ന്യൂദൽഹി: “ദേശവിരുദ്ധ ശക്തികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്ന ആഖ്യാന യുദ്ധം (nattative war) ആശയപരമായ തലത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ലെന്നും അത് രാജ്യത്തിനകത്തും പുറത്തുമൊക്കെയായി വൻ അക്രമങ്ങൾക്കും രക്തച്ചൊരിച്ചിലിനും കാരണമായിക്കൊണ്ടിരിക്കുന്നവെന്നും രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ അഖില ഭാരതീയ പ്രചാർ പ്രമുഖ് ശ്രീ സുനിൽ അംബേകർ പറഞ്ഞു. ശ്രീലങ്കയിലും സമീപ രാജ്യങ്ങളിലുമുണ്ടായ അടുത്തകാലത്തുണ്ടായ അക്രമ സംഭവങ്ങൾ ഇതിന്റെ ഉദാഹരണങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡിസംബർ 4-ന് ന്യൂദൽഹിയിലെ ആർഎസ്എസ് ആസ്ഥാനമായ കേശവകുഞ്ജിൽ വച്ച് ‘ദേശി നരേറ്റീവ് ഡോട്ട് കോം’ (DesiNarrative.com) എന്ന മാധ്യമ സംരഭം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രശത്രുക്കൾ വ്യാജ നാരേറ്റീവുകൾ പ്രചരിപ്പിക്കുന്ന കാലഘട്ടത്തിൽ, വസ്തുതയിലും ഗവേഷണത്തിലും ഊന്നിനിന്നുകൊണ്ട് ആശയപരമായും ബൗദ്ധികമായും അതിനെതിരെ പ്രതിരോധമുയർത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിൽ ‘ദേശി നരേറ്റീവ്’ പോലൊരു മാധ്യമത്തിന്റെ പങ്ക് ഏറെ നിർണായകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പുതിയ തലമുറയെ അവരുടെ സാംസ്കാരികവും-ചരിത്ര പരവുമായ വേരുകളോട് കൂടുതൽ ബന്ധിപ്പിക്കാൻ ഇത്തരം മാധ്യമങ്ങൾ സഹായിക്കും എന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു. മികച്ച ലേഖനങ്ങളും വീക്ഷണങ്ങളും നൽകി ദേശി നരേറ്റീവിനെ ദേശീയ മുഖ്യധാരയിലേക്ക് എത്തിക്കാൻ അദ്ദേഹം എഴുത്തുകാരോടും ഗവേഷകരോടും ആഹ്വാനം ചെയ്തു.
ദൈനംദിന വാർത്തകളല്ല, മറിച്ച് വാർത്തയിലെ വസ്തുതകളെ ആഴത്തിൽ വിശകലനം ചെയ്യുന്നതും വ്യാജ ആഖ്യാനങ്ങളെ തുറന്നുകാട്ടുന്നതുമായ ലേഖനങ്ങളായിരിക്കും ദേശി നരേറ്റീവിൽ പ്രസിദ്ധീകരിക്കുന്നതെന്ന് സ്വാഗത പ്രസംഗത്തിൽ ഡോ. പി. സന്ദീപ് കുമാർ പറഞ്ഞു. വാർത്തകൾ വേഗത്തിൽ മാറുന്ന കാലത്ത്, ദീർഘകാല പ്രാധാന്യമുള്ള ഉള്ളടക്കത്തിനുള്ള ഒരു വേദിയാണ് തങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നതെന്ന് ദേശി നരേറ്റീവിന്റെ എഡിറ്റർ ശ്രീ ഗണേഷ് രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലും ലഭ്യമായ വെബ് പോർട്ടൽ, ഉടൻതന്നെ തമിഴ്, ഹിന്ദി തുടങ്ങിയ ഭാഷകളിലെ വായനക്കാരിലേക്കും എത്തുമെന്നും ഗണേഷ് അറിയിച്ചു.










Discussion about this post