Desi Narrative
  • Home
  • Politics
  • History
  • Culture
  • Religion
  • Literature
  • Economics
  • Strategy
No Result
View All Result
Desi Narrative
  • Home
  • Politics
  • History
  • Culture
  • Religion
  • Literature
  • Economics
  • Strategy
No Result
View All Result
Desi Narrative
No Result
View All Result
  • Home
  • Politics
Home Religion

ശ്രീനാരായണ ദർശനവും ലഹരിമുക്ത കേരളവും

ഡോ. സുകുമാർ അഴീക്കോട് എഴുതിയതു പോലെ, 'തന്റെ യൂട്ടോപ്യയില്‍ അദ്ദേഹം ചെക്കു പോസ്റ്റുറപ്പിച്ചു നിരോധിച്ചത്‌ രണ്ടെണ്ണമായിരുന്നു. ഒന്ന്‌ മദ്യം മറ്റേതു ജാതിഭേദം.' ഇതിൽ, ജാതി ഭേദത്തെപറ്റി പരാമർശിക്കുമ്പോൾ പോലും അദ്ദേഹം അങ്ങേയറ്റം സമചിത്തതയോടും സൂക്ഷ്മതയോടും കൂടി മാത്രമേ തന്റെ വാക്കുകൾ പ്രയോഗിച്ചിരുന്നുള്ളു. എല്ലാ പ്രതിസന്ധികളെയും സാമൂഹിക വിപത്തുകളെയും അദ്വൈത ബോധത്തിന്റെ പാരമ്യത്തിൽ നിന്നുമാത്രം വിലയിരുത്തിയ ഗുരുദേവൻ, ഒരുപക്ഷെ, കാർക്കശ്യത്തോടെ വാക്കുകൾ ഉപയോഗിച്ചത് മദ്യം, ലഹരി മുതലായവയെപ്പറ്റി സംസാരിച്ചപ്പോഴായിരിക്കും.

Ganesh Radhakrishnan by Ganesh Radhakrishnan
Aug 25, 2025, 06:04 am IST
in Religion
ശ്രീനാരായണ ദർശനവും ലഹരിമുക്ത കേരളവും
Share on FacebookShare on TwitterTelegram

 

 

സ്പഷ്ടം നിലാവങ്ങു നീങ്ങി ദിനകരനുദയം

ചെയ്തു ചന്ദ്രന്‍ മറഞ്ഞു

തട്ടിത്തട്ടിപ്പെരുക്കിപ്പെരുവെളിയതിലാ-

ക്കീടുവാന്‍ പിന്നെയാട്ടെ

കഷ്ടം ദീനംപിടിച്ചോ മദിരയതു കുടി-

ച്ചോ കിടക്കുന്ന ലോകര്‍-

ക്കുത്തിഷ്ഠോത്തിഷ്ഠ ശീലം നദിയില്‍ മുഴുകുവാന്‍

കാലമായ്‌ വന്നിതിപ്പോള്‍. (സുബ്രഹ്മണ്യ കീര്‍ത്തനം, ശ്രീനാരായണ ഗുരുദേവൻ)

 

(അർഥം: സ്പഷ്ടമായും മായാമോഹം മാറി മനസ്സാകുന്ന ചന്ദ്രൻ അടങ്ങി,

ബുദ്ധിയാകുന്ന സൂര്യന്‍ തെളിഞ്ഞു, പ്രാരബ്ധവാസനകളെല്ലാം ക്ഷയിപ്പിച്ച്‌

ആത്മാനുഭവത്തില്‍ മുഴുകി. പക്ഷേ അഹം ബോധത്തെ പൂര്‍ണ്ണമായും

ചിദാകാശത്തില്‍ ലയിപ്പിക്കുന്നത്‌ അല്‍പം കഴിഞ്ഞുമതി. സംസാരരോഗം

ബാധിച്ചോ മോഹമദ്യം സേവിച്ചോ ദുഃഖനിമഗ്നരായി കിടന്നുവലയുന്ന

ജനങ്ങള്‍ക്ക്‌ ‘ഉണര്‍ന്നെണീക്കൂ ഉണര്‍ന്നെണിക്കു, നേരം നന്നെ വെളുത്തു

പോയതുകൊണ്ട്‌ വേഗം നദിയിലിറങ്ങി കുളിക്കാനുള്ള സമയം വൈകിയിരിക്കുന്നു’ എന്ന സന്ദേശം നല്‍കാന്‍ കുറച്ചുസമയംകൂടി ദേഹം നിലനിര്‍ത്തേണ്ടിയിരിക്കുന്നു.)

 

മദ്യം കേരളത്തിനെ കുടിക്കാൻ തുടങ്ങിയിട്ട് നൂറ്റാണ്ടുകളായെങ്കിലും, അതീവ മാരകങ്ങളായ മയക്കുമരുന്നുകൾ, രാസലഹരി എന്നിവ നമ്മുടെ യുവതലമുറയെ ഞെരിച്ചമർത്തുന്ന ഭീതിതമായ കാഴ്ച്ച നമ്മുടെ കണ്മുന്നിൽ നാം കണ്ടുകൊണ്ടിരിക്കുകയാണ്. മരകാലഹരിയുടെ തേർവാഴ്ച്ച എന്നത് കേരളത്തിന്റെ വർത്തമാനകാലത്തെ സൂചിപ്പിക്കുന്ന ഒരു യാഥാർഥ്യമായി മാറിക്കഴിഞ്ഞിരിക്കുന്നു. നവോത്ഥാന മൂല്യങ്ങളെ തിരികെപ്പിടിക്കാനെന്ന പേരിൽ കഴിഞ്ഞ കുറേ നാളുകളായി വർഷങ്ങളായി ഇടതുപക്ഷം കേരളത്തിൽ വിതച്ചുകൊണ്ടിരുന്ന അരാജകത്വത്തിന്റെ വിത്തുകളാണ് യുവാക്കളുടെയും വിദ്യാർത്ഥികളുടെയും ഇടയിൽ വളരുന്ന ലഹരി വ്യാപനത്തിന്റെയും അക്രമവാസനയുടെയും രൂപത്തിൽ ഇന്നു വിളവെടുക്കാൻ പാകമായി നിൽക്കുന്നത്. സംസ്ഥാന ഭരണപരാജയത്തിന്റെ ഉല്പന്നങ്ങളായ തൊഴിലില്ലായ്മയും, സർഗാത്മകത വറ്റിപ്പോയ വിദ്യാലയങ്ങളും, രാഷ്ട്രീയ അതിപ്രസരത്താൽ മരവിച്ച കലാ-സാംസ്‌കാരിക രംഗവും, പൊതുവ്യവഹാരത്തിൽ നിന്ന് ആട്ടിയകറ്റപ്പെടുന്ന പരമ്പരാഗത മൂല്യങ്ങളും, ഇടർച്ചയിലേക്കു വീണുകൊണ്ടിരിക്കുന്ന സാമൂഹിക-കുടുംബ ബന്ധങ്ങളും ഒരു തലമുറയെ തന്നെ തകർത്തുകളഞ്ഞ കാഴ്ചയാണ്, ഭയം ജനിപ്പിക്കുന്ന വാർത്തകളായി പത്രദൃശ്യ മാധ്യമങ്ങളിലൂടെ ദിനംപ്രതി നാം കണ്ടുകൊണ്ടിരിക്കുന്നത്. നിരാശാബോധവും നിഷേധാത്മകതയും പൈശാചിക വാസനകളുമാണ് യുവ കേരളത്തെ ഇന്ന് ഭരിച്ചുകൊണ്ടിരിക്കുന്നത്.

 

ആരാണ് ഇതിനുത്തരവാദികളെന്ന ചോദ്യം വളരെ വൈകിയാണെങ്കിലും മലയാളികൾ ചോദിച്ചു തുടങ്ങിരിക്കുന്നു. അതിനുത്തരം തേടുന്നവർക്ക് മുന്നിൽ ഉയരുന്ന ചില ചോദ്യങ്ങളുണ്ട്. കേരളത്തെ ഇന്ന് ബാധിച്ചിരിക്കുന്ന ലഹരിയുടെ ഭൂതത്തെ ഉച്ചാടനം ചെയ്യാൻ കെൽപ്പുള്ള ഒരു ജീവിതദർശനത്തെയും അതിന്റെ പ്രയോക്താവും വക്താവുമായ ഒരു മഹാഋഷിയെ നിങ്ങൾക്ക് ഓർമ്മയുണ്ടോ? കേരളത്തിന്റെ സാമൂഹികവും വൈയക്തികവുമായ രോഗങ്ങൾക്ക് അദ്ദേഹം കല്പിച്ച ഔഷധങ്ങൾ എന്തെല്ലാമെന്ന് നിങ്ങൾക്ക് ഓർത്തെടുക്കാൻ സാധിക്കുന്നില്ലെങ്കിൽ എവിടെയാണ് നമുക്ക് പിഴവ് പറ്റിയത്? ആ മഹാപുരുഷനിലെ അധ്യാത്മികതയേയും ദാർശനികമഹിമയെയും ചോർത്തിക്കളഞ്ഞ്, അദ്ദേഹത്തെ പുതിയ തലമുറക്ക് വെറുമൊരു ജാതിപരിഷ്‌കാരകനായി, അങ്ങേയറ്റം വികലമായി പരിചയപ്പെടുത്തിയ രാഷ്ട്രീയ-സാംസ്‌കാരിക ധാരയെയും അതിന്റെ നേതാക്കളെയും നിങ്ങൾക്ക് തിരിച്ചറിയാൻ കഴിയുന്നുണ്ടോ? ഉണ്ടെങ്കിൽ നിങ്ങളുടെ മുന്നിലുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരവും, നമ്മെ ബാധിച്ചിരിക്കുന്ന പ്രതിസന്ധിക്ക് പരിഹാരവുമായി എന്നുവേണം മനസ്സിലാക്കാൻ.

 

ഇന്ന് കേരളം മാരകലഹരിയുടെ പിടിയിൽ അമരുമ്പോൾ, അതിനൊരു പരിഹാരത്തിനായുള്ള അന്വേഷണം സ്വാഭാവികമായി എത്തിനിൽക്കുക ശ്രീ നാരായണ ഗുരുദേവനിലാണ്. ഒരിറ്റ് രക്തമോ കണ്ണീരോ ചിന്താതെ അനേകം ധർമയുദ്ധങ്ങളെ ഏകനായി നയിച്ച്, അഹിംസാത്മകമായി വിജയിപ്പിച്ച ഗുരുവിനെ പോലെ, മറ്റൊരു വിശ്വനേതാവും ചരിത്രത്തിൽ ഇന്നോളമുണ്ടായിട്ടില്ല. തന്റെ ദർശനപദ്ധതിയിലോ പൊതുവ്യവഹാരത്തിലോ സൗമ്യതയോടെ അല്ലാതെ അദ്ദേഹം വാഗ്പ്രയോഗങ്ങൾ നടത്തിയിട്ടില്ല, ഒന്നിനെയും പരിധിവിട്ട് വിമർശിച്ചിട്ടില്ല. ഡോ. സുകുമാർ അഴീക്കോട് എഴുതിയതു പോലെ, ‘തന്റെ യൂട്ടോപ്യയില്‍ അദ്ദേഹം
ചെക്കു പോസ്റ്റുറപ്പിച്ചു നിരോധിച്ചത്‌ രണ്ടെണ്ണമായിരുന്നു. ഒന്ന്‌ മദ്യം മറ്റേതു
ജാതിഭേദം.’ ഇതിൽ, ജാതി ഭേദത്തെപറ്റി പരാമർശിക്കുമ്പോൾ പോലും അദ്ദേഹം അങ്ങേയറ്റം സമചിത്തതയോടും സൂക്ഷ്മതയോടും കൂടി മാത്രമേ തന്റെ വാക്കുകൾ പ്രയോഗിച്ചിരുന്നുള്ളു. എല്ലാ പ്രതിസന്ധികളെയും സാമൂഹിക വിപത്തുകളെയും അദ്വൈത ബോധത്തിന്റെ പാരമ്യത്തിൽ നിന്നുമാത്രം വിലയിരുത്തിയ ഗുരുദേവൻ, ഒരുപക്ഷെ, കാർക്കശ്യത്തോടെ വാക്കുകൾ ഉപയോഗിച്ചത് മദ്യം, ലഹരി മുതലായവയെപ്പറ്റി സംസാരിച്ചപ്പോഴായിരിക്കും.

ഈശ്വരനെ ശുദ്ധബോധമായി കണ്ടറിഞ്ഞ്, ആ സഹജാവസ്ഥയെ ‘സുഖമായും’, ‘ആനന്ദമായും’ അനേകം കാവ്യങ്ങളിലൂടെ നമുക്ക് പകർന്നു നൽകിയ ഋഷിയെ സംബന്ധിച്ചിടത്തോളം മനുഷ്യന് ഈശ്വരസാക്ഷാത്കാരത്തിനുള്ള വിശേഷ ഉപാധിയായ ബോധത്തെ നശിപ്പിക്കുന്ന ലഹരിയോട് സന്ധി ചെയ്യുക അസാധ്യമായിരുന്നിരിക്കണം. ‘അറിവ്’ എന്ന് ഗുരു വിശേഷിപ്പിക്കുന്ന ഈശ്വരനെ അറിയാൻ മനുഷ്യനെ പ്രാപ്തനാക്കുന്ന വിശേഷ ബുദ്ധിയെ കെടുത്തിക്കളയുന്ന ലഹരിയെ ഉൻമൂലനം ചെയ്യുക എന്നത് അദ്ദേഹത്തിന്റെ അധ്യാത്മിക ലക്ഷ്യങ്ങളിലൊന്നായിരുന്നു. ഗുരുവിന്റെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ അദ്ദേഹത്തിന്റെ സമകാലീന സമൂഹത്തെ വലിയൊരളവിൽ പരിവർത്തനപ്പെടുത്തിയിരുന്നു. കേരളത്തിന്റെ വർത്തമാനത്തെ ഗ്രസിച്ചിരിക്കുന്ന ലഹരിക്കും ഹിംസാത്മകതയ്ക്കും ഗുരുദേവ ദർശനത്തിലൂടെ സമാധാനം കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷക്ക്, ഗുരുദേവദർശനം നമുക്ക് നൽകുന്ന ആത്മവിശ്വാസത്തിനൊപ്പം ഈയൊരു ചരിത്രസാക്ഷ്യത്തിന്റെ പിൻബലവും കൂടിയുണ്ട്.

 

ലഹരി: നിർവചനവും മോചനവും

 

പൊതുവെ കരുതപ്പെടുന്നതുപോലെ, മദ്യം എന്നത് കൊണ്ട് ഗുരു വിവക്ഷിച്ചത് വെറും കള്ളിനെയും ചാരായത്തിനെയും മാത്രമായിരുന്നില്ല. അസാധാരണമായ ദീർഘദർശിത്വത്തോടെയാണ് ഗുരുദേവൻ ‘ശ്രീനാരായണ സ്‌മൃതി’ എന്ന ഗ്രന്ഥത്തിൽ മദ്യത്തെ നിർവചിച്ചിരിക്കുന്നത്. ഈ ധർമ്മോപദേശ ഗ്രന്ഥത്തിൽ, മനുഷ്യൻ തന്റെ ജീവിതത്തിൽ ആചരിക്കേണ്ട പഞ്ചധർമങ്ങളെപ്പറ്റി വിവരിക്കുമ്പോഴാണ് ആനുകാലിക പ്രസക്തമായ ഈ വിഷയം കടന്നു വരുന്നത്. പഞ്ചധർമങ്ങളിൽ അഹിംസ, സത്യം, അസ്തേയം, അവ്യഭിചാരിത എന്നിവയ്‌ക്കൊപ്പം മദ്യവർജ്ജനത്തെകൂടി ഗുരു ഉൾപ്പെടുത്തി.

 

പഞ്ചധർമങ്ങളിൽ പ്രധാനമായി മദ്യവർജ്ജനത്തെ ഉൾപ്പെടുത്തിയ ഗുരു, എന്താണ് മദ്യം എന്ന് വിവരിക്കുന്നു:

 

ബുദ്ധേര്‍വൈകല്യജനകം മദ്യമിത്യുച്യതേ ബുധൈഃ
മദ്യസേവാം ന കുര്‍വീത മദ്യം വിഷസമം വിദുഃ (82)

(മദ്യം ബുദ്ധിയ്ക്ക് വൈകല്യത്തെ ഉണ്ടാക്കുന്നു എന്നാണ് അറിവുള്ളവർ പറഞ്ഞുവെച്ചിട്ടുള്ളത്. മദ്യത്തെ വിഷമായി തിരിച്ചറിഞ്ഞ് മദ്യസേവ ഒഴിവാക്കണം.) ശ്രീനാരായണസ്‌മൃതിയുടെ വേദജ്യോതി ഭാഷ്യത്തിൽ, ഭാഷ്യകാരനായ ആചാര്യ ഡോ. ജി. ആനന്ദരാജ് ജി, ധർമത്തിന്റെ ഈ സാമാന്യരൂപങ്ങളെ യമനിയമങ്ങളുടെ ലക്ഷണങ്ങളോട് ചേർത്തുവേണം അധ്യയനം ചെയ്യേണ്ടതെന്ന് പ്രത്യേകം പറയുന്നുണ്ട്. ഗുരുവിന്റെ മദ്യനിഷേധത്തെ അപരിഗ്രഹം എന്ന അഞ്ചാമത്തെ യമത്തിന്റെ കാലോചിതമായ വ്യാഖ്യാനമായി ഭാഷ്യകാരൻ വായിക്കുന്നുണ്ട്. കൂടാതെ, ഗുരുവിന്റെ ധർമ സംബന്ധിയായ ഈ ഉപദേശങ്ങൾ പാലിക്കുന്നതിൽ ഗൃഹസ്ഥാശ്രമികൾക്ക് പ്രത്യേക ഉത്തരവാദിത്തം ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

 

അടുത്തകാലത്ത് സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച ഒരു ദൃശ്യമുണ്ട്- ഒരു കഞ്ചാവ് വിതരണക്കാരനും പോലീസ് ഉദോഗസ്ഥരും തമ്മിലുള്ള ‘രസകരമായ സംഭാഷണം’. അതിൽ, ‘മദ്യവും കഞ്ചാവും മയക്കുമരുന്നും’ ഉപയോഗിക്കുന്നത് പാപമാണെന്ന് നമ്മുടെ മതഗ്രന്ഥങ്ങളിൽ പറഞ്ഞിരിക്കുന്നത് നീ വായിച്ചിട്ടില്ലേ എന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ ആ പ്രതിയെ ഗുണദോഷിക്കുന്നതായി കാണാം. എന്നാൽ, ‘മദ്യം ഉപയോഗിക്കാൻ പാടില്ലെന്ന് മതങ്ങൾ പറഞ്ഞിട്ടുണ്ട്. പക്ഷെ, കഞ്ചാവിന്റെയും മയക്കുമരുന്നിന്റെയും കാര്യം എങ്ങും പറഞ്ഞിട്ടില്ല’ എന്ന പ്രതിയുടെ വാദത്തിന് മുന്നിൽ ആ ഉദ്യോഗസ്ഥർക്ക് ഉത്തരം മുട്ടി. ആ സോഷ്യൽ മീഡിയ പോസ്റ്റിനോട് പ്രതികരിച്ചവരിൽ ഭൂരിപക്ഷവും പ്രതിയുടെ ‘യുക്തി പൂർവമായ’ വാദങ്ങളോട് യോജിക്കുകയാണ് ചെയ്തത്. സമൂഹത്തിന്റെ ഈ ആത്മീയ അധഃപതനത്തിന്റെ കാലത്താണ് ഗുരുദേവ ദർശനത്തിന്റെ പ്രസക്തി. ഗുരുദേവൻ പ്രചരിപ്പിച്ചത് സനാതന ധർമമാണോ, ഗുരുദേവ ദർശനത്തിന് കാലിക പ്രസക്തിയുണ്ടോ എന്നൊക്കെ സന്ദേഹിക്കുന്ന ഭരണാധികാരികൾ ശ്രീനാരായണ ദർശനത്തെ പാഠ്യപദ്ധതിയിൽ നിന്ന് ഇന്നും ഒഴിവാക്കി നിർത്തിയതിന്റെയും, പകരം അതിനെ വികലമായി സമൂഹത്തിൽ പ്രചരിപ്പിച്ചതിന്റെ ബാക്കിപത്രമായും വേണം ഈ പരിതാപകരമായ അവസ്ഥയെ മനസ്സിലാക്കാൻ. എങ്ങനെയാണ് ഇവിടെ ഗുരുദേവൻ പ്രസക്തനാകുന്നത്? എന്തുകൊണ്ടും കാലികപ്രസക്തമായ ശ്രീനാരായണസ്‌മൃതിയുടെ 83-)o ശ്ലോകത്തിലൂടെയാണ് ‘പുതിയ തലമുറയുടെ പുത്തൻ ആത്മീയ പ്രതിസന്ധിക്ക്’ ഗുരുദേവൻ ഉത്തരം നൽകുന്നത്.

 

ഈ ശ്ലോകത്തിൽ മദ്യം എന്താണെന്ന് ഗുരു നിർവചിക്കുന്നത് എങ്ങനെയാണെന്ന് നോക്കൂ:

 

സുരാഹിഫേനവിജയാധൂമപത്രാദി വത്സലാഃ!
ചിത്തഭ്രമ വിധായിത്വാന്മദ്യത്വേനേഹ ഗണ്യതേ. (83)

 

അർഥം: “അല്ലയോ മക്കളേ! കള്ള്, കറുപ്പ്, കഞ്ചാവ്, പുകയില, മുതലായവ ചിത്തഭ്രമത്തെ ചെയ്യുന്നതാകയാൽ ഇവിടെ മദ്യമായി ഗണിക്കുകയാണ്.”

 

കള്ള് മുതൽ ചാരായം വരെയും പുകയില മുതൽ മയക്കുമരുന്നു വരെയും പല പേരിലും രൂപത്തിലും പ്രചാരത്തിലുള്ളവയെല്ലാം ഓരോതരം ബുദ്ധിഭ്രമം ഉണ്ടാകുന്നതിനാൽ

അവയെല്ലാം മദ്യത്തിന്റെ കൂട്ടത്തിൽ ഗണിക്കപ്പെടേണ്ടതാണ്, എന്നാണ് ഭാഷ്യകാരൻ ഈ ശ്ലോകത്തിന് നൽകുന്ന ഭാവാർത്ഥം.

 

രാഷ്ട്രത്തിന്റെ ഭാവിയെതന്നെ തകർക്കാൻ കെൽപ്പുള്ള ഒരു മാരക വിപത്തായാണ് ലഹരിയെ ഗുരുദേവൻ അന്നേ മുൻകൂട്ടികണ്ടത് എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മദ്യത്തിന് നൽകുന്ന ഈ നിർവചനം. അദ്ദേഹം ജീവിച്ചിരുന്ന കാലത്തെ സാമൂഹിക പ്രശ്നങ്ങളായിരുന്ന കള്ളുചെത്ത്, ചാരായ നിർമ്മാണം എന്നിവയ്ക്കപ്പുറം കടന്ന്, മദ്യത്തിന് കഞ്ചാവ്, മയക്കുമരുന്ന് എന്ന അർത്ഥമുണ്ടെന്ന് ഗുരു പറയുമ്പോൾ, അദ്ദേഹത്തിന്റെ മദ്യവിരുദ്ധ സന്ദേശങ്ങളെയെല്ലാം ഈ വിശാലമായ നിർവചനത്തിന്റെ പരിധിക്കുള്ളിൽ നിന്നുകൊണ്ടുവേണം ഇനിമുതൽ കേരളം വ്യാഖ്യാനിക്കേണ്ടതും മനസ്സിലാക്കണ്ടതും. ‘അല്ലയോ മക്കളേ’ എന്ന് എന്ന് വാത്സല്യപൂർവ്വം ഗുരുദേവൻ സംബോധന ചെയ്യുന്നത് നൂറു വർഷങ്ങൾക്കിപ്പുറം പിറക്കാനിരുന്ന ഈ തലമുറയയെ ആണെന്ന തിരിച്ചറിവും ഈ സന്ദേശം അവരിലേക്കെത്തിക്കേണ്ടതാണെന്ന ബോധവും ഉണ്ടാകേണ്ടത് സർക്കാരിനും അധ്യാപർക്കും മാതാപിതാക്കൾക്കുമൊക്കെയാണ്. ‘ശ്രീനാരായണ സ്‌മൃതി’ എന്ന ഗ്രന്ഥത്തെ പോലീസ്-എക്സൈസ് ഉദ്യോഗസ്ഥരുടെ പരിശീലന പദ്ധതിയിലും സ്‌കൂൾ പാഠ്യപദ്ധതിയിലും ഉൾപ്പെടുത്തേണ്ടതിന് ഒരു പുതിയ കാരണം കൂടി അധികൃതരുടെ മുമ്പിൽ തെളിയുകയാണ്.

 

തുടർന്ന്, ലഹരിയുമായി ബന്ധപ്പെട്ട എല്ലാ ക്രയവിക്രയങ്ങളും

മഹാനരകത്തിലേക്ക് മനുഷ്യനെ നയിക്കുന്നു എന്ന് ഗുരു പറയുന്നു.

 

മദ്യസ്യ വിക്രയാദാനേ സന്ധാനം ദാനമേവ ച
കദാപി നാചരേദ്ധീമാന്‍മഹാപാതകഹേതുകം. (84)

 

(മദ്യം വിൽക്കുക, വാങ്ങുക, കൂട്ടുക, കൊടുക്കുക, എന്നിവ വലിയ അധഃപതനത്തിന്, നരകയാതനകൾക്ക്, ഹേതുവാകയാൽ, ബുദ്ധിയുള്ള മനുഷ്യൻ ഒരിക്കലും അവയൊന്നും ആചരിക്കരുത്.)

തുടർന്നുള്ള ഗുരുവിന്റെ ഉപദേശങ്ങളെ അദ്ദേഹത്തിന്റെ തന്നെ വാക്കുകളിൽ ഇപ്രകാരം സംഗ്രഹിക്കാം: “മദ്യപാനിയായ നാണംകെട്ടവനെ കാണാന്‍പോലും കൊള്ളാത്തവനാണെന്നും മറ്റും പറഞ്ഞു പരിഹസിച്ച് കേവലം തിരിച്ചറിവില്ലാത്ത ബാലന്മാര്‍പോലും ത്യജിക്കുന്നു. വിവേകികള്‍ വിഷൂചി പിടിപെട്ടവനെ കണ്ടാലെന്നതുപോലെ വെറുക്കുന്നു. മദ്യമുണ്ടാക്കുന്നവന്‍ ദുര്‍ഗ്ഗന്ധമുള്ളവനായിത്തീരുന്നു. അവന്‍റെ വസ്ത്രവും ഭവനവും ദുര്‍ഗന്ധമായിരിക്കും. തന്നെയല്ല, അവന്‍ തൊടുന്ന സര്‍വ വസ്തുക്കളും ദുര്‍ഗന്ധം ഉള്ളതാകും. മദ്യപാനിയെ അവന്‍റെ ഭാര്യ, അച്ഛന്‍, അമ്മ, സഹോദരന്‍, പുത്രന്‍ മുതൽ ഈശ്വരന്‍ വരെ വെറുക്കുന്നു. അതുകൊണ്ട് മദ്യത്തെ പൂർണ്ണമായി ഉപേക്ഷിക്കണം.”

 

ഗുരുവചനങ്ങളിലെ ഈ മഹത്തായ ആധ്യാത്മികസന്ദേശത്തെ ചോർത്തിക്കളഞ്ഞ്, അവയെ തങ്ങളുടെ സൗകര്യപൂർവ്വമായ വ്യാഖ്യാനങ്ങളിലേക്ക് ഒതുക്കി, ‘ഗുരു ഒന്നിനെയും വിലക്കുന്നില്ല’ എന്ന് പലരും ആലങ്കാരിക ഭാഷയിൽ സ്ഥിരമായി പ്രസംഗിക്കുന്നത് നാം കാണാറുണ്ട്. എന്നാൽ, ശ്രീനാരായണീയ ധർമത്തിന്റെ അടിസ്ഥാന തത്വങ്ങളായി ഗുരു ഉപദേശിക്കുന്ന പഞ്ചധർമങ്ങളിൽ സത്യം ഒഴിച്ച്, ബാക്കി നാലും അരുതുകളാണ്- കൊല്ലരുത്, മോഷണം അരുത്, വ്യഭിചാരം അരുത്, മദ്യം അരുത്. ഗുരു ഉപദേശിച്ച ‘സദാചാരമായ’ ഈ അരുതുകളെ ‘സ്വാതന്ത്ര്യം’ എന്ന പേരിൽ ലംഘിക്കാൻ പുതിയതലമുറയ്ക്ക് ആഹ്വാനവും പ്രേരണയും പലകോണുകളിൽ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നു. ഇത്തരത്തിൽ ഗുരു വിലക്കേർപ്പെടുത്തിയവയ്ക്ക് സമൂഹത്തിൽ അംഗീകാരം നേടിക്കൊടുക്കുകയും അരാജകത്വത്തിന്റെ വിത്തുകൾ പാകുകയുമാണ് ‘നവോത്ഥാനമൂല്യങ്ങളെ തിരികെ പിടിക്കുന്നു’ എന്ന പേരിൽ പലരും ചെയ്യുന്നത്. നവോത്ഥാനം എന്ന് പേരിട്ടു വിളിക്കുന്ന സാമൂഹിക പുനർജാഗരണത്തിന്റെ അമരക്കാരനായിരുന്ന ഗുരു, തന്റെ നേതൃത്വത്തിൽ നടന്ന ആധ്യാത്മീക മുന്നേറ്റം സമൂഹത്തിൽ ഉൾച്ചേർത്ത മൂല്യങ്ങളെ അക്ഷരാർത്ഥത്തിൽ ‘തിരികെ’ (തലകീഴായി) പിടിക്കുകയാണ് ഇക്കൂട്ടർ ചെയ്തത്. ആ ഗുരുത്വ ദോഷത്തിന്റെ ഫലമാണ് കേരളം ഇന്നനുഭവിക്കുന്നത്.

 

ലഹരിയ്ക്കെതിരെ ധർമയുദ്ധം

 

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും മഹാത്മാ ഗാന്ധിയും മദ്യവർജനം ഒരു അജണ്ടയായി ഉയർത്തികൊണ്ടുവരുന്നതിനും എത്രയോ മുമ്പുതന്നെ ഗുരുദേവൻ തന്റെ മദ്യവിരുദ്ധ യജ്ഞംആരംഭിച്ചിരുന്നു. ഒരു പക്ഷേ, അതിന് അരുവിപ്പുറം പ്രതിഷ്ഠയോളം പഴക്കമുണ്ട്. പ്രാണിഹിംസയോടൊപ്പം മദ്യത്തെയും നമ്മുടെ ആരാധനാ സമ്പ്രദായങ്ങളിൽ നിന്ന് ഒഴിവാക്കിയുള്ള ആചാരപരിഷ്കരണത്തോടെയാണ് ഗുരു തന്റെ മദ്യവിരുദ്ധ പ്രവർത്തനങ്ങൾ ആരംഭിച്ചതെന്നു പറയാം. അത്തരം അനുഷ്ഠാനങ്ങളെ പാടെ ഒഴിവാക്കി അദ്ദേഹം ക്ഷേത്രങ്ങൾ സ്ഥാപിച്ചു. സദാചാരങ്ങളിലേക്ക് സമൂഹത്തെ കൈപിടിച്ചുയർത്തിയതിനു ശേഷം, അടുത്ത പടിയെന്നവണ്ണമാണ് അദ്ദേഹം മദ്യത്തിനെതിരെയുള്ള മഹാസന്ദേശം നൽകുന്നത്. “മദ്യം വിഷമാണ്, അതുണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത്. ചെത്തുകാരന്റെ ദേഹം നാറും,

തുണി നാറും, അവൻ തൊട്ടതെല്ലാം നാറും.” എന്ന ഗുരുവിന്റെ മദ്യവർജ്ജന സന്ദേശത്തിന് ഒരു നൂറ്റാണ്ടിലധികം പഴക്കമുണ്ട്. കൊല്ലവർഷം 1096-ലെ ജയന്തിക്കാലത്താണ് ഈ മഹത്തായ സന്ദേശം അദ്ദേഹം ലോകത്തിനായി നൽകിയത്. ഏതാണ്ടിതേകാലത്താണ്, അയിത്തോച്ചാടനത്തോടൊപ്പം മദ്യവർജ്ജനവും കോൺഗ്രസ് അവരുടെ പ്രധാന രാഷ്ട്രീയ പരിപാടികളിൽ ഉൾപ്പെടുത്തുന്നത്.

 

ഈ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തെക്കുറിച്ച്, ഗുരുദേവന്റെ ലഘുജീവചരിത്രം എഴുതിയ പ്രൊഫ. ജെ. ഇന്ദിര, രാജീവ് ശ്രീനിവാസൻ എന്നിവരുടെ വാക്കുകൾ ഇങ്ങനെ: “തികച്ചും യുക്തിയുക്തമായ ഒരു വിശദീകരണം ഇതിനുപിന്നിലുണ്ടായിരുന്നു. ഈഴവരുടെയിടയില്‍ കുറേ പാവങ്ങള്‍ ചെത്തുതൊഴിലാളികളായിരുന്നു. മദ്യപിക്കുന്നതുകൊണ്ട്‌ കുടുംബത്തിനുണ്ടാകുന്ന പ്രശ്നങ്ങള്‍ ഗുരുദേവന്‍ ശ്രദ്ധിച്ചു. പല പുരുഷന്മാരും തങ്ങളുടെ വേതനങ്ങളെല്ലാം മദ്യത്തില്‍ മുടക്കി മുടിച്ചിരുന്നു. കുടുംബാംഗങ്ങളുടെ നില പരിതാപകരം.

അതുപോലെ തെങ്ങു ചെത്തുന്നവര്‍ക്കു പ്രത്യേകിച്ച്‌ വലിയ പ്രതിഫലം ഒന്നും കിട്ടിയിരുന്നില്ല. അവരുടെ കുടുംബങ്ങളും പട്ടിണിയിലായിരുന്നു. പണമുണ്ടാക്കിയത്‌ ഇടനിലക്കാരായിരുന്നു. മഹാത്മാഗാന്ധി പില്‍ക്കാലത്ത്‌ മദ്യനിരോധനത്തെപ്പറ്റി ബോധവാനായത്‌ ഗുരുദേവന്റെ ഉദാഹരണം കണ്ടിട്ടാകാം.”

 

ഗുരുദേവന്റെ മദ്യവർജ്ജന പരിപാടി ശ്രീനാരായണീയ പ്രസ്ഥാനങ്ങളും നേതാക്കളും ഏറ്റെടുക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. തിരുവിതാംകൂറിന്റെ നാനാഭാഗങ്ങളിലേക്കും കൊച്ചിയിലേക്കും ഇത് വ്യാപിപ്പിക്കുന്നതിൽ ടി. കെ. മാധവൻ ഒരു പ്രധാന പങ്കുവഹിച്ചു. ഇതുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ സംഭാവനകളെ മുൻനിർത്തി അന്നത്തെ തിരുവിതാംകൂർ ഗവൺമെന്റ് അദ്ദേഹത്തെ ആദരിക്കുകയും ചെയ്തിട്ടുണ്ട്. 1921ൽ കരുനാഗപ്പള്ളിയിൽ വച്ച് സംഘടിപ്പിച്ച ശ്രീനാരായണ ധർമ പരിപാലന യോഗത്തിന്റെ വാർഷിക സമ്മേളനത്തിൽ മദ്യ വ്യവസായം അവസാനിപ്പിക്കാൻ സമുദായത്തെ അഹ്വാനം ചെയ്തുകൊണ്ട് ചരിത്രപ്രസിദ്ധമായ ഒരു പ്രമേയം ടി. കെ. മാധവൻ അവതരിപ്പിച്ചു. ആ പ്രമേയത്തിന്റെ ഉള്ളടക്കം ഇപ്രകാരമാണ്: ‘സമുദായത്തിന്റെ അഭിവൃദ്ധിക്കും സദാചാരനിലയ്ക്കും ഹാനികരമായ സർവ്വഥാ അപകർഷഹേതുവുമായ ചെത്തും മദ്യ വ്യവസായവും ഈഴവർ നിശ്ശേഷം നിവർത്തിക്കേണ്ടതാണെന്ന് ഈ യോഗം അഭിപ്രായപ്പെടുന്നു.’ ഈ പ്രമേയം പിന്നീട് യോഗത്തിന്റെ എല്ലാ ശാഖകളിലേക്കും അയച്ചുകൊടുക്കുകയും മദ്യനിർമാണവും വ്യവസായവും അവസാനിപ്പിക്കാൻ വേണ്ടതെന്തൊക്കെയാണോ അതെല്ലാം നടപ്പിലാക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു. ഇതോടെ മദ്യവർജന പ്രസ്ഥാനം എസ്എൻഡിപി യോഗത്തിന്റെ പ്രധാന പ്രവർത്തന അജണ്ടയായി മാറി. ജാതി മതങ്ങൾക്ക് അതീതമായി, സാമൂഹികമായും സാംസ്കാരികമായും സാമ്പത്തികമായും ആചാരപരമായും പിന്നോക്കം നിന്ന ജനതതിയെ അന്ധകാരത്തിൽ നിന്ന് ഗുരു അവരെ നയിച്ചത് ആത്മീയവും ഭൗതീകവുമായ ഉയർച്ചയിലേക്കും, വെളിച്ചത്തിലേക്കുമായിരുന്നു.

 

മദ്യം വിഷമാണെന്ന മഹാസന്ദേശം നല്കുന്നതിനോടൊപ്പം, വളരെ കർക്കശമായിത്തന്നെ അദ്ദേഹം അതിന്റെ ഉത്പാദകരെയും വിതരണക്കാരെയും താക്കീതുകൂടി ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ, മാറിമാറി വന്ന സർക്കാരുകളുടെയും ആദർശ രാഷ്ട്രീയ നേതാക്കളുടെയും പ്രോത്സാഹനത്തിൽ തഴച്ചു വളർന്ന മദ്യവ്യവസായത്തിന്റെ സ്വാധീനത മൂലം, ഗുരുവിന്റെ മഹാസന്ദേശത്തിന്റെ രണ്ടാം പകുതിക്ക് പ്രചാരമില്ലാതെയായി. മദ്യത്തിന്റെ ഉത്പാദനത്തെ പ്രോത്സാഹിപ്പിച്ച ഇവിടുത്ത രാഷ്ട്രീയ പാർട്ടികൾ, മദ്യത്തിന്റെ ഉത്പാദനത്തെ ‘തൊഴിൽ’ എന്ന പേരിൽ മാന്യത നൽകി പുനരവതിരിപ്പിക്കുകയും ഗുരുവിന്റെ മദ്യവിരുദ്ധ പ്രവർത്തനങ്ങളെയും അദ്ദേഹത്തിന്റെ സദുപദേശങ്ങൾ കേരളീയ സമൂഹത്തിലുണ്ടാക്കിയ മുഴുവൻ പരിവർത്തനങ്ങളെയും അട്ടിമറിക്കുകയും ചെയ്തു. കള്ളുചെത്ത് അവസാനിപ്പിച്ചാൽ തൊഴിൽ നഷ്ടപ്പെടും എന്ന തൊഴിലാളിരാഷ്ട്രീയ വാദം ഗുരുദേവന്റെ കാലത്തുതന്നെ സജീവമായിരുന്നു. “തേറു മുറിച്ചെടുത്താൽ മൂന്നുനാലു കത്തി തീർക്കാം, ക്ഷൗരക്കത്തി. ഇതിലുംപരം ശ്രേഷ്ഠമായ തൊഴിലാണ് ക്ഷൗരം” എന്നായിരുന്നു ഈ വാദത്തിന് ഗുരു നൽകിയ മറുപടി.

 

മദ്യത്തിന്റെ വിപത്തിനെപ്പറ്റി ഗുരു നടത്തിയ മറ്റൊരു പരാമർശം, അദ്ദേഹത്തിന്റെ ഗൃഹസ്ഥ ശിഷ്യനും ജീവചരിത്രകാരനുമായ ശ്രീ കോട്ടുക്കോയ്ക്കൽ വേലായുധൻ തന്റെ ‘ശ്രീ നാരായണ ഗുരു: സമഗ്രവും സമ്പൂർണവുമായ ജീവചരിത്രം’ എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

സഹികെട്ടു ഒരിക്കൽ മീനച്ചിൽ താലൂക്കിൽ വച്ച് വേലായുധൻ ശാന്തി മുതലായ ഭക്തന്മാരുമായി സംസാരിക്കുന്ന മദ്ധ്യേ മനോവേദനയോടുകൂടി ഒരു സംഗതി ഗുരുദേവൻ ഊന്നി പറഞ്ഞു: “ഇസ്‌ലാം മതക്കാർക്ക് ഒരു സമാധാന മാർഗമുണ്ടല്ലോ, കാഫർകളെ കൊന്നാൽ സ്വർഗ്ഗപ്രാപ്തി എന്ന്. യഥാർത്ഥത്തിൽ സ്വർഗപ്രാപ്തിക്ക് സഹായിക്കും, കൈവിരലിൽ എണ്ണാവുന്ന, ഈ രാജ്യത്തിന് പൊതുവെ ദോഷം വരുത്തുന്നവരായ, ഈ ചെത്തുകാരെ നശിപ്പിച്ചാൽ.”

 

ഗുരു നൽകിയ ഈ മറുപടിയിൽ ഉപയോഗിച്ചത്ര പരുഷമായ വാക്കുകൾ അദ്ദേഹത്തിന്റെ മുഖത്തു നിന്നും അതിനു മുമ്പോ പിമ്പോ ഉണ്ടായിട്ടില്ല.

 

ഗുരുവിന്റെ മദ്യവർജനാഹ്വാനം കേവലം ഏതെങ്കിലുമൊരു വിഭാഗത്തെ മാത്രം ലക്ഷ്യം വച്ചായിരുന്നില്ലെന്ന് അദ്ദേഹത്തിന്റെ ഇതുസംബന്ധിച്ച ഇടപെടലുകളിൽ നിന്ന് വ്യക്തമാകും. മഹാത്മ അയ്യങ്കാളിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് മുട്ടത്തറയിൽ വച്ച് നടന്ന പുലയ സമുദായാംഗങ്ങളുടെ ഒരു മഹായോഗത്തിൽ പങ്കെടുത്ത് ഗുരുദേവൻ നടത്തിയ പ്രസംഗം ചരിത്രപ്രാധാന്യമർഹിക്കുന്നു. ഗുരു മദ്യത്തിനെതിരെ സംസാരിക്കുക മാത്രമല്ല ചെയ്തത്, മദ്യപാനം കാരണമുണ്ടാകുന്ന ദുർവ്യയത്തിന്റെ സാമ്പത്തിക ശാസ്ത്രവും, അതിനുവേണ്ടി ചിലവാക്കുന്ന പണം എങ്ങനെ സാമൂഹിക പുരോഗതിക്കായി നീക്കി വയ്ക്കാമെന്നും ഗുരുദേവൻ ആ മഹായോഗത്തിൽ വച്ച് ജനസാമാന്യത്തെ ഉദ്ബോധിപ്പിക്കുന്നുണ്ട്:
“നിങ്ങൾക്ക് പണമില്ലെന്നു പറയുന്നത് ശരിയല്ല. നിങ്ങളൊക്കെ പണം ആണല്ലോ. ദിവസേന വേല ചെയ്തു പണമുണ്ടാക്കാതെ നിങ്ങളിൽ ആരുമില്ല. ഇപ്പോളത് മദ്യപാനം ചെയ്തും മറ്റും വെറുതെ പോകുന്നു. അതിൽ ഓരോ കാശു വീതമെങ്കിലും മാസംതോറും നിങ്ങളൊക്കെ ഒരു പൊതു ഭണ്ടാരത്തിലിട്ടു പൂട്ടിയാൽ അതുകൊണ്ട് നിങ്ങളുടെ കുട്ടികളെ വിദ്യ അഭ്യസിപ്പിക്കാം. മദ്യപാനം കഴിയുന്നതും നിർത്തണം. ഇനി കുട്ടികളെ കള്ളുകുടിക്കാൻ അനുവദിക്കരുത്. പ്രായം ചെന്നവരും കഴിയുന്നതും മാറ്റണം. സഭ കൂടി പറയേണ്ടത് മദ്യപാനം മുതലായതുകളെ നിർത്താനാണ്. മറ്റുള്ളവരും നിങ്ങളെ സഹായിക്കാതിരിക്കുകയില്ല.”

 

‘ശ്രീ നാരായണ ഭക്തരോട്-എത്ര ദൂരം എത്തി’ എന്ന തലക്കെട്ടിൽ മഹാകവി കുമാരനാശാൻ എഴുതിയ ഒരു ലേഖനത്തിൽ, ഗുരുദേവന്റെ ഒരു മദ്യവിരുദ്ധ പ്രസ്താവന ഉദ്ധരിച്ചിട്ടുണ്ട്. അതിലും ഈ വിഷയത്തിൽ കപട തൊഴിലാളി സ്നേഹികളുടെ യുക്തിയെ ഗുരു തന്റെ സ്വതസിദ്ധമായ ശൈലിയിൽ ഖണ്ഡിക്കുന്നത് കാണാം:

 

“മദ്യം ബുദ്ധിയെയും ആരോഗ്യത്തെയും നശിപ്പിക്കുന്ന വിഷമാണ്. അതിനെ ഉണ്ടാക്കി കുടിപ്പാൻ കൊടുക്കുന്നത് വലിയ പാപം. മദ്യപൻ ചെയ്യാൻ പാടില്ലാത്ത ദുഷ്കൃത്യം ഒന്നുമില്ല. ചെത്തുകാരനെ കണ്ടാൽ കശാപ്പുകാരനോടുള്ളതിനേക്കാൾ വെറുപ്പ് തോന്നും. അവന്റെ ദേഹവും വസ്ത്രവും വീടും പറമ്പുമെല്ലാം അറപ്പ് തോന്നുന്ന ഒരു വക ദുർഗന്ധം വ്യാപിച്ചിരിക്കും. മദ്യ വില്പനയുള്ള ഗൃഹത്തിൽ അടുക്കള ശുദ്ധമായ ഇരിപ്പാൻ പ്രയാസം. സ്ത്രീകൾക്ക് മര്യാദ പാലിപ്പാൻ പ്രയാസം. തീയരിൽ സാധുക്കൾ മാത്രമേ ചെത്താറുള്ളൂ. അവരുടെ സംഖ്യ ആയിരത്തിൽ ഒന്നു കാണുമോ എന്ന് സംശയം. മറ്റു വർഗ്ഗക്കാരിലുള്ള സാധുക്കൾ ആരും ചെത്തിയല്ല കഴിയുന്നത്. ഇപ്പോൾ ചെത്തുകൊണ്ടുള്ള ആദായം തന്നെ മുഴുവൻ സർക്കാറിന് പോകുന്നു. പിന്നെ എന്തിനു തീയർ ചെത്തണം. വലിയ ലാഭം ഉണ്ടായാൽ തന്നെ പാപകരമായ തൊഴിൽ മനുഷ്യൻ ചെയ്യരുത്.” (പ്രതിഭാ, ഒമ്പതാം ലക്കം,1096)

 

ഈ വിഷയത്തിൽ ഒരു ക്രിസ്തുമത വിശ്വാസിയുമായുള്ള ഗുരുവിന്റെ സംഭാഷണവും പ്രസക്തമായതുകൊണ്ട് ഇവിടെ ചേർക്കുന്നു:

യുക്തിവാദിയുടെ മനസ്സ് മനസ്ഥിതിയുള്ള പാണ്ടിപ്പിള്ളി വറീത്: ചെത്തും മദ്യപാനവും സ്വാമികൾ വിചാരിച്ചാൽ നിർത്താൻ സാധിക്കുമോ?

ഗുരു: മദ്യപാനത്തെക്കുറിച്ച് നിങ്ങളുടെ മതത്തിൽ എന്തു പറയുന്നു?

വറീത്: ക്രിസ്തു പറയുന്നത് ‘മദ്യപാനി എന്റെ കൂടാരത്തിൽ വസിക്കുകയില്ല’ എന്നാണ്.

ഗുരു: എന്നാൽ കൂടാരം ഇപ്പോൾ ഒഴിവായിരിക്കയില്ലേ?

 

നേരത്തെ പറഞ്ഞതുപോലെ, ഗുരു മദ്യത്തിനു നൽകിയ ‘സുരാഹിഫേനവിജയാധൂമപത്രാദി’ എന്ന നിർവചനത്തിന്റെ അടിസ്ഥാനത്തിൽ വേണം മേൽപ്പറഞ്ഞ സംഭാഷണങ്ങളെയും സന്ദർഭങ്ങളെയും പുനർവായിക്കാൻ.

 

ഗുരുവിന്റെ യത്നങ്ങളെ അട്ടിമറിച്ച സർക്കാരുകൾ

 

ഇന്ന് കേരള സർക്കാരിന്റെ വരുമാനത്തിന്റെ മുഖ്യസ്രോതസ്സായ മദ്യത്തിനെതിരെ പ്രത്യക്ഷത്തിൽ നയിച്ച ധർമയുദ്ധമാണ് ഗുരുവിന്റെ സാമൂഹിക ജീവിതത്തിലെ പ്രധാന പർവ്വമായി അദ്ദേഹത്തിന്റെ ജീവചരിത്രങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഗാന്ധിജിയോടുള്ള ആദരസൂചകമായി, അദ്ദേഹത്തിന്റെ ജന്മനാടായ ഗുജറാത്ത് മദ്യത്തെ സമ്പൂർണ്ണമായി നിരോധിച്ചപ്പോൾ, നമ്മുടെ സർക്കാരുകൾ ഗുരുദേവനോടുള്ള കൂറ് പ്രഖ്യാപിച്ചത് ഗുരു വിലക്കിയ ലഹരി ഉൽപ്പാദനത്തെയും ഉപഭോഗത്തെയും അകമഴഞ്ഞ് പ്രോത്സാഹിപ്പിച്ചുകൊണ്ടാണ്. മദ്യത്തെ പ്രധാന വരുമാന സ്രോതസ്സായി കാണുന്ന സർക്കാരിന്റെ നയങ്ങൾക്കെതിരെ ഗുരുദേവൻ ഒരു നൂറ്റാണ്ടു മുമ്പ് പറഞ്ഞത് ഇന്നും പ്രസക്തമാണ്. ടി. കെ. മാധവൻ എഴുതിയ ഒരു പുസ്തകത്തിന്റെ മുഖവരയിൽ ‘മദ്യവർജനത്തിന്റെ കാലമാണിത്’ എന്ന ഭാഗം വായിച്ചു കേട്ടപ്പോൾ സ്വാമികൾ പറഞ്ഞു: ‘മദ്യം ഉണ്ടായപ്പോഴേ മദ്യവർജന ശ്രമം തുടങ്ങി. മദ്യവർജ്ജനം ഇക്കാലത്തു മാത്രമല്ല, വളരെക്കാലത്തിനു മുമ്പേയുള്ളതാണ്; ഇതുമാത്രം മദ്യവർജനത്തിന്റെ കാലമാകുന്നതല്ല.’ അതേ പുസ്തകത്തിൽ നിന്നുതന്നെ, ‘മദ്യത്തിൽ നിന്നുള്ള വരവ് നിന്നു പോകുന്നത് നഷ്ടമാണെന്ന’ ഗവൺമെന്റിന്റെ ന്യായം വായിച്ചുകേട്ടപ്പോൾ, ‘അത് തിന്നു വയറു വലുതായി പോയിട്ടാണ്’ എന്നത്രേ സ്വാമികൾ പറഞ്ഞത്.

 

ശിവഗിരി മഠത്തിന്റെ പ്രസിദ്ധീകരണമായിരുന്ന നവജീവനിൽ (07-01-1921), ശ്രീ നാരായണ ഗുരുദേവൻ തന്റെ അനന്തരാവകാശിയായി പ്രഖ്യാപിച്ച സ്വാമി സത്യവ്രതൻ എഴുതിയ ലേഖനം ഗുരുദേവന്റെ മദ്യവിരുദ്ധ പോരാട്ടം ഒരു ചുരുങ്ങിയ കാലത്തിനകം എങ്ങനെ സമ്പൂർണ വിജയം കണ്ടു എന്നതിന്റെ

നേർസാക്ഷ്യമാണ്. മദ്യപാനത്തിനും, അത് മൂലമുണ്ടായ ഗോവധത്തിനും സത്യവ്രത സ്വാമികൾ കുറ്റപ്പെടുത്തുന്നത് ബ്രിട്ടീഷ് ആധിപത്യത്തെയും പാശ്ചാത്യ സംസ്കാരത്തിന്റെ സ്വാധീനത്തെയുമാണ്. “പാശ്ചാത്യപരിഷ്കാരം വളരെ ജനങ്ങളെ കുടിയന്മാരാക്കി തീർത്തിരിക്കുന്നു. പടിഞ്ഞാറൻ മദ്യം അകത്തു പോയാൽ ‘കുടൽ’ കത്തി തുടങ്ങും. കുടലിനുള്ളിൽ വല്ല സമാധാനവും വേണമെങ്കിൽ ‘മൂരിയിറച്ചി’ തന്നെ ചെല്ലണം. അതു രണ്ടും കൂടെ അകത്തു കിടന്ന് കൂടിക്കാഴ്ച നടത്തുന്ന സമയമത്രയും കുടിയന് അല്പമൊരു ആശ്വാസമുണ്ട്. പടിഞ്ഞാറുകാർ വരുന്നതിനു മുമ്പായി ഗോവധം ഇല്ലാതെ ഇരുന്ന ഇന്ത്യയിൽ ഇപ്പോൾ ഗോശ്രീരാജൻ തുടങ്ങി ‘ഗോബ്രാഹ്മണ ഹിതത്തിനു’ മാത്രം ജീവിക്കുന്ന അരചന്മാർ വെള്ളക്കാരന്റെ ഹിതത്തിന് ഗോവധം അനുവദിച്ചു കഴിഞ്ഞിരിക്കുന്നു. ഗോവും ബ്രാഹ്മണനും അരചനെ എന്തുചെയ്യും? വെള്ളക്കാരന്റെ അഹിതം ഉള്ളിൽ സുഖത്തെ ഉളവാക്കില്ല. പിന്നെ, അനുവദിക്കാതെ അവർക്ക് ഗത്യന്തരം ഇല്ലല്ലോ. മദ്യപാനം നിമിത്തം എത്ര കുടുംബങ്ങൾ തുലഞ്ഞു! എത്രപേർ അകാലമരണം പ്രാപിച്ചു! ഇവരെപ്പോലെ പാവങ്ങളായ എത്ര പശുക്കൾ മദ്യത്തിന് കൂട്ടുപോകുവാൻ മരണമടഞ്ഞു! ശിവ! ശിവ! കണ്ണിൽ ചോരയും ഉള്ളിൽ കനവുമുള്ളവർ ഒരു നിമിഷം പോലും ഈ ദുഷ്കൃത്യം വെച്ചുകൊണ്ടിരിക്കുകയില്ല.” സത്യവ്രഹ സ്വാമികളുടെ ഉള്ളു പൊള്ളിക്കുന്ന വാക്കുകളിൽ ഒരു മനുഷ്യസ്നേഹിയുടെ വിലാപമാണ് നമുക്ക് കാണാൻ കഴിയുക.

 

തുടർന്ന് അദ്ദേഹം എഴുതുന്ന വാക്കുകൾക്ക് ഒരു ചരിത്ര രേഖയുടെ പ്രാധാന്യമാണുള്ളത്. ഗുരുദേവന്റെ മഹാസന്ദേശം എത്തണം മാസങ്ങൾ കൊണ്ട് സമൂഹത്തിലുണ്ടാക്കിയ സമ്പൂർണ പരിവർത്തനത്തിന്റെ തെളിവായി നമുക്കിതിനെ കാണാം. “മദ്യം വിഷമാണ് അത് ഉണ്ടാക്കരുത് കൊടുക്കരുത് കുടിക്കരുത് മുണ്ടും നാറും വീട് നാറും അവൻ തൊട്ടതെല്ലാം നാറും എന്നിങ്ങനെ ശ്രീനാരായണഗുരു സ്വാമി പാദങ്ങൾ ഒരു കൽപ്പന പുറപ്പെടുവിച്ചത് കൊണ്ട് ഈഴവർ ചെത്തുനിർത്തിയിരിക്കുന്നു . അടുത്തകാല അടുത്ത കുത്തക ലേലത്തിന് മുമ്പായി ഒരു ഈഴവനും തെങ്ങു ചെത്താൻ ഉണ്ടാവില്ല ഇതിന്റെ ദൂഷ്യ്യം നേരത്തെ അറിഞ്ഞുകൊണ്ട് വല്ല ധാന്യങ്ങളിൽ നിന്നും മദ്യം ഉണ്ടാക്കാമോ എന്ന് പരിശോധിക്കാൻ എക്സൈസ് കമ്മീഷണർക്ക് കൽപ്പന കൊടുത്തിരിക്കുന്നു രാജ്യത്ത് മുതലെടുപ്പ് വർദ്ധിപ്പിക്കാൻ ആക്രാന്ത പരിശ്രമം ചെയ്യുന്ന ആ മന്ത്രിക്ക് വന്നുപിണഞ്ഞ ഒരു വിപത്തു നോക്കണേ….”

തുടർന്ന് അനേകം രാജ്യങ്ങളിൽ മദ്യനിരോധനം നടപ്പിലാക്കിയതിന്റെ ഉദാഹരങ്ങൾ ചൂണ്ടിക്കാട്ടി തിരുവിതാംകൂറിലും നിരോധനം നടപ്പാക്കാൻ ഭരണാധികാരിയോട് അദ്ദേഹം അഭ്യർത്ഥിക്കുന്നു. “പൊന്നു തമ്പുരാൻ തിരുമനസ്സിലെ അടുത്ത തിരുനാൾ ദിവസം മേലാൽ രാജ്യത്തിൽ ഒരുത്തനും മദ്യപിച്ചു കൂടാ എന്നൊരു കൽപ്പന നീതുല്യമായി അവിടുത്തെ സ്നേഹിക്കുന്ന പ്രജകൾക്കായി ദാനം ചെയ്യണമെന്ന് പൗരാവലി ഒരേപോലെ അപേക്ഷിക്കുന്നു,” എന്ന് മുഖപ്രസംഗത്തിലൂടെ സ്വാമി സത്യവ്രതൻ അഭ്യർത്ഥിച്ചു.

 

ഗുരുദേവന്റെ ആഹ്വാനത്തിനു ശേഷം നാടൻ മദ്യവ്യവസായത്തിന്റെ നട്ടെല്ലൊടിഞ്ഞതിനെ തുടർന്നാണ് തിരുവിതാംകൂർ സർക്കാർ വിദേശമദ്യ നിർമ്മാണം എന്ന ആശയത്തെപ്പറ്റി ചിന്തിക്കുന്നത്. ഗുരു നടപ്പിലാക്കിയ സാമൂഹ്യവിപ്ലവത്തെ അട്ടിമറിച്ച്, സമൂഹത്തെ പൂർവാന്ധകാരത്തിലേക്ക് മടക്കിക്കൊണ്ടുപോകാൻ ലക്ഷ്യമിട്ട് സ്ഥാപിക്കപ്പെട്ട ആ സ്ഥാപനമാണ് ഇന്ന് കേരള സർക്കാരിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ദി ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡ് (ടി.എസ്.സി.എൽ.) 1920കളിൽ തുടങ്ങിയ പുതിയ മദ്യനിർമാണ മേഖലകളെക്കുറിച്ചുള്ള അന്വേഷണം, 1930കളിൽ ഒരു കമ്പനി രൂപീകരണത്തിലെത്തി നിന്നു. പിന്നീട്, 1948ൽ പൂർണമായി പ്രവർത്തനം തുടങ്ങുന്ന ഒരു മദ്യനിർമാണശാലയായി അത് മാറി. ഇന്ന്, കേരളത്തിലെ ഏറ്റവും വലിയ മദ്യനിർമാണശാലകളിലൊന്നാണ് തിരുവല്ലയിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനം. തുടർഭരണം നേടിയ ഇടതു സർക്കാരിന്റെ ഏക ഭരണ നേട്ടമായി ചൂണ്ടിക്കാട്ടാൻ കഴിയുന്ന പൊതുമേഖല സ്ഥാപനമാണിത്. പിണറായി വിജയൻ സർക്കാരിന് കീഴിൽ പുതുജീവൻ കിട്ടിയ ഈ സ്ഥാപനം ഇന്ന്, വെറും ഒരൊറ്റ ബ്രാൻഡ് മദ്യം ഉൽപ്പാദിപ്പിക്കുന്നതിലൂടെ ദിനംപ്രതി ഒരു ലക്ഷം രൂപ ലാഭം ഉണ്ടാക്കുന്ന സ്ഥിതിയിലേക്ക് വളർന്നിരിക്കുന്നു. കൂടാതെ, കേരളത്തിലേക്കുള്ള വിദേശമദ്യത്തിന്റെ ഇറക്കുമതി കുത്തകയും ഈ കമ്പനിക്കാണ്. ‘സാധാരണക്കാരന് നിലവാരമുള്ള മദ്യം കുറഞ്ഞ വിലയിൽ’ എന്ന ടി.എസ്.സി.എല്ലിന്റെ മുദ്രാവാക്യത്തിൽ ഗുരുദേവന്റെ മഹാസന്ദേശത്തെ ഇടത് സർക്കാർ മുക്കിക്കൊന്നു. സാധാരണക്കാരൻ മദ്യപാനം ഉപേക്ഷിച്ച് ആ പണം കൊണ്ട്, കുഞ്ഞുങ്ങളെ വിദ്യാഭ്യാസം ചെയ്യിക്കണമെന്ന് ഉപദേശിച്ച ഗുരുവിന്റെ മഹത്തായ സ്വപ്നത്തെയും ഗുരുദേവന്റെ നേതൃത്വത്തിൽ നടന്ന നവോത്ഥാനത്തിന്റെ നേട്ടങ്ങളെയും ഇടത്-വലത് ഭരണവർഗം എങ്ങനെ കെടുത്തിക്കളഞ്ഞു എന്നതിന്റെ ചരിത്ര സ്മാരകമാണ് ഈ സ്ഥാപനം.

 

ലഹരിവിമോചന പ്രവർത്തനങ്ങൾ

 

ലഹരിക്കെതിരെ ധർമയുദ്ധം നയിച്ച ഗുരു, പക്ഷേ ലഹരിക്കടിമപ്പെട്ടവോട് അങ്ങേയറ്റം കാരുണ്യപൂർവ്വമായി മാത്രമേ പെരുമാറിയിട്ടുള്ളു. ലഹരിവിരുദ്ധ പോരാട്ടങ്ങൾക്കൊപ്പം, തുടക്കം മുതലേ ലഹരി വിമോചന പ്രവർത്തനങ്ങളിലും അദ്ദേഹം വ്യാപൃതനായതായി നമുക്ക് കാണാം. ഒരുപക്ഷെ ഈ മേഖലയിൽ, അദ്ദേഹം ആധുനിക കേരളത്തിന് മുമ്പേ നടന്ന വഴികാട്ടിയായി മാറി. ലഹരിക്കടിമപ്പെട്ട അനേകം പേരെ ആ ദുശ്ശീലത്തിൽ നിന്ന് മോചിപ്പിച്ച് സാധാരണ ജീവിതത്തിലേക്ക് മടക്കികൊണ്ടുവന്നിട്ടുണ്ട്. അത്തരം അനുഭവസാക്ഷ്യങ്ങളാണ് ഗുരുദേവൻ നടത്തിയ അത്ഭുത പ്രവൃത്തികളിൽ ഭൂരിഭാഗവും.

 

അതിലൊരു കഥയെ ഇപ്രകാരം സംഗ്രഹിക്കാം: നെയ്യാറ്റിൻകരയ്ക്കടുത്ത് കുളത്തൂരിൽ ശിഷ്യരോടൊപ്പം ഇരുന്ന ഗുരുവിനെ ഒരു മേൽജാതിക്കാരൻ മദ്യലഹരിയിൽ അധിക്ഷേപിക്കുന്നു. അദ്ദേഹം നിശബ്ദനായി അത് കേട്ടിരുന്നു. പിന്നീട്, ഒരു കൊല്ലം കഴിഞ്ഞ് അയാളെ വീണ്ടും കണ്ടപ്പോൾ, ഗുരു അങ്ങോട്ട് ചോദിക്കുകയാണ്: “ഇപ്പോഴും ചാരായം കുടിക്കാറുണ്ടോ” എന്ന്. ഉണ്ടെന്നു അയാൾ മറുപടി പറഞ്ഞപ്പോൾ, “ഇപ്പോൾ കുടിക്കാമോ?” എന്ന് ഗുരു തിരിച്ചു ചോദിക്കുന്നു. “തന്നാൽ കുടിക്കാം,” എന്ന് അയാൾ മറുപടിയും കൊടുക്കുന്നു. ചാരായം എന്ന പേരിൽ ഗുരു അയാൾക്ക് ഒരു കുപ്പി പച്ചവെള്ളം കൊടുക്കുകയും, അതോടെ ആ മനുഷ്യൻ മദ്യപാനം പൂർണമായി ഉപേക്ഷിച്ചു എന്നും, മൂർക്കോത്തു കുമാരൻ ഗുരുവിന് ഒപ്പമുണ്ടായിരുന്ന ഉമ്മിണി ആശാൻ എന്ന വ്യക്തിയുടെ സാക്ഷ്യത്തോടെ ജീവചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.

ആലപ്പുഴ ടി. സി. കേശവൻ വൈദ്യരുടെ ഒരു അനുഭവം, മൂർക്കോത്തു കുമാരന്റെ ഇതേ കൃതിയിൽ രേഖപ്പെടുത്തിയിരിക്കുന്നു. വൈക്കത്തിനടുത്ത് വടയാറ്റ് ദേശത്ത് മദ്യത്തിന് അടിമയായിരുന്ന ഒരു വ്യക്തിയെ ഗുരു അതിൽ നിന്ന് മോചിപ്പിച്ചു. എന്നാൽ, ഗുരുവിന്റെ കല്പനയെ ധിക്കരിച്ച് വീണ്ടും മദ്യപാനത്തിനായി ശ്രമിച്ച അയാൾക്ക്, ചില അത്ഭുതകരമായ അനുഭവങ്ങൾ കാരണം അതിൽ നിന്ന് പിന്തിരിയേണ്ടതായി വന്നു. മാനസീക നിലതെറ്റിയ അയാളെ ഗുരുവിന്റെ സമീപം കൊണ്ടുവരികയും, ഗുരു അദ്ദേഹത്തെ അനുഗ്രഹിച്ചു യാത്ര അയക്കുകയും ചെയ്തു. അതോടെ അയാൾ മദ്യപാനത്തിൽ നിന്നും വിമുക്തി നേടുകയും, ധാരാളം പണം സമ്പാദിച്ച് സമൂഹത്തിൽ അംഗീകാരം നേടുകയും ചെയ്തു. മാത്രമല്ല, ആ ദേശസഭയിലെ ഒരു പ്രധാന ജനനേതാവുകൂടിയായി പിന്നീട് അദ്ദേഹം മാറി.

1913ലെ ഒരു മംഗലാപുരം യാത്ര കഴിഞ്ഞ് മടങ്ങവെയാണ് ഗുരുദേവൻ കോഴിക്കോട്ടുള്ള മാനസിക ആരോഗ്യകേന്ദ്രം സന്ദർശിക്കുന്നത്. മിതവാദി സി. കൃഷ്ണൻ, മുനിസിപ്പൽ കൗൺസിലർ പി. ടി. രാമൻ എന്നിവരോടൊപ്പമാണ് ഗുരു അവിടെ എത്തുന്നത്. ഗുരുദേവന്റെ സന്ദർശന വേളയിൽ 87 പുരുഷന്മാരും 39 സ്ത്രീകളുമുൾപ്പെടെ ആകെ 126 അന്തേവാസികളായിരുന്നു അവിടെയുണ്ടായിരുന്നത്. രോഗികളെ അതി സൂക്ഷമായി നിരീക്ഷിക്കുകയും അവരോരുത്തരുടേയും പ്രശ്നങ്ങൾ ചോദിച്ചു മനസ്സിലാക്കുകയും അവരോടെല്ലാം അനുകമ്പയോടെ പെരുമാറുന്ന ഗുരുദേവനെ നമുക്ക് അന്നത്തെ റിപ്പോർട്ടുകളിൽ കാണാൻ കഴിയും. മാനസിക അസ്വാസ്‌ഥ്യമുള്ള നിരപരാധികളായ മനുഷ്യരെ ഭ്രാന്തൻ എന്ന് മുദ്രകുത്തി അവർക്ക് സകലമനുഷ്യാവകാശങ്ങളും നിഷേധിച്ചിരുന്ന ഒരു കാലത്തായിരുന്നു ഗുരുവിന്റെ ഈ സ്നേഹസന്ദർശനം. അവർ ജോലിചെയ്യുന്ന നെയ്ത്തുശാലയും മറ്റും ഗുരു ചെന്നുകാണുന്നുണ്ട്. അവിടെ മനോഹരമായി പരിപാലിക്കപ്പെടുന്ന പൂന്തോട്ടവും, പരിസരശുചിത്വവും നേരിട്ട് കണ്ട് അതിൽ സന്തോഷവാനായ ഗുരു, ‘വളരെ ഭംഗിയായിരിക്കുന്നു’ എന്ന് പലവട്ടം പറയുന്നുണ്ട്. ഈ സന്ദർശനത്തിന്റെ പ്രാധാന്യമെന്തെന്നാൽ, അവിടെയുള്ള അന്തേവാസികളിൽ ഏറിയ പങ്കും ‘കഞ്ചാവു വലി, മദ്യപാനം’ മുതലായവ കാരണം മാനസികരോഗത്തിന് അടിമപ്പെട്ടവർ ആണെന്ന് മിതവാദിയിലെ (1913 ഡിസംബർ) റിപ്പോർട്ടിൽ പ്രത്യേകം പറയുന്നു. കൂടാതെ, ആയുർവേദപാരംഗതനായ ഗുരുദേവൻ രോഗികളുടെ സൗഖ്യത്തിന് തന്റേതായ നിർദ്ദേശങ്ങളും നൽകുന്നുണ്ട്. “ദീനക്കാർക്ക് ചികിത്സാ നിശ്ചയിച്ചിരിക്കുന്നത് എങ്ങനെയാണെന്നുള്ള കാര്യങ്ങൾ സ്വാമി അന്വേഷിച്ചിരുന്നു. നല്ലവണ്ണം വിറക്കുന്നതുവരെ തലയ്ക്ക് ദിവസം പ്രതിഫലം ഒഴിക്കുന്നതും കഴുതപ്പാൽ കൊടുക്കുന്നതും വളരെ നന്നായിരിക്കുമെന്ന് സ്വാമി പറയുകയുണ്ടായി,” റിപ്പോർട്ടിൽ പറയുന്നു.

ലഹരിയ്ക്കിരയാക്കപ്പെട്ടവരോട് സമൂഹം എങ്ങനെ പെരുമാറണമെന്നതിനും, അവർക്ക് എങ്ങനെ സാന്ത്വനം നൽകണമെന്നതിനും ഗുരുദേവൻ സ്വയമൊരു മാതൃകയായി മാറുന്നത് പല സന്ദർഭങ്ങളിലും നമുക്കു കാണാം. മദ്യപിച്ച് ലക്കുകെട്ട് തന്നെ ഭർത്സിച്ചവരോട് പോലും ഗുരു അവർ അർഹിക്കുന്ന അനുതാപത്തോടുകൂടി മാത്രമേ ഗുരു പെരുമാറിയിരുന്നുള്ളു. അവർക്കും അദ്ദേഹം രോഗശാന്തി നൽകി. ലഹരിയോടുള്ള ആസക്തിയെ രോഗമായാണ് ഒരു മഹാവൈദ്യൻ കൂടിയായിരുന്ന ഗുരു കണ്ടത്. ലഹരിക്കടിമപ്പെട്ടവരെ മരുന്നുകൊണ്ടും മനഃശാസ്ത്രപരമായ ചികിത്സകൾ കൊണ്ടും ഗുരു സുഖപ്പെടുത്തി. ലഹരി വിരുദ്ധ പ്രവർത്തനങ്ങളോടൊപ്പം, ഇത്തരത്തിലുള്ള ലഹരിവിമോചന പ്രവർത്തനങ്ങളും നടത്തിയ ഗുരുദേവൻ ഇന്നത്തെ ഭരണാധികാരികൾക്ക് അനുകരണീയമായ ഒരു മാതൃകയാണ് സൃഷ്ടിച്ചത്. ഈ മഹത്തായ മാതൃകയെ മുൻനിർത്തിയുള്ള ഒരു അടിയന്തിര ലഹരിവിരുദ്ധ-ലഹരിവിമോചന മുന്നേറ്റമാണ് കേരളീയ സമൂഹം ഇന്നാവശ്യപ്പെടുന്നത്.

 

സുഖം: ശൂന്യതയെ സത്ത കൊണ്ട് നിറക്കുന്ന ദർശനം

 

ആഴമേറും നിന്‍ മഹസ്സാമാഴിയില്‍ ഞങ്ങളാകവേ

ആഴണം വാഴണം നിത്യം വാഴണം വാഴണം സുഖം. (ദൈവദശകം)

 

‘Nature abhors a vacuum’ അഥവാ പ്രകൃതി ശൂന്യതയെ വെറുക്കുന്നു എന്ന അരിസ്റ്റോട്ടിലിയൻ സങ്കൽപ്പത്തെ നല്ലവണ്ണം മനസ്സിലാക്കിയ ഒരു സാമൂഹിക—മനഃശാസ്ത്രജ്ഞൻ കൂടിയായിരുന്നു ഗുരുദേവൻ. മദ്യം വിഷമാണ് എന്നുള്ള ഒരു സാമാന്യ സന്ദേശം സമൂഹത്തിന് മുന്നിലേക്കു വയ്ക്കുക മാത്രമല്ല ഗുരുദേവൻ ചെയ്തത്, ഒപ്പം, മദ്യത്തിൽ നിന്നും ലഹരിയിൽ നിന്നും പിൻവാങ്ങി എന്തെല്ലാം ക്രിയാത്മകമായ പ്രവൃത്തികളിലാണ് മനുഷ്യൻ വ്യാപൃതനാകേണ്ടത് എന്നുകൂടി അദ്ദേഹം കൃത്യമായി ഉപദേശിച്ചിട്ടുണ്ട്. ലഹരിയുടെ ഉപഭോഗത്തിൽ നിന്ന് മനുഷ്യനെ മോചിപ്പിക്കുകയും, അവന്റെ സുഖം നേടാനുള്ള ത്വരയെ ആധ്യാത്മീക മാർഗത്തിലൂടെ നിവൃത്തിക്കുകയും ചെയ്യുന്ന സമഗ്രജീവന പദ്ധതിയാണ് ഗുരുദേവൻ നമുക്കുവേണ്ടി പുനഃസൃഷ്ടിച്ചത്.

 

ലഹരിവർജ്ജനം മുതലായ പഞ്ചധർമങ്ങൾ അനുഷ്ഠിക്കാൻ ഒരു വ്യക്തി പഞ്ച ശുദ്ധികൾ നിശ്ചയമായും പാലിക്കണമെന്ന് ഗുരു ഉപദേശിക്കുന്നു. അതിനായി അദ്ദേഹം ശുദ്ധിപഞ്ചകം (ശരീരശുദ്ധി, വാക്ശുദ്ധി, മനഃശുദ്ധി, ഇന്ദ്രിയശുദ്ധി, ഗൃഹശുദ്ധി) ഉപദേശിക്കുന്നു. ശുദ്ധിപഞ്ചകത്തെ ആചരിക്കുന്നതിലൂടെ ലഭിക്കുന്ന സ്ഥിരമായ ആരോഗ്യം നിമിത്തം യുവാവിനെപോലെ ജീവിച്ച് ആയുസ്സും ശരീരവും ബുദ്ധിയും നന്നായുപയോഗിച്ച് ആത്മാവിന് ഹിതകരമായ നിത്യസുഖം നേടാം എന്നാണ് ഗുരുദേവൻ നമ്മെ പഠിപ്പിക്കുന്നത്. ഈ സഹജാവസ്ഥയ്ക്കുവേണ്ടി പ്രയത്നിക്കാനാണ് ഗുരുദേവന്‍ “നിത്യം വാഴണം, വാഴണം സുഖം” എന്ന വരികളിലൂടെ ദൈവദശകത്തിൽ അദ്ദേഹം നമ്മോടാവശ്യപ്പെടുന്നത്‌.

 

സദാചാര ശീലരായി കുട്ടികളെ വളർത്താൻ രക്ഷാകർത്താക്കൾക്കുള്ള കൃത്യമായ നിർദ്ദേശങ്ങളും, മാതൃകാപരമായി വിദ്യാർത്ഥി ജീവിതം നയിക്കാൻ കുട്ടികളെ പ്രാപ്തരാക്കുന്ന നിത്യകർമങ്ങളും ഗുരു തന്റെ സ്‌മൃതിഗ്രന്ഥത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. ജലം, മന്ത്രം, പ്രാണായാമം എന്നിവ വിധിപൂർവം യോജിപ്പിച്ച് ഓംകാരത്തെയും ഓംകാരർത്ഥമായ വ്യാഹൃതികളെയും ഗുരുമന്ത്രമായ ഗായത്രിയെയും വിനിയോഗിച്ച് രണ്ടുനേരം ചെയ്യേണ്ട സന്ധ്യോപാസനയും അഗ്നിഹോത്രവും ഒരു വിദ്യാർത്ഥി നിശ്ചയമായും അനുഷ്ഠിക്കണമെന്നു ഗുരുദേവൻ ഉപദേശിക്കുന്നു. ഗുരുദേവൻ മാനവജാതിക്ക് നിത്യകർമമായി വിധിച്ച ബ്രഹ്മയജ്ഞത്തിലെ, ‘ധിയോ യോ ന: പ്രചോദയാത്’ (ഞങ്ങളുടെ ബുദ്ധിയെ പ്രചോദിപ്പിച്ചാലും) എന്ന മഹത്തായ പ്രാർത്ഥനയാണ്, ബുദ്ധിയെ ദ്രവിപ്പിക്കുന്ന രാസ-പ്രത്യയശാസ്ത്ര ലഹരികൾ വാഴുന്ന ഈ കെട്ട കാലത്തെ ഏറ്റവും വലിയ ലഹരിവിരുദ്ധ മുദ്രാവാക്യം.

 

കൂടാതെ വിദ്യാർഥികൾ അധ്യാപകരോട് എങ്ങനെ പെരുമാറണം, എങ്ങനെ വിദ്യ അഭ്യസിക്കണം എന്നുതുടങ്ങി, അവർ പുലർത്തേണ്ട സദാചാര നിഷ്ഠകളെ കുറിച്ചുള്ള അതിവിശദമായ വിവരങ്ങളാണ് ഗുരുദേവൻ നൽകുന്നത്. “ബ്രഹ്മചര്യത്തിൽ ശ്രദ്ധയോടെ ഇരിക്കുന്ന ശിഷ്യർ മുൻപറഞ്ഞിട്ടുള്ള ശുദ്ധിപഞ്ചകവും ധർമപഞ്ചകവും എപ്പോഴും ഓർമയിൽ വച്ച് അപ്രകാരം അനുഷ്ഠിക്കണം” എന്ന് ഗുരു പ്രത്യേകം ഉപദേശിച്ചിരിക്കുന്നു. “പുത്രന്റെ സ്ഥൂല ശരീരത്തെയും സൂക്ഷ്മ ശരീരത്തെയും ശരിയായി വളർത്തിക്കൊണ്ടു വരുന്നതിന് അവരുടെ രക്ഷകർത്താക്കന്മാർക്കും ഗുരുനാഥനും ഒരുപോലെയാണ് കടമ,” എന്ന് ഗുരുദേവൻ 159-)o ശ്ലോകത്തിലൂടെ ആധുനിക കേരളത്തെ വീണ്ടും ഓർമിപ്പിക്കുന്നു.

 

ധർമത്തെ അറിയാനുള്ള അഭിവാഞ്ഛയാണ് മനുഷ്യനെ ഉയർന്ന സത്യവുമായി ബന്ധിപ്പിക്കുന്നതെന്ന് ജൈമിനി മഹർഷി മീമാംസാ സൂത്രത്തിൽ പറയുന്നു. ‘യത: അഭ്യുദയ നിശ്രേയസ സിദ്ധി: സ ധര്‍മ്മ:’ അതായത്, ഭൗതികവും അത്മീയവുമായ പുരോഗതി തരുന്നതെന്തോ അത് ധര്‍മ്മം വൈശേഷികദര്‍ശനവും നമ്മെ പഠിപ്പിക്കുന്നു. മഹാഭാരതത്തിലുടനീളം വ്യസമഹർഷിയും പരിശ്രമിക്കുന്നത് ധർമം എന്തെന്ന് മനുഷ്യനെ പഠിപ്പിക്കാനാണ്. കാലാതീതമായ സനാതന ധർമത്തെ കാലത്തിനനുസരിച്ച് വ്യാഖ്യാനിക്കുന്ന ധർമ ശാസ്ത്രഗ്രന്ഥങ്ങളാണ് സ്‌മൃതികൾ. സ്‌മൃതിയുടെ ആചരണത്തിലൂടെ മാത്രമേ ഒരു സാധാരണ മനുഷ്യന് ധർമ മാർഗത്തിലൂടെ മാതൃകാപരമായി ജീവിക്കാൻ സാധിക്കൂ. കാലപ്രവാഹത്തിൽ ദുഷിച്ചുപോയ സ്‌മൃതിയെ ശ്രീനാരായണ ധർമത്തിലൂടെ വീണ്ടെടുത്തുനൽകിയ ഗുരുദേവനോട് മനുഷ്യരായ നാം അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു.

 

നമ്മുടെ കാലത്തിന് ചരമക്കുറിപ്പെഴുതുന്ന അത്യാപത്തുകളായ ലഹരി, സദാചാര വിരുദ്ധത, അച്ചടക്കമില്ലായ്മ, ഇശ്വരവിരോധം, കുടുംബത്തിനും സമൂഹത്തിനും സംഭവിച്ച ധർമലോപം മുതലായവയ്ക്ക് പ്രാധാന്യം നൽകി, അവയെ അതിജീവിച്ച് ധർമത്തിന്റെ പാതയിൽ മുന്നോട്ടുപോകാൻ നമ്മെ പ്രാപ്തരാക്കുന്ന ശ്രീനാരായണസ്‌മൃതിയാണ് നമ്മുടെ കാലഘട്ടത്തിന്റെ ധർമശാസ്ത്ര ഗ്രന്ഥം. ആധുനിക കാലത്ത് ഈ മഹത്തായ നിയോഗം ഗുരുദേവനിലൂടെ മാത്രമാണ് നിവർത്തിക്കപ്പെട്ടിട്ടുള്ളത്. ഗൃഹസ്ഥാശ്രമിക്ക് ജീവനപദ്ധതി ഉപദേശിക്കുന്ന ധർമം ഋഷിമാരാണ് പരമ്പരയായി നിർവഹിച്ചുപോന്നിരുന്നത്. ആ മഹത്തായ ആർഷധർമവും നമ്മുടെ ദേശകാലങ്ങളിൽ ഗുരുദേവനിലൂടെ മാത്രമാണ് നടപ്പിലായത്. മറ്റൊരു ആധുനിക ഋഷിവര്യനും ഈ യുഗധർമങ്ങളെ ഇത്ര സമഗ്രമായി വാമൊഴിയായും വരമൊഴിയായും ഉപദേശിച്ചിട്ടില്ല. ശ്രീനാരായണ സ്‌മൃതി എന്ന ഗുരുദേവകൃതി മതഭേദങ്ങൾക്കുപരിയായി കേരളത്തിലെ ഓരോ വീടുകളിലും ലഭ്യമാക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്. അത് നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ ആചരിക്കുക എന്ന ഒരു ചെറിയ മാറ്റത്തിന് നാം തയ്യാറായാൽ വരും തലമുറയെ ആസന്നമായ മഹാവിപത്തിൽ നിന്ന് രക്ഷിക്കാം. ശ്രീനാരായണ ദർശനങ്ങൾ തെരുവിൽ പ്രസംഗിക്കാനുള്ളതല്ല, മറിച്ച് ജീവിതത്തിൽ പകർത്താനുള്ളതാണെന്ന് ഈ വൈകിയ വേളയിലെങ്കിലും മലയാളികൾ തിരിച്ചറിയണം. ഗുരുദേവന്റെ ഈ മഹാസന്ദേശവും ഉപദേശവും പ്രചരിപ്പിച്ച്, ലഹരിയുടെ പിടിയിൽ നിന്ന് കേരളത്തെ മോചിപ്പിക്കാൻ നമ്മുടെ ശ്രീനാരായണീയ പ്രസ്ഥാനങ്ങളും രാഷ്ട്രസ്നേഹികളും മുന്നോട്ടുവരണം.

 

 

(മാധ്യമപ്രവർത്തകനും സെന്റർ ഫോർ സൗത്ത് ഇന്ത്യ സ്റ്റഡീസിൽ ഫെല്ലോയുമാണ് ലേഖകൻ)

 

റഫറൻസ്:

1. ശ്രീനാരായണ ഗുരു സമഗ്രവും സമ്പൂർണ്ണവുമായ ജീവചരിത്രം, കോട്ടുകോയിക്കൽ വേലായുധൻ

2. നാരായണ ഗുരുസ്വാമിയുടെ ജീവചരിത്രം, ശ്രീ മൂർക്കോത്തു കുമാരൻ

3. ശ്രീ നാരായണ ഗുരുദേവ കൃതികൾ സമ്പൂർണ്ണ വ്യാഖ്യാനം: പ്രൊഫ ജി. ബാലകൃഷ്ണൻ നായർ

4. ശ്രീ നാരായണ ഗുരുവിന്റെ സമ്പൂർണ കൃതികൾ, വ്യാഖ്യാനം: വി. ബാലകൃഷ്ണൻ

5. ശ്രീ നാരായണ സ്‌മൃതി: വേദജ്യോതി ഭാഷ്യം, ആചാര്യ ഡോ. ജി. ആനന്ദരാജ്

6. മൗനപ്പൂന്തേൻ, വൺ വേൾഡ് യൂണിവേഴ്സിറ്റി

7. ശ്രീനാരായണ ഗുരു നവോത്ഥാനത്തിന്റെ പ്രവാചകന്‍, ശ്രീ പി. പരമേശ്വരൻ

8. ശ്രീ നാരായണ ഗുരു കൃതികൾ സമ്പൂർണം, മുനി നാരായണ പ്രസാദ്

9. ദി ഫിലോസഫി ഓഫ് നാരായണ ഗുരു, മുനി നാരായണ പ്രസാദ്

10. നവജീവൻ പുസ്തകം 1, ലക്കം 2 (കർക്കടകം, 1096), പുസ്തകം 1, ലക്കം 8 (മകരം 1097)

11. മിതവാദി (ഡിസംബർ, 1913)

12. ശ്രീനാരായണഗുരു സുവർണ്ണ രേഖകൾ, ജി. പ്രിയദർശനൻ

 

 

 

 

ShareSendTweetShare

Related Posts

ശ്രീനാരായണ ദർശനവും ലഹരിമുക്ത കേരളവും

Sree Narayana Dharma: A Solution to Kerala’s Drug Menace

Srimad Bhagavad Gita: The Spiritual Fountainhead of India’s Freedom Struggle

Srimad Bhagavad Gita: The Spiritual Fountainhead of India’s Freedom Struggle

ശ്രീനാരായണസ്മൃതി: ശ്രീനാരായണ ഗുരുദേവൻ പുനരാവിഷ്കരിച്ച ആർഷ വൈദിക സനാതനധർമ പദ്ധതി

ശ്രീനാരായണസ്മൃതി: ശ്രീനാരായണ ഗുരുദേവൻ പുനരാവിഷ്കരിച്ച ആർഷ വൈദിക സനാതനധർമ പദ്ധതി

100 Years of Sree Narayana Smriti: A Sanatana Dharma Samhita Emerges from Oblivion for Resurgent, Caste-free Bharat

Swami Vivekananda’s Influence on Leo Tolstoy: A Catalyst for His Departure from Christianity?

Swami Vivekananda’s Influence on Leo Tolstoy: A Catalyst for His Departure from Christianity?

ആചാര്യത്രയവും ഹൈന്ദവാചാരപദ്ധതിയും

Discussion about this post

Recent.

Arnold Toynbee and Ram Mandir: Bharat’s Civilizational Reawakening in Ayodhya

Arnold Toynbee and Ram Mandir: Bharat’s Civilizational Reawakening in Ayodhya

Constitutional Amendments During the Emergency: RSS Stands by its Position; What About the Communists Who Criticized the Inclusion of Socialism and Secularism?

Constitutional Amendments During the Emergency: RSS Stands by its Position; What About the Communists Who Criticized the Inclusion of Socialism and Secularism?

ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്റ് കെമിക്കല്‍സ്: ഗുരുവിൻ്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഭരണകൂടം മുഴക്കിയ മരണമണി

ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്റ് കെമിക്കല്‍സ്: ഗുരുവിൻ്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഭരണകൂടം മുഴക്കിയ മരണമണി

ശ്രീനാരായണ ദർശനവും ലഹരിമുക്ത കേരളവും

ശ്രീനാരായണ ദർശനവും ലഹരിമുക്ത കേരളവും

ശ്രീനാരായണ ദർശനവും ലഹരിമുക്ത കേരളവും

Sree Narayana Dharma: A Solution to Kerala’s Drug Menace

ഫാദർ അന്തോണി ഇലഞ്ഞിമിറ്റം: ആർഎസ്എസിനെപ്പറ്റിയുള്ള ആദ്യ സമഗ്ര ഗ്രന്ഥം രചിച്ച, ‘കപട-മതേതരവാദം’ എന്ന പദം രാഷ്ട്രമീമാംസയ്ക്ക് സംഭാവന ചെയ്ത മലയാളി കത്തോലിക്കാ പുരോഹിതൻ

ഫാദർ അന്തോണി ഇലഞ്ഞിമിറ്റം: ആർഎസ്എസിനെപ്പറ്റിയുള്ള ആദ്യ സമഗ്ര ഗ്രന്ഥം രചിച്ച, ‘കപട-മതേതരവാദം’ എന്ന പദം രാഷ്ട്രമീമാംസയ്ക്ക് സംഭാവന ചെയ്ത മലയാളി കത്തോലിക്കാ പുരോഹിതൻ

The Catholic Priest who authored the first popular book about RSS

The Catholic Priest who authored the first popular book about RSS

Flag Committee Report 1931: When Nehru, Sardar Patel and Abdul Kalam Azad proposed ‘Saffron Flag’ as India’s National Flag!

Flag Committee Report 1931: When Nehru, Sardar Patel and Abdul Kalam Azad proposed ‘Saffron Flag’ as India’s National Flag!

  • Home
  • Politics
  • History
  • Culture
  • Religion
  • Literature
  • Economics
  • Strategy

© Desi Narrative

No Result
View All Result
  • Home
  • Politics
  • History
  • Culture
  • Religion
  • Literature
  • Economics
  • Strategy

© Desi Narrative