസാത്മകമായ ആരാധനാസമ്പ്രദായങ്ങൾ ആദ്യം തന്നെ നിരോധിച്ചത്. അതുകൊണ്ടു തന്നെയാണ്, പാൽ, പാലുൽപ്പന്നങ്ങൾ മുതലായവയ സസ്യേതരമാണെങ്കിലും മേധ്യമാകുന്നത്. ബീജസങ്കലനം നടക്കാത്ത മുട്ട ഭക്ഷണമാക്കുന്നതിൽ ഹിംസയില്ല. എന്നാൽ, മലിനമായ വസ്തുക്കളുടെ കൂട്ടത്തിൽ പെടുന്നതുകൊണ്ട് അണ്ഡം മേധ്യമല്ല. അഹിംസാത്മകമായ ഈ സമീപനം മാംസഭക്ഷണത്തിന്റെ കാര്യത്തിൽ മാത്രമല്ല, സസ്യഭക്ഷണത്തിന്റെ കാര്യത്തിലും പുലർത്താറുണ്ട്. ഒരു സസ്യത്തിന്റെ വിളവെടുക്കുമ്പോൾ, പ്രജനനത്തിന് വിഘാതം വരുന്ന രീതിയിൽ അതിനെ സമൂലം നശിപ്പിക്കേണ്ടി വന്നാൽ, അതും പരിധികടന്ന ഹിംസയായി കണക്കാക്കാറുണ്ട്. അതുകൊണ്ടാണ് ഉള്ളി, മണ്ണിലുണ്ടാകുന്ന കൂൺ മുതലായവയെ സാത്വികാഹാരത്തിന്റെ പരിധിയിൽപെടുത്താതെ ഒഴിവാക്കുന്നതിന്റെ ഒരു കാരണം. ഇവയൊന്നും സാത്വികാഹാരത്തിന്റെ പരിധിയിൽ വരാത്തതിന്റെ കാരണങ്ങളിൽ, ഇതിന്റെ ഉത്പാദനം, വിളവെടുപ്പ് മുതലായ സമയങ്ങളിൽ സംഭവിച്ചേക്കാവുന്ന ഹിംസയും ഒരു പ്രധാന പങ്കുവഹിക്കുന്നു.

ചുരുക്കിപ്പറഞ്ഞാൽ, സാമാന്യധർമ പ്രകാരം, ആഹാരകാര്യത്തിൽ ഹിംസ പരമാവധി കുറയ്ക്കുക എന്നതാണ് ലക്ഷ്യം. അതേസമയം, ജീവന് ആപത്തുണ്ടാകുന്ന സമയത്ത്, ഔഷധ രൂപത്തിലും, മേധ്യമായ ഭക്ഷണം ലഭ്യമല്ലാതെ വരുമ്പോഴും മാംസം കഴിക്കാം – എന്നാലത് ആപത്ധർമം അനുഷ്ടിച്ച് പ്രായശ്ചിത്തത്തോടുകൂടി മാത്രം അനുഷ്ഠിക്കേണ്ട കർമമാണ്. ധർമം അനുഷ്ഠിക്കാനുള്ള സാധനമാണ് ശരീരം, അതുകൊണ്ട് ശരീരത്തെ നിലനിർത്താൻ അവശ്യഘട്ടങ്ങളിൽ ആപത്ധർമം ആചരിക്കണം എന്നാണ് സനാതന ധർമം പഠിപ്പിക്കുന്നത്. അതാണ് ആയുർവേദ ഗ്രന്ഥങ്ങളിൽ കാണപ്പെടുന്ന മാംസ സംബന്ധിയായ പരാമർശങ്ങൾ. നാം സാധാരണജീവിതത്തിൽ അനുഷ്ഠിക്കേണ്ട സാമാന്യധർമത്തിൽ അത്തരമൊരു അപവാദത്തിന് യാതൊരു സാധുതയുമില്ല. ഇത്തരത്തിൽ ത്യാജ്യ-ഗ്രാഹ്യവിവേകത്തോടെ ധർമം അനുഷ്ഠിച്ചാണ് മനുഷ്യൻ ജീവിക്കേണ്ടത്. ഈ വിവേകബുദ്ധി വിധിപ്രകാരമുള്ള ധാർമിക പഠനത്തിലൂടെ മാത്രമേ നമുക്ക് കൈവരുകയുള്ളു. ‘വേണം – വേണ്ട’ എന്നീ രണ്ട് തീവ്രപരിധികളിൽ നിലനിൽക്കുന്നതല്ല ധാർമിക ജീവിതം. ധാർമികനായ വ്യക്തി ഇത്തരം ത്യാജ്യഗ്രാഹ്യ വിവേകത്തെ അവലംബിച്ചാണ് നിത്യജീവിതത്തിൽ ധർമ്മാചരണം നടത്തുന്നത്- അല്ലാതെ പുരാണകഥാപാത്രങ്ങളുടെ ചര്യയെ അടിസ്ഥാനമാക്കിയല്ല. നമ്മുടെ കാലഘട്ടത്തിൽ ഇത്തരമൊരു ധാർമിക ജീവിതത്തിന് പ്രമാണമായി സ്വീകരിക്കാവുന്നത് ശ്രീനാരായണസ്‌മൃതിയാണ്.

‘കളവിൻ മാംസഭക്ഷണം’: ഗുരുകൃതികളിലെ ആഹാരമര്യാദ

ശ്രീനാരായണ കൃതികളുടെ അന്തസത്ത സത്യം, ധർമം, അഹിംസ എന്നീ മൂല്യങ്ങളാണ്. ജാതിയെയും വിവേചനത്തെയും ഗുരു എതിർത്തതും, അവ അതിതീവ്രമായ സത്യനിഷേധവും അധർമവുമായതുകൊണ്ട് മാത്രമല്ല, അവയിലെ അതിനീചമായ ഹിംസാത്മകത കൂടി തിരിച്ചറിഞ്ഞുകൊണ്ടാണ്. ഹിംസ കേവലം ഭൗതീകതലത്തിൽ മാത്രം സംഭവിക്കുന്ന ഒന്നല്ല. ഹിംസക്ക് മാനസികവും വാചികവുമായ തലങ്ങൾ കൂടിയാണ്. ഈ മൂന്നുതലങ്ങളിലും ഹിംസ പിടിമുറുക്കുമ്പോൾ മാത്രമേ മനുഷ്യന് സഹജീവികളോട് വിവേചനപരമായി പെരുമാറാൻ സാധിക്കൂ. ഇങ്ങനെ അടിസ്ഥാന മൂല്യങ്ങളിൽ നിന്ന് വഴിതെറ്റിയ മനുഷ്യനെ, ആധ്യാത്മികമായി തിരുത്തി സനാതന ധർമത്തിന്റെ പാതയിലേക്ക് മടക്കിക്കൊണ്ടു വരികയാണ് ഗുരു ചെയ്തത്. ശ്രീനാരായണ ഗുരുദേവന്റെ ധർമ്മോപദേശവും കൃതികളും മനുഷ്യരാശിക്ക് പകർന്നു നൽകിയ ജീവിതമൂല്യങ്ങൾ പഞ്ചധർമമായും പഞ്ചശുദ്ധിയായും ഗുരുതന്നെ ശ്രീനാരായണസമൃതിയിലൂടെ നമുക്ക് ക്രോഡീകരിച്ച് നൽകി. ഈ പഞ്ചധർമത്തിൽ ഗുരു ഏറ്റവും പ്രാധാന്യം നൽകിയത് അഹിംസയ്ക്കാണ്.

‘അഹിംസാ പരമോ ധർമ്മസ്സർവധർമേഷു സുവ്രതാഃ’ എന്ന് അറുപത്തിയെട്ടാമത്തെ ശ്ലോകത്തിൽ ഗുരു ഉപദേശിക്കുന്നു. എല്ലാ ധർമങ്ങളിലും വച്ച് അഹിംസയാണ് പരമമായ ധർമം എന്നർത്ഥം. തുടർന്ന് പ്രാണിഹിംസ ഒഴിവാക്കേണ്ടതിനെപ്പറ്റി 70-71 ശ്ലോകങ്ങളിൽ ഗുരു ഇപ്രകാരം പറയുന്നു: “മനസാ വാചാ കായേന കർമ്മങ്ങൾ ചെയ്യവേ ഒരു ജീവിയുടെയും ശരീരത്തിലും പ്രാണനിലും മനസ്സിലും ദ്രോഹം ഏൽപ്പിക്കാതെയിരിക്കുകയാണ് അഹിംസ എന്ന ധർമ്മം. ആന്തരാവയവങ്ങൾ പോലെ, അഹിംസയുടെ ഉള്ളിൽ മറ്റെല്ലാ ധർമ്മങ്ങളും ഹിംസയുടെ ഉള്ളിൽ എല്ലാ അധർമ്മങ്ങളും അടങ്ങുന്നുവെന്നാണ് ധർമജ്ഞാനികളായ മഹാത്മാക്കൾ പറയുന്നത്. അഹിംസാവ്രതം പാലിച്ചു സിദ്ധി കൈവന്ന മനുഷ്യന്റെ സമീപം അമ്മയുടെ അടുത്ത് കുഞ്ഞുങ്ങൾ എന്നപോലെ സന്തോഷിച്ചു, വിശ്വസിച്ചു ഹിംസ്ര ജീവികളും പെരുമാറുന്നു.”

‘ഒരു പീഡയെറുമ്പിനും വരുത്തരുതെന്നുള്ളനുകമ്പയും സദാ
കരുണാകര! നല്കുകുള്ളിൽ നിൻതിരുമെയ് വിട്ടകലാതെ ചിന്തയും’ എന്നുതുടങ്ങുന്ന അനുകമ്പാദശകത്തിൽ ഗുരു വാഴ്ത്തുന്നത് അനുകമ്പ അഥവാ സഹാനുഭൂതി (empathy) എന്ന മനുഷ്യഗുണത്തെയാണ്. മറ്റൊരാളിന്റെ മനസ്സിലെ വികാരങ്ങളെ നമ്മിലേക്ക് സ്വീകരിച്ച് അനുഭവിക്കുന്ന അവസ്ഥയാണ് അനുകമ്പ. അഹിംസയുടെ പരമമായ അവസ്ഥയെയാണ് അനുകമ്പാദശകത്തിലൂടെ ഗുരു നമ്മിലേക്ക് പകർന്നത്.

ഗുരുവിന്റെ മൗലിക രചനയായി തന്നെ പണ്ഡിതരും ശ്രീനാരായണ പരമ്പരയും അംഗീകരിച്ച അഹിംസ എന്ന ചെറുകൃതിയിൽ ഗുരു ആവര്ത്തിച്ചു പറയുന്നത് ‘കൊന്നു തിന്നുന്നവന് ഇഹത്തിലും പരത്തിലും സൗഖ്യമുണ്ടാവുകയില്ല’ എന്നാണ്.

നിരുപദ്രവമാം ജന്തു-
നിരയെത്തൻ ഹിതത്തിനായ്
വധിപ്പോനു വരാ സൗഖ്യം
വാണാലും ചത്തുപോകിലും.       1

ജീവികളെ ഉപദ്രവിക്കുക ബന്ധിക്കുക കൊല്ലുക എന്നിവ ചെയ്യാത്ത മനുഷ്യനെ സുഖം പ്രാപ്തമാവുകയുള്ളു എന്നും ഗുരു പറയുന്നു.

ഉപദ്രവിക്ക ബന്ധിക്ക
കൊല്ലുകെന്നിവയൊന്നുമേ
ചെയ്യാത്ത ജന്തുപ്രിയനു
ചേരും പരമമാം സുഖം.       2

കൊല്ലാതെ മാംസം കിട്ടില്ല, കൊല പാപവുമാകുന്നു, അതുകൊണ്ട് ‘കളവിൻ മാംസഭക്ഷണം’ എന്നാണ് ഗുരുവിന്റെ ലോകത്തോടുള്ള ആഹ്വാനം.

“കൊല്ലാതെകണ്ടു ലോകത്തു
കിട്ടാ മാംസങ്ങളൊന്നുമേ,
കൊല പാപവുമാകുന്നു
കളവിൻ മാംസഭക്ഷണം.” (4)

മാംസമുണ്ടാവതും പ്രാണി-
വധവും പീഡനങ്ങളും
മനസ്സിലോർത്തു വിടുവിൻ
മാംസഭക്ഷണമാകവേ!   5

‘അഹിംസ’യിൽ “കൊല പാപവുമാകുന്നു കളവിൻ മാംസഭക്ഷണം,” എന്ന് വർദ്ധിതവീര്യത്തോടെ ആഹ്വാനം ചെയ്യുന്ന ഗുരു, ‘ജീവകാരുണ്യപഞ്ചക’ത്തിൽ

‘തെല്ലും കൃപയറ്റു ഭുജിക്കരുതെന്ന്’ തെല്ല് അപേക്ഷാരൂപത്തിൽ തന്നെ പാപാത്മാക്കളെ ഓർമിപ്പിക്കുന്നു. ദക്ഷിണഭാരതത്തിന് വേദധർമത്തെ പകർന്നു നൽകിയ തിരുക്കുറളിലെ അഹിംസാപരമായ ആശയങ്ങളെ ഉൾച്ചേർത്ത് ഗുരു രചിച്ചതാണ് പ്രസിദ്ധമായ ജീവകാരുണ്യ പഞ്ചകം.

എല്ലാവരും ആത്മസഹോദരരാണ് എന്നല്ലേ നാം പറയേണ്ടത്? ഇതാലോചിച്ച് നോക്കുമ്പോൾ ജീവികളെ കൊല്ലുവാൻ നമുക്കെങ്ങനെ സാധിക്കും? കരുണലേശംപോലുമില്ലാതെ അവയെ തിന്നാനും എങ്ങനെ സാധിക്കും? എന്നാണ് ഗുരു ഒന്നാമത്തെ ശ്ലോകത്തിൽ നമ്മുടെ മുന്നിലേക്ക് വയ്ക്കുന്ന ചോദ്യം.

എല്ലാവരുമാത്മസഹോദരരെ-
ന്നല്ലേ പറയേണ്ടതിതോർക്കുകിൽ നാം
കൊല്ലുന്നതുമെങ്ങനെ ജീവികളെ-
ത്തെല്ലും കൃപയറ്റു ഭുജിക്കയതും? (1)

കൊല്ലാവ്രതമുത്തമമാമതിലും
തിന്നാവ്രതമെത്രയുമുത്തമമാം
എല്ലാ മതസാരവുമോർക്കിലിതെ-
ന്നല്ലേ പറയേണ്ടതു ധാർമ്മികരേ?       (2)

കൊല്ലുന്നതു തങ്കൽ വരിൽ പ്രിയമാ-
മല്ലീ വിധിയാർക്കു ഹിതപ്രദമാം?
ചൊല്ലേണ്ടതു ധർമ്മ്യമിതാരിലുമൊ-
ത്തല്ലേ മരുവേണ്ടതു സൂരികളേ?     (3)

കൊല്ലുന്നവനില്ല ഭുജിപ്പതിനാ-
ളില്ലെങ്കിലശിക്കുക തന്നെ ദൃഢം,
കൊല്ലിക്കുകകൊണ്ടു ഭുജിക്കുകയാം
കൊല്ലുന്നതിൽനിന്നുമുരത്തൊരഘം.       (4)

കൊല്ലായ്കിലവൻ ഗുണമുള്ള പുമാ-
നല്ലായ്കിൽ മൃഗത്തൊടു തുല്യനവൻ
കൊല്ലുന്നവനില്ല ശരണ്യത മ-
റ്റെല്ലാ വക നന്മയുമാർന്നിടിലും. (5)

തിന്നാനാളില്ലെന്നു വന്നാൽ കൊല്ലാനാളുണ്ടാവില്ല. അപ്പോൾ തിന്നുന്നതു തന്നെയാണ് വലിയ ഹിംസ. കൊല്ലുന്നതിനു പ്രേരണ നൽകുന്നതുകൊണ്ട് കൊല്ലുന്നതിനേക്കാൾ വലിയ പാപം തിന്നുന്നത് തന്നെയാണ് എന്നാണ് ഗുരുദേവന്റെ മതം. പ്രാണിഹിംസനടത്തുന്നവനും മൃഗവും തമ്മിൽ ഭേദമില്ലെന്നു പറയുന്ന ഗുരു, അഹിംസ പാലിക്കുന്നവനെ മാത്രമേ മനുഷ്യനെന്ന് എണ്ണുന്നുള്ളു. ഹിംസ ശീലിച്ചവന് മറ്റെല്ലാ ഗുണങ്ങളുണ്ടെങ്കിലും അവന് ഒരിടത്തും അഭയം ലഭിക്കില്ല എന്ന് ഉറപ്പിച്ചു പറയുന്നു ജീവകാരുണ്യപഞ്ചകത്തിന്റെ

കർത്താവ്. ദൈവദശകവും ആത്മോപദേശശതകവും അതിന്റെ ഉള്ളടക്കത്തിൽ ധർമത്തെയും, സകലധർമങ്ങളെയും ഗർഭം ധരിച്ചിരിക്കുന്ന അഹിംസയെയും ആത്മീയമായിത്തന്നെ സന്നിവേശിപ്പിച്ചിരിക്കുന്നു. ഗുരുദേവന്റെ പ്രബോധനാത്മകകൃതികളിലും, ദാർശനികകൃതികളിലും സ്തോത്രകൃതികളിലും പരിഭാഷകളിലും ഗദ്യകൃതികളിലുമെല്ലാം അഹിംസയെ അതിന്റെ പ്രാധാന്യം ഒട്ടും ലഘൂകരിക്കാതെ അവതരിപ്പിക്കുന്നതാണ് നമുക്ക് കാണാൻ സാധിക്കുന്നത്. ദൈവചിന്തനമെന്ന ഗദ്യകൃതിയിൽ മാംസാഹാരികളെ അത്യന്തം നിന്ദ്യരൂപത്തിലും പിശാചുക്കൾക്ക് (ശവം ഭക്ഷിക്കുന്നവർ) തുല്യന്മാരുമായാണ് ഗുരു ചിത്രീകരിക്കുന്നത്.

ആഗമത്തിലെ ആഹാരമര്യാദ

സന്ദർശകരോടും ഭക്തരോടുമുള്ള കുശലാന്വേഷണത്തിൽ പലപ്പോഴും ഗുരുദേവൻ അവരോട് ‘ശൈവം തന്നല്ലോ?’ എന്ന് ആരായാറുണ്ട്. അതിന്റെ അർത്ഥം, മാംസം ഒഴിവാക്കിയുള്ള ഭക്ഷണം തന്നെയല്ലേ കഴിക്കാറ് എന്നാണ്. മാംസേതര ഭക്ഷണത്തെ ‘ബ്രാഹ്മണ്യം’ എന്നല്ല ശൈവമെന്നാണ് തെക്കൻ കേരളത്തിലും തമിഴ്‌നാട്ടിലും വിളിച്ചു പോന്നിരുന്നത്. ‘മത്സ്യമാംസാദികൾ ഉപയോഗിക്കാതിരിക്കുന്ന രീതിക്ക് തമിഴിൽ ശൈവം എന്നാണ് പറയാറുള്ളതെന്ന്’ ശ്രീ നടരാജഗുരു സാക്ഷ്യപ്പെടുത്തുന്നു. സകല ആഗമങ്ങൾക്കും അടിസ്ഥാന ഗ്രന്ഥമായ തമിഴ് കൃതി ‘തിരുമന്ത്രത്തിലും’ ഗുരുദേവൻ പരിഭാഷപ്പെടുത്തിയ തിരുക്കുറളിലും മാംസാഹാരത്തെ അതിനിന്ദ്യമായി കണ്ട് വർജ്ജിക്കണം എന്നുപറഞ്ഞിരിക്കുന്നതായി കാണാം. തിരുക്കുറളിൽ നിന്ന് പ്രേരണ ഉൾക്കൊണ്ടുകൊണ്ടാണ് ഗുരു ജീവകാരുണ്യപഞ്ചകം രചിച്ചതെന്ന് നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ. അതുപോലെതന്നെ, “ഒന്‍റെ കുലം ഒരുവനേ ദൈവം” എന്നുദ്‌ഘോഷിച്ച തിരുമൂലരുടെ തിരുമന്ത്രവും ഗുരുദേവൻ വളരെ പ്രാധാന്യത്തോടെ കണ്ട ഗ്രന്ഥമാണ്. തിരുവാചകം, തിരുക്കുറൾ എന്നീ കൃതികളെക്കാൾ പഴക്കമുള്ളതാണ് തിരുമന്തിരം എന്ന തിരുമന്ത്രം. വേദത്തിന്റെ പ്രാമാണ്യത്തെ അംഗീകരിക്കുകയും, ചതുർവേദത്തെ പ്രകീർത്തിക്കുകയും ചെയ്യുന്ന തിരുമന്ത്രത്തിൽ, അഹിംസയെയും മാംസവർജ്ജനത്തെയും പറ്റി പരാമർശിക്കുന്ന ഭാഗങ്ങൾ പ്രഥമതന്ത്രത്തിൽ (കാരണാഗമം) നിന്ന് വായിച്ചെടുക്കാം. ആ മൂലശ്ലോകങ്ങൾക്ക് തിരുവല്ലം ഭാസ്കരൻ നായർ നൽകിയ മലയാള പരിഭാഷ താഴെക്കൊടുക്കുന്നു.

കൊല്ലാത്തൊരോട് കൊല്ലാൻ പ്രേരിപ്പിച്ചത്ര കെട്ടെ-

ന്നില്ലാത്തൊരോടു തിന്നാൻ നിർബന്ധമായ് ശഠിച്ചോർ

പന്നിയായ് പിറന്നിടും പിറവിപിന്നേഴിലും ഭൂ

തന്നിലെന്നതു ചൊല്ലാം സത്യമേ സത്യം സത്യം. (155)

 

പൊള്ളാതെ മാംസം തിന്നും വല്ലാത്ത പുലയരെ

എല്ലാരും കാണവേ താൻ കാല ദൂതന്മാർ വന്ന്

കില്ലില്ലെടുത്തു മാറ്റിക്കൊണ്ടുപോയ് നരകത്തിൽ

തള്ളിടുന്നിടി വെട്ടിപ്പൊട്ടുന്ന ശബ്ദത്തോടെ. (156)

 

തമിഴ് വേദമെന്ന അപരനാമത്തിലറിയപ്പെടുന്ന, തമിഴിലെ ആദ്യത്തെ ജ്ഞാനഗ്രന്ഥമായ, തിരുമൂലനായനാർ രചിച്ച തിരുമന്ത്രത്തിലാണ് മാംസാഹാരശീലത്തെ ഇത്രമേൽ നിന്ദിക്കുന്ന ഈ ശ്ലോകങ്ങൾ അടങ്ങിയിരിക്കുന്നത്. മാംസാഹാരം വർജ്യമാണെന്ന ധാർമികചിന്ത ‘തമിഴ് വേദത്തിലും’ അതിശക്തമായിരുന്നെന്ന്, ഭക്ഷണത്തിൽ രാഷ്ട്രീയം കണ്ടെത്താൻ ശ്രമിക്കുന്ന വിമർശകർ തിരിച്ചറിയേണ്ടതാണ്.

‘ശവം തിന്നാലോ?’: ഗുരുവിന്റെ സംഭാഷണങ്ങൾ

ജീവചരിത്രങ്ങളിൽ അനേക സന്ദർഭങ്ങളിൽ ആഹാരകാര്യത്തിൽ അഹിംസ പുലർത്തണമെന്ന് ഗുരു തന്റെ ശിഷ്യരെയും ഭക്തരെയും ഉപദേശിക്കുന്നുണ്ട്. ‘കൃപയറ്റ് ഭുജിക്കരുത്’ എന്നേ ഗുരു ഏത് സന്ദർഭത്തിലും ഉപദേശിച്ചിട്ടുള്ളു, മാംസാഹാരികളോട് അവരുടെ ശീലം തുടർന്നോളൂ എന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. ഭക്ഷണം ചർച്ചയ്ക്ക് വന്ന സന്ദർഭങ്ങളില്ലാം ഗുരു പറയും, ശൈവമേ പാടുള്ളു. മത്സ്യം മാത്രം വല്ലപ്പോഴും കഴിക്കും എന്നു പറയുന്നവരോടും ഗുരു പറയും, അതും ഉപേക്ഷിക്കൂ. ജാതിയെപ്പറ്റി സംസാരിക്കുമ്പോഴെല്ലാം, ജാതി പാടില്ല എന്നു പറയുന്നതുപോലെ. ഇതിന്റെ തെളിവുതേടൽ ധർമം പത്രത്തിൽ നടരാജ ഗുരു എഴുതിയ ഒരു കുറിപ്പിൽ നിന്ന് ആരംഭിക്കാം.

കൊളമ്പിലെ ഒരു ഹിന്ദു ക്ഷേത്രത്തിലെത്തിയ ഗുരു അവിടുത്തെ പൂജാരിയോടുള്ള സംഭാഷണം നടരാജഗുരു രേഖപ്പെടുത്തിയിരിക്കുന്നതിങ്ങനെ:

സ്വാമി: “ശൈവം തന്നല്ലോ?” (മത്സ്യമാംസാദികൾ ഉപയോഗിക്കാതിരിക്കുന്ന രീതിക്ക് തമിഴിൽ ശൈവം എന്നാണ് പറയാറുള്ളത്).
പൂജാരി: “മിക്കവാറും ശൈവം തന്നെ.’
സ്വാമി: “ചിലപ്പോൾ തിന്നും അല്ലേ?’
പൂജാരി: “അത്ര നിർബന്ധമില്ല. കിട്ടിയാൽ തിന്നുമെന്നുമാത്രം.’

സ്വാമി: “നാക്ക് തിന്നാതിരിക്കാൻ സമ്മതിക്കുകയില്ല, അല്ലേ? (ചിരിക്കുന്നു)

പൂജാരി: കിട്ടിയാൽ തിന്നും.
സ്വാമി: “എന്നാൽ കല്ലു കിട്ടിയാൽ തിന്നുമോ?” (ചിരിക്കുന്നു) കുറച്ചുകഴിഞ്ഞ ശേഷം മത്സ്യമാംസാദികൾ ഒരു പൂജാരിക്ക് യോജിച്ചതല്ലെന്ന് പറഞ്ഞു മനസിലാക്കുന്നു.

പൂജാരി: ഞാൻ ഇന്ന് മുതൽ മത്സ്യമാംസാദികൾ വിട്ടുകൊള്ളാം.

സ്വാമി: “കൊള്ളാം. വേണ്ട. അശുദ്ധം.” എന്ന് പറഞ്ഞു കുറച്ചു ഭസ്മം ആ പൂജാരിക്ക് നൽകി. (ധർമം പുസ്തകം 1. ല 10)

സമാനമായ മറ്റ് രണ്ടു സന്ദർഭങ്ങളും താഴെക്കൊടുക്കുന്നു:

സ്വാമികൾ ആദ്യകാലത്ത് ഒരു ഭക്തന്റെ വീട്ടിൽ ആഹാരത്തിനിരുന്നു. ഗൃഹസ്ഥനായ ഭക്തനും ഉണ്ട്.

സ്വാമികൾ: (ഭക്തനോട്) ഇപ്പോൾ മത്സ്യമാംസം കൂട്ടില്ലേ? എന്നൊന്നും ഇല്ലല്ലോ.

ഭക്തൻ: ഇപ്പോൾ അത്ര നിർബന്ധമില്ല. ഉണ്ടെങ്കിൽ കഴിക്കും. അത്രേ ഉള്ളു.

സ്വാമികൾ: ഇപ്പോൾ ഉണ്ടെങ്കിൽ കഴിക്കും. അല്ലേ? അപ്പോൾ മുമ്പെല്ലാം ഇല്ലെങ്കിലും കഴിക്കും. അല്ലേ? അപ്പോൾ മുമ്പെല്ലാം ഇല്ലെങ്കിലും കഴിക്കും. വലിയ മാറ്റം വന്നുവല്ലോ!

(ധർമം പത്രം. പുസ്തകം 1, ലക്കം 20, 1103 കുംഭം 15)

ശിവഗിരിയിലെ ചില സമുദായ പ്രമാണികളുമായി സാമുദായികമായ ആചാരമര്യാദകളെയും ആഹാരരീതികളെയും കുറിച്ചു സ്വാമികൾ സംസാരിക്കുന്നു. അവരിൽ പ്രധാനി മൂലൂരാണ്. അവർ മത്സ്യമാംസാഹാരപ്രിയരായിരുന്നു.

സ്വാമികൾ: മരിച്ച വീട്ടിൽ പോയവർ എന്തെങ്കിലും ശുദ്ധികർമം ചെയ്യേണ്ടതുണ്ടോ?

മൂലൂർ: ഉണ്ട് സ്വാമി. മൂന്നു മുങ്ങിയ ഒരു സ്നാനം നടത്തണം.

സ്വാമികൾ: ശവം തൊട്ടാലോ?

മൂലൂർ: പന്ത്രണ്ടു മുങ്ങിക്കുളിക്കണം.

സ്വാമികൾ: ശവം തിന്നാലോ?

ധ്വാനി മനസ്സിലാക്കിയ മൂലൂർ മുതലായവർ നാണിച്ചു പോയി. (ഗുരുദേവ ഫലിതോക്തികൾ, എൻ. എൻ. ലാൽ)

ഗുരു അവധൂതവൃത്തി സ്വീകരിച്ച് ദേശാടനം നടത്തിയ കാലത്ത് മൽസ്യം കഴിച്ചിരുന്നതായി ചില ജീവചരിത്രങ്ങളിൽ പറയുന്നുണ്ട്. എന്നാൽ ഗുരുദേവനെ ശിഷ്യപരമ്പരയിൽപെട്ട പലരും പിൽക്കാലത്ത് ഇത്തരം പ്രചാരണങ്ങളെ വ്യാജമെന്ന് പറഞ്ഞ് തള്ളിക്കളിഞ്ഞിട്ടുണ്ട്. അവധൂത കാലത്ത് പരിചിതനായ ഒരു വ്യക്തിയെ പിന്നീട് കണ്ടുമുട്ടിയപ്പോൾ അദ്ദേഹം ‘കൊഞ്ചുകൊണ്ടുവരട്ടെയോ’ എന്നുചോദിക്കുമ്പോൾ ഗുരു ഒരു ഫലിതോക്തിയാൽ വിലക്കിയ സംഭവം മഹാകവി മൂലൂർ രേഖപ്പെടുത്തിയിട്ടുണ്ട്. മത്സ്യമാംസങ്ങൾ കഴിക്കരുത് അത് ‘ശവക്കറി’യാണെന്ന് പറഞ്ഞ ഗുരുദേവൻ, ദേവപ്രീതിക്കു വേണ്ടി ജന്തുബലി നടത്തുന്നവർ എന്തുകൊണ്ട് സ്വന്തം മക്കളെ ബലികൊടുക്കുന്നില്ല എന്നു ചോദിച്ചുകൊണ്ടാണ് ആ ദുരാചാരത്തെ എതിർത്തത്. മറ്റൊരു സന്ദർഭത്തിൽ സാധുജീവികളെ കൊന്നു കാഴ്ചവക്കാതെ എന്തുകൊണ്ട് അവയെ ദേവന് ജീവനോടെ സമർപ്പിച്ചുകൂടാ എന്നും ഗുരു ചോദിക്കുന്നുണ്ട്. (ധർമം പത്രം: പു 1, ല 27, പു 2, ല 12). ഞണ്ട് മുതലായ ജീവികളെ ഭക്ഷണത്തിനായി വേട്ടയാടുന്നവരെ അതിൽ നിന്ന് ഗുരു നേരിട്ട് പിന്തിരിപ്പിക്കുന്നുണ്ട്. ഗുരുവിന്റെ സാന്നിധ്യത്തിൽ ഒരു ചെറിയ ഉറുമ്പിനെപോലും ഹിംസിക്കാൻ ആ മഹാത്മാവ് ആരെയും സമ്മതിച്ചിരുന്നില്ല. (ശ്രീനാരായണ ദിവ്യസ്‌മരണകൾ, പുറം 181, 189)

അശുദ്ധമായ ഭക്ഷണം നിഷിദ്ധം

അഹിംസ കഴിഞ്ഞാൽ ഭക്ഷണകാര്യത്തിൽ മറ്റൊരു മാനദണ്ഡം ശുദ്ധിയാണ്. മേല്പറഞ്ഞതുപോലെ ഭക്ഷണം മേധ്യമായിരിക്കണം. ഭക്ഷണകാര്യത്തിൽ മാത്രമല്ല, ജീവിതത്തിലുടനീളം ഗുരു അങ്ങേയറ്റം നിഷ്ഠയോടെ പുലർത്തിയിരുന്ന ഒന്നാണ് ശുദ്ധി. അവയാണ് പഞ്ചശുദ്ധിയുടെ രൂപത്തിൽ ഗുരു നമ്മിലേക്ക് പകർന്നു നൽകിയത്. അത് വ്യക്തമാക്കുന്ന ഒരുദാഹരണം പരിശോധിക്കാം. പ്രശസ്ത യുക്തിവാദിയും ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനുമായിരുന്ന കുറ്റിപ്പുഴ കൃഷ്ണപിള്ള, ഗുരു അഷ്ടാംഗഹൃദയം ഉദ്ധരിച്ച് ഹോട്ടൽ ഭക്ഷണം നിഷിദ്ധമാണെന്ന് ഉപദേശിച്ച ഒരു സംഭവത്തെക്കുറിച്ച് എഴുതുന്നുണ്ട്:

 

ഹോട്ടലിൽ അനേകർക്ക് വേണ്ടി ഉണ്ടാക്കുന്ന ഭക്ഷണത്തിൽ പുഴുവോ പ്രാണിയോ വീണാൽ, അതവർ നീക്കം ചെയ്ത്, ആ അശുദ്ധമായ ഭക്ഷണം വീണ്ടും വിളമ്പുമെന്നും, അങ്ങനെയുള്ള ഭക്ഷണം നിഷിദ്ധമാണെന്നും ഗുരു വാദത്തിലൂടെ സ്ഥാപിക്കുകയും കുറ്റിപ്പുഴയ്ക്ക് അത് അംഗീകരിക്കേണ്ടതായും വരുന്നുണ്ട്. “ഹോട്ടലിൽ നിന്നൊന്നും വിശ്വസിച്ചൊന്നും കഴിക്കാൻ വയ്യാ എന്ന് പറഞ്ഞുകൊണ്ട് സ്വാമി ‘ശത്രുസത്രഗണാ കീർണ കണികാപണികാശനം’ എന്ന അഷ്ടാംഗഹൃദയവാക്യം ചൊല്ലി ആപണികാശനം അഥവാ ഹോട്ടലൂണ് നിഷിദ്ദമാണെന്ന് സമർത്ഥിച്ചു.” (കുറ്റിപ്പുഴ കൃഷ്ണപിള്ള: സ്മരണമഞ്ജരി, കറന്റ് ബുക്ക്സ്, തൃശൂർ, പുറം 28-29)

 

ആഹാരം എത്രമാത്രം ശുദ്ധമായിരിക്കണം എന്നതിൽ ഗുരുവിന്റെ കാഴ്ചപ്പാട് വ്യക്തമാക്കുന്നതാണ് ഈ കുറിപ്പ്.

 

പശുവിന്റെ പാലുകുടിക്കാമെങ്കിൽ ഗോമാംസം ഭക്ഷിക്കുന്നതിലെന്താണ് തെറ്റെന്ന കമ്മ്യൂണിസ്റ്-ഇസ്ലാമിസ്റ് യുക്തി ഗുരുദേവന് മുന്നിൽ ഉന്നയിച്ച ഒരു ഭക്തനോട്, “തരക്കേടില്ലല്ലോ…” എന്ന് പറഞ്ഞു ഒരു ചെറു മന്ദഹാസത്തോടു കൂടി ചോദിച്ചത്, “അമ്മയുണ്ടോ?” എന്നായിരുന്നു. അമ്മ മരിച്ചുപോയെന്നു പറഞ്ഞ ഭക്തനോട്, സ്വാമികൾ വീണ്ടും ചോദിച്ചു: “എന്നിട്ട് കുഴിച്ചിട്ടോ, അതോ….?” (ശ്രീനാരായണഗുരു: ആന്തോളജി, പി കെ ബാലകൃഷ്‌ണൻ. പുറം 89).

 

അടിസ്ഥാനപരമായ ധാർമിക വിഷയങ്ങളിൽ ഗുരുസമക്ഷത്ത് കുയുക്തികൾ ഉന്നയിക്കുന്നവരോട് എക്കാലവും സ്വാമിതൃപ്പാദങ്ങൾ പ്രതിവചിച്ചിരുന്നത് ഇത്തരം കുറിക്കുകൊള്ളുന്ന, ഒറ്റവാക്കിലൊതുങ്ങുന്ന പ്രയോഗങ്ങളിലൂടെയായിരുന്നു. അല്ലാതെ, ഇടത് വരേണ്യവർഗ ബുദ്ധിജീവികളും അരാജകവാദികളും പ്രചരിപ്പിക്കുന്നതുപോലെ ഇത്തരം വിഷയങ്ങളിൽ എന്തുമാകാം എന്നുപദേശിച്ചിരുന്ന ഒരാളായിരുന്നില്ല ഗുരുദേവൻ. വാക്ശുദ്ധി, മനഃശുദ്ധി, ഇന്ദ്രിയശുദ്ധി, ശരീരശുദ്ധി, ഗൃഹശുദ്ധി എന്നീ പഞ്ചശുദ്ധിയും; അഹിംസ, സത്യം, അസ്തേയം, അവ്യഭിചാരം, മദ്യവര്‍ജനം എന്നുള്ള പഞ്ചധര്‍മവും അനുഷ്ഠിച്ച് ജീവിക്കാനാണ് ഗുരു മനുഷ്യരോടു പറഞ്ഞത്. സനാതന ധർമത്തിന്റെ ഈ അടിസ്ഥാനപ്രമാണങ്ങളിൽ ഒരുവിധത്തിലുള്ള ഒത്തുതീർപ്പിനും ഗുരു തയ്യാറായിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

 

വൈദിക ധർമത്തിലെ യമനിയമങ്ങളെയാണ് ഗുരു കാല-ദേശാനുസൃതമായി പഞ്ചധർമവും പഞ്ചശുദ്ധിയുമാക്കിയത്. പഞ്ചധർമവും പഞ്ചശുദ്ധിയും അനുഷ്ഠിച്ച് മത്സ്യവും മാംസവും മദ്യവും ഉപേക്ഷിച്ച് പത്തുദിവസം പ്രാര്‍ഥനാനിര്‍ഭരമായ ജീവിതം നയിച്ച് മാത്രമേ ശിവഗിരി തീർത്ഥാടനത്തിൽ പങ്കെടുക്കാവൂ എന്നാണ് ഗുരു നിഷ്കർഷിച്ചത്. കൂടാതെ, ആധുനീക കാലത്ത് ധർമം അനുഷ്ഠിച്ച് എങ്ങനെ ജീവിക്കാം എന്ന സമസ്യയെ അടിസ്ഥാനപ്പെടുത്തി, ഗുരു മനുഷ്യർക്ക് നിർദ്ദേശിച്ച ഒരു സമ്പൂർണ ‘User Manual’ ആണ് ശ്രീനാരായണസ്‌മൃതി. ഗുരുവിന്റെ ഉപദേശങ്ങളെ ജീവിതത്തിൽ അനുഷ്ഠിക്കാൻ താത്പര്യമില്ലാത്തവർ, ഗുരുവിന്റെ സദുപദേശങ്ങളെ ദുർവ്യാഖ്യാനം ചെയ്യാനിറങ്ങിപുറപ്പെടുമ്പോഴാണ് അവരെ സമൂഹം ചോദ്യം ചെയ്‌തു തുടങ്ങുന്നത്. ‘കൊന്നു തിന്നരുതെന്ന്’ സ്‌മൃതിവാക്യമായും ശ്രുതിവ്യാഖ്യാനമായും എഴുതിയും പറഞ്ഞും പഠിപ്പിച്ച ഗുരുദേവനെപ്പറ്റി നാം പറയുമ്പോൾ, അവധൂതവൃത്തി സ്വീകരിച്ച് തീരദേശത്ത് അലഞ്ഞനാളുകളിൽ, മത്സ്യത്തൊഴിലാളികൾ പ്രിയത്തോടെ നൽകിയ മത്സ്യക്കറി ഗുരു കഴിച്ചുണ്ടെന്ന കഥ പറഞ്ഞ് ഗുരു മാംസാഹാരത്തെ പ്രോത്സാഹിപ്പിച്ചെന്ന് ഇടത്-ഇസ്ലാമിക വേദികളിൽ സ്ഥാപിച്ചെന്നിരിക്കും. എന്നാൽ, ഗുരുദേവ ദർശനത്തെ നിത്യജീവിതത്തിൽ പകർത്തി, ധാർമികമായ ജീവിതം ജീവിക്കുന്നവർക്ക് മുന്നിൽ ഇത്തരം വിതണ്ഡവാദങ്ങൾ ഉന്നയിക്കുന്നത് എത്ര അപഹാസ്യമായിരിക്കും? മര്യാദാപുരുഷോത്തമനായ ശ്രീരാമനെ മുൻനിർത്തി, ഇക്കൂട്ടർ ഇതേ വിഷയത്തിൽ നടത്തുന്ന വ്യാജപ്രചരണങ്ങളെയും സമൂഹം നോക്കിക്കാണുന്നത് ഇതേ പരിഹാസ്യതയോടെയാണ്.

 

(മാധ്യമപ്രവർത്തകനും സെന്റർ ഫോർ സൗത്ത് ഇന്ത്യൻ സ്റ്റഡീസിലെ ഫെല്ലോയുമാണ് ലേഖകൻ)

ShareSendTweetShare

Discussion about this post

Related Posts

സരസ്വതീവിജയം: ആര്യസമാജത്തെ ആദ്യം അവതരിപ്പിച്ച മലയാള നോവൽ

സരസ്വതീവിജയം: ആര്യസമാജത്തെ ആദ്യം അവതരിപ്പിച്ച മലയാള നോവൽ

#Exclusive എപ്‌സ്റ്റീൻ ഫയൽസിൽ കേരളവും: രാജിവച്ച ബ്രിട്ടീഷ് ലേബർ പാർട്ടി നേതാവ് പീറ്റർ മാൻഡേൽസനും കേരളവും തമ്മിൽ എന്ത്?

#Exclusive എപ്‌സ്റ്റീൻ ഫയൽസിൽ കേരളവും: രാജിവച്ച ബ്രിട്ടീഷ് ലേബർ പാർട്ടി നേതാവ് പീറ്റർ മാൻഡേൽസനും കേരളവും തമ്മിൽ എന്ത്?

പൈതൃകത്തിൻ്റെ പുനരാഗമനം!

ഞാനെല്ലാ സർസംഘചാലക്മാരെയും കാണുകയും കേൾക്കുകയും ചെയ്തിട്ടുണ്ട്: മാ. ഗോ. വൈദ്യജി / ഗണേഷ് രാധാകൃഷ്ണൻ

ഞാനെല്ലാ സർസംഘചാലക്മാരെയും കാണുകയും കേൾക്കുകയും ചെയ്തിട്ടുണ്ട്: മാ. ഗോ. വൈദ്യജി / ഗണേഷ് രാധാകൃഷ്ണൻ

വീര സാവർക്കറെ നിരോധിച്ച തിരുവിതാംകൂർ: ഒന്നല്ല, മൂന്നു തവണ!

വീര സാവർക്കറെ നിരോധിച്ച തിരുവിതാംകൂർ: ഒന്നല്ല, മൂന്നു തവണ!

കേരളത്തിലെ ഇസ്ലാമിക വർഗീയവാദവും യമനികളായ തങ്ങൾമാരും: പാണക്കാട് തങ്ങൾ ജയിലിൽ പോയത് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടോ?

കേരളത്തിലെ ഇസ്ലാമിക വർഗീയവാദവും യമനികളായ തങ്ങൾമാരും: പാണക്കാട് തങ്ങൾ ജയിലിൽ പോയത് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടോ?

പുതിയത്

‘ശൈവം തന്നല്ലോ?’: ശ്രീനാരായണ ഗുരുദേവനും ‘വെജിറ്റേറിയനിസവും’

‘ശൈവം തന്നല്ലോ?’: ശ്രീനാരായണ ഗുരുദേവനും ‘വെജിറ്റേറിയനിസവും’

സരസ്വതീവിജയം: ആര്യസമാജത്തെ ആദ്യം അവതരിപ്പിച്ച മലയാള നോവൽ

സരസ്വതീവിജയം: ആര്യസമാജത്തെ ആദ്യം അവതരിപ്പിച്ച മലയാള നോവൽ

#Exclusive എപ്‌സ്റ്റീൻ ഫയൽസിൽ കേരളവും: രാജിവച്ച ബ്രിട്ടീഷ് ലേബർ പാർട്ടി നേതാവ് പീറ്റർ മാൻഡേൽസനും കേരളവും തമ്മിൽ എന്ത്?

#Exclusive എപ്‌സ്റ്റീൻ ഫയൽസിൽ കേരളവും: രാജിവച്ച ബ്രിട്ടീഷ് ലേബർ പാർട്ടി നേതാവ് പീറ്റർ മാൻഡേൽസനും കേരളവും തമ്മിൽ എന്ത്?

പൈതൃകത്തിൻ്റെ പുനരാഗമനം!

ഞാനെല്ലാ സർസംഘചാലക്മാരെയും കാണുകയും കേൾക്കുകയും ചെയ്തിട്ടുണ്ട്: മാ. ഗോ. വൈദ്യജി / ഗണേഷ് രാധാകൃഷ്ണൻ

ഞാനെല്ലാ സർസംഘചാലക്മാരെയും കാണുകയും കേൾക്കുകയും ചെയ്തിട്ടുണ്ട്: മാ. ഗോ. വൈദ്യജി / ഗണേഷ് രാധാകൃഷ്ണൻ

വീര സാവർക്കറെ നിരോധിച്ച തിരുവിതാംകൂർ: ഒന്നല്ല, മൂന്നു തവണ!

വീര സാവർക്കറെ നിരോധിച്ച തിരുവിതാംകൂർ: ഒന്നല്ല, മൂന്നു തവണ!

കേരളത്തിലെ ഇസ്ലാമിക വർഗീയവാദവും യമനികളായ തങ്ങൾമാരും: പാണക്കാട് തങ്ങൾ ജയിലിൽ പോയത് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടോ?

കേരളത്തിലെ ഇസ്ലാമിക വർഗീയവാദവും യമനികളായ തങ്ങൾമാരും: പാണക്കാട് തങ്ങൾ ജയിലിൽ പോയത് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടോ?

ആഷാമേനോന്റെ ആത്മീയപ്രത്യക്ഷങ്ങൾ: പ്രസിദ്ധ സാഹിത്യനിരൂപകൻ ആഷാമേനോനുമായി മാധ്യമപ്രവർത്തകൻ ശ്രീ സുനീഷ് കെ നടത്തുന്ന സംഭാഷണം

ആഷാമേനോന്റെ ആത്മീയപ്രത്യക്ഷങ്ങൾ: പ്രസിദ്ധ സാഹിത്യനിരൂപകൻ ആഷാമേനോനുമായി മാധ്യമപ്രവർത്തകൻ ശ്രീ സുനീഷ് കെ നടത്തുന്ന സംഭാഷണം

Load More
  • Home
  • Politics
  • History
  • Culture
  • Religion
  • Literature
  • Economics
  • Strategy
  • About Us

© Desi Narrative

No Result
View All Result
  • രാഷ്ട്രീയം
  • സംസ്കാരം
  • ചരിത്രം
  • മതം
  • സാമ്പത്തികം
  • സാഹിത്യം
  • സ്ട്രാറ്റജി
  • English
    • Politics
    • Culture
    • History
    • Religion
    • Economics
    • Literature
    • Strategy

© Desi Narrative