മാധവ് ഗോവിന്ദ് വൈദ്യ അക്ഷരാർത്ഥത്തിൽ ബഹുമുഖപ്രതിഭതന്നെയാണ്. ഹൈന്ദവദർശനം, സാഹിത്യം, സംസ്‌കൃതം തുടങ്ങിയ വിഷയങ്ങളിൽ പണ്ഡിതനായിരുന്ന, മാ ഗോ വൈദ്യ എന്ന് അറിയപ്പെട്ടിരുന്ന എം.ജി വൈദ്യ മറാത്തി, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി ഇരുപതിൽപരം ഗ്രന്ഥങ്ങളുടെ രചയിതാവാണ്. രാഷ്ട്രീയം മുതൽ സാഹിത്യം വരെയുള്ള നിരവധി വിഷയങ്ങളാണ് ഈ പുസ്തകങ്ങളിലെ പ്രതിപാദ്യം. അദ്ദേഹത്തിന്റെ പല രചനകളും വിവിധ ഭാരതീയഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. പ്രഗത്ഭനായ പത്രപ്രവർത്തകൻ എന്ന നിലയിലും വൈദ്യ ഖ്യാതി നേടി. മറാത്തി പത്രമായ തരുൺ ഭാരതിന്റെ എഡിറ്ററായി നിരവധി വർഷങ്ങൾ സേവനമനുഷ്ഠിച്ച അദ്ദേഹം അതിൽ 25 വർഷത്തോളം ‘ഭാഷ്യ’ എന്ന പ്രശസ്തമായ കോളം പ്രസിദ്ധീകരിക്കുകയുമുണ്ടായി. ഇന്ത്യൻ പത്രപ്രവർത്തനചരിത്രത്തിലെ ഏറ്റവും ദീർഘകാലത്തെ പത്രകോളങ്ങളിൽ ഒന്നാണ് ഇത്.
മഹാരാഷ്ട്രയിലെ വാർധ ജില്ലയിലെ തരോഡ ഗ്രാമത്തിൽ 1923 മാർച്ച് 11 ന് ജനിച്ച വൈദ്യ എട്ടാം വയസ്സിൽ സംഘ സ്വയംസേവകൻ ആകുമ്പോൾ ഡോക്ടർജി ആയിരുന്നു സർസംഘചാലക്. ഒൻപത് പതിറ്റാണ്ട് നീണ്ട സ്വയംസേവകയാത്രയിൽ, വൈദ്യ ഗുരുജിയുമായും തുടർന്നുള്ള എല്ലാ സർസംഘചാലക് മാരുമായും ആത്മബന്ധം സൂക്ഷിച്ചുപോന്നു. അഖില ഭാരതീയ ബൗദ്ധിക്പ്രമുഖ്, അഖില ഭാരതീയ പ്രചാർപ്രമുഖ്, പിന്നീട് ആർ.എസ്.എസിന്റെ ദേശീയ വക്താവ് എന്നിവയുൾപ്പെടെ സംഘടനയിൽ നിരവധി പ്രധാന ഉത്തരവാദിത്വങ്ങൾ അദ്ദേഹം വഹിച്ചു.
നിരവധി ബഹുമതികളും പദവികളും തേടിയെത്തിയെങ്കിലും രാഷ്ട്രീയപ്രവർത്തകന്റെ പ്രതാപമുള്ള വേഷം അണിയാതെ ജീവിതകാലം മുഴുവൻ ഒരു ആദർശ സ്വയംസേവകനായി ജീവിക്കാനായിരുന്നു അദ്ദേഹത്തിനിഷ്ടം. സജീവരാഷ്ട്രീയത്തിന്റെ ഭാഗമാകാൻ സംഘടന നിർബന്ധിച്ച അവസരത്തിൽ മാത്രം 1978 മുതൽ 1984 വരെ മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായി സേവനമനുഷ്ഠിച്ചു. കാലയളവ് അവസാനിച്ച ഉടൻതന്നെ തന്റെ അഭിലാഷപ്രകാരം സംഘപ്രവർത്തനത്തിലേക്ക് മടങ്ങി. ഡോ. മൻമോഹൻ വൈദ്യ, ഡോ. ശ്രീറാം വൈദ്യ എന്നീ രണ്ട് സംഘപ്രചാരകരുടെ പിതാവായ മാ ഗോ വൈദ്യ, 97-ാം വയസ്സിൽ അന്ത്യശ്വാസം വലിക്കുന്നതുവരെ, സ്വയം സേവകരുടെ വഴികാട്ടിയും പിതൃസ്ഥാനീയനുമായി ജീവിതം നയിച്ചു.
2018-ൽ ഓർഗനൈസറിന്റെ ചീഫ് ന്യൂസ് കോർഡിനേറ്റർ ആയിരുന്ന, ഗണേഷ് രാധാകൃഷ്ണനുമായുള്ള ഈ സംഭാഷണത്തിൽ, ഡോ. കെ. ബി. ഹെഡ്‌ഗേവാർ മുതൽ ഡോ. മോഹൻ ഭഗവത് വരെയുള്ള ആറ് സർസംഘചാലക് മാരുടെ നേതൃത്വത്തിൽ സംഘത്തിനുണ്ടായ വളർച്ചയുടെ കാലം ഓർമ്മിച്ചെടുക്കുന്നു. 95-ാം വയസ്സിലെ ഈ സംഭാഷണത്തിൽ പോലും പ്രകടിപ്പിക്കുന്ന അസാമാന്യമായ ഓർമ്മശക്തിയും വാക്ചാതുരിയും ബൗദ്ധിക ഔന്നത്യവും ആരെയും അതിശയിപ്പിക്കുന്നതാണ്. പല സംഭവങ്ങളും ദീർഘമായി ഓർത്തെടുത്താണ് അദ്ദേഹം പറയുന്നത്. അതുകൊണ്ടുതന്നെ തീയതികളിലും പേരുകളിലും ചെറിയ ചില മാറ്റങ്ങൾ ഉണ്ടായേക്കാം. സംഘാദർശങ്ങളുടെ മൂർത്തിരൂപമായി ജീവിച്ച ഒരു തൊണ്ണൂറുകാരന്റെ പ്രജ്ഞയുടെ പ്രതിഫലനമാണ് ഈ വാക്കുകൾ. സംഘത്തിന്റെ ശതാബ്ദിവർഷത്തിൽ വൈദ്യയുടെ ഈ അവസാന അപ്രകാശിത അഭിമുഖത്തിന് ഏറെ പ്രസക്തിയുണ്ട്.
സംഘത്തിലേക്ക്, ഡോക്ടർജിയെ കണ്ടുമുട്ടുന്നു.
1931 ൽ ആണ് ഞാൻ നാഗ്പൂരിൽ എത്തുന്നത്. നാഗ്പൂരിൽനിന്ന് ഏകദേശം 70 കിലോമീറ്റർ അകലെയുള്ള വാർധ ജില്ലയിലെ എന്റെ ഗ്രാമത്തിൽ വച്ച് മൂന്നുവർഷത്തെ പ്രാഥമിക വിദ്യാഭ്യാസം ഞാൻ നേടിയിരുന്നു. അച്ഛന്റെ ഒരു അടുത്ത ബന്ധുവിന് കുട്ടികളില്ലാതിരുന്നതിനാൽ അദ്ദേഹം എന്നെ നാഗ്പൂരിലേക്ക് കൊണ്ടുവരികയായിരുന്നു. അന്നെനിക്ക് എട്ട് വയസ്സാണ് പ്രായം. ഒരുദിവസം കുറച്ച് ആൺകുട്ടികൾ അവിടെ കളികളിൽ ഏർപ്പെടുന്നതുകണ്ട് എന്നെയും കൂട്ടാമോ എന്ന് ചോദിച്ചു. അവിടെയുണ്ടായിരുന്ന ഒരു പതാകയ്ക്ക് പ്രണാമം ചെയ്ത് അവരോടൊപ്പം കൂടിക്കൊള്ളാൻ പറഞ്ഞു. ഞാനങ്ങനെ ചെയ്തു. അന്നെനിക്ക് രാഷ്ട്രീയ സ്വയം സേവക സംഘത്തെ കുറിച്ച് ഒന്നുമറിയില്ല. ആരെങ്കിലും എവിടെ പോകുന്നുവെന്ന് ചോദിച്ചാൽ ‘ഞാൻ സംഘത്തിൽ പോകുന്നു’ എന്നായിരുന്നു മറുപടി. ഇങ്ങനെയാണ് ഞാൻ സംഘത്തിൽ എത്തുന്നത്.
എല്ലാ സർസംഘചാലക്മാരെയും കാണുകയും കേൾക്കുകയും ചെയ്ത സ്വയംസേവകൻ.
ഞാൻ എല്ലാ സർസംഘചാലക് മാരെയും കാണുകയും കേൾക്കുകയും ചെയ്തിട്ടുണ്ട്. പൂജ്യ ഡോ. ഹെഡ്ഗേവാർ മുതൽ മാനനീയ മോഹൻജി ഭഗവത് വരെ എല്ലാവരെയും. 1936 ലോ 37 ലോ മറ്റോ നടന്ന ഒരു സംഭവം ഓർക്കുന്നു. അന്ന് ഞാനൊരു ബാലസ്വയംസേവകനാണ്. ഒരു ശൈത്യകാലക്യാമ്പ് നടക്കുകയാണ്. ഉത്തരപ്രദേശിൽനിന്നുള്ള സമ്പന്നനായൊരു വ്യക്തി ക്യാമ്പ് സന്ദർശിച്ചു. പതിവുപോലെ ഡോക്ടർജി ഹിന്ദിയിൽ തന്റെ പ്രാഥമികഭാഷണം നടത്തി. അതിനുശേഷം ആ വ്യക്തി എഴുതിക്കൊണ്ടുവന്ന ഒരു പ്രസംഗം വായിച്ചു. ഏകദേശം പതിനഞ്ച് മിനിറ്റ് നീണ്ടു ആ പ്രസംഗം. പ്രസംഗം അവസാനിപ്പിക്കുമ്പോൾ അദ്ദേഹം ഒന്ന് കൂട്ടിച്ചേർത്തു, ‘ഞാൻ നിങ്ങളിൽ വളരെ സംതൃപ്തനാണ്, ഞാൻ ഒരു 350 രൂപ സംഭാവനയായി സംഘത്തിന് നൽകും.’ ഇന്ന് 350 രൂപ എന്ന് പറഞ്ഞാൽ തമാശയായി തോന്നും. എന്നാൽ ഓർക്കണം, ഇന്നത്തെ കേശവ് സ്മൃതി സ്ഥിതിചെയ്യുന്ന റഷിം ബാഗ് മൈതാനം അന്ന് വാങ്ങിയത് 200 രൂപയ്ക്കാണ്. ഹെഡ്ഗേവാർഭവന് സമീപമുള്ള മോഹിത് സംഘസ്ഥാൻ വാങ്ങിയത് 1200 രൂപയ്ക്കും.
ഡോക്ടർജി എഴുന്നേറ്റുനിന്ന് ആ മാന്യനോട് നന്ദി പറഞ്ഞു. ‘അങ്ങ് ഇവിടെയെത്തി ഞങ്ങളുടെ ക്യാമ്പ് സന്ദർശിച്ച് അതിന്റെ ഭാഗമായതിന് നന്ദി. പക്ഷേ ക്ഷമിക്കണം, ഞങ്ങൾ ഈ സംഭാവന സ്വീകരിക്കാൻ ഒരുക്കമല്ല. കാരണം സംഭാവന സ്വീകരിക്കുന്നത് സംഘത്തിന്റെ രീതിയല്ല.”
ഡോക്ടർജിയുമായി നേരിട്ട് സംസാരിക്കാൻ അങ്ങേയ്ക്ക് എപ്പോഴെങ്കിലും അവസരം ലഭിച്ചിട്ടുണ്ടോ?
നേരിട്ട് സംസാരിക്കാനുള്ള അവസരം ഉണ്ടായിട്ടില്ല. എന്റെ സമപ്രായക്കാരെല്ലാം അദ്ദേഹത്തിന്റെ വീട്ടിൽ പോകാറുണ്ടായിരുന്നു. എന്നാൽ ശാഖ കഴിഞ്ഞ ഉടനെ വീട്ടിലെത്തണമെന്ന് രക്ഷിതാക്കളുടെ നിബന്ധനയുണ്ടായിരുന്നു. ഞാൻ താമസിച്ചിരുന്നത് എന്റെ അടുത്ത ബന്ധുവിനോടൊപ്പമായിരുന്നുവെന്ന് സൂചിപ്പിച്ചിരുന്നല്ലോ.
സംഘത്തിന്റെ നിരോധനം, 1948.
എനിക്കന്ന് മൂന്ന് ശാഖകളുടെ ചുമതലയുണ്ടായിരുന്നു. 1947-ൽ എന്നെ മറ്റൊരു പ്രദേശത്തേക്ക് അയച്ചു. നാഗ്പൂരിനെ ഭാഗ് എന്ന് വിളിക്കുന്ന പ്രത്യേക മൂന്ന് ഡിവിഷനുകളായി വിഭജിച്ചിരുന്നു. ഒന്ന് മോഹിതേവാഡ സ്ഥിതിചെയ്യുന്ന മോഹിതേഭാഗ്. മറ്റൊന്ന് ഇത്വാരിഭാഗ്. എന്നെ ഇത്വാരിഭാഗിലേക്കാണ് അയച്ചത്. മൂന്ന് സായാഹ്നശാഖകളുടെ ചുമതലയും എനിക്കായിരുന്നു. മിക്ക സ്വയംസേവകരും വിദ്യാർത്ഥികളും യുവാക്കളുമായിരുന്നു.
ആ സമയത്താണ് ഗാന്ധിജിയുടെ കൊലപാതകം നടന്നത്. ഏറ്റവുമധികം പീഡിപ്പിക്കപ്പെട്ട കാലഘട്ടമായിരുന്നുവെന്ന് പറയാം. ആളുകൾ ഞങ്ങൾക്ക് നേരെ വിരൽ ചൂണ്ടി ‘ഗാന്ധിജിയുടെ ഘാതകർ പോകുന്നു’ എന്ന് പറയുമായിരുന്നു. ആ പ്രദേശം മുഴുവൻ കോൺഗ്രസ് ആധിപത്യമുള്ളതായിരുന്നു. ഞങ്ങളുടെ വിഭാഗ് കാര്യവാഹ് പി.വി.സവർക്കറുടെ വീട് കോൺഗ്രസ് പ്രവർത്തകർ വളഞ്ഞു. എപ്പോൾ വേണമെങ്കിലും അദ്ദേഹത്തെ ആക്രമിക്കും എന്ന അവസ്ഥ.
എനിക്ക് അദ്ദേഹത്തിന്റെ വീട് അറിയാമായിരുന്നു. ഒരു സംഘ അധികാരി ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഇളയ സഹോദരൻ പോലീസ് ഇൻസ്പെക്ടറായിരുന്നു. അദ്ദേഹം യൂണിഫോം ധരിച്ച് എന്നെ പിന്തുടർന്നു. ആരും എന്നെ തിരിച്ചറിഞ്ഞില്ല. ഞാൻ ഒരു ചട്ടമ്പിയെപ്പോലെ വേഷമണിഞ്ഞു, കഴുത്തിൽ തൂവാല കെട്ടി, മുടി ഒതുക്കിവച്ചില്ല. അവർക്ക് സവർക്കറെ അറിയാം. എന്റെ സൈക്കിളിൽ പിൻസീറ്റ് ഇല്ലായിരുന്നു. ഞാൻ അദ്ദേഹത്തെ എന്റെ മുന്നിൽ ഇരുത്തിയാണ് അവിടെ എത്തിച്ചത്. യാത്ര ആരംഭിച്ചയുടനെ അവർക്ക് മുന്നറിയിപ്പ് ലഭിച്ചിരുന്നു. പക്ഷേ കൂടെ പോലീസ് ഉദ്യോഗസ്ഥനെ കണ്ടതുകൊണ്ട് അവർ ഞങ്ങളെ തടഞ്ഞില്ല. അല്ലെങ്കിൽ, ഞങ്ങളെ മർദ്ദിച്ചുകൊല്ലുമായിരുന്നു. ഞാൻ അദ്ദേഹത്തെ സുരക്ഷിതമായി മഹൽ ഏരിയയിൽ എത്തിച്ചു.
അതിനുമുമ്പ്, ഏകദേശം മൂന്ന് മാസത്തോളം ഞാൻ ഒരു സർക്കാർ കോളേജിൽ ലക്ചററായിരുന്നു. എഴുത്തുകുത്തുകളുമായി സഞ്ചരിക്കുമ്പോൾ എപ്പോഴും ഞാൻ സ്യൂട്ട് ധരിച്ചുകൊണ്ട് സൈക്കളിൽ പോയി. ആർക്കും ഒരു സംശയവും തോന്നിയില്ല. ഡിസംബർ 9 നാണ് സത്യാഗ്രഹം ആരംഭിച്ചത്. പക്ഷേ ഞാൻ നയിച്ചത് ജനുവരിയിലാണ്. ആ സമയത്ത് എനിക്ക് ജോലിയില്ലായിരുന്നു. മജിസ്ട്രേറ്റ് എന്നോട് ചോദിച്ചു, ‘നിങ്ങൾ എന്ത് ചെയ്യുന്നു?’ ഞാൻ പറഞ്ഞു ‘ഒന്നും ചെയ്യുന്നില്ല.’
സംസ്‌കൃതത്തിൽ പ്രൈവറ്റായി എംഎ നേടിയിരുന്നതിനാൽ എനിക്ക് പബ്ലിക് സർവീസ് കമ്മീഷൻ വഴി ലക്ചററായി നിയമനം ലഭിച്ചിരുന്നു. അതൊരു താത്കാലിക ഒഴിവായിരുന്നതിനാൽ ഒക്ടോബർ 31 ന് അതിന്റെ കാലാവധി അവസാനിച്ചു. ഞാൻ മജിസ്ട്രേറ്റിനോട് പറഞ്ഞു, ‘ഞാൻ ഒരു വിദ്യാർത്ഥിയാണ്.’ ആറാഴ്ചത്തെ തടവാണ് എനിക്ക് ലഭിച്ചത്. എന്റെ ബാച്ചിലുള്ളവർക്ക് മൂന്ന് മാസം തടവ് ശിക്ഷ വിധിച്ചു.
ആർ.എസ്.എസ് നിരോധനത്തിന് നിരുപാധികമായ ഒരു അവസാനം.
കേസരിയുടെ മുഖ്യപത്രാധിപരായ കേത്കറും ശ്രീ വെങ്കിടറാം ശാസ്ത്രിയും ശ്രീ ഗുരുജിയെ കണ്ട് ആർ.എസ്.എസിന് ലിഖിതമായ ഭരണഘടന ഇല്ലെന്ന് പറഞ്ഞു. അവരുടെ നിർബന്ധത്താൽ ലിഖിതമായ ഒരു ഭരണഘടന തയ്യാറാക്കി. ഗുരുജി ശാസ്ത്രിയോട് ചോദിച്ചു, ”നമുക്ക് എഴുതപ്പെട്ട ഭരണഘടന ഇല്ലാത്തതിനാൽ ആണോ നിരോധനം ഉണ്ടായത്?” അദ്ദേഹം പറഞ്ഞു, ”അല്ല, പക്ഷേ നിരോധനം നീക്കാൻ അത് സഹായിക്കും.”
ഗുരുജി ഒന്നും എഴുതിനൽകില്ലെന്ന് ഭയ്യാജി ദാനി, ഭാവുസാഹേബ് ദേവറസ് തുടങ്ങിയ സംഘ അധികാരികൾ പറഞ്ഞു. അങ്ങനെ മൗലി ചന്ദ്ര ശർമ്മ ഗുരുജിയെ കാണാനെത്തി. (ഇദ്ദേഹം ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ കീഴിൽ പിന്നീട് ജനസംഘത്തിന്റെ ജനറൽ സെക്രട്ടറിയായി). ഗുരുജി ജയിലിലായിരുന്നു, ഗുരുജി ഒന്നും എഴുതിനൽകില്ലെന്ന് പറഞ്ഞു. അദ്ദേഹം മടങ്ങി. കുറച്ച് ദിവസങ്ങൾക്കുശേഷം വീണ്ടുമെത്തി ഒരു സമവായത്തിലെത്തി. ഗുരുജി സർക്കാരിന് ഒന്നും എഴുതിനൽകില്ല, പക്ഷേ, ശർമ്മ അദ്ദേഹത്തോട് ചില ചോദ്യങ്ങൾ ചോദിക്കും. അദ്ദേഹം ഉത്തരം നൽകും. എന്നാൽ യഥാർത്ഥത്തിൽ ചോദ്യോത്തരങ്ങൾ ഉണ്ടായിരുന്നില്ല. ഡൽഹിയിൽ നേരത്തേ ഒരു പത്രസമ്മേളനത്തിൽ ഗുരുജി പറഞ്ഞത് – ഏതാണ്ട് അതേ പ്രസ്താവന – ‘എന്റെ പ്രിയപ്പെട്ട മൗലി ചന്ദ്രശർമ്മ’ എന്ന തലക്കെട്ടിൽ ‘എം.എസ്. ഗോൾവൽക്കർ’ എന്ന് ഒപ്പിട്ട് നൽകുകയായിരുന്നു.
അത്ഭുതമെന്നു പറയട്ടെ, ആ വൈകുന്നേരം നിരോധനം നീക്കി. റേഡിയോയിൽ പ്രഖ്യാപിച്ചു. ഇരുപതിനായിരം പേരെ അറസ്റ്റ് ചെയ്തു, ഇരുപതിനായിരം വീടുകൾ പരിശോധിച്ചു, പക്ഷേ ഒരു തെളിവുപോലും കണ്ടെത്താൻ കഴിഞ്ഞില്ല. വ്യർത്ഥമായിരുന്നു അതെല്ലാം.
താങ്കൾ ‘ജസ്റ്റിസ് ഓൺ ട്രയൽ’ വായിച്ചിട്ടുണ്ടോ? അത് വായിക്കണം. അതിന് ആമുഖം എഴുതിയത് ഞാനാണ്. മറാത്തിയിൽ ഒരു പുസ്തകവും ഞാൻ എഴുതിയിരുന്നു. നിരോധനം എങ്ങനെ ഇത്ര പെട്ടെന്ന് നീക്കിയെന്ന് ആളുകൾ അത്ഭുതപ്പെട്ടു. ആർഎസ്എസ് ചില വ്യവസ്ഥകൾ അംഗീകരിച്ചിരിക്കാമെന്ന് അവർ കരുതി. ബോംബെ പ്രസിഡൻസി അസംബ്ലിയിൽ ഇതിനെക്കുറിച്ച് ചോദ്യോത്തരങ്ങൾ ഉണ്ടായിരുന്നു. ഒരു വ്യവസ്ഥയും കൂടാതെ നിരുപാധികമായായിരുന്നു എന്നാണ് സർക്കാർ പറഞ്ഞത്. പിന്നെ എന്തിനാണ് നിരോധനം നീക്കിയത്? അത് തുടരാൻ ഒരു കാരണവും കണ്ടെത്താനായില്ലെന്ന് സർക്കാർ പറഞ്ഞു.
ജയിലിൽനിന്ന് പുറത്തിറങ്ങിയതിന് ശേഷം എങ്ങനെ ആയിരുന്നു ജീവിതം?
ഞാൻ ജയിൽമോചിതനായ സമയം, ചർച്ച് ഓഫ് സ്‌കോട്ട്ലൻഡ് നടത്തുന്ന ഒരു ക്രിസ്ത്യൻ കോളേജിലെ ഒരു വിദ്യാർത്ഥി എന്റെ അടുക്കൽ വന്നു. ഒരു സംസ്‌കൃത അദ്ധ്യാപകൻ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ, അദ്ദേഹം മരിച്ചുപോയി. വിദ്യാർത്ഥി ചോദിച്ചു, ‘സർ, ഞങ്ങളുടെ കോളേജിൽ പഠിപ്പിക്കാൻ വരുമോ?’ നേരിട്ട് അവിടെ പോവുക വിഷമമായിരുന്നു. അങ്ങനെ ഞാൻ എന്റെ ഗവൺമെന്റ് കോളേജിലെ ഡിപ്പാർട്ട്‌മെന്റ് മേധാവിയുടെ അടുത്ത് ചെന്ന് ചോദിച്ചു, ‘സർ, പ്രിൻസിപ്പലുമായി സംസാരിക്കാമോ?’ ഞാൻ മുമ്പ് പ്രിൻസിപ്പലിനെ കണ്ടിട്ടില്ല. അദ്ദേഹം എന്നോട് പറഞ്ഞു, ‘സീനിയർ വിദ്യാർത്ഥികൾ അവധിക്ക് പോയിരിക്കുന്നതിനാൽ അവർ ആരെയും ഉടനടി നിയമിക്കുമെന്ന് തോന്നുന്നില്ല, ഏതായാലും ഒരു മാസത്തേക്കോ മറ്റോ ആയി ഒഴിവ് നികത്തുന്നുണ്ടോ എന്ന് അവിടെ ആരോടെങ്കിലും ഒന്ന് അന്വേഷിക്കൂ. എന്നിട്ട് ഞാൻ പ്രിൻസിപ്പലുമായി സംസാരിക്കാം.’
ഞാൻ ചിന്തിച്ചു, എന്തിന് മറ്റൊരാളോട് ചോദിക്കണം – ഞാൻതന്നെ പോകാം. അങ്ങനെ ഞാൻ ഒരു ധോത്തിയും ഹാഫ് ഷർട്ടും ധരിച്ച് അവിടെയെത്തി. ഒരു പ്യൂൺ അവിടെ ഇരുന്നിരുന്നു. ഞാൻ ഹിന്ദിയിൽ ചോദിച്ചു, ”പ്രിൻസിപ്പൽ സാഹിബ്, കഹാൻ ബൈഠെ ഹൈം?” അയാൾ മറുവശത്തേക്ക് വിരൽചൂണ്ടി. സ്യൂട്ടും നെക്ക് ടൈയും ധരിച്ച ഒരു കറുത്ത മനുഷ്യൻ ചില ക്ലാർക്കുമാരോടൊപ്പം ഇരിക്കുന്നത് കണ്ടു. അദ്ദേഹം പ്രിൻസിപ്പലാണെന്നാണ് ഞാൻ കരുതിയത്. ഒഴിവുള്ള ലക്ചറർ തസ്തിക നികത്തുന്നുണ്ടോ എന്ന് അദ്ദേഹത്തോട് ചോദിച്ചു. പ്രിൻസിപ്പലിനോട് ചോദിക്കൂ എന്നായിരുന്നു മറുപടി. പിറ്റേന്ന് വന്ന് കണ്ടുകൊള്ളാം എന്ന് ഞാൻ പറഞ്ഞു. ഇന്നുതന്നെ കാണൂ, അദ്ദേഹം ഇന്ന് പുറത്ത് പോകും എന്ന് പറഞ്ഞ് പ്യൂൺ നിർബന്ധിച്ചു. അങ്ങനെ ഞാൻ സമ്മതിച്ചു. പ്രിൻസിപ്പൽ കരുതിയത് ഞാനൊരു വിദ്യാർത്ഥി ആണെന്നായിരുന്നു. ഞാൻ അദ്ദേഹത്തോട് കാര്യങ്ങളെല്ലാം പറഞ്ഞു: ”സർ, ഞാൻ എം.എ സംസ്‌കൃതത്തിൽ ഫസ്റ്റ് ക്ലാസ് സ്വർണ്ണമെഡൽ ജേതാവാണ്.” അദ്ദേഹം ഉടനെ പ്യൂണിനെ വിളിച്ചു. ഒന്നാം വർഷ, മൂന്നാം വർഷ വിദ്യാർത്ഥികളെയും വിളിപ്പിച്ചു. എനിക്ക് അദ്ധ്യാപനപരിചയം ഉണ്ടായിരുന്നതിനാൽ, ഞാൻ എല്ലാതിനും ആത്മവിശ്വാസത്തോടെ ഉത്തരം നൽകി.
പ്രിൻസിപ്പലുമായുള്ള ആ കൂടിക്കാഴ്ച നടന്നത് ഞാൻ ജയിൽമോചിതനായി മൂന്ന് ദിവസത്തിന് ശേഷമാണ്. (1949 ഫെബ്രുവരി 21 ന് ഞാൻ കോളേജിൽ ചേർന്നു. എനിക്ക് 26 വയസ്സായിരുന്നു.) തിങ്കളാഴ്ച വരാമെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം പറഞ്ഞു, ”അപേക്ഷ കൊണ്ടുവരൂ; ഓർഡർ ഇതിനകം ഇവിടെയുണ്ട് – 115 രൂപ ശമ്പളവും യാത്രാ അലവൻസായി 30 രൂപയും.” പിന്നീട് സെഷന്റെ മധ്യത്തിൽ ഉപേക്ഷിച്ച് പോകരുതെന്ന വാമൊഴി വ്യവസ്ഥയോടെ അവർ എനിക്ക് സ്ഥിരം ജോലി തന്നു. സർക്കാർ ശമ്പളം 260 രൂപയും അവരുടേത് 145 രൂപയുമായിരുന്നു – അതാണ് വ്യത്യാസം. 17 വർഷം അവിടെ ജോലി ചെയ്തു. ബാലാസാഹേബ് ദേവരസ് തരുൺ ഭാരതിന്റെ എഡിറ്ററായി ചേരാൻ ആവശ്യപ്പെട്ടപ്പോളാണ് ഞാൻ ജോലി ഉപേക്ഷിച്ചത്. എന്നെ നിയമിച്ച പ്രിൻസിപ്പൽ അപ്പോഴേയ്ക്കും വിരമിച്ചിരുന്നു. അതിനാൽ കോളേജ് വിടാൻ ഒരു ബുദ്ധിമുട്ടും തോന്നിയില്ല.
വിവാഹവും കുടുംബജീവിതവും
1948-ൽ ഞാൻ വിവാഹിതനായി. യഥാർത്ഥത്തിൽ 1947 ൽ ആയിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്, പക്ഷേ ആ സമയത്ത് അദ്ധ്യാപകനായി പോകേണ്ടിവന്നതിനാൽ മുഹൂർത്തം ക്രമീകരിക്കാൻ കഴിഞ്ഞില്ല. 1948 ൽ ഗാന്ധിജി കൊല്ലപ്പെടുമെന്നോ സംഘം നിരോധിക്കപ്പെടുമെന്നോ ആർക്കും അറിയില്ലല്ലോ. 1948 മാർച്ച് 22 ന് ഞാൻ വിവാഹിതനായി. ഞങ്ങൾക്ക് കൃഷിഭൂമിയും അതിൽനിന്ന് കുറച്ച് വരുമാനവും ഉണ്ടായിരുന്നു. എന്റെ ഒരു മകൻ ധനഞ്ജയ് ജോലിക്കാരനായിരുന്നു. മൻമോഹൻ രസതന്ത്രത്തിൽ ലക്ചററായി ജോലിചെയ്തു. ലക്ചറർ എന്ന നിലയിൽ ന്യൂക്ലിയർ കെമിസ്ട്രിയിൽ ഗവേഷണം നടത്തി. പിഎച്ച്ഡി നേടിയശേഷം പ്രചാരകനാകാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു. ഞാനത് സമ്മതിച്ചു. വർഷം ഓർമ്മയില്ല.
രാഷ്ട്രീയത്തിൽ
1961 മുതൽ 1966 വരെ ജനസംഘത്തിൽ ചേരാൻ നിർബന്ധിതനായെന്ന് പറഞ്ഞല്ലോ. ജനസംഘത്തിന്റെ നാഗ്പൂർ ജില്ലയുടെയും നാഗ്പൂർ കോർപ്പറേഷൻ ഏരിയയുടെയും ഓർഗനൈസിംഗ് സെക്രട്ടറിയായി. ഒരു മുഴുവൻ സമയപ്രവർത്തകന്റെ ആവശ്യകത ആ സമയത്തുണ്ടായിരുന്നു. രംഭാവു ഗോഡ്ബോലെ ആയിരുന്നു. മഹാരാഷ്ട്രയുടെ ഓർഗനൈസിംഗ് സെക്രട്ടറി. അദ്ദേഹം എന്നോട് ജോലി ഉപേക്ഷിച്ച് ഒരു മുഴുവൻ സമയ പ്രവർത്തകനായി ചേരാനാവശ്യപ്പെട്ടു. ജോലി ഉപേക്ഷിച്ച് നിയമസഭാസീറ്റിൽ മത്സരിക്കാൻ എന്നോട് ആവശ്യപ്പെട്ടു. ഞാൻ ജോലി ഉപേക്ഷിക്കാൻ തയ്യാറായിരുന്നു. പിന്നീട് ആ സീറ്റിൽ പണ്ഡിറ്റ് ബസുരാജ് വൈദ്യ മത്സരിക്കണമെന്ന് തീരുമാനിക്കുകയായിരുന്നു. എനിക്ക് ജോലി ഉപേക്ഷിക്കേണ്ടിവന്നില്ല.
പത്രപ്രവർത്തകൻ എന്ന നിലയിൽ.
ഞാൻ തരുൺ ഭാരതിന്റെ അസിസ്റ്റന്റ് എഡിറ്ററായി ചേർന്നു. എനിക്ക് പത്രപ്രവർത്തനത്തെക്കുറിച്ച് ഒന്നുംതന്നെ അറിയില്ലായിരുന്നു. ലൈബ്രറിയിൽനിന്ന് പത്രപ്രവർത്തനത്തെക്കുറിച്ചുള്ള പുസ്തകങ്ങൾ കടമെടുത്ത് ഞാൻ പഠിച്ചു. അടിയന്തരാവസ്ഥക്കാലത്ത് എന്റെ എഡിറ്റോറിയൽ പുറത്തിറങ്ങി. ‘വിനാശകാലേ വിപരീതബുദ്ധി’ എന്നായിരുന്നു തലക്കെട്ട്. എന്നാൽ സെൻസർ ഓഫീസർ തടഞ്ഞു. അടുത്തദിവസം മുതൽ രണ്ട് ദിവസത്തേക്ക് എഡിറ്റോറിയൽ അച്ചടിച്ചില്ല. പിന്നീട് അവർ വന്ന് ഇത് നിയമവിരുദ്ധമാണെന്നും എഡിറ്റോറിയൽ നിർബന്ധമായി എഴുതണമെന്നും പറഞ്ഞു.
അന്നുമുതൽ ഒരു സെൻസർ ഓഫീസർ; ഒരു പോലീസ് ഇൻസ്പെക്ടർ വന്ന് ഇന്നത്തെ പരിപാടികൾ അടക്കം പത്രത്തിന്റെ ഉള്ളടക്കം മുഴുവൻ വായിച്ചുനോക്കുമായിരുന്നു. എല്ലാ ദിവസവും പോലീസ് ഓഫീസറും പോലീസ് വാനും വന്നുപൊയ്ക്കൊണ്ടിരുന്നു. പിന്നീട് ഒരു ഇംഗ്ലീഷ് പത്രത്തിന്റെ എഡിറ്ററായ കോൺഗ്രസുകാരൻ പ്രധാനമന്ത്രിയോട് പരാതിപ്പെട്ടതിനുശേഷം മാത്രമാണ് ഇൻസ്പെക്ടരുടെ വരവുനിന്നത്. പക്ഷേ, അപ്പോഴും ഞങ്ങൾക്ക് അദ്ദേഹത്തിന് എഡിറ്റോറിയൽ അയച്ചുകൊടുക്കേണ്ടി വന്നിരുന്നു. 1983-ൽ 60 വയസ് പൂർത്തിയാക്കിയ ഉടൻ, തരുൺ ഭാരതിന്റെ ചീഫ് എഡിറ്റർ സ്ഥാനത്ത് നിന്ന് ഞാൻ വിരമിച്ചു. രണ്ട് വർഷം കൂടി തുടരാൻ ആവശ്യപ്പെട്ടുവെങ്കിലും ഞാൻ വിസമ്മതിച്ചു. 17 വർഷം ഞാൻ പത്രത്തിൽ സേവനമനുഷ്ഠിച്ചു. പുതിയൊരാളെ എഡിറ്ററാക്കിയില്ലെങ്കിൽ അതെന്റെ പരാജയമായി കണക്കാക്കും. അങ്ങനെ ശ്രീ ഭുംരെ ചീഫ് എഡിറ്ററായി. രണ്ട് വർഷത്തേക്ക് മാനേജിംഗ് ഡയറക്ടറായി ഭരണം നടത്താൻ എന്നോടാവശ്യപ്പെട്ടു. എനിക്ക് തരുൺ ഭാരത് അസോസിയേറ്റ്സിന്റെ ഓണററി ഡയറക്ടറായി ചുമതല ലഭിച്ചു. നാഗ്പുരിലായിരുന്നു ആസ്ഥാനം.
എട്ട് വർഷം ഞാൻ നാഗ്പൂർ കാര്യാലയത്തിൽ താമസിച്ചു. എനിക്ക് ഒരു കാർ തന്നിരുന്നു. ഞാൻ തന്നെയാണ് അത് ഓടിച്ചിരുന്നതും. 1985 മുതൽ 1993 വരെ ഇത് തുടർന്നു – ആർഎസ്എസിന്റെ മൂന്നാമത്തെ നിരോധനം വരെ. അതൊരു കൃത്യമായ നിരോധനമായിരുന്നില്ല. പോലീസ് എന്നെ അറസ്റ്റ് ചെയ്യാൻ വന്നുവെങ്കിലും ഞാൻ മാതാപിതാക്കളുടെ വീട്ടിലായിരുന്നതിനാൽ അറസ്റ്റ്ചെയ്യാൻ കഴിഞ്ഞില്ല.
ആർ.എസ്.എസിന്റെ പ്രഥമ വക്താവ് എന്ന നിലയിൽ.
2000 മുതൽ 2003 വരെ സംഘത്തിന്റെ വക്താവായിരുന്നു. ആ സമയത്ത് എനിക്ക് 77 വയസ്സാണ്. എച്ച്.വി. ശേഷാദ്രിജി ആയിരുന്നു സർകാര്യവാഹ്. 75 വയസ്സ് തികഞ്ഞാൽ ഒരു ഉത്തരവാദിത്വവും ഏറ്റെടുക്കില്ലെന്ന് അദ്ദേഹത്തോട് സൂചിപ്പിച്ചിരുന്നു. കൂടെയുണ്ടാകാമെന്ന് ഭാര്യക്ക് ഉറപ്പ് നൽകിയിരുന്നു.
വ്യക്തിജീവിതവും സംഘവും
കുടുംബജീവിതവും സംഘപ്രവർത്തനവും തമ്മിൽ യാതൊരു സംഘർഷവും ഉണ്ടായിരുന്നില്ല. കാരണം എനിക്ക് സംഘപ്രവർത്തനമായിരുന്നു പ്രധാനം. അതിനനുസരിച്ച് കുടുംബജീവിതം ക്രമീകരിച്ചു. അഖില ഭാരതീയ ബൗദ്ധിക് പ്രമുഖ് ആകാൻ സംഘം ആവശ്യപ്പെട്ടപ്പോൾ, ആ ചുമതല ഏറ്റെടുത്തു. വീണ്ടും, പ്രചാർ പ്രമുഖ് ആകാൻ സംഘം എന്നോട് ആവശ്യപ്പെട്ടപ്പോൾ, അതും- ആദ്യത്തെ പ്രചാർ പ്രമുഖ്. 77 വയസ്സുള്ളപ്പോൾ ഡൽഹിയിൽ വക്താവായി വരാൻ സംഘം എന്നോട് ആവശ്യപ്പെട്ടു. മൂന്ന് വർഷത്തേക്ക് മാത്രമേ ഉണ്ടാകൂ എന്ന് ഞാൻ അറിയിച്ചിരുന്നു.
We, or Our Nationhood Defined സംബന്ധിച്ചവിവാദങ്ങൾ
സർസംഘചാലക് ആകുന്നതിന് മുമ്പ് ഗുരുജി ഇത് എഴുതി. പിന്നീട് അദ്ദേഹംതന്നെ പറഞ്ഞു, ‘അത് മറന്നേക്കൂ.’
Translated By: R Sreelakshmi








Discussion about this post