‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’, ‘പലമതസാരവുമേകം’ എന്നീ മഹത്തായ സനാതനധർമ്മ സന്ദേശങ്ങൾ കേരളീയസമൂഹത്തിന് നൽകിയ ശ്രീനാരായണ ഗുരുദേവനെ ലോകം ഇന്നും അത്ഭുതാദരവുകളോടെയാണ് നോക്കിക്കാണുന്നത്. ഗുരുവിന്റെ മഹാസന്ദേശങ്ങളിന്ന് പലതരത്തിൽ വ്യാഖ്യാനിക്കപ്പെടുന്നതും നാം കാണുന്നുണ്ട്. അവയിലെ മതാത്മകതയും, മതേതരത്വവും രാഷ്ട്രീയ-മത നേതാക്കൾ തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് വ്യഖ്യാനിക്കുമ്പോഴും, നൂറുവർഷങ്ങൾക്കിപ്പുറം ആ മഹാവാക്യങ്ങളുടെ അന്തസത്തയെ ചോദ്യം ചെയ്യാൻ ആരും ഈ ആധുനിക കാലത്ത് മുതിർന്നേക്കില്ല. അതുതന്നെയാണ് ഗുരുവിന്റെ സനാതന ധർമ സന്ദേശത്തിന്റെ കാലികപ്രസക്തിയും.
ഗുരുദേവ ദർശനത്തിന്റെ ഏറ്റവും സംക്ഷിപ്ത ആവിഷ്കാരമായി ലോക ശ്രദ്ധനേടിയ ‘പലമത സാരവുമേകം’, ‘ഒരു ജാതി ഒരു മതം ഒരു ദൈവം’ എന്നീ ആപ്തവാക്യങ്ങൾക്ക് സനാതന ധർമ്മത്തിനകത്തുനിന്നോ പുറത്തുനിന്നോ എതിർപ്പുകൾ നേരിടേണ്ടി വന്നിട്ടില്ല എന്നാണ് നാം വിശ്വസിച്ചു പോരുന്നത്. ഈ മഹാവാക്യങ്ങൾക്ക് ഗുരു നൽകുന്ന പ്രമാണം ഭഗവദ് ഗീതയാണ്. “‘മമ വർത്തമാനു വർത്തന്തേ മനുഷ്യാ: പാർത്ഥ സർവശഃ’ ഇതി ഗീതാവചോപ്യത്ര മതേ പ്രാമാണ്യമർഹതി” എന്നാണ്, ഗുരു ‘ശ്രീനാരായണ സ്‌മൃതി’യിൽ പറഞ്ഞിരിക്കുന്നത്. അക്കാലത്തെ, വൈദികരോ, താന്ത്രികരോ, മറ്റു ജാതി വിഭാഗങ്ങളിൽപെട്ട ഹിന്ദുക്കളോ ഈ മഹദ്‌വചനങ്ങളെ എതിർത്തതായി എങ്ങും രേഖപ്പെടുത്തിയിട്ടില്ല.
എന്നാൽ, ആധുനിക കേരളം അതിന്റെ പ്രമാണവാക്യമായി സ്വീകരിച്ച ഈ ഗുരുവചനത്തിൽ പ്രകോപിതരായത് അന്നത്തെ കേരളത്തിലെ കത്തോലിക്കാ സഭ നേതൃത്വമായിരുന്നു. കത്തോലിക്കാ സഭ, തങ്ങളുടെ ഈ അതൃപ്തി വളരെ ശക്തമായ ഭാഷയിലൂടെ വിശ്വാസി സമൂഹത്തെയും പൊതു സമൂഹത്തെയും ഒരുപോലെ അറിയിക്കുകയും, ഈ വിഷയത്തിൽ ഒരു പരസ്യ സംവാദത്തിനായി പൂജനീയ ഗുരുദേവനെ വെല്ലുവിളിക്കുക പോലും ചെയ്തു. ലേഖനങ്ങൾ എഴുതുക എന്ന ശീലം ഇല്ലാതിരുന്ന ഗുരുവിനോട് അവർ ഗുരുവിന്റെ ‘ഒരു മതം’ ഏതാണെന്ന് വ്യക്തമാക്കി ലേഖനം എഴുതാൻ തങ്ങളുടെ ‘സത്യദീപം’ എന്ന പ്രസിദ്ധീകരണത്തിലൂടെ ആഹ്വാനം ചെയ്തു. കൂടാതെ, ശ്രീനാരായണ ദർശനങ്ങളുടെ മൂലതത്വങ്ങളെ അതിനിശിതമായി വിമർശിക്കുകയും, ശ്രീനാരായണദർശനങ്ങൾ മുഴുവൻ ക്രിസ്തുമതത്തിൽ നിന്ന് കടം കൊണ്ടതാണെന്ന് അധിക്ഷേപിക്കുകയും ചെയ്തു. ശ്രദ്ധേയമായ ഒരു വസ്തുത എന്തെന്നാൽ, ഈ ചരിത്രപരമായ സംവാദം അഥവാ വിവാദം ഗുരുദേവന്റെ അസംഖ്യം ജീവചരിത്രങ്ങളിലോ ഗുരുദേവദർശനത്തിനെ അധികരിച്ച് പുറത്തിറങ്ങിയ ആയിരക്കണക്കിന് ഗ്രന്ഥങ്ങളിലോ ലേഖനങ്ങളിലോ ഇതുവരെ പരാമർശവിധേയമായിട്ടില്ല.
ഒരു മത വിവാദത്തിന്റെ ചരിത്രത്തിലേക്ക് മടങ്ങിവന്നാൽ, ഗുരുവിന്റെ വത്സല ശിഷ്യനായിരുന്ന നടരാജഗുരുവും ഗുരുദേവന്റെ തപസ്സിനിൽ നിന്നുള്ള ആദ്ധ്യാത്മികോർജ്ജം മുഴുവനും അക്ഷരങ്ങളിലേക്ക് ആവാഹിച്ചുകൊണ്ട് ശിവഗിരി മഠവും ജാതിഭേദമെന്യേ എല്ലാ പ്രധാന ശ്രീനാരായണ ഭക്തരും സമാനതകളില്ലാത്ത ഈ ഗുരുനിന്ദക്ക് അങ്ങേയറ്റം കർക്കശമായ ഭാഷയിൽത്തന്നെ മറുപടി കൊടുത്തു. സത്യദീപത്തിന്റെ മുഖപ്രസംഗങ്ങൾക്ക് അതിശക്തമായ ഭാഷയിൽ നടരാജ ഗുരുവും ശിവഗിരി മഠവും മറുപടികൾ നൽകി. സത്യദീപത്തിന് ചുട്ട മറുപടിയുമായി പുറത്തു വന്നത് ശിവഗിരിമഠത്തിന്റെ മുഖപത്രമായിരുന്ന ധർമത്തിന്റെ അഞ്ചോളം ലക്കങ്ങളായിരുന്നു. 1924 ലെ ആലുവയിലെ പ്രസിദ്ധമായ സർവമത സമ്മേളനം കഴിഞ്ഞു, മൂന്നു വര്ഷം തികയുന്നതിനു മുമ്പാണ് കത്തോലിക്കാ സഭയുടെ ഗുരുനിന്ദാപരമായ ഈ കടന്നാക്രമണം എന്നതാണ് ഈ വിവാദത്തിന്റെ മറ്റൊരു പ്രധാനപ്പെട്ട പശ്ചാത്തലം.
ഗുരുദേവൻ തന്റെ സാർവലൗകികവും സാർവദേശീയവുമായ ദർശനം മുന്നോട്ടുവക്കുമ്പോൾ അതിനു മുന്നുപാധിയായി പറഞ്ഞിട്ടുള്ള മഹദ്‌വചനങ്ങളാണ് മുകളിൽ പറഞ്ഞിട്ടുള്ളവ രണ്ടും. ‘ഇതിനോട് ആർക്കും വിയോജിപ്പുണ്ടാകാൻ വഴിയില്ലല്ലോ’ എന്ന് അതേപ്പറ്റി പറയുമ്പോൾ അദ്ദേഹം ആവർത്തിച്ച് പറയാറുണ്ടായിരുന്നു. എന്നാൽ, ഗുരുദേവ ദർശനത്തിന്റെ കാതലായ ആശയത്തോട് ശക്തമായ വിശ്വാസപരമായ വിയോജിപ്പായിരുന്നു കത്തോലിക്കാ സഭ ഉന്നയിച്ചത്. അന്ന് പയസ് പന്ത്രണ്ടാമനായിരുന്നു കത്തോലിക്കാ സഭയുടെ മാർപ്പാപ്പ. അടുത്തകാലത്തു ശിവഗിരിയുടെ ഔദ്യോഗിക സംഘം, വത്തിക്കാൻ സന്ദർശിച്ചപ്പോൾ ഗുരുദേവനെ പറ്റി ഫ്രാൻസിസ് മാർപ്പാപ്പ ഒരു ലഘു പ്രസംഗം നടത്തിയിരുന്നു. അതിലും, ഗുരുദേവനെ ഒരു സാമൂഹ്യ പരിഷ്‌കർത്താവ്, ആത്മീയ നേതാവ് എന്നൊക്കെ വിശേഷിപ്പിച്ചതല്ലാതെ, മേൽപ്പറഞ്ഞ മഹാസന്ദേശങ്ങളെപ്പറ്റി മാർപ്പാപ്പ മൗനം പാലിച്ചതും ഈ ചരിത്രത്തോട് ചേർത്തുവായിക്കേണ്ടതുണ്ട്. നൂറു വർഷങ്ങൾ മുമ്പ് സഭ ഉയർത്തിയ വിയോജിപ്പ്, ഇന്നും തുടരുന്നു എന്നാണ് ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത്.
തൊണ്ണൂറ്റിയെട്ടു വർഷങ്ങൾക്ക് മുമ്പ്, കൃത്യമായി പറഞ്ഞാൽ 1927 ൽ, ഗുരുദേവന്റെ ധന്യ ജീവിതത്തിന്റെ അവസാനകാലത്ത്, കത്തോലിക്കാ സഭയുടെ പ്രസിദ്ധീകരണമായ സത്യദീപത്തിലൂടെ ഗുരുദേവന്റെ ആദർശങ്ങളെ വെല്ലുവിളിച്ച സഭ, സ്വാമിതൃപ്പാദങ്ങളോട് എന്താണ് അദ്ദേഹത്തിന്റെ മതം എന്ന് വ്യക്തമാക്കാൻ ആവശ്യപ്പെട്ടു. തുടർന്നുണ്ടായ വിവാദം മാസങ്ങളോളം നീണ്ടു നിന്നു. സഭ തങ്ങളുടെ ഔദ്യോഗിക പ്രസിദ്ധീകരണമായിരുന്ന സത്യദീപത്തിലൂടെയും, ശിവഗിരി മഠം തങ്ങളുടെ പ്രസിദ്ധീകരണമായിരുന്ന ‘ധർമ’ത്തിലൂടെയും കടുത്ത വാദപ്രതിവാദങ്ങളായിരുന്നു നടത്തിയത്. സഭയ്‌ക്കെതിരെ നിയമനടപടികളുടെ വക്കോളം എത്തിയെങ്കിലും, ഗുരുദേവന്റെ ഉന്നതമായ ആധ്യാത്മീക സന്ദേശത്തെ മാതൃകയാക്കി, ശിവഗിരി മഠം ഏകപക്ഷീയമായി ആ ‘വഴക്കിൽ’ നിന്ന് പിൻവാങ്ങി. ‘സമുദായങ്ങൾ തമ്മിൽ മത്സരമുണ്ടാക്കുന്നത്’ രാജ്യതാൽപര്യങ്ങൾക്ക് വിരുദ്ധമാകും എന്നു ചൂണ്ടിക്കാട്ടി, മഠം ആ വിവാദത്തിൽ നിന്ന് പിൻവാങ്ങുമ്പോൾ കൃത്യമായ താക്കീതു സഭാനേതൃത്വത്തിന് നൽകുന്നുണ്ട്. ‘ആവശ്യം വരുമ്പോൾ അത് അധികൃതന്മാർ മൂലം വേണ്ട നടപടികൾ നടത്തിയാൽ മതിയെന്ന് തീർച്ചയാക്കിയിരിക്കുന്നു. സ്വാമിതൃപ്പാദങ്ങളെപ്പറ്റി സത്യദീപത്തിലെ അതിരു കവിഞ്ഞ വിമർശനങ്ങൾ ഞാൻ മാത്രമല്ല വേറെ പലരും സൂക്ഷിച്ചു കൊണ്ടിരിക്കുന്നു എന്നു മാത്രമേ ഇപ്പോൾ പറയുന്നുള്ളൂ’ എന്നാണ് ഒരു കുറിപ്പിൽ ശിവഗിരിമഠം മാനേജർ കത്തോലിക്കാ സഭയെ ഓർമിപ്പിക്കുന്നത്. കത്തോലിക്കാ സഭ അന്ന് നടത്തിയ ഗുരുനിന്ദക്കും, 1924 ലെ സർവമത സമ്മേളനത്തിന്റെ മഹത്തായ സന്ദേശത്തിനെതിരായും അന്നെടുത്ത നിലപാട്, പിന്നീട് തിരുത്തുകയോ ഗുരുനിന്ദയ്ക്കു മാപ്പു പറയുകയോ ചെയ്തിട്ടില്ല.
എന്തായിരുന്നു ‘ഒരു മത’ വിവാദം?
കത്തോലിക്ക സഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായിരുന്നു സത്യദീപം. ശിവഗിരി മഠം ധർമം പത്രം പ്രസിദ്ധീകരിക്കുന്ന അതെ വർഷം, 1927 ൽ പുറത്തിറങ്ങുന്ന സത്യദീപത്തിന്റെ സ്ഥാപകൻ സിറോ മലബാർ സഭയുടെ അധ്യക്ഷനും അന്ന് എറണാകുളം ആർച്ച് ബിഷപ്പുമായിരുന്ന അഗസ്റ്റിൻ കണ്ടതിൽ ആയിരുന്നു; ആദ്യ പത്രാധിപർ കത്തോലിക്കാ പാതിരിയായിരുന്ന ജേക്കബ് നടുവത്തുശ്ശേരിയും. എറണാകുളം ആര്‍ച്ച്ഡയോസിയന്‍ പബ്ലിക്കേഷന്‍ ട്രസ്റ്റിന്‍റെ ഉടമസ്ഥതയിൽ ഇന്നും പ്രസിദ്ധീകരണം തുടരുന്ന സത്യദീപം, ഇന്ത്യയിലെ തന്നെ ഏറ്റവും പ്രചാരമുള്ള ക്രൈസ്തവ പ്രസിദ്ധീകരണമെന്നു അവർ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഗുരുദേവന്റെ പ്രിയ ശിഷ്യനും ദാർശനികനുമായിരുന്ന നടരാജഗുരുവിന്റെയും, സ്വാമി ധർമ്മതീർഥരുടെയും (അക്കാലത്തു പി നടരാജനും സി പി മേനോനും) പത്രാധിപത്യത്തിൽ ശിവഗിരിമഠം ഔദ്യോഗികമായി പ്രസിദ്ധീകരിച്ച മാസിക ആയിരുന്നു ധർമം. ശ്രീ നാരായണ ധർമ സംഘത്തിന്റെ മുഖപത്രമായിരുന്ന ധർമത്തിന്റെ പ്രസിദ്ധീകരണ കാലം ഗുരു ജീവിച്ചിരുന്ന സമയത്തുതന്നെയാണ്. ആദ്യത്തെ ലക്കം ധർമം പുറത്തിറങ്ങന്നത് 1927 സെപ്റ്റംബർ മാസമാണ്. ശ്രീ നാരായണഗുരുവിന്റെ ആശയങ്ങളും സമൂഹത്തിൽ പ്രചരിപ്പിക്കുക എന്നതായിരുന്നു ധർമത്തിന്റെ പ്രധാന ലക്ഷ്യം.
ധർമം പത്രത്തിന്റെ 1927 ഒക്ടോബർ 17 ന് പുറത്തിറങ്ങിയ രണ്ടാമത്തെ ലക്കത്തിലാണ് സത്യദീപത്തിന്റെ മുഖപ്രസംഗത്തിനെതിരായ പരാമർശമുള്ളത്. പിന്നീടുള്ള ആറോളം ലക്കങ്ങളിൽ വളരെ ശക്‌തമായ ഭാഷയിൽ, ഒളിഞ്ഞും തെളിഞ്ഞും, സഭയുടെ മുഖപ്രസങ്ങൾക്കെതിരെ ലേഖനങ്ങൾ ശിവഗിരി മഠം പ്രസിദ്ധീകരിക്കുന്നുണ്ട്. ധർമത്തിൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിൽ നിന്ന് മനസ്സിലാക്കേണ്ടത്, സത്യദീപം അതിനോടകം ഒന്നിൽ കൂടുതൽ ലേഖനങ്ങൾ ഗുരുദേവനെതിരെ പ്രസിദ്ധീകരിച്ച് കഴിഞ്ഞു എന്നാണ്.
ശ്രീനാരായണഗുരുസ്വാമി തൃപ്പാദങ്ങളുടെ “ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്” എന്ന സന്ദേശത്തിന്റെ വ്യാഖ്യാനം ആവശ്യമുണ്ടെന്ന് ധർമ്മത്തിൽ ഒരു പരസ്യം പ്രസിദ്ധപ്പെടുത്തിയതിനെ മുൻനിർത്തിയാണ് സഭ ആദ്യം ആക്ഷേപം ഉന്നയിച്ചത്.
സഭ നടത്തിയ ഗുരുനിന്ദയ്ക്കെതിരെ അന്നത്തെ ഈഴവസമുദായ പ്രമാണികളും ശക്തമായ പ്രതിഷേധമുയർത്തി. കടുത്ത പരിഹാസവും, ശക്തമായ പ്രതിഷേധവും, മുഖമടച്ചുള്ള മറുപടികളും, ക്രിസ്തുമത ഖണ്ഡനവും മുദ്രചാർത്തിയ മുഖപ്രസംഗങ്ങളും ലേഖനങ്ങളും നമുക്ക് ശിവഗിരി മഠത്തിന്റെ ധർമം മാസികയിൽ നിന്ന് വായിച്ചെടുക്കാം.
ധർമം പത്രത്തിൽ ഗുരുദേവനെ പ്രതിരോധിച്ച് കൊണ്ടും, സഭയെ കടന്നാക്രമിച്ചുകൊണ്ടും പ്രസിദ്ധീകരിച്ച മുഖപ്രസംഗങ്ങൾ എഴുതിയത് നടരാജ ഗുരുവും സ്വാമി ധർമ്മതീർത്ഥരും ആണ്. ഇവർ സ്വന്തം പേരിൽ തന്നെ സഭയ്‌ക്കെതിരെ ഈ വിഷയത്തിൽ ലേഖനങ്ങളും മറുപടികളും പ്രസിദ്ധീകരിക്കുന്നുണ്ട്. ഈ കാലയളവിൽ, ധർമം പത്രത്തിന്റെ പത്രാധിപർ എന്നതിലുപരി, ശിവഗിരിമഠത്തിന്റെ മാനേജർ എന്ന പദവി കൂടി ധര്മതീർത്ഥർ വഹിക്കുന്നുണ്ട്. (1927ലാണ് ഗുരു അദ്ദേഹത്തിന് സന്യാസം നൽകുന്നത്. എന്നാൽ, ഇതേ ധർമ്മതീർത്ഥർ പിന്നീട്, ജോൺ ധർമ്മതീർത്ഥർ എന്ന നാമധേയം സ്വീകരിച്ചത് ഈ വിവാദത്തോട് ചേർത്തുവായിക്കാവുന്നതാണ്.)
ശ്രീ നാരായണ ഗുരുദേവന്റെ പിൻഗാമിയായി അദ്ദേഹം തന്നെ തെരഞ്ഞെടുത്ത ശ്രീ ബോധാനന്ദ സ്വാമിയുടെ, ശ്രീനാരായണ സ്‌മൃതി എന്ന ഗുരുദേവകൃതിയുടെ ഗദ്യപരിഭാഷ ഈ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് രണ്ടാം ലക്കം മുതൽ ധർമത്തിൽ പ്രസിദ്ധീകരിച്ചു തുടങ്ങുന്നത്. ഒരുപക്ഷെ, എന്താണ് ഗുരുദേവ ദർശനത്തിന്റെ കാതൽ എന്നതിനെ വ്യക്തമാക്കിക്കൊണ്ട് മതപരിവർത്തന ശക്തികൾക്ക് നൽകുന്ന ഒരു മറുപടി എന്ന നിലയിലൂടെയാകണം ശ്രീനാരായണസ്‌മൃതി ഈ വിവാദത്തിന്റെ പശ്ചാത്തലത്തിൽ ധർമത്തിലൂടെ പ്രസിദ്ധീകരിക്കുന്നത്. സ്‌മൃതിയുടെ മലയാളപരിഭാഷ ശിവഗിരി പ്രസിദ്ധീകരിച്ചത് സാക്ഷാൽ ഗുരുദേവന്റെ നിർദ്ദേശപ്രകാരമോ, അനുവാദത്തോടെയോ അല്ലാതെ വരാൻ തരമില്ല. ഗുരുദേവന്റെ ഇന്ന് കാണുന്ന പല കൃതികളും ധർമത്തിലൂടെയാണ് ആദ്യം വായനക്കാരിലെത്തുന്നത്. അവയിലധികവും ധര്മത്തിലൂടെ പ്രസിദ്ധീകരിച്ചത് സ്വാമി ധര്മ തീർത്ഥയാണ്. അതേസമയം, ഗുരുദേവന്റെ വചനങ്ങൾ, സംഭാഷണങ്ങൾ എന്നിവ ആധികാരികമായി ശേഖരിച്ച് ഗുരുദേവന്റെ കാലത്തു തന്നെ ധര്മത്തിലൂടെ പ്രസിദ്ധികരിക്കുന്നത് ശ്രീ നടരാജ ഗുരുവും. അക്കാലത്ത് നടരാജ ഗുരു പ്രസിദ്ധീകരിച്ചു പോന്ന ഗുരുവിന്റെ ആധികാരികമായ സംഭാഷങ്ങൾ പിൽക്കാലത്തു പലരും പുസ്തക രൂപത്തിൽ പുറത്തിറക്കിയിട്ടുണ്ട്.
ശ്രീനാരായണ ധർമം ക്രൈസ്തവതത്വങ്ങൾ!
ഗുരുദേവന്റെ സന്ദേശങ്ങളെല്ലാം ക്രിസ്തുമതത്തിൽ നിന്ന് കടംകൊണ്ടതാണെന്നു ആരോപിച്ച് ‘സത്യദീപം’ ഒരു മുഖപ്രസംഗം എഴുതിയതായി, ധർമത്തിന്റെ രണ്ടാം ലക്കത്തിൽ (ധർമം, പുസ്തകം 1, ലക്കം 2 (3 കന്നി, 1103/10-17-1927)) പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിൽ കാണാം. “ശ്രീനാരായണ ഗുരുവിന്റെസന്ദേശങ്ങളിൽ അടങ്ങിയിരിക്കുന്ന ഏകദൈവം, ഏകജാതി, പന്തിഭോജനം, മിശ്രവിവാഹം, മുതലായ ആശയങ്ങൾ വെറും ക്രിസ്തീയ തത്വങ്ങൾ ആണെന്ന് നിഷ്പക്ഷ ബുദ്ധികൾ സമ്മതിക്കത്തക്ക വിധത്തിലുള്ള പ്രമാണങ്ങൾ സഹിതം കഴിഞ്ഞ പ്രസംഗത്തിൽ ഞങ്ങൾ വിശദമാക്കിയിട്ടുണ്ടെന്നാണ് ഞങ്ങളുടെ വിശ്വാസം.” എന്നായിരുന്നു സഭയുടെ ആക്ഷേപം. സത്യദീപത്തിലെ ഈ മുഖപ്രസംഗം വായിച്ച് താൻ ചിരിച്ചുപോയി എന്ന ആമുഖത്തോടെ തുടങ്ങുന്ന ധർമം പത്രാധിപർ, ഒന്നിന് പിറകെ ഒന്നായി പരിഹാസശരങ്ങൾ എയ്തു കൊണ്ടാണ് ‘ദീപത്തെ’ എതിരിടുന്നത്. സത്യദീപത്തോടും, സഭാനേതൃത്വത്തോടും, ശ്രീനാരായണ പാദങ്ങളിൽ അഭയം പ്രാപിച്ച്, അദ്ദേഹത്തിന്റെ ഉപദേശങ്ങൾ സ്വീകരിച്ച് മോക്ഷമാർഗം തേടാൻ ഉപദേശിച്ചുകൊണ്ടാണ് ധര്മത്തിന്റെ മുഖപ്രസംഗം അവസാനിക്കുന്നത്. ‘സ്വാമിതൃപ്പാദങ്ങളുടെ ആദർശങ്ങൾ പുതിയ സൃഷ്ടികൾ അല്ല, സനാതനങ്ങളായ തത്വങ്ങൾ ആകുന്നു’ എന്ന് ശിവഗിരി മഠം വ്യക്തമാക്കുന്നുണ്ട്.
“പണ്ട് ഒരു ബാലൻ തൻറെ അമ്മയോട് പറഞ്ഞ നേരമ്പോക്ക് ഇപ്പോൾ ഓർമ്മ വരുന്നു. ഒരു ദിവസം അമ്മ കുട്ടിയെ കുളിപ്പിക്കുമ്പോൾ കുളത്തിൽ ചന്ദ്രബിംബം വളരെ ഭംഗിയായി പ്രതിബിംബിച്ചു കാണുന്നതുകുട്ടിക്ക് കാട്ടിക്കൊടുത്തു. അതിനുശേഷം ഒരു നിലാവുള്ള രാത്രി കുട്ടി വളരെ വാശിയോടുകൂടി കരയുന്നത് കേട്ട അമ്മ ഓടിച്ചെന്നു എന്താ കരയുന്നതെന്ന് ചോദിച്ചപ്പോൾ കുട്ടിഅമ്മയെ കെട്ടിപ്പിടിച്ചു പറഞ്ഞു “അമ്മേ! നമ്മുടെ ചന്ദ്രനെ അതാ ആരോ ആകാശത്തിൽവെച്ചിരിക്കുന്നു. അത് നമ്മുടെ ചന്ദ്രനല്ലേ! എനിക്കു വേണം”. ഇതുപോലെയാണ് ദീപത്തിൻറെ പ്രലാപം. പ്രകൃതിതത്വങ്ങളും ആദ്ധ്യാത്മ തത്വങ്ങളും ഒരു പ്രത്യേക രാജ്യക്കാരുടെയോ വർഗ്ഗക്കാരുടെയോ മതസ്ഥരുടെയോആയിരിക്കാമെങ്കിൽ ആകാശത്തിൽ കാണുന്ന ചന്ദ്രബിംബം നമ്മുടെ ബാലന്റെ കുളത്തിലെ ചന്ദ്രൻ ആയിരിക്കണം. അതല്ല എന്ന് ഞാൻ വാദിക്കുന്നില്ല. ബാലൻ പറയുന്നതും വാസ്തവം തന്നെ. ചന്ദ്രൻ ഒന്നല്ലേ ഉള്ളൂ. അതുകൊണ്ട് ബാലന്റെ ചന്ദ്രനും ആകാശത്തിലെ ചന്ദ്രനും ഒന്നായിരിക്കണം.
സ്വാമിതൃപ്പാദങ്ങളുടെ ആദർശങ്ങൾ പുതിയ സൃഷ്ടികൾ അല്ല, സനാതനങ്ങളായ തത്വങ്ങൾ ആകുന്നു…” (ധർമ്മം – 1927 ഒക്ടോബർ 17)
“ഏകമല്ലപോലും!”
“‘പലമതസാരമേകമല്ല’ എന്ന തലക്കെട്ടിൽ കഴിഞ്ഞ കന്നി 28ന് സത്യദീപത്തിൻറെ ഒരു മുഖപ്രസംഗം വായിക്കാൻ ഇടയായി” എന്ന മുഖവുരയോടെ ഈഴവ സമുദായ പ്രമാണിയും, പ്രശസ്ത പണ്ഡിതനും, വൈദ്യനുമായിരുന്ന പി. എം. ഗോവിന്ദൻ വൈദ്യൻ ഒരു ദീഘ ലേഖനം എഴുതുന്നുണ്ട്. സഭയ്ക്ക് അറിയേണ്ട ഗുരുദേവന്റെ മതം എന്താണെന്നു വിശദീകരിക്കുന്ന ലേഖനം, സത്യത്തിൽ ഇന്നത്തെ സനാതന ധര്മ വിവാദം ശ്രിഷ്ടിച്ചവർക്കു കൂടിയുള്ള ഒരു മറുപടി ആണ്. ഗോവിന്ദൻ വൈദ്യന്റെ “ഏകമല്ലപോലും!” എന്ന ലേഖനത്തിൽ അടങ്ങിയിരിക്കുന്നത് കടുത്ത ക്രിസ്തുമത വിമർശനമാണ്. “പുനർജന്മമില്ലെന്നു സത്യവും യുക്തിയും നിർബന്ധിക്കയാൽ തന്നെയാകട്ടെ സ്ഥാപിച്ചുകൊണ്ട് ക്രിസ്തുവിൻറെ പുനർജമത്തെ കാത്തുകൊണ്ടിരിക്കുന്നതിനേക്കാൾ “ന ജായതേ മ്രിയതേ വാ” എന്നറിഞ്ഞ് ധീരശാന്തം ജീവിക്കുന്നതിലാണ് ഈയുള്ളവർക്ക് രസം” എന്ന് ധീരതയോടെ പ്രഖ്യാപിക്കുന്നു വൈദ്യൻ. കൂടാതെ, സത്യദീപത്തിന്റെ എഡിറ്റോറിയലിൽ പരാമർശിച്ചിട്ടുള്ള വിവാദപ്രസ്താവനകളെക്കുറിച്ചുള്ള സൂചനകളും ഈ ലേഖനത്തിലുണ്ട്. ക്രിസ്തുമതത്തിലെ അന്തച്ഛിദ്രങ്ങളെക്കുറിച്ച് അത്യന്തം പരിഹാസപൂർവമാണ് ഗോവിന്ദൻ വൈദ്യൻ എഴുതുന്നത്. ഗുരുദേവന്റെ ഒരു മതത്തിനെതിരായുള്ള സഭയുടെ വിമർശനങ്ങളെ പൂർണമായും ‘ഹിന്ദു പക്ഷത്തു’ നിന്നാണ് വൈദ്യൻ പൊളിച്ചുകാട്ടുന്നതെന്നതും നമുക്കിതിൽ കാണാം.
പി എം ഗോവിന്ദൻ വൈദ്യന്റെ “ഏകമല്ലപോലും” എന്ന ലേഖനം താഴെ കൊടുക്കുന്നു:
“പലമതസാരമേകമല്ല” എന്ന തലക്കെട്ടിൽ കഴിഞ്ഞ കന്നി 28ന് സത്യദീപത്തിൻറെ മുഖപ്രസംഗം വായിക്കാൻ സംഗതിയായപ്പോൾ ഏക വിശ്വാസികൾ എന്ന് സ്വയം സ്തുതിക്കപ്പെടുന്ന ക്രിസ്തുവിൻറെ അനുയായികൾ അനേക വിശ്വാസികളായി തീർന്നത്, അല്ല തീർന്നുകൊണ്ടിരിക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്കുണ്ടായിരുന്ന സംശയത്തിന് ഏതാണ്ടൊരു സമാധാനമുണ്ടായി. സമാധാനം ഇത്രയേ ഉള്ളൂ എടുക്കുമ്പോൾ ഒന്ന്, തൊടുക്കുമ്പോൾ പത്ത്, അയക്കുമ്പോൾ ആയിരം എന്ന കണക്കിലുള്ള അർജുനന്റെ അസ്ത്രം പോലെ ക്രിസ്തു പറഞ്ഞതൊന്ന്, അപ്പോസ്തലന്മാർ ഗ്രഹിച്ചൊന്ന്, ഉപദേശികൾ ധരിച്ചത് മറ്റുപലത്, ഉപദേശഗ്രാഹികൾ പറയുന്നതും ചെയ്യുന്നതുമൊക്കെ എന്തെന്നും എത്രയെന്നും അവർക്ക് അറിഞ്ഞുകൂടാത്ത വണ്ണം അനവധി. അല്ലെങ്കിലുണ്ടോ കത്തോലിക്ക, പ്രൊട്ടസ്റ്റന്റ് മുതലായി ഒന്നിനൊന്ന് വിരുദ്ധവൃത്തികളായ ഒട്ടധികം മതങ്ങളും സംഘങ്ങളും ഒരു മതത്തിൽ നിന്നുതന്നെ ഉണ്ടായി കീരിയും പാമ്പും പോലെ പരസ്പരം കലഹിച്ച് മറ്റുള്ളവരെകൂടി സ്വൈര്യമായി ജീവിക്കാനിട കൊടുക്കാതെ ഇരിക്കേണ്ട ആവശ്യമുണ്ടാകുന്നു. പലമതസാരമേകമല്ലെന്നുള്ള തലക്കെട്ട് കണ്ടപ്പോൾ ക്രിസ്തുമതത്തിലുള്ള ആ അവാന്തര മതകാര്യങ്ങളെപ്പറ്റി പറയുകയായിരിക്കും എന്ന് എനിക്ക് തോന്നി. വായിച്ചു ചെന്നപ്പോഴാണ് ഹിന്ദുക്കൾ എന്ന് പറയപ്പെടുന്നവരിൽ ചിലരുടെ നേർക്കു ചൂണ്ടലിൽ കോർത്തിട്ടു കൊടുത്ത ‘മാനത്തുകണ്ണ’നാണതെന്നു മനസ്സിലായത്. ഇരിക്കട്ടെ മാനത്തുകണ്ണന്റെ കളിതന്നെ ഒന്നു നോക്കാം.
“ഏറ്റവും പ്രാധാന്യമുള്ളവയാണെന്നു എല്ലാവരും സമ്മതിക്കുന്ന” ചില ചോദ്യങ്ങളും അവയ്ക്ക് സ്വകല്പിതമായ ചില ഉത്തരങ്ങളും ഉദ്ധരിച്ചുകൊണ്ടാണ് ഏകത്തിൽ അനേകത്തെ ദീപം കാണിക്കുന്നത്. “മനുഷ്യോത്ഭവം എങ്ങനെ എന്ന ചോദ്യത്തിന് അഹം ബ്രഹ്മാസ്മി, ഞാൻ ബ്രഹ്മമാണ് ഞാൻ ദൈവമാണ് എന്ന് ഹിന്ദുമതം പറയുകയും, ഞാൻ ബ്രഹ്മമല്ല ഞാൻ ദൈവമല്ല ദൈവം യജമാനനും മനുഷ്യൻ ദാസനും ആണെന്ന് ക്രിസ്തുമതം പഠിപ്പിക്കുകയും” ചെയ്യുന്നുവത്രേ. ക്രിസ്തുമതം പഠിപ്പിക്കുന്നതിനാണെങ്കിൽ യജമാനന്മാർക്ക് ദാസന്മാരെ ഉണ്ടാക്കാനുള്ള ഒരു കൂട്ടുകെട്ടാണ് അതെന്നു കാണേണ്ടിയിരിക്കുന്നു. റഷ്യയിലും പ്രധാനപ്പെട്ട മറ്റുപല പാശ്ചാത്യ രാജ്യങ്ങളിലും ക്രിസ്തുമതാവലംബികൾ തന്നെ ക്രിസ്തുമതധ്വംസനം ചെയ്തു തുടങ്ങിയിരിക്കുന്നത് ആ വിധത്തിലുള്ള മതരഹസ്യം വെളിപ്പെട്ടു കണ്ടതിന്റെ ഫലമായിട്ടായിരിക്കണം.
ക്രിസ്തുമതം പഠിപ്പിക്കുന്നത് എന്തായാലും ഞാനും ദൈവവും ഒന്നാകുന്നു ദൈവരാജ്യം നിങ്ങളുടെ ഉള്ളിലാകുന്നു എന്നത്രേ ക്രിസ്തു പഠിപ്പിച്ചിട്ടുള്ളതായി ബൈബിളിൽ കാണുന്നത്. ഇതിനെയും അഹം ബ്രഹ്മാസ്മിനെയും വിചാരസ്വാതന്ത്ര്യം ഉള്ള ബുദ്ധിമാന്മാർ ചർച്ച ചെയ്തു നോക്കട്ടെ. പക്ഷേ ദീപത്തിന്റെ മങ്ങിയെ വെളിച്ചത്തു ഈ വാക്യങ്ങളുടെ ഉള്ളടക്കം വെളിപ്പെടുന്ന കാര്യം സന്നിഗ്ദ്ധമാണ്. ഇതിങ്ങനെയായ സ്ഥിതിക്ക് മനുഷ്യ ലോകത്തിൽ ചെയ്യേണ്ടത്? എന്നുള്ള രണ്ടാമത്തെ ചോദ്യത്തിന്നു പറയുന്ന സമാധാനങ്ങളെ പറ്റി ചിന്തിക്കേണ്ടതില്ലല്ലോ.
മരണാനന്തരം മനുഷ്യന്റെ സ്ഥിതി എന്തെന്നോ എവിടെയെന്നോ ആണ് പിന്നത്തെ ചോദ്യം. ഇതിൻറെ സമാധാനത്തിൽ കാണുന്നപോലെയുള്ള സ്വർഗ്ഗ നരകങ്ങൾ (അമ്മൂമ്മ കഥകൾ) ഹിന്ദുക്കളുടെ പുരാണങ്ങളിൽ എത്ര വേണമെങ്കിലുമുണ്ട്. കടമായിട്ടോ ദാനമായിട്ടോ ആവശ്യപ്പെടുന്നവർക്കൊക്കെ വാരിക്കോരി കൊടുക്കാനും വേണ്ടടത്തോളമുണ്ട്. മനുഷ്യരെ മരണത്തിൽ നിന്ന് രക്ഷിക്കാനായി വന്ന ക്രിസ്തുവിന്റെ പരമ്പര യഥാപൂർവ്വം മരിക്കയും, മരിച്ചിട്ട് പിന്നെ ജനിക്കുന്നില്ലെന്ന് സ്വകാര്യം പഠിപ്പിക്കുകയും ചെയ്യുമ്പോൾ ക്രിസ്തുവിനും എത്രയോ ശതവർഷങ്ങൾക്ക് മുമ്പേ ജീവൻ മുക്തന്മാരായിരുന്നവരുടെ സന്താനങ്ങൾ ജനിക്കുന്നുമില്ല മരിക്കുന്നുമില്ല എന്ന് ഉച്ചൈസ്തരം വിളിച്ചു പറയുന്നത് ദീപത്തിന്റെ ചെവിയിൽ പെട്ടില്ലെങ്കിൽ ഇനിയെങ്കിലും ഒന്നറിഞ്ഞു കൊള്ളട്ടെ. പക്ഷേ ഇതിൻറെയും സാരം ആർക്കെല്ലാം എങ്ങനെയെല്ലാം ദഹിച്ചു കിട്ടുമെന്ന് കണ്ടെങ്കിലേ അറിഞ്ഞുകൂടൂ. അറിയാൻ ഒന്നുമില്ല പുനർജന്മമില്ലെന്നു സത്യവും യുക്തിയും നിർബന്ധിക്കയാൽ തന്നെയാകട്ടെ സ്ഥാപിച്ചുകൊണ്ട് ക്രിസ്തുവിൻറെ പുനർജമത്തെ കാത്തുകൊണ്ടിരിക്കുന്നതിനേക്കാൾ “ന ജായതേ മ്രിയതേ വാ” എന്നറിഞ്ഞ് ധീരശാന്തം ജീവിക്കുന്നതിലാണ് ഈയുള്ളവർക്ക് രസം.
ദൈവലക്ഷണങ്ങളെ വിവരിക്കുന്ന അടുത്ത ചോദ്യത്തിന്റെ ഉത്തരത്തിൽ ‘ബുദ്ധി’ മനസ്സ് മുതലായ ഗുണങ്ങളോടുകൂടിയ ഒരു ദൈവത്തെയാണ് ക്രിസ്ത്യാനികൾ ആരാധിക്കുന്നതെന്ന് കാണുന്നു. ദൈവത്തിൻറെ ഏവം വിധമായ ലക്ഷണങ്ങളെപ്പറ്റി ഞാനൊന്നുമിപ്പോൾ പറയുന്നില്ല. പണ്ടൊരാൾ പറഞ്ഞതുപോലെ കാലത്തെ ഉറക്കം ഉണർന്ന് കണ്ണും തിരുമ്മി എഴുന്നേറ്റിരുന്ന് ആകാശത്തെയും ഭൂമിയെയും സൃഷ്ടിച്ച ദൈവത്തെ ചിരട്ടകൾ നിരത്തിവെച്ച് അരിയും കറിയും ചമച്ച് സദ്യ നടത്തുന്ന ആ സരസനായ കുട്ടിയെ എനിക്ക് വളരെ ബോധിച്ചു എന്നല്ലാതെ ഒടുവിലത്തെ ചോദ്യോത്തരങ്ങളെപ്പറ്റി എന്താണ് പറയേണ്ടത്.
“സർവ്വപ്രധാനങ്ങളായ മൂലതത്വങ്ങളെ അടക്കിക്കൊള്ളുന്നതായ ഈ വക ചോദ്യങ്ങളാണ് മതസാരം” എന്ന് ദീപം വാദിക്കുന്നു. വാദിക്കട്ടെ സ്ഥാപിക്കുകയും ചെയ്യട്ടെ. സ്ഥാപിക്കുകയും ചെയ്യട്ടെ. അതിലാർക്കെന്തു ചേതം. ആനയുടെ സ്വരൂപത്തെ പറ്റിയുള്ള അന്ധരുടെ യുക്തിവാദം കേൾക്കുന്നവർക്ക് രസകരമാണെന്നേ പറയാനുള്ളൂ.
ദൈവത്തെ ഭജിക്കണം, നല്ലവരായ ജീവിക്കണം എന്നോരു ഉപദേശം ഏറെക്കുറെ എല്ലാ മതത്തിലുമുണ്ടായിരിക്കുമെന്ന് ഞാൻ വിചാരിക്കുന്നു. ദീപത്തിൻറെ പ്രകാശത്തിൽ മതത്തെ സംബന്ധിച്ചിടത്തോളം അതൊരു മൂലതത്വമോ സാരമോ അല്ലായിരിക്കുമെങ്കിലും ക്രിസ്തുമതം അതിനു വിപരീതമായി ഉപദേശിക്കുന്നുണ്ടെങ്കിൽ എനിക്ക് ആ മതസ്പർദ്ദയോ വിരോധമോ ഇല്ലെന്നേ ഇനി പറയേണ്ടതുള്ളൂ. ബൈബിളിലെ ചില വാക്യത്തിൽ നിന്നു ക്രിസ്തുവിനെപ്പറ്റി എനിക്കു തോന്നിയിട്ടുള്ള ബഹുമാനത്തെ, ദീപത്തിൽ കാണുന്ന ക്രിസ്തുമതത്തിന് തത്വപ്രകാശനം കുറയ്ക്കാൻ ശ്രമിക്കുന്നതായിട്ടാണ് അനുഭവപ്പെടുന്നതെന്നു കൂടി പറയാതെ നിർവാഹമില്ല. 10-24-1927 Dharmam, Vol. പുസ്തകം 1, No. ലക്കം 3 (7 Thulam, 1103)
ക്ഷേത്രപ്രതിഷ്ഠകളോടുള്ള അസഹിഷ്ണുത
അതേലക്കം ധർമത്തിൽ (10-24-1927 പുസ്തകം 1, ലക്കം 3 (7 തുലാം, 1103), ‘സ്വാമി തൃപ്പാദങ്ങളുടെ മതം’ എന്ന പേരിൽ മിതത്വമുള്ള ഭാഷയിൽ എന്നാൽ ഗൗരവത്തോടുകൂടിയ ഒരു മുഖപ്രസംഗം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിൽ, സ്വാമികളുടെ മതം അന്വേഷിക്കുന്നവരുടെ ദുഷ്ടലാക്കിനെ പത്രാധിപർ ചോദ്യം ചെയ്യുന്നതോടൊപ്പം, ‘ദീപം’ വിവാദത്തിന്റെ പശ്ചാത്തലത്തിൽ വളരെ സുപ്രധാനമായ ഒരു വിവരവും പങ്കുവയ്ക്കുന്നുണ്ട്- “ശ്രീനാരായണഗുരു സ്വാമി തൃപ്പാദങ്ങളുടെ മതം എന്താണെന്ന് പലരും പല വിധത്തിൽ അഭിപ്രായപ്പെടുന്നുണ്ട്. ക്ഷേത്രങ്ങളിൽ പ്രതിഷ്ഠ ആവശ്യമില്ലെന്ന് സ്വാമികൾ നിശ്ചയിച്ചിരിക്കുന്നതായി സ്വൽപദിവസങ്ങൾക്കു മുമ്പ് ചില പത്രങ്ങൾ ആഹ്ലാദത്തോടെ കൂടി ഘോഷിച്ചിരിക്കുന്നു. എന്നാൽ അതിനുശേഷവും സ്വാമികൾ ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തിയിരിക്കുന്നു. ഇതിൻറെ എല്ലാം അർത്ഥം എന്താണെന്ന് പലരും പരിഭ്രമിക്കുന്നുണ്ടായിരിക്കാം.”
ശ്രീ നാരായണ ഗുരുദേവന്റെ ക്ഷേത്ര സ്ഥാപനങ്ങളിൽ ഒരു വിഭാഗത്തിനുള്ള അസഹിഷ്ണുതയെക്കുറിച്ചാണ് ഈ മുഖപ്രസംഗത്തിൽ പരാമർശിക്കുന്നത്. അവർ തന്നെയാണ്, ഗുരുദേവൻ ഇനി ക്ഷേത്രപ്രതിഷ്‌ഠ നടത്തുന്നില്ലെന്ന വ്യാജവാർത്തയുടെയും പിന്നിലെന്ന് വേണം കരുതാൻ. “ജാതിവ്യത്യാസം ഇല്ലെന്നും മതങ്ങൾ തമ്മിൽ വിരോധം പാടില്ലെന്നും എല്ലാ മനുഷ്യരും സഹോദര ഭാവത്തിൽ വർത്തിക്കണമെന്നുമാകുന്നു, സ്വാമി തൃപ്പാദങ്ങളുടെ സന്ദേശത്തിലെ ഒരു തത്വം. ബുദ്ധികൊണ്ട് ഈ സന്ദേശത്തേക്ക് സ്വീകരിക്കുവാൻ ലോകം ഒരുവിധം തയ്യാറായിട്ടുണ്ടെങ്കിലും ജീവിതത്തിൽ പൂർണമായി ആചരിക്കുന്നതിന് മിക്ക ജനങ്ങളും യോഗ്യരായി തീർന്നിട്ടില്ല. ജനങ്ങളുടെ യോഗ്യതാനുസരണം അവരെ പല മാർഗങ്ങളിൽ കൂടി ഈ മാതൃകാസ്ഥാനത്തേക്ക് നയിപ്പിക്കണമെന്ന് സമ്മതിക്കുന്നതായാൽ പിന്നെ സ്വാമികളെ പറ്റി പരിഭ്രമവും വാദപ്രതിവാദവും അനാവശ്യമാണെന്ന് അനുഭവപ്പെടുന്നതാകുന്നു.” എന്ന് പറഞ്ഞാണ് ഈ എഡിറ്റോറിയൽ അവസാനിക്കുന്നത്.
സഭയ്ക്ക് ശിവഗിരിയിൽ നിന്നൊരു തുറന്ന കത്ത്
ഗുരുവിന്റെ “ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്” എന്ന സന്ദേശത്തിന് ഒരു വ്യാഖ്യാനം ആവശ്യമുണ്ടെന്നു ധർമത്തിൽ പ്രസിദ്ധപ്പെടുത്തിയതിനെ പരിഹസിച്ചുകൊണ്ടാണ് ‘സത്യദീപ’ത്തിൽ മുഖപ്രസംഗം വരുന്നത്. ആ വ്യാഖ്യാനം ഗുരുദേവൻ തന്നെ എഴുതട്ടെ എന്ന ധിക്കാരപൂർവ്വമായ ആഹ്വാനത്തെ ഒരു തുറന്ന കത്തിലൂടെ ശിവഗിരി മഠത്തിന്റെ മാനേജരും ധർമത്തിന്റെ പത്രാധിപരും കൂടിയായിരുന്ന ധർമ്മതീർത്ഥർ അതി ശക്തമായ ഭാഷയിൽ പ്രതികരിക്കുന്നു. ഗുരുദേവനെ ഒരു പത്രത്തിലൂടെ സംവാദത്തിന് ക്ഷണിച്ചത് കടുത്ത ഗുരുനിന്ദയായിട്ടും ശ്രീനാരായണ പ്രസ്ഥാനത്തോടുള്ള പരസ്യമായ വെല്ലുവിളിയായുമാണ് മഠം കണ്ടതെന്ന് വ്യക്തമാക്കുന്നതാണ് ഈ ‘പ്രത്യക്ഷ പത്രം’. “നിങ്ങളുടെ വൈദിക അധ്യക്ഷനായ പാപ്പയോട്, പാപ്പയെ പോലെയുള്ള മറ്റുള്ളവരോട് നിങ്ങളോ മറ്റുള്ളവരോ സംശയം ചോദിക്കുന്നതും മറ്റും പത്രം മുഖേന അല്ലെന്ന് ഞാൻ വിശ്വസിക്കുന്നു’ എന്നാണ് ഈ കത്തിൽ പറഞ്ഞിരിക്കുന്നത്. ‘അങ്ങനെയല്ലെങ്കിൽ, സ്വാമി തൃപ്പാദങ്ങളെ ഇങ്ങനെ പത്രത്തിൽ പോരാടുവാൻ ക്ഷണിച്ചിട്ടുള്ളത് കുറെ സാഹസമാണെന്ന് തന്നെയാണെന്ന്’ മഠത്തിന്റെ വക്താവും നിയമജ്ഞനുമായിരുന്ന ധര്മതീർത്ഥർ ചോദിക്കുന്നത്.
സ്വാമികൾ ‘ഔദ്യോഗിക’ നിലയിൽ സത്യദീപത്തോടു വാദപ്രതിവാദം നടത്തുവാനും ഒരുങ്ങിയിരിക്കുന്ന ഒരാളാണെന്ന് നിങ്ങൾ വിചാരിക്കുന്നുണ്ടെങ്കിൽ ആ വിചാരം കഴിയുന്നതും നിങ്ങളുടെ ഹൃദയത്തിൽ തന്നെ സൂക്ഷിച്ച് വയ്ക്കാനും, സഭ യേശുക്രിസ്തുവിനെ എങ്ങനെ കരുതുന്നു, അതേപോലെ അനേകർക്ക് ഒരു ആരാധ്യ പുരുഷനാണ് സ്വാമിയും എന്നും അദ്ദേഹം പറയുന്നു. കൂടാതെ, അനേകലക്ഷം ജനങ്ങളുടെ ആരാധ്യ പുരുഷനായ സ്വാമികളെ നിന്ദിച്ച് അവരുടെ ഇടയിൽ
“അനാവശ്യമായി ക്ഷോഭം ജനിപ്പിക്കാതെ ഇരിക്കാൻ ശ്രമിച്ചാൽ നന്ന്” എന്ന താക്കീതും ലേഖകൻ നൽകുന്നു. “കാര്യമില്ലാതെ സ്വാമി തൃപ്പാദങ്ങളുടെ നാമധേയം പത്രത്തിൽ ഇട്ടു വലിക്കരുത്” എന്നും പറഞ്ഞു, സഭയിലെ ശ്രീനാരായണ വിമര്ശകരോട് സ്വാമികൾക്ക് ശിഷ്യപ്പെടാൻ ഉപദേശിച്ചു കൊണ്ടാണ് ആ കത്ത് അവസാനിക്കുന്നത്.
അഭിപ്രായസ്വാതന്ത്ര്യത്തിനെകുറിച്ച്: മലയാള മാധ്യമപ്രവർത്തന ചരിത്രത്തിലെ നാഴികക്കല്ല്
“ലൗകിക കാര്യങ്ങളിൽ നാം ഏതുവിധം സ്വാതന്ത്ര്യത്തെ വിലമതിക്കുന്നുവോ, അതിലും പ്രാധാന്യം മാനസികമായ സ്വാതന്ത്ര്യത്തിനുള്ളതാകുന്നു” എന്ന് ഉദ്‌ഘോഷിക്കുന്ന മുഖപ്രസംഗത്തിൽ, അഭിപ്രായ സ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും എത്രമാത്രം പ്രധാനമാണെന്ന് മലയാളികളെ ഓർമപ്പെടുത്തുന്നു. ‘അഭിപ്രായ സ്വാതന്ത്ര്യം’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച അത്യുജ്വലമായ മുഖപ്രസംഗത്തിൽ സഭയോടും സത്യദീപത്തിനോടുമുള്ള ധര്മത്തിന്റെ നിലപാടിനെപ്പറ്റി പറയുന്നത് ശ്രദ്ധേയമാണ്. സഭയുടെ ഭീഷണികളുടെയും തന്ത്രങ്ങളുടെയും മുന്നിൽ തങ്ങളുടെ അഭിപ്രായസ്വാതന്ത്ര്യത്തെ അടിയറവ് വയ്ക്കില്ലെന്ന് ധർമം ധൈര്യപൂർവം പ്രഖ്യാപിക്കുന്നു. ഒരു പത്രസ്ഥാപനമെന്ന നിലയിലുള്ള തങ്ങളുടെ ആർജ്ജവത്തെയും പത്രാധിപസമിതിയുടെ സത്യത്തോടുള്ള പ്രതിബദ്ധതയെയും തുറന്നുകാട്ടുന്ന മുഖപ്രസംഗമാണിത്. നൂറു വർഷങ്ങൾക്ക് മുമ്പ് ഒരു ശ്രീനാരായണീയ പ്രസിദ്ധീകരണം മതശക്തികളുടെ തീട്ടൂരത്തെ സധൈര്യം തള്ളിക്കളഞ്ഞുകൊണ്ട്, കേരള മാധ്യമപ്രവർത്തന ചരിത്രത്തിൽ സ്വതന്ത്രമാധ്യമ പ്രവർത്തനത്തിന്റെ ഒരു അധ്യായം എഴുതിച്ചേർത്ത സന്ദർഭം കൂടിയായിരുന്നു അത്. മുഖപ്രസംഗത്തിൽ ഇപ്രകാരം പറയുന്നു: “ചില മതസംഘകാർക്ക് മറ്റുള്ളവർ പറയുന്നതെല്ലാം അവരുടെ മതത്തെ ആക്ഷേപിക്കുന്നതായി തോന്നുന്ന ഒരു ബുദ്ധിഭ്രമം കുറെ അധികം ഉള്ളതായി കാണാം. അവരെ സന്തോഷിപ്പിക്കാൻ വേണ്ടി മാത്രം അഭിപ്രായസ്വാതന്ത്ര്യത്തെ കുറയ്ക്കുവാൻ ഞങ്ങൾ വിചാരിക്കുന്നില്ല. അനാവശ്യമായി മറ്റുള്ളവരെ ആക്ഷേപിക്കാതെയും ഇതര മതസ്ഥന്മാരുടെ മനസ്സിനെ ക്ഷോഭിപ്പിക്കണമെന്നുള്ള മനപ്പൂർവ്വം കൂടാതെയും ഏതു മതത്തിലുള്ള ഏതു വിഷയത്തെപ്പറ്റിയും അഭിപ്രായപ്രകടനം ചെയ്യുന്നതിന്നു ധർമ്മം അനുവദിക്കുന്നതാണ്.”
‘നിങ്ങൾ ജനിക്കുന്നതിനു മുമ്പ് തന്നെ നാം ക്രിസ്തുമതത്തിലുള്ളതാണ്’
ഒരു മത വിവാദം അതിന്റെ ഉച്ചസ്ഥായിയിൽ എത്തി നിൽക്കുന്ന സമയത്ത് പുറത്തു വന്ന അഞ്ചാം ലക്കം ധർമത്തിന്റെ ഒന്നാം പേജിൽ പ്രസിദ്ധീകരിക്കുന്ന ഗുരുദേവന്റെ സംഭാഷണങ്ങൾ അത്യധികം പ്രാധാന്യം അർഹിക്കുന്നു. ഈക്കാലത്ത് പലരും തരംപോലെ എടുത്തുദ്ധരിക്കുന്ന ഗുരുദേവന്റെ ഈ സംഭാഷണങ്ങൾ ആദ്യമായി പ്രസിദ്ധീകരിക്കുന്നതിന്റെ ചരിത്ര പശ്ചാത്തലം നാം തിരിച്ചറിയേണ്ടതുണ്ട്. കത്തോലിക്കാ സഭയുമായുള്ള ‘ഒരു മത’ വിവാദക്കാലത്താണ് ഈ സംഭാഷണം ആദ്യമായി അച്ചടിമഷി പുരളുന്നത്. സംഭാഷണത്തിന്റെ സമ്പാദകന്റെ സ്ഥാനത്ത് ‘എൻ’ എന്ന് രേഖപ്പെടുത്തിയിരിക്കുന്നതായി കാണാം. ഇതിന്റെ പൂർണ്ണരൂപം ‘നടരാജൻ’ എന്നാണ്
-നടരാജ ഗുരു.
ആമുഖങ്ങളുടെയോ വ്യാഖ്യാനങ്ങളുടെയോ അകമ്പടിയില്ലാതെ, ഈ വിവാദത്തിന്റെ പശ്ചാത്തലത്തിൽ താഴെ നൽകിയിരിക്കുന്ന സംഭാഷങ്ങൾ വായിക്കുക:
സ്വാമി തൃപ്പാദങ്ങളുടെ സംഭാഷണം
(പകർപ്പവകാശം)
ക്രൈസ്തവ വര്‍ഷം 1927 ൽ സ്വാമിതൃപ്പാദങ്ങൾ ശിവഗിരിയിൽ വിശ്രമിക്കുന്നു. ലോകവന്ദ്യനായ ഗുരുസ്വാമികൾ ഒരു ഒട്ടുമാവിന്റെ അരികിൽ കഷ്ടിച്ച 8 അടി മാത്രം സമചതുരമുള്ള ഒരുടജത്തിന്റെ കിഴക്കേ തിണ്ണയിൽ നിവർന്നിരിക്കുന്നു. സഹജവും അലൗകികവുമായ ചിന്ത മുഖത്ത് പ്രതിബിംബിക്കുന്നു. സ്വാമികളെ ക്രിസ്തുമതത്തിൽ ചേർക്കണമെന്നുള്ള ഉദ്ദേശത്തോടുകൂടി രണ്ട് സായിപ്പന്മാർ തൃപ്പാദസന്നിധിയിലേക്ക് വരുന്നു. സായിപ്പന്മാർ യഥായോഗ്യം ആസനസ്ഥരായ ശേഷം.
ഒരു സായിപ്പ്: സ്വാമി ക്രിസ്തുമതത്തിൽ ചേരണം.
സ്വാമി: നിങ്ങൾക്ക് ഇപ്പോൾ എത്ര വയസ്സായി.
സായിപ്പ്: മുപ്പത്.
സ്വാമി: നിങ്ങൾ ജനിക്കുന്നതിന് മുമ്പ് തന്നെ നാം ക്രിസ്തുമതത്തിലുള്ളതാണ്. (എൻ)
1927 കുറേ യൂറോപ്യൻ പാതിരിമാർ സ്വാമികളെ കണ്ട് ക്രിസ്തുമതം പഠിപ്പിക്കുവാൻ അനേകം തവണ വന്നു. ഒരിക്കൽ വന്നപ്പോൾ തൃപ്പാദങ്ങൾ ശിവഗിരി മാതൃകാപാഠശാലയിൽ വിശ്രമിക്കുന്നു. ഏകദേശം ഉച്ചസമയമായി ഒരു മോട്ടറിൽ നാല് സായിപ്പന്മാർ വരുന്നു. തൃപ്പാദങ്ങൾ കട്ടിലിൽ ഇരിക്കുന്നു. സായിപ്പന്മാർ മോട്ടോറിൽ നിന്നും ഇറങ്ങി തൃപ്പാദസന്നിധിയിൽ യഥാവിധി സ്വീകരിക്കപ്പെട്ട ശേഷം സംഭാഷണമധ്യേ:
ഒരു സായിപ്പ്: സ്വാമി നല്ലവണ്ണം വേദപുസ്തകം വായിക്കണം.
സ്വാമി: നമുക്ക് വായിക്കണമെന്ന് ആഗ്രഹമുണ്ട്. പഠിപ്പിച്ചു തരുവാൻ ആരും ഇല്ലല്ലോ. നിങ്ങൾ വരുമെങ്കിൽ കൊള്ളാം.
സായിപ്പ്: ഞാൻ അപ്പോഴപ്പോൾ വന്നു പറയാം.
സ്വാമി: എന്നാൽ വളരെ നല്ലത്. നിങ്ങൾ തീർച്ചയായും വരണം. നാം പഠിക്കാം.
സായിപ്പ്: ഞങ്ങളോട് വരണ്ട എന്ന് പറഞ്ഞ് അടിച്ചു പുറത്താക്കിയാലും ഞങ്ങൾ പോവുകയില്ല. ഞങ്ങൾ പ്രസംഗിക്കുക തന്നെ ചെയ്യും.
സ്വാമി: (ചിരിച്ചുകൊണ്ട്) നിങ്ങളെ ഞങ്ങൾ ഒരിക്കലും അടിച്ചു പുറത്താക്കുകയില്ല. നിങ്ങൾ ഞങ്ങളോട് ചേർന്നില്ലെങ്കിൽ അടിച്ച് ഞങ്ങളുടെ സംഘത്തിൻറെ അകത്താക്കുകയുള്ളൂ. നിങ്ങൾ ഒരിക്കലും വരാതിരിക്കരുത്. ആഴ്ചയിൽ ഒരിക്കലെങ്കിലും വരണം.
സായിപ്പ്: എൻറെ മോട്ടോർ ഇപ്പോൾ ഇല്ല. അതുകൊണ്ട് പ്രയാസമുണ്ട്.
സ്വാമി: തീർച്ചയായും വരണം.
(എൻ)
യൂറോപ്യൻ പാതിരിമാരുമായുള്ള സംഭാഷണം തുടർന്നു.
സ്വാമി: എന്താണ് നിങ്ങൾ വിശ്വസിക്കണമെന്നു പറയുന്നത്.
സായിപ്പ്: യേശുക്രിസ്തു മനുഷ്യരുടെ പാപമോചനത്തിനായി ജനിച്ചു എന്നുള്ളതിൽ വിശ്വസിക്കണം.
സ്വാമി: അപ്പോൾ യേശു ജനിച്ചതോടുകൂടി നിങ്ങളുടെ പാപമെല്ലാം പോയിരിക്കണമല്ലോ. അതുകൊണ്ട് എല്ലാവരുടെയും പാപമോചനം അപ്പോൾ തന്നെ കഴിഞ്ഞു.
സായിപ്പ്: അതെ.
സ്വാമി: ഇനി വിശ്വസിച്ചാലും ഇല്ലെങ്കിലും ക്രിസ്ത്യാനി ആയാലും ആയില്ലെങ്കിലും അപ്പോൾ മോക്ഷം കിട്ടിക്കഴിഞ്ഞു.
സായിപ്പ്: അങ്ങനെയല്ല. ക്രിസ്തുവിൻറെ പേരിൽ ബാപ്ടൈസ് (ജ്ഞാനസ്നാനം) ചെയ്യാത്തവരുടെ പാപം നീങ്ങിയിട്ടില്ല.
സ്വാമി: അപ്പോൾ നിങ്ങൾ പറയുന്നത് ക്രിസ്തു ജനിച്ചതുകൊണ്ട് മനുഷ്യരിൽ കുറച്ച് പേർക്ക് മാത്രം മോക്ഷം കിട്ടിയെന്നാണോ?
സായിപ്പ്: അങ്ങനെയല്ല. ക്രിസ്തു ജനിച്ചത് കൊണ്ട് എല്ലാവരും രക്ഷിക്കപ്പെട്ടു. അത് മൂലതത്വമാണ്.
സ്വാമി: ബാക്കി ഒരുത്തരും ഇല്ലയോ.
സായിപ്പ്: ഇല്ല.
സ്വാമി: എന്നാൽ എല്ലാവരും പണ്ടുതന്നെ രക്ഷിക്കപ്പെട്ടുവല്ലോ. ഇനി വിശ്വസിച്ചിട്ടു വേണ്ടല്ലോ രക്ഷിക്കപ്പെടുവാൻ.
സായിപ്പ്: അങ്ങനെയല്ല. വിശ്വസിച്ചാലെ രക്ഷയുള്ളൂ.
സ്വാമി: (വീണ്ടും) എന്നാൽ യേശുവിന്റെ ജനനം കൊണ്ട് ഇപ്പോൾ വിശ്വസിക്കാൻ ഉള്ളവർ ഒഴിച്ച് ബാക്കിയുള്ളവരാണ് രക്ഷിക്കപ്പെട്ടത്. എല്ലാവരും രക്ഷിക്കപ്പെട്ടില്ല.
സായിപ്പ്: (വീണ്ടും) യേശുവിൻറെ ജന്മം കൊണ്ട് എല്ലാവരും രക്ഷിക്കപ്പെട്ടു.
സ്വാമികൾ വീണ്ടും സാവധാനത്തിൽ സായിപ്പിൻറെ സംഭാഷണത്തിലുള്ള പരസ്പര വിരുദ്ധമായ ഭാഗത്തെ വ്യക്തമാക്കാൻ ശ്രമിക്കുന്നു. എന്നാൽ സായിപ്പ് അതൊന്നും സമ്മതിക്കുന്നില്ല. അടുത്തുനിൽക്കുന്ന ഒരുത്തനോട്.
സ്വാമി: കണ്ടോ! നല്ല വിശ്വാസം. ഇങ്ങനെയുള്ള വിശ്വാസം വേണം. നല്ല വിശ്വാസികൾ. നമ്മുടെ ഇടയിൽ ഇങ്ങനെ വിശ്വാസമുള്ളവർ ഇല്ല. നല്ല വിശ്വാസികൾ. (എൻ) ധർമം, പുസ്തകം 1, ലക്കം 5 (21 Thulam 1103/04-11-1927)
താക്കീതോടെ താത്കാലിക വിരാമം
ഈ വിവാദത്തിന് ഒരു താൽക്കാലിക വിരാമം കുറിക്കുന്നത് 11-14-1927ന് പുറത്തിറങ്ങിയ ആറാം ലക്കം ധർമ്മത്തിലാണ്. ശിവഗിരിമഠം തികച്ചും ഏകപക്ഷീയമായാണ് ഈ തീരുമാനം കൈക്കൊള്ളുന്നത്. ഒരുപക്ഷെ, ഇതിനു പിന്നിൽ വിവാദങ്ങൾക്ക് തീരെ താല്പര്യമില്ലാത്ത ഗുരുദേവന്റെ ഉപദേശം ഉണ്ടോ എന്നതിന് ഉപോൽബലകമായ തെളിവുകൾ നിലവിൽ ലഭ്യമല്ല. “സത്യാ ദീപം” എന്ന പേരോടുകൂടിയ കുറിപ്പിൽ, സി. പി. മേനോൻ എന്ന, ധർമ്മതീർത്ഥർ ധര്മത്തിന്റെ മുൻലക്കത്തിൽ പ്രസിദ്ധീകരിച്ച തുറന്ന കത്തിന്റെ കാര്യമാണ് പരാമർശിക്കുന്നത്. ആ കത്തിന്റെ പൂർണ്ണ രൂപം പ്രസിദ്ധീകരിക്കാതെ, ‘പതിവനുസരിച്ച് സത്യദീപം അത് ദുർവ്യാഖ്യാനം ചെയ്തു എന്ന് ലേഖകൻ ആരോപിക്കുന്നു. കൂടാതെ, “ഇത്തരം പത്രമര്യാദ പ്രദർശിപ്പിക്കുന്നവരുമായി പെരുമാറുന്നതുകൊണ്ട് ഗുണമുണ്ടാവാൻ മാർഗം ഇല്ലാത്തതിനാൽ സത്യദീപവുമായി വാദപ്രതിവാദം നടത്തിയിട്ട് ആവശ്യമില്ലെന്ന് എനിക്ക് പൂർണ ബോധ്യം വന്നിരിക്കുന്നു” എന്ന് പ്രഖ്യാപിക്കുകയും ചെയ്യന്നു. “കുരിശിന്മേൽ തറയ്ക്കപ്പെട്ട മഹാത്മാവിന്റെ അനുഗാമികളിൽ ചിലർ എല്ലാ മഹാത്മാക്കളെയും അതേപ്രകാരം ദ്രോഹിക്കുവാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നതിൽ അത്ഭുതപ്പെടുവാനില്ല” എന്ന പരിഹാസത്തോടെയും, ഒപ്പം “സ്വാമിതൃപ്പാദങ്ങളെപ്പറ്റി സത്യദീപത്തിലെ അതിരു കവിഞ്ഞ വിമർശനങ്ങൾ ഞാൻ മാത്രമല്ല വേറെ പലരും സൂക്ഷിച്ചു കൊണ്ടിരിക്കുന്നു എന്നു മാത്രമേ ഇപ്പോൾ പറയുന്നുള്ളൂ” എന്ന കടുത്ത താക്കീതോടെയും കൂടി ഈ വിവാദം ധർമം താൽക്കാലികമായെങ്കിലും അവസാനിപ്പിക്കുകയാണ്. ഇതു കൂടാതെ അനേകം ശ്രീനാരായണ ഭക്തർ തങ്ങളുടെ ആരാധ്യപുരുഷനെ അധിക്ഷേപിച്ച സഭയ്‌ക്കെതിരായി ശക്തമായ ഭാഷയിൽ ‘ധർമത്തിൽ’ എഴുതുന്നുണ്ട്.
‘ഒരു മത’ വിവാദത്തിന് തുടക്കമിട്ടത് ധർമം പത്രത്തിന്റെ ആദ്യ പതിപ്പിൽ വന്ന ഒരു ലേഖനത്തിന്റെ അഭ്യർത്ഥനയെ തുടർന്നാണല്ലോ. ആ ലേഖനം, അച്ചടിച്ച് വന്നത് മേൽപ്പറഞ്ഞ ഗുരുദേവന്റെ സംഭാഷണങ്ങൾ ഉൾപ്പെടുത്തിയ അതേ ലക്കത്തിലാണ്. “ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്” എന്ന വ്യാഖ്യാനം എഴുതിയത് ശ്രീ മൂർക്കോത്ത് കുമാരൻ ആണ്.
വാദങ്ങള്‍ ചെവിക്കൊണ്ടു മതപ്പോരുകള്‍ കണ്ടും-
മോദസ്ഥിതനായങ്ങു വസിപ്പൂ മലപോലെ
വേദാഗമസാരങ്ങളറിഞ്ഞങ്ങൊരുവന്‍ താന്‍
ഭേദാദികള്‍ കൈവിട്ടു ജയിപ്പൂ ഗുരുമൂര്‍ത്തേ!
“അല്ലയോ ശ്രീനാരായണഗുരുമൂര്‍ത്തേ! അവിടുന്ന് സമൂഹത്തില്‍ നടമാടുന്ന വാദപ്രതിവാദങ്ങള്‍ കേട്ടും സംഘട്ടനങ്ങള്‍ കണ്ടും സ്ഥിരമായി ആനന്ദഭാവത്തില്‍ ഒരു മലപോലെ വര്‍ത്തിക്കുന്നുവല്ലോ. വേദത്തിന്‍റെയും ആഗമത്തിന്‍റെയും സാരങ്ങള്‍ ഒന്നുതന്നെയെന്ന തത്ത്വം സാക്ഷാത്കരിച്ചത് അവിടുന്ന് ഒരുവന്‍ മാത്രമാണ്. അതുകൊണ്ട് അല്ലയോ ഗുരുമൂര്‍ത്തേ! അവിടുന്ന് മതഭേദവും അതിനെത്തുടര്‍ന്നുള്ള മദം, മാത്സര്യം തുടങ്ങിയ ദ്വൈതവികാരങ്ങളുമെല്ലാം ഉപേക്ഷിച്ച് പരമമായ അദ്വൈതാവസ്ഥയില്‍ വിരാജിക്കുന്നുവല്ലോ,” എന്ന് ഗുരുവിനെപ്പറ്റി കുമാരനാശാൻ എഴുതിയത് മഹാകവിയുടെ നിര്യാണശേഷമാണ് അന്വർത്ഥമായത്. വേദസാരം ഗ്രഹിച്ച ഗുരുവിന് മുമ്പിൽ വിവാദങ്ങളും മതപ്പോരുമായി വന്നവരെ പതിവുപോലെ അദ്ദേഹം നിശബ്ദമായി നോക്കിനിന്നതേയുള്ളു.
ഇത്തരത്തിലുള്ള ഒരു ഗുരുനിന്ദയ്ക്ക് സഭയെ പ്രകോപിപ്പിച്ചത് എന്തായിരുന്നു എന്ന ചോദ്യം ഇന്നും പ്രസക്തമാണ്. ‘ഒരു മതം’ എന്ന ഗുരുവിന്റെ സനാതന ധർമ ദർശനത്തെ അംഗീകരിച്ചാൽ, മതപരിവർത്തനത്തിനുള്ള സാധ്യത തത്വത്തിൽ ഇല്ലാതെയാകും എന്ന തിരിച്ചറിവായിരുന്നു കത്തോലിക്കാസഭയെ അന്ന് ഗുരുവിനെതിരെ തിരിയാൻ പ്രേരിപ്പിച്ചത്. ‘ശുദ്ധ ഹിന്ദുമത തത്വങ്ങൾ’ പ്രചരിപ്പിക്കാൻ മതപ്രാസംഗികരെ ഔദ്യോഗികമായി നിയോഗിക്കുകയും മതപരിവർത്തനം നടത്തുന്നവർക്ക് ഔദ്യോഗികമായി ‘വിലക്കും’ ‘ഭ്രഷ്‌ട്ടും’ കൽപ്പിക്കുകയും മതപരിവർത്തനം ചെയ്യപ്പെട്ട അനേകരെ ഹിന്ദുമതത്തിലേക്ക് പുനർമതപരിവർത്തനം ചെയ്യുകയും ചെയ്ത ഗുരുവിന്റെ ‘ഒരു മതം’ എന്തായിരുന്നെന്നതിൽ ശിവഗിരിയെ ചൂഴ്ന്നുനിന്നിരുന്ന, (നേർശിഷ്യന്മാർ ഒഴികെയുള്ള) ഹിന്ദുനാമധാരികളായ ആൾക്കൂട്ടത്തിപ്പെട്ട ചിലർക്ക് സംശയമുണ്ടായിരുന്നെങ്കിലും, അക്കാലത്ത് ‘അക്രമോത്സുകമായി’ മതപരിവർത്തന പ്രവർത്തനങ്ങളിലേർപ്പെട്ടിരുന്ന കത്തോലിക്കാ സഭക്കോ മിഷനറിമാർക്കോ അതിൽ സംശയം ലവലേശമില്ലായിരുന്നു എന്നതിന് അടിവരയിടുന്നതായിരുന്നു ഈ ‘ഒരു മത വിവാദം’. അതേസമയം, ഗുരുദേവന്റെ ജീവിതകാലത്തു തന്നെ ഇത്തരം കുപ്രചരണങ്ങളിൽ വ്യക്തവും യുക്തിഭദ്രവുമായ ഔദ്യോഗിക വിശദീകരണങ്ങൾ പ്രസിദ്ധീകരിക്കാൻ ഇതിടയാക്കി എന്നതാണ് ഈ വിവാദത്തിന്റെ മറ്റൊരു വശം. അതുകൊണ്ട്, വരുംകാലങ്ങളിൽ ഗുരുദേവ ദർശനത്തെ വ്യാഖ്യാനിക്കുന്നവർക്ക് ‘ഒരു മത വിവാദത്തിന്റെ’ സമഗ്രചരിത്രം കൂടുതൽ ആശയവ്യക്തത നൽകുമെന്നതിൽ സംശയം വേണ്ട.
(മാധ്യമപ്രവർത്തകനും സെന്റർ ഫോർ സൗത്ത് ഇന്ത്യൻ സ്റ്റഡീസിൽ ഫെല്ലോയുമാണ് ലേഖകൻ)
Discussion about this post