Desi Narrative
  • രാഷ്ട്രീയം
  • സംസ്കാരം
  • ചരിത്രം
  • മതം
  • സാമ്പത്തികം
  • സാഹിത്യം
  • സ്ട്രാറ്റജി
  • English
    • Politics
    • Culture
    • History
    • Religion
    • Economics
    • Literature
    • Strategy
Desi Narrative
  • രാഷ്ട്രീയം
  • സംസ്കാരം
  • ചരിത്രം
  • മതം
  • സാമ്പത്തികം
  • സാഹിത്യം
  • സ്ട്രാറ്റജി
  • English
    • Politics
    • Culture
    • History
    • Religion
    • Economics
    • Literature
    • Strategy
Desi Narrative
  • Home
  • Politics
  • Culture
  • History
  • Religion
  • Economics
  • Literature
  • Strategy
  • മലയാളം
Home മലയാളം രാഷ്ട്രീയം

ശ്രീനാരായണഗുരുവും മലബാർ ഹിന്ദു വംശഹത്യയും

മലബാർ ഹിന്ദു വംശഹത്യയെപ്പറ്റി ഡോ. അംബേദ്കറും സ്വാമി ശ്രദ്ധാനന്ദജിയുമടക്കമുള്ള ദേശീയ നേതാക്കൾക്കുണ്ടായിരുന്ന അതേ അഭിപ്രായമായിരുന്നു ശ്രീനാരായണ ഗുരുദേവനുമുണ്ടായിരുന്നത്. 1921ലെ കലാപത്തെപ്പറ്റിയുള്ള ഗുരുവിന്റെയും മഹാകവി കുമാരനാശാന്റെയും നിരീക്ഷണങ്ങളെയും വിലയിരുത്തലുകളെയും ഇനിയെങ്കിലും കേരളം ചർച്ച ചെയ്യേണ്ടിയിരിക്കുന്നു.

Ganesh RadhakrishnanGanesh Radhakrishnan
Jul 13, 2026, 10:22 pm IST
in രാഷ്ട്രീയം, ചരിത്രം, മലയാളം
ശ്രീനാരായണഗുരുവും മലബാർ ഹിന്ദു വംശഹത്യയും
Share on FacebookShare on TwitterTelegram

ആധുനിക ഭാരതം കണ്ട വംശഹത്യകളിൽ ഏറ്റവും പൈശാചികവും രക്തരൂക്ഷിതവുമായിരുന്നു 1921ലെ മലബാർ ഹിന്ദു വംശഹത്യ. ലോകമനഃസാക്ഷിയെത്തന്നെ ഞെട്ടിച്ച ഈ ക്രൂരസംഭവം ദേശീയപ്രസ്ഥാനത്തെ അനേക കാതം പിന്നോട്ടടിപ്പിക്കുകയും ദേശീയരാഷ്ട്രീയത്തിന്റെ ഗതി തന്നെ തിരിച്ചുവിടുകയും ചെയ്തു. മഹാത്മ ഗാന്ധിയും ഡോ. ബാബാസാഹേബ് അംബേദ്കറും സ്വാമി ശ്രദ്ധാനന്ദജിയും അടക്കമുള്ള അന്നത്തെ ദേശീയ നേതൃത്വം ഈ സംഭവത്തോട് വ്യത്യസ്തമായി പ്രതികരിച്ചപ്പോഴും, അവർ പങ്കുവച്ച ആശങ്കകൾ സമാനമായിരുന്നു. മതഭ്രാന്തിന്റെയും മതാന്ധത സൃഷ്ടിച്ച ബുദ്ധിശൂന്യതയുടെയും മനുഷ്യത്വരഹിതമായ ഒരു ദുരന്ത പരിണതിയായി അവർ ആ കലാപത്തെ കണ്ടു. സ്വാതന്ത്ര്യ സമരത്തിന്റെ മുഖ്യധാരയിൽ നിന്നകലം പാലിച്ച മുസ്ലീങ്ങളെ ബ്രിട്ടീഷ്കാർക്കെതിരെ അണിനിരത്താൻ മതവും രാഷ്ട്രീയവും കൂട്ടിക്കലർത്തി ഗാന്ധിജി നടത്തിയ പരീക്ഷണത്തിൽ മലബാറിലെ ആയിരക്കണക്കിന് ഹിന്ദുക്കൾക്ക് ജീവനും പതിനായിരങ്ങൾക്ക് മാനവും സ്വദേശവും നഷ്‌ടമായി. ജിഹാദിന് ഇരയായവരുടെ മതവും ജാതിയും തിരിച്ചുള്ള കണക്കുകൾ അന്നത്തെ രഹസ്യാന്വേഷണ വിഭാഗം സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടുകളിൽ നമുക്ക് കാണാം. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും ദരിദ്രവിഭാഗത്തിൽ പെട്ട അടിസ്ഥാനവർഗ ഹിന്ദുക്കളും സ്ത്രീകളും ആയിരുന്നു എന്ന് അന്നത്തെ സർക്കാർ രേഖകൾ സാക്ഷ്യപ്പെടുത്തുന്നു. ഈ ചരിത്രവസ്തുതയെ തമസ്കരിച്ചു കൊണ്ട് മാത്രമേ, ആ വംശഹത്യയെ സ്വാതന്ത്ര്യ സമരമെന്നും കാർഷിക കലാപമെന്നും ന്യായീകരിക്കാൻ നിക്ഷിപ്ത താല്പര്യക്കാർക്ക് സാധിക്കൂ.

ഈ ദാരുണ സംഭവത്തോട് അന്നത്തെ ഹൈന്ദവ നേതൃത്വം എങ്ങനെയാണ് പ്രതികരിച്ചതെന്ന് ചരിത്രത്തിൽ നിന്ന് വ്യക്തമായി വായിച്ചെടുക്കാം. കലാപത്തിന് ഇരയാക്കപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനും അവർക്ക് ഭക്ഷണവും മരുന്നും സഹായധനവും എത്തിച്ചു നൽകുന്നതിനും നിർബന്ധിത മതപരിവർത്തനത്തിന് വിധേയരായവരെ സ്വധർമത്തിലേക്ക് തിരികെകൊണ്ടുവരുന്നതിനും മുൻപന്തിയിൽ നിന്നത് ആര്യസമാജമായിരുന്നു. അസംഘടിതരായ മലബാറിലെ ഹിന്ദുക്കളുടെ അതിജീവനത്തിന് തങ്ങളെക്കൊണ്ടാകും വിധം പ്രവർത്തിച്ച മറ്റൊരു സംഘടന അന്ന് തിരുവിതാംകൂറിൽ ശക്തമായിരുന്ന ശ്രീനാരായണധർമ പരിപാലന യോഗമെന്ന എസ്.എൻ.ഡി.പിയായിരുന്നു.

എസ്.എൻ.ഡി.പി മലബാറിലേക്ക് തങ്ങളുടെ സംഘടനാ സാന്നിധ്യം വ്യാപിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തികൊണ്ടിരിക്കുമ്പോഴാണ് ഖിലാഫത്ത് കലാപം കത്തിപ്പടരുന്നത്. ശ്രീനാരായണ ഗുരു സശരീരനായിരുന്ന 1921ൽ ആ വംശഹത്യയെയും മതഭ്രാന്തിനെയും ഗുരു എങ്ങനെയായിരുന്നു നോക്കിക്കണ്ടതെന്ന് ഇന്ന് പ്രചാരത്തിലുള്ള നൂറുകണക്കിന് ജീവചരിത്രകൃതികളിൽ ഒന്നിൽ നിന്നു പോലും നമുക്ക് വായിച്ചറിയാൻ സാധിക്കില്ല. കലാപത്തെ ഗുരു എങ്ങനെയായിരുന്നു വിലയിരുത്തിയത്, അത് ഗുരുവിന്റെ അതുവരെയുള്ള വീക്ഷണത്തിൽ എന്തെങ്കിലും തരത്തിലുള്ള പരിവർത്തനങ്ങൾ സൃഷ്ടിച്ചോ എന്നൊന്നും ആരും എവിടെയും നിരൂപണം ചെയ്ത് നമ്മൾ കണ്ടിട്ടില്ല.

‘മാപ്പിളമാരുടെ ശൗര്യമല്ല, ബോധക്കുറവാണ്’: ഗുരു

എം. എൽ. എ ആയിരുന്ന ആർ. ഗംഗാധരൻ സമ്പാദകനും പ്രകാശകനുമായി 1982ൽ തിരുവന്തപുരത്തു നിന്നും പ്രസിദ്ധീകരിച്ച ‘ഗുരുദേവസ്മരണകൾ’ എന്ന പുസ്തകത്തിൽ (പേജ് 155-160) കെ. ദാമോദരൻ ബി.എ, എൽ.ടി, നങ്യാർകുളങ്ങര എഴുതിയ ഓർമ്മക്കുറിപ്പിൽ മലബാർ കലാപത്തെക്കുറിച്ചുള്ള ഗുരുദേവന്റെ നേരിട്ടുള്ള പ്രതികരണത്തെപ്പറ്റി പരാമർശിച്ചിട്ടുണ്ട്. എന്തുകൊണ്ടോ പ്രഗത്ഭമതികളായ ഗുരുദേവ ജീവചരിത്രകാരന്മാരുടെ കണ്ണിൽ പെടാതെ പോയതുകൊണ്ടു മാത്രം കേരളം ചർച്ച ചെയ്യാതെപോയ ഒരു ചരിത്രസംഭവമാണ് ഇത്.

കാർത്തികപ്പളളി സ്വദേശിയായ കെ. ദാമോദരൻ തിരുനെൽവേലി ഹിന്ദു കോളേജിലെ തന്റെ വിദ്യാർത്ഥിജീവിത കാലത്ത് (1921-22) ഗുരുവിനെ നേരിട്ട് കണ്ട സന്ദർഭം ‘ഗുരുദേവസ്മരണകളി’ൽ വിവരിക്കുന്നുണ്ട്. കോട്ടയ്ക്കകത്ത് ശ്രായിത്തണ്ടാന്റെ കൊച്ചനന്തരവൻ എന്നാണ് ഗുരുദേവനോട് കെ ദാമോദരൻ സ്വയം പരിചയപ്പെടുത്തുന്നത്. ശ്രായിത്തണ്ടാൻ ഈഴവർ ക്രിസ്തുമതം സ്വീകരിക്കണമെന്ന പക്ഷക്കാരനും, യേശുദാസൻ എന്ന നാമം സ്വീകരിച്ച് ക്രിസ്തുമത പ്രചാരണം നടത്തിയിരുന്ന ഒരു സമുദായ പ്രമാണിയുമായിരുന്നു. ഇക്കാര്യങ്ങൾ ഗുരുവിന് അറിയാവുന്നതു കൊണ്ടാണ് അപ്രകാരം സ്വയം പരിചയപ്പെടുത്തിയതെന്ന് ലേഖകൻ പറയുന്നു. അധ്യാപകനായ തലശ്ശേരിക്കാരൻ എഡ്വേർഡ്, സഹപാഠികളായ കൊല്ലത്ത് തട്ടാശ്ശേരിയിൽ എ. ഖാലിദ്, കൊല്ലത്ത് പുളിന്താനത്ത് ഗോപാലൻ നായർ, തേവലക്കര ഇടക്കെട്ടുവീട്ടിൽ പി. എൻ. ഗോപാലപിള്ള എന്നിവർക്കൊപ്പം തിരുനെൽവേലിയിൽ ഗുരു താമസിച്ചിരുന്ന സ്ഥലത്ത് എത്തി, ഗുരുവിനൊപ്പം ഒരു രാത്രി ചിലവഴിച്ച അനുഭവം ദാമോദരൻ പങ്കുവെക്കുന്നത് ഇങ്ങനെയാണ്:

“ഞങ്ങൾ ചെന്നപ്പോൾ സ്വാമികൾ ഒരു കട്ടിലിൽ ഇരിക്കുകയായിരുന്നു. താഴെ ഒരു വലിയ താമ്പാളത്തിൽ കൽക്കണ്ടം, മുന്തിരിങ്ങ, മധുരനാരങ്ങ മുതലായവ വച്ചിരുന്നു. പാവാട ഉടുത്ത അഞ്ചാറു പെൺകുട്ടികൾ അതിനു ചുറ്റുമായി നടന്നു പാട്ടുപാടിയും കൈകൊട്ടിയും കളിക്കുന്നു. അത് അവസാനിച്ചപ്പോൾ കൽക്കണ്ടം മുതലായ കൂടിയിരുന്നവർക്കെല്ലാം വിതരണം ചെയ്തു. അതിനിടയിൽ ഞാൻ ചിലരെ സ്വാമികൾക്ക് പരിചയപ്പെടുത്തി. ചിലർ സ്വയം പരിചയപ്പെടുത്തുകയും ചെയ്തു. അധ്യാപകൻ തലശ്ശേരിക്കാരനാണെന്നറിഞ്ഞപ്പോൾ അടുത്തു നടന്ന മാപ്പിള ലഹളയെപ്പറ്റി സ്വാമികൾ ചോദിച്ചു. അധ്യാപകൻ ചില ക്രൂരകൃത്യങ്ങൾ വിവരിച്ചു. അവിടെ ഉള്ള മുഹമ്മദീയർ വലിയ ശൂരന്മാരാണെന്നു ഖാലിദ് പറഞ്ഞു. ‘ശൗര്യമല്ല, ബോധക്കുറവാണ്’ എന്ന് സ്വാമികൾ പ്രതിവാദിക്കുകയും ചെയ്തു. അതിനു ശേഷം യാത്ര പറഞ്ഞു പിരിഞ്ഞു.”

ഈ സംഭാഷണം നടക്കുന്നത് 1921ൽ തന്നെയാണെന്ന് ലേഖനം ചില സൂചനകൾ നൽകുന്നുണ്ട്. ഒന്ന്, 1921-22 കാലത്താണ് തന്റെ തിരുനെൽവേലി കോളേജിലെ വിദ്യാഭ്യാസം എന്ന് ലേഖകൻ സ്വയം സാക്ഷ്യപ്പെടുത്തുന്നു. രണ്ട്, തൊട്ടടുത്ത വർഷം ഗുരു വീണ്ടും തിരുനെൽവേലി സന്ദർശിക്കുന്നതായി ലേഖകൻ പറയുന്നു. ഈ സംഭാഷണം കഴിഞ്ഞു ഒരുവർഷത്തിന് ശേഷം 1922ലാണ് മലബാർ ഹിന്ദു വംശഹത്യയുടെ പശ്ചാത്തലത്തിൽ കുമാരനാശാൻ എഴുതിയ ‘ദുരവസ്ഥ’ പുറത്തുവരുന്നത്. മലബാർ കലാപമെന്നറിയപ്പെടുന്ന മലബാർ ഹിന്ദു വംശഹത്യയുടെ അടിസ്ഥാന കാരണം, ഒരു വിഭാഗം മതഭ്രാന്തന്മാരുടെ ബോധക്കുറവാണെന്ന ഗുരുദേവന്റെ നിരീക്ഷണം പൊടുന്നനെയുള്ള ഒരു പ്രതികരമായിരുന്നില്ലെന്നത് പിൽക്കാല പഠനങ്ങൾ തെളിയിക്കുന്നുണ്ട്. 1921ലെ കലാപത്തിന് പിന്നിൽ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ആവേശമോ പിൽക്കാലത്ത് കമ്മ്യൂണിസ്റ്റ് ചരിത്രകാരന്മാർ കണ്ടെത്തിയ കർഷകരോഷമോ ഒന്നുമല്ല ബോധക്കേടിൽ നിന്ന് ഉടലെടുത്ത മതഭ്രാന്താണെന്ന് പിന്നീട് പാകിസ്താൻ വാദം കൊടുമ്പിരിക്കൊണ്ട കാലത്ത് ഡോ. ബാബാസാഹേബ് അംബേദ്‌കർ കൃത്യമായി ചൂണ്ടിക്കാട്ടുന്നുണ്ട്.

ഡോ. അംബേദ്‌കർ ‘പാകിസ്താൻ ഓർ പാർട്ടീഷൻ ഓഫ് ഇന്ത്യ’ എന്ന തന്റെ കൃതിയിൽ മലബാർ മാപ്പിളമാരുടെ ക്രൂരതകളെ തുറന്നുകാട്ടിയതിന് പ്രധാനകാരണം, മാപ്പിള വർഗീയതയെ പരോക്ഷമായി ന്യായീകരിച്ച മഹാത്മ ഗാന്ധിയുടെ നിലപാടായിരുന്നു. ഗാന്ധിജിയുടെ വാദങ്ങളെ ഒന്നൊന്നായി ഖണ്ഡിച്ചു കൊണ്ട് തന്റെ നിരീക്ഷണങ്ങളെ വസ്തുനിഷ്ഠമായി സ്ഥാപിച്ചെടുക്കുന്ന ഡോ. അംബേദ്‌കറിന്റെ പ്രതിവാദങ്ങൾ, ഗുരുദേവനും കൊല്ലത്തുകാരനായ ഖാലിദ് എന്ന വിദ്യാർത്ഥിയും തമ്മിൽ നടന്ന അല്പമാത്രമായ സംഭാഷണത്തിന്റെ സ്ഥൂലീകൃത രൂപമെന്ന് വേണമെങ്കിൽ പറയാം. ഖാലിദിനെപ്പോലെ ഗാന്ധിജിയും ഒരു ഘട്ടത്തിൽ മാപ്പിളമാരുടെ ‘ശൗര്യത്തെപ്പറ്റി’ പറയുമ്പോൾ, അത് വെറും ജിഹാദും മതഭ്രാന്തിൽ നിന്നുരുവംകൊണ്ട ബോധശൂന്യതയുമായിരുന്നെന്നു ഡോ. അംബേദ്‌കർ തിരുത്തുന്നതും ചരിത്രത്തിൽ നിന്ന് നമുക്ക് വായിച്ചെടുക്കാം.

“മലബാറിൽ മാപ്പിളകൾ നിരപരാധികളായ ഹിന്ദുക്കൾക്കെതിരെ നടത്തിയ രക്തഹോമസമാനമായ ക്രൂരതകൾ വിവരണാതീതമായിരുന്നു. അതിനെത്തുടർന്ന് ദക്ഷിണ ഇന്ത്യയൊട്ടാകെ, എല്ലാ വിഭാഗങ്ങളിലുമുള്ള ഹിന്ദുക്കളുടെ ഇടയിലും ഭീതിയും ഞെട്ടലും നിറഞ്ഞ ഒരു വികാരം പടർന്നു. അതിനൊപ്പം, ചില ഖിലാഫത്ത് നേതാക്കൾ ‘മതത്തിനുവേണ്ടി നടത്തിക്കൊണ്ടിരിക്കുന്ന ധീരമായ പോരാട്ടത്തിന് മാപ്പിളകൾക്ക് അഭിനന്ദനം’ അറിയിക്കുന്ന പ്രമേയങ്ങൾ പാസാക്കിയതോടെ ആ വികാരം കൂടുതൽ ശക്തമായി. ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ കാര്യത്തിൽ വളരെ വലിയ വിലയായിരുന്നു ഇതു കാരണം നൽകേണ്ടിവന്നത് എന്ന് ഏതൊരാൾക്കും അഭിപ്രായപ്പെടാമായിരുന്നു. പക്ഷേ, ഹിന്ദു-മുസ്ലിം ഐക്യസ്ഥാപനം എന്ന ആവശ്യം ഒരു ബാധപോലെ ശ്രീ ഗാന്ധിജിയിൽ ആവേശിച്ചിരുന്നതിനാൽ മാപ്പിളമാരുടെയും അവരെ അഭിനന്ദിച്ച ഖിലാഫത്ത് പ്രവർത്തകരുടെയും പ്രവർത്തനങ്ങളെ വളരെ നിസ്സാരമായി കാണാൻ അദ്ദേഹം തയ്യാറായി. അദ്ദേഹം മാപ്പിളമാരെ ‘മതത്തിനുവേണ്ടി പോരാടുകയാണെന്ന് വിശ്വസിക്കുന്ന, ദൈവഭക്തിയുള്ള ശൂരന്മാരായ മാപ്പിളകൾ; തങ്ങൾ മതപരമാണെന്ന് കരുതുന്ന രീതിയിൽ പോരാടുന്നവർ’ എന്നൊക്കെയാണ് വിശേഷിപ്പിച്ചത്.” (പേജ് 148, ഡോ. അംബേദ്‌കർ, പാകിസ്താൻ ഓർ പാർട്ടീഷൻ ഓഫ് ഇന്ത്യ, താക്കർ ആൻഡ് കമ്പനി, ബോംബെ.1945)

മലബാർ ഹിന്ദു വംശഹത്യയെപ്പറ്റിയുള്ള ബാബാസാഹേബ് അംബേദ്കറുടെ നിരീക്ഷണങ്ങളും അഭിപ്രായങ്ങളും ഏറെ ചർച്ചചെയ്യപ്പെട്ടിട്ടുള്ളതിനാൽ അതിനെപ്പറ്റി കൂടുതൽ പരാമർശിക്കേണ്ടതില്ല എന്ന് തോന്നുന്നു. അംബേദ്‌കറിന്റെ വിമർശനങ്ങൾ ഏറ്റുവാങ്ങുമ്പോഴും, അന്നത്തെ മാപ്പിളമാരുടെ ബോധമില്ലായ്മയെപ്പറ്റിയും (madness) അവരുടെ അപരിഷ്‌കൃതവും വികലവുമായ (crude) മതബോധത്തെപ്പറ്റിയും വിമർശനാത്മകമായി തുറന്നു പറഞ്ഞ ഗാന്ധിജിയും ഗുരുദേവന്റെ നിരീക്ഷണത്തോട് യോജിക്കുന്നതായാണ് കാണുന്നത്. (യങ് ഇന്ത്യ, 1921 ഒക്ടോബര് 27).

1921 ലെ കലാപം ഗുരുവിന് ഇസ്ലാം മതത്തോടുള്ള കാഴ്ചപ്പാടിൽ സാരമായ മാറ്റത്തെ എടുത്തുകാട്ടുന്ന മറ്റൊരു സംഭാഷണം ശ്രീ കോട്ടുക്കോയ്ക്കൽ വേലായുധൻ ഗുരുവിന്റെ ജീവചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മദ്യത്തിനും മദ്യനിർമാണത്തിനും എതിരായുള്ള ഗുരുവിന്റെ പ്രതികരണം എന്ന നിലയിലാണ് ആ സംഭാഷണമെങ്കിലും അതിന്റെ ഉള്ളടക്കം അതീവ പ്രാധാന്യമർഹിക്കുന്നു.

“സഹികെട്ടു ഒരിക്കൽ മീനച്ചിൽ താലൂക്കിൽ വച്ച് വേലായുധൻ ശാന്തി മുതലായ ഭക്തന്മാരുമായി സംസാരിക്കുന്ന മദ്ധ്യേ മനോവേദനയോടുകൂടി ഒരു സംഗതി ഗുരുദേവൻ ഊന്നി പറഞ്ഞു: ഇസ്‌ലാം മതക്കാർക്ക് ഒരു സമാധാന മാർഗമുണ്ടല്ലോ, കാഫർകളെ കൊന്നാൽ സ്വർഗ്ഗപ്രാപ്തി എന്ന്. യഥാർത്ഥത്തിൽ സ്വർഗപ്രാപ്തിക്ക് സഹായിക്കും, കൈവിരലിൽ എണ്ണാവുന്ന, ഈ രാജ്യത്തിന് പൊതുവെ ദോഷം വരുത്തുന്നവരായ, ഈ ചെത്തുകാരെ നശിപ്പിച്ചാൽ.”  (വേലായുധൻ, കോട്ടുക്കോയ്ക്കൽ, ശ്രീനാരായണഗുരു: സമഗ്രവും സമ്പൂർണ്ണവുമായ ജീവചരിത്രം, ഡിസി ബുക്ക്സ്, കോട്ടയം. 2009)

1920ൽ അനുകമ്പാദശകത്തിൽ മുഹമ്മദ് നബിയെ ‘കരുണാവാൻ’ എന്ന് വിശേഷിപ്പിച്ച ഗുരുവിനെകൊണ്ട് ഒരു വർഷത്തിനുള്ളിൽ അത് തിരുത്തിപ്പറയിപ്പിച്ചതിൽ മലബാറിലെ മാപ്പിള വർഗീയത വഹിച്ച പങ്ക് നിർണായകമായിരുന്നു.

കലാപം: ഗുരുവിന്റെ അന്വേഷണം

എസ്.എൻ.ഡി.പിയുടെ രൂപീകരണ കാലം മുതൽ തന്നെ, തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലും നടന്ന പ്രധാന മതകലാപങ്ങൾ, മതപരിവർത്തനങ്ങൾ എന്നിവയിൽ കൃത്യമായ അന്വേഷണ കമ്മിറ്റികളെ നിയമിച്ച്, റിപ്പോർട്ട് തേടുന്നതിൽ ഗുരു നിഷ്കർഷ പുലർത്തിയിരുന്നതായി യോഗം മുഖപത്രമായിരുന്ന വിവേകോദയത്തിന്റെ പഴയലക്കങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. തെക്കൻ തിരുവിതാംകൂറിലെയും, പൂഞ്ഞാറിലെയും പ്രമാദമായ ക്രിസ്ത്യൻ മതപരിവർത്തനങ്ങൾ, തിരുവിതാംകൂറിൽ പലപ്പോഴായി നടന്ന ജാതിസംഘർഷങ്ങൾ എന്നിവയിൽ ഗുരു നേരിട്ട് അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടതായി കാണാം. 1921ൽ മാപ്പിള ലഹളയെപ്പറ്റി ആധികാരികമായി പഠിച്ച് ഒരു റിപ്പോർട്ട് സമർപ്പിക്കാൻ ശ്രീനാരായണഗുരു ചുമതലപ്പെടുത്തിയത് മഹാകവി കുമാരനാശാനെയായിരുന്നു. ഈ ദൗത്യത്തിൽ കുമാരനാശാനെ സഹായിച്ചത് സുപ്രസിദ്ധ പത്രപ്രവർത്തകനും എസ് എൻ ഡി പിയുടെ ആദ്യത്തെ സംഘടനാ സെക്രട്ടറിയുമായിരുന്ന പത്രാധിപർ ടി കെ നാരായണനായിരുന്നു. കേരളത്തിലെ ആര്യസമാജത്തിന്റെ ആദ്യകാല പ്രചാരകനും നിരവധി തവണ എസ്. എൻ. ഡി. പിയുടെ സംഘടനാ ചുമതല വഹിച്ച സംഘാടകനും കൂടിയായിരുന്നു പത്രാധിപർ ടി. കെ. നാരായണൻ. കലാപകാലത്ത് ആര്യസമാജത്തിന്റെ രക്ഷാദൗത്യവുമായി ബന്ധപ്പെട്ട് മലബാർ മേഖലയിൽ സജീവമായിരുന്നു അദ്ദേഹം. കുമാരനാശാൻ യോഗത്തിന്റെ സെക്രട്ടറിയായി പ്രവർത്തിക്കുമ്പോൾ യോഗത്തിന്റെ ‘സഞ്ചാര സെക്രട്ടറി’ ആയിരുന്നു പത്രാധിപർ നാരായണൻ. ഒപ്പം, മഹാകവി പത്രാധിപരായി പ്രസിദ്ധീകരണം ആരംഭിച്ച യോഗത്തിന്റെ മുഖപത്രം ‘വിവേകോദയ’ത്തിന്റെ സർക്കുലേഷൻ മാനേജർ കൂടിയായിരുന്നു ടി. കെ. നാരായണൻ.

ടി. കെ. നാരായണന്റെ മകനും മുൻ ഐ.ജിയുമായിരുന്ന കെ. എൻ. ബാൽ ഐ പി എസ് രചിച്ച ‘പത്രാധിപർ ടി. കെ. നാരായണൻ’ എന്ന ജീവചരിത്രത്തിൽ ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പങ്കുവയ്ക്കുന്നുണ്ട്: “ശ്രീനാരായണഗുരുവിന്റെ നിർദ്ദേശാനുസരണം, മാപ്പിള ലഹളയുടെ ഒരു വസ്തുതാന്വേഷണത്തിനും പ്രശ്നപരിഹാര നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനും വേണ്ടി കുമാരനാശാൻ മലബാറിൽ എത്തുന്നതിനു മുമ്പുതന്നെ, ടി. കെ. നാരായണൻ ആര്യസമാജത്തിന്റെ ആതുരസേവന പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചുകൊണ്ട് മലബാർ ലഹള പ്രദേശങ്ങളിൽ ഉണ്ടായിരുന്നു.”

ഈ അന്വേഷണത്തിന് ശേഷമായിരുന്നു കുമാരനാശാൻ ‘ദുരവസ്ഥ’ എന്ന കാവ്യം രചിക്കുന്നത്. “മലബാർ മാപ്പിള ലഹളയെക്കുറിച്ചുള്ള റിപ്പോർട്ട് തയ്യാറാക്കാനുള്ള വസ്തുതകളെല്ലാം ടി. കെ. നാരായണൻ, കുമാരനാശാനു നൽകിയിരുന്നു. ടി. കെ. നാരായണന്റെ അന്വേഷണാത്മക പത്രപ്രവർത്തനത്തിൽ ആശാന് നല്ല മതിപ്പും വിശ്വാസവും ഉണ്ടായിരുന്നു. എങ്കിലും ആശാൻ സ്വന്തം നിലയിലും വിശദമായ അന്വേഷണങ്ങൾ നടത്തിയതിന് ശേഷമാണ് ഗുരുസ്വാമിയെക്കണ്ട് വിവരങ്ങൾ ബോധിപ്പിച്ചതും, ‘ദുരവസ്ഥ’ എന്ന വിശ്വപ്രസിദ്ധ കവിത രചിച്ചതും.” (പേജ് 470-471, ബാൽ കെ. എൻ, പത്രാധിപർ ടി. കെ. നാരായണൻ: ജീവചരിത്രം, കലാപൂർണ്ണാ പുബ്ലിക്കേഷൻസ്, വർക്കല. 2022)

ദുരവസ്ഥ: ആശാന്റെ ധാരണകളും പ്രതികരണങ്ങളും

കുമാരനാശാൻ ഗുരുദേവന് സമർപ്പിച്ച റിപ്പോർട്ടിന്റെ ഉള്ളടക്കത്തെപ്പറ്റി നമുക്ക് കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെങ്കിലും, അതേപ്പറ്റി ഗുരുവിന്റെ ധാരണകൾ പിന്നീടുള്ള സംഭാഷണങ്ങളിൽ നിന്ന് വ്യക്തമാകുന്നു. ഒപ്പം, ‘ദുരവസ്ഥ’ എന്ന കുമാരനാശാന്റെ കാവ്യവും 1924ലെ ‘സർവ്വമതസമ്മേളനവും’ ഈ ധാരണയുടെ അടിസ്ഥാനത്തിൽ പിറവികൊണ്ടവയായിരുന്നെന്ന് നമുക്ക് മനസിലാക്കാം. ആശാന്റെ ‘മതപരിവർത്തനരസവാദ’ത്തിന്റെ രചനക്ക് പിന്നിൽ ഗുരുവിന്റെ പ്രേരണ പ്രവർത്തിച്ചതുപോലെ, ‘ദുരവസ്ഥ’ എന്ന കാവ്യം രചിക്കുന്നതിനു പിന്നിലും ഗുരുദേവന്റെ താത്പര്യവും നിർദ്ദേശവും ഉണ്ടെന്നതും തീർച്ചയാണ്. ‘ദുരവസ്ഥ’ എഴുതിയതിൻ്റെ ഉദ്ദേശ്യം കുമാരനാശാൻ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇസ്ലാമിസ്റ്റുകൾ ‘ദുരവസ്ഥ’യ്ക്ക് കപട വ്യാഖ്യാനങ്ങൾ ചമയ്ക്കുന്ന കാലത്ത്, കാവ്യം പോലെ തന്നെ ചർച്ചാ വിഷയമാക്കേണ്ടതാണ് മഹാകവി അതിനെഴുതിയ മുഖവുരയും. മനുഷ്യൻ്റെ ‘കല്പനാ ശക്തിയെ തോൽപ്പിക്കുന്ന ഭയങ്കരങ്ങളും പൈശാചികങ്ങളുമായ സംഭവങ്ങളെക്കൊണ്ട് കേരളത്തെ മാത്രമല്ല, ഇന്ത്യയെ മുഴുവൻ ഇളക്കിമറിച്ച കൊടുങ്കാറ്റ്’ എന്നാണ് മലബാർ ഹിന്ദു വംശഹത്യയെ കവി മുഖവുരയിൽ രേഖപ്പെടുത്തുന്നത്.

“തെക്കെ മലയാം ജില്ലയിൽ 1097 ചിങ്ങത്തിൽ ആരംഭിച്ച മാപ്പിള ലഹള കേരള ചരിത്രത്തിൽ രക്തരൂക്ഷിതമായ ഒരു അദ്ധ്യായത്തെ രചിച്ചിരിക്കുകയാണല്ലൊ. കല്പനാ ശക്തിയെ തോൽപ്പിക്കുന്ന ഭയങ്കരങ്ങളും പൈശാചികങ്ങളുമായ സംഭവങ്ങളെക്കൊണ്ട് കേരളത്തെ മാത്രമല്ല, ഇൻഡ്യയെ മുഴുവൻ ഒരു പ്രകാരത്തിൽ അല്ലെങ്കിൽ മറ്റൊരു പ്രകാരത്തിൽ ഇളക്കിമറിച്ചിരുന്ന ആ കൊടുങ്കാറ്റ് ഭാഗ്യവശാൽ ഇപ്പോൾ മിക്കവാറും ശമിച്ചുകഴിഞ്ഞിരിക്കുന്നു. ആപത്തിനേക്കാൾ വലിയ അദ്ധ്യാപകൻ ഇല്ലെന്നുനുള്ളത് ചരിത്രവും മതവും ഒന്നു പോലെ സമ്മതിക്കുന്ന വസ്തുതയാകുന്നു. ലഹളയുടെ വായിൽ നിന്ന് അതിൻ്റെ നാവിൻ്റെ പരുപരുപ്പും വീരപ്പല്ലിൻ്റെ മൂർച്ചയും നല്ലവണ്ണം അറിഞ്ഞ് ഇപ്പോൾ വിശകലിതമായി വെളിയിൽ വമിക്കപ്പെട്ടിരിക്കുന്ന ഹിന്ദു സമുദായം, പുരാതനമായ ഒരു നാഗരികതയുടെ പ്രാതിനിധ്യം വഹിക്കുന്ന ഒന്നാണെന്നുള്ളതു ശരി തന്നെ. എന്നാൽ നവീനാദർശം അനുസരിച്ചു നോക്കിയാൽ ഈ സമുദായം ഇന്നും ശൈശവാവസ്ഥയിൽ ഇരിക്കയാണെന്നുള്ളതും സമ്മതിച്ചേ തീരൂ. ശൈശവത്തിൽ പഠിക്കുന്ന പാഠങ്ങൾ വേഗം മറന്നു പോകും എന്നുള്ള ഒരു ദോഷമുണ്ട്. എന്നാൽ ഉരുക്കഴിച്ചു പഠിച്ചാൽ ആജീവനാന്തം ഓർമ്മ നിൽക്കും എന്നുള്ള ഒരു ഗുണവുമുണ്ട്. ഈ മഹാവിപത്തിൻ്റെയും ഇതു പഠിപ്പിച്ച പാഠങ്ങളിൽ ചിലതിൻ്റെയും ഓർമ്മയെ സമുദായത്തിൻ്റെ പുന:സംഘടനയ്ക്കു പ്രേരകമാകത്തക്കവണ്ണം നിലനിറുത്തണമെന്നുള്ളതാണ് ‘ദുരവസ്ഥ’ എന്ന പേരിൽ അടിയിൽ കാണുന്ന പാട്ടിൻ്റെ വിനീതമായ ഉദ്ദേശ്യം.” (മഹാകവി കുമാരനാശാൻ ‘ദുരവസ്ഥ’യ്ക്ക് എഴുതിയ മുഖവുരയിൽ നിന്ന്)

കലാപത്തിന്റെ യഥാർത്ഥ മുഖം പച്ചയായി തുറന്നുകാട്ടിയ ദുരവസ്ഥയ്‌ക്കെതിരെ അന്നത്തെ ഇസ്ലാമിസ്റ്റുകൾ ഉയർത്തിയ അസഹിഷ്ണുതാപരമായ വിമർശനങ്ങളെയും ഭീഷണിയെയും മഹാകവി ഗൗനിച്ചതേയില്ല. കാവ്യത്തിന്റെ പ്രസിദ്ധീകരണം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം മുസ്ലീങ്ങൾ പാസ്സാക്കിയ പ്രമേയത്തിന് അദ്ദേഹം നൽകിയ മറുപടി, കലാപത്തിന്റെ സ്വഭാവത്തെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ ധാരണകളെ കുറച്ചുകൂടി വ്യക്തമായി നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നു. “ദുരവസ്ഥ എന്ന എന്റെ കൃതിയില്‍ നിങ്ങളുടെ മതത്തെയും സമുദായത്തെയും പൊതുവെ സ്പര്‍ശിക്കുന്നതായി സഭ്യേതരമായ ഒരു വാക്കും പ്രയോഗിച്ചിട്ടുള്ളതായി ഓര്‍ക്കുന്നില്ല. മലബാറില്‍ ലഹള നടത്തിയ അക്രമികളായ മുഹമ്മദീയരെയും, മതഭ്രാന്തിനെ മുന്‍നിര്‍ത്തിയുള്ള അവരുടെ പൈശാചികമായ പ്രവൃത്തികളെയും അതില്‍ കാവ്യയോഗ്യമായ വിധത്തില്‍ വര്‍ണിച്ചിട്ടുണ്ട്. ആ സന്ദര്‍ഭങ്ങളില്‍ രസാനുഗുണമായും ലഹളയെ സംബന്ധിച്ചു ഞാന്‍ അറിഞ്ഞിട്ടുള്ള വാസ്തവങ്ങളെ അടിസ്ഥാനമാക്കിയും ഞാന്‍ ചെയ്തിട്ടുള്ള പദപ്രയോഗങ്ങള്‍ അവരെയും അവരുടെ പ്രവൃത്തിയെയും മാത്രം കുറിക്കുന്നതാണ്. ദൂരവസ്ഥമായ മതത്തെയോ സമുദായത്തെയോ അതുകള്‍ വിവക്ഷിക്കുന്നില്ല. ശാന്തമായ മനഃസ്ഥിതിയോട് കൂടി പുസ്തകം ദയവ് ചെയ്ത് ഒന്നുകൂടി വായിച്ചു നോക്കിയാല്‍ വാസ്തവം നിങ്ങള്‍ക്ക് തന്നെ വെളിവാകുന്നതാണ്.” (പേജ് 469, ബാൽ കെ. എൻ, പത്രാധിപർ ടി. കെ. നാരായണൻ: ജീവചരിത്രം).

പ്രസിദ്ധ സാഹിത്യകാരനായിരുന്ന ഇ. വി. കൃഷ്ണപിള്ള തന്റെ ഒരു ലേഖനത്തിൽ ഈ വിവാദത്തെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങളും ആശാന്റെ പ്രതികരണവും രേഖപ്പെടുത്തിയിട്ടുണ്ട്. കലാപത്തെ സംബന്ധിച്ച് തന്നെക്കാൾ കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ സൗകര്യമുണ്ടായിരുന്ന വള്ളത്തോൾ എന്തുകൊണ്ടാണ് മൗനം ഭജിക്കുന്നതെന്ന് ആശ്ചര്യപ്പെടുന്ന കുമാരനാശാനെ ഇ. വി. കൃഷ്ണപിള്ള ഈ ലേഖനത്തിലൂടെ നമുക്ക് പരിചയപ്പെടുത്തുന്നു. (പേജ് 62-63, കൃഷ്ണപിള്ള, ഇ.വി., മഹാകവി കുമാരനാശാൻ-ചില സ്മരണകൾ, ആശാൻ സ്മാരക ഗ്രന്ഥം, ശാരദാ ബുക്കുഡിപ്പോ, ആലുവാ. 1949)

യമനി തങ്ങൾമാരും മലബാറിലെ മതവർഗീയതയും

പ്രശസ്ത ചരിത്രകാരിയും മതതാരതമ്യ ഗവേഷകയുമായ കരേൻ ആംസ്ട്രോങ് അവരുടെ ‘ബാറ്റിൽ ഫോർ ഗോഡ്: എ ഹിസ്റ്ററി ഓഫ് ഫണ്ടമെന്റലിസം’ എന്ന ഗ്രന്ഥത്തിൽ നടത്തുന്ന ഒരു നിരീക്ഷണം മലബാറിലെ മാപ്പിള വർഗീയ കലാപത്തിനും ബാധകമാണെന്ന് തോന്നുന്നു. മതമൗലികവാദത്തിന്റെ വേരുകൾ പൗരാണീക കാലത്ത് തേടുന്നതിനേക്കാൾ, സമീപഭൂതകാലത്ത് തേടുന്നതാകും ഉചിതം എന്ന അവരുടെ നിരീക്ഷണം ഇവിടെ ഏറെക്കുറെ ശരിയാണെന്ന് കാണാം. മലബാർ കലാപത്തിന്റെ വേരുകൾ മുഹമ്മദ് നബിയിലോ ഖുർആനിലോ തേടുന്നതിൽ വലിയ സാംഗത്യം ഉണ്ടെന്നു തോന്നുന്നില്ല. ശ്രീനാരായണഗുരുവിന്റെ സനാതന ധർമ്മസങ്കല്പം മുന്നോട്ടു വയ്ക്കുന്ന വിശാലമായ കാഴ്ചപ്പാടിനൊപ്പം പോകുന്ന ഒരു വീക്ഷണമാണിത്. സനാതന ധർമം മുന്നോട്ടു വയ്ക്കുന്ന നന്മകളിൽ മിക്കതും മറ്റു മതങ്ങളുടെ അടിസ്ഥാന പ്രമാണങ്ങളിലും നമുക്ക് കാണാൻ സാധിക്കും എന്നതാണല്ലോ ഗുരുവിന്റെ ‘ഒരു മതം’ എന്ന പ്രഖ്യാപനത്തിന്റെ അടിസ്ഥാനം. മതത്തിൽ ആരോപിക്കുന്ന ദോഷങ്ങൾ അടിസ്ഥാനപരമായി മനുഷ്യന്റെ ദോഷങ്ങളാണെന്നും, അതിനാൽ മതമല്ല മനുഷ്യനാണ് ആത്യന്തികമായി മാറേണ്ടതെന്ന ഗുരുവിന്റെ ഉപദേശത്തോട് ചേർന്ന് നിന്നുകൊണ്ട് ചരിത്രത്തെയും വർത്തമാനത്തെയും വിശകലനം ചെയ്യുമ്പോൾ, കരേൻ ആംസ്ട്രോങ്ങിന്റെ ഈ വീക്ഷണം ശരിയാണെന്ന് കാണാം.

ഈ വീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ നോക്കുമ്പോൾ, മലബാറിലെ മതവർഗീയതയ്ക്ക് ഒരു മൂർത്തമായ സ്വഭാവം കൈവരുന്നത് 17-18 നൂറ്റാണ്ടുകളിലാണെന്നു കാണാം. എന്തുകൊണ്ടാണ് 1800 കൾക്ക് ശേഷം മലബാറിൽ വ്യാപകമായി മതവർഗീയ കലാപങ്ങൾ മുളപൊട്ടിയത്? അക്കാലത്താണ്, മലബാറിലെ മാപ്പിളമാർക്ക് പുതിയ വൈദേശിക മതനേതൃത്വത്തെ ലഭിക്കുന്നത് എന്നതുതന്നെ അതിനുള്ള ഉത്തരം. കേരളത്തിലെ സാമുദായിക ഐക്യം തകർക്കുന്നതിൽ യമനി ഇസ്ലാമിക മതപ്രചാരകന്മാർ വഹിച്ച പങ്ക് പഠനവിധേയമാക്കേണ്ട ഒരു വിഷയമാണ്. ഇന്ത്യയിലെ മുസ്ലീങ്ങളെ ഹിന്ദുക്കൾക്കെതിരെ തിരിച്ച് വിട്ട്, പ്രത്യേകിച്ച് തെക്കേ ഇന്ത്യയിൽ, വർഗീയ കലാപങ്ങൾക്ക് തിരികൊളുത്തുന്നതിൽ യമനി മതപ്രചാരകന്മാർ വഹിച്ച പങ്കിനെപ്പറ്റി കൂടുതൽ പഠനങ്ങളും ഗവേഷണങ്ങളും നടത്തേണ്ടതിന് കാരണങ്ങൾ പലതാണ്. ഇത്തരമൊരു പഠനം മലയാളിയെ നയിക്കുക, കേരളത്തിലെ ഇസ്ലാമികചരിത്രത്തിൽ യമനി അധിനിവേശത്തിന് മുമ്പുള്ള ഹിന്ദു-മുസ്‌ലിം ബന്ധത്തിന്റെ നല്ല നാളുകളിലേക്കാണ്.

1850കളോടടുപ്പിച്ചുണ്ടാകുന്ന നിരവധി കലാപങ്ങളുടെ നേതൃസ്ഥാനത്ത് മമ്പുറം ഫസൽ പൂക്കോയ തങ്ങൾ മാത്രമായിരുന്നു. അക്കാലത്ത് ക്രമസമാധാനം പാലിക്കാൻ ബ്രിട്ടീഷ് പട്ടാളം എത്തുന്ന സാഹചര്യത്തിലാണ് അയാൾ ബ്രിട്ടീഷുകാർക്കെതിരെ തിരിയുന്നത്. ബ്രിട്ടീഷുകാർ ഫസൽ പൂക്കോയക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചപ്പോൾ 1852 ൽ അയാൾ അറേബ്യയിലേക്ക് ഒളിച്ചോടുകയും, പിന്നീട് തുർക്കിയിലെ ഓട്ടോമൻ ഖിലാഫത്തിൻ്റെ സംരക്ഷണത്തിൽ ശിഷ്ടകാലം ജീവിക്കുകയും ചെയ്തു. തുർക്കിയിൽ നിന്നുകൊണ്ട് അയാൾ കേരളത്തിലെ രാഷ്ട്രീയം നിയന്ത്രിക്കുകയും കൂടുതൽ കുഴപ്പങ്ങളുണ്ടാക്കാൻ ശ്രമിക്കുകയും ചെയ്തു. തുർക്കിയുമായും ഖിലാഫത്തുമായുമൊക്കെയുള്ള മലബാറിൻ്റെ പരിചയത്തിൻ്റെയും കാലിഫേറ്റിനോടുള്ള മാപ്പിളമാരുടെ വിധേയത്വത്തിൻ്റെയും തുടക്കം ഫസൽ പൂക്കോയ തങ്ങളിൽ നിന്നായിരുന്നു. പിൽക്കാലത്തു 1921ലെ ഖിലാഫത്ത് സമരം കേരളത്തിൽ ഒരു വർഗീയകലാപമായി കത്തിപടരാനുള്ള പ്രധാന കാരണവും ഇത് തന്നെയാണ്.

നെഹ്രുവിന്റെ ഹൈദരാബാദ് ആക്ഷനിൽ അകത്തായ തങ്ങൾ

മമ്പുറം തങ്ങളുടെ പിന്മുറക്കാരെ മുഴുവൻ ബ്രിട്ടീഷുകാർ പിന്നീട് നാടുകടത്തി. ഇല്ലായിരുന്നെങ്കിൽ 1947 ലെ വിഭജനത്തിൽ മൂന്ന് പാകിസ്താനുകൾ ഉണ്ടാകുമായിരുന്നു – കിഴക്ക്, പടിഞ്ഞാറ്, തെക്ക്! തീവ്രവാദികളായ മമ്പുറം തങ്ങന്മാരെ നാടുകടത്തിയ ശേഷം ബ്രിട്ടീഷുകാർ, മാപ്പിളമാരെ നിയന്ത്രണത്തിൽ കൊണ്ടുവരാൻ വേണ്ടി ഒരു പാവ മത നേതൃത്വത്തെ മലബാറിൽ നിലനിർത്തി. കാരണം, മാപ്പിളമാർ അതിനോടകം തങ്ങളുടെ പ്രവാചകന്റെ പിൻഗാമികളായി യമനി സയ്യദുമാരെ പ്രതിഷ്ഠിച്ചു കഴിഞ്ഞിരുന്നു. ബ്രിട്ടീഷുകാർ അവരുടെ ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവ (puppet) യെമനി കുടുംബത്തെ മാപ്പിളമാർക്ക് പുതിയ തങ്ങളായി അനുവദിച്ചു നൽകി – അതാണ് പാണക്കാട് തങ്ങന്മാർ.

ശിഹാബലി തങ്ങളുടെയും ഹൈദരലി തങ്ങളുടെയും പിതാവ് പാണക്കാട് പൂക്കോയ തങ്ങൾ മലബാർ മുസ്ലിം ലീഗിന്റെ ആദ്യകാല നേതാകാലിൽ ഒരാളായിരുന്നു. 1921 ലെ മലബാർ ഹിന്ദു വംശഹത്യയ്ക്ക് ശേഷം, ആര്യസമാജത്തിൻ്റെ പ്രഭാവം മലബാറിൽ വളരുന്നതിൻ്റെ പശ്ചാത്തലത്തിൽ, രൂപം കൊണ്ട സമസ്ത കേരള ജമിയത്തുൽ ഉലമായുടെയും നേതാവായിരുന്നിട്ടുണ്ട് പാണക്കാട് പൂക്കോയ തങ്ങൾ. 1921 ലെ ഹിന്ദു വിരുദ്ധ കലാപം ഒരു സംഘം സലഫികളുടെ ആസൂത്രണത്തിൽ നിന്നുണ്ടായതാണെന്നും പാണക്കാടുൾപ്പെടെയുള്ള അന്നത്തെ സുന്നി മതനേതൃത്വത്തിന് അതിൽ പങ്കില്ലെന്നുമുള്ള മുൻകൂർ ക്ഷമാപണത്തോടെയായിരുന്നു ജമിയത്തുൽ ഉലമായുടെ തുടക്കം. 1921 ലെ കലാപം സ്വാതന്ത്ര്യ സമരം പോയിട്ട്, കർഷക സമരം പോലുമല്ല, മറിച്ച് വർഗീയ കലാപം തന്നെ എന്ന് അവർ വാദിച്ചു. സലഫികൾ വാരിയംകുന്നനെയും ആലിയെയും തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്ന് പറഞ്ഞ് കൈകഴുകിയവരാണ് പാണക്കാട് തങ്ങന്മാർ.

എന്നാൽ, മുസ്ലീം ലീഗ് നേതാവ് പാണക്കാട് പൂക്കോയ അറസ്റ്റിലാകുന്നുണ്ട് – സ്വാതന്ത്ര്യം ലഭിച്ച്, വിഭജനവും കഴിഞ്ഞ് ഒരു വർഷത്തിന് ശേഷം 1948ൽ! നെഹ്രുവിൻ്റെയും പട്ടേലിൻ്റെയും രാഷ്ട്രീയ നേതൃത്വത്തിൽ പാകിസ്താൻ വാദികളിൽ നിന്ന് ഹൈദരാബാദ് പിടിച്ചെടുത്ത പട്ടാള നടപടിയുടെ പശ്ചാത്തലത്തിൽ അതിനെ സർവശക്തിയുമുപയോഗിച്ച് എതിർത്ത മുസ്ലിം ലീഗിൻ്റെ അന്നത്തെ നേതാവായ പൂക്കോയയെ സ്വതന്ത്ര ഭാരതത്തിന്റെ സൈന്യം രാജ്യദ്രോഹത്തിന് അറസ്റ്റ് ചെയ്തു. പാകിസ്താനുവേണ്ടി ഹൈദരാബാദിനെ സ്വതന്ത്രമാക്കാൻ സമരം ചെയ്ത് പാണക്കാട് തങ്ങൾ ജയിലിലാകുന്നു! അതാണ് കേരളത്തിലെ മുസ്ലീം ലീഗിന് ‘സ്വാതന്ത്ര്യ സമര’വുമായുള്ള ബന്ധം. വിഭജനകാലത്ത്, ‘പത്തണയ്ക്ക് കത്തി വാങ്ങി കുത്തി വാങ്ങും പാകിസ്താൻ’ എന്ന മുദ്രാവാക്യം മുഴക്കി മലബാറിൽ അക്രമം അഴിച്ചു വിട്ട അതേ മുസ്ലീം ലീഗിൻ്റെ, 1947 ന് ശേഷമുള്ള സ്വാതന്ത്ര്യ സമരം! പിന്നീട് നെഹ്രു കേരളത്തിൽ എത്തിയപ്പോഴും മുസ്ലീം ലീഗ് അദ്ദേഹത്തെ ‘ഹിന്ദു വർഗീയ വാദി’ എന്നാണ് വിളിച്ചത്. അങ്ങനെ സ്വാതന്ത്ര്യാനന്തരം, നെഹ്രുവിനെ ഹിന്ദു വർഗീയ വാദിയെന്ന് വിളിച്ച പാരമ്പര്യം അവകാശപ്പെടാൻ കഴിയുന്ന ഏക പ്രസ്ഥാനമാണ് കേരളത്തിലെ മുസ്ലിം ലീഗ്.

ഇന്ത്യയെ വിഭജിച്ച ലീഗും, ഇന്നത്തെ ലീഗും

മലബാർ വംശഹത്യയിൽ മമ്പുറം തങ്ങന്മാരുടെ പങ്കിനെപ്പറ്റി പരാമർശിക്കാനാണ് ഇത്രയും വിവരണം നൽകിയതെങ്കിലും, ഇപ്പോഴത്തെ രാഷ്ട്രീയ വിവാദത്തിൽ ഉയർന്നു കേൾക്കുന്ന മുസ്‌ലിം ലീഗിന്റെയും പാണക്കാട് തങ്ങൾ കുടുംബത്തിന്റെയും ചരിത്രത്തെ സംബന്ധിക്കുന്ന ചില ചോദ്യങ്ങൾക്ക് കൂടി ഉത്തരം തേടുന്നത് ഉചിതമാകുമെന്ന് തോന്നുന്നു. ഇന്ത്യയെ വിഭജിച്ച മുസ്‌ലിം ലീഗും ഇന്നത്തെ ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗും ഒന്ന് തന്നെയാണോ? തങ്ങന്മാർ നേതൃത്വം കൊടുക്കുന്ന ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ജിന്നയുടെ ലീഗല്ല എന്ന് വാദിക്കുന്നവർ പറയുന്നത്, സ്വതന്ത്ര ഭാരതത്തിൽ സ്ഥാപിതമായ ഒരു ‘സെകുലർ’ പാർട്ടിയാണ് IUML എന്നാണ്. വിഭജനത്തിന് മുമ്പ് നിലവിലുണ്ടായിരുന്ന ഓൾ ഇന്ത്യ മുസ്ലിം ലീഗുമായും അതിന്റെ നേതാവായിരുന്ന മുഹമ്മദ് അലി ജിന്നയുമായും ഇതിന് യാതൊരു ബന്ധവുമില്ല എന്നും അവർ വാദിക്കുന്നു. എന്നാൽ യാഥാർത്ഥ്യം എന്താണ്? ഇന്ത്യയെ വിഭജനത്തിലേക്ക് നയിച്ച ജിന്നയുടെ മുസ്ലിം ലീഗിന്റെ ഒരു ഫ്രാഞ്ചൈസി മാത്രമാണ് ഇന്നത്തെ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്. 1948 ഡിസംബറിൽ സ്വതന്ത്ര പാകിസ്താനിലെ കറാച്ചിയിൽ വച്ച് നടന്ന മുസ്ലിംലീഗ് സമ്മേളനത്തിൽ ജിന്ന എടുത്ത തീരുമാനപ്രകാരം തന്നെയാണ് മുസ്ലിം ലീഗിന്റെ ഇന്ത്യൻ ശാഖ രൂപീകരിക്കപ്പെട്ടത്.

പാകിസ്താൻ സമ്മേളനത്തിൽ ജിന്ന ഇന്ത്യയിലെ പാർട്ടി അംഗങ്ങളെ ലീഗിന്റെ പുനഃസംഘടനയ്ക്കായി ക്ഷണിച്ചപ്പോൾ, വിഭജനത്തിന് ശേഷമുള്ള വടക്കേ ഇന്ത്യയിലെ ശക്തമായ മുസ്ലിം ലീഗ് വിരുദ്ധ വികാരം കാരണം അവിടെ നിന്നാരും അതിന്റെ ഉത്തരവാദിത്വം എടുക്കാൻ മുന്നോട്ട് വന്നില്ല. കൂടാതെ, വടക്കൻ ഭാരതത്തിലെ AIML-ന്റെ എല്ലാ പ്രമുഖ നേതാക്കളും അതിനോടകം പാക്കിസ്താനിലേക്ക് കുടിയേറിയിരുന്നു. അതുകൊണ്ട് ഇന്ത്യയിൽ IUML ആരംഭിക്കുവാൻ തമിഴ്നാട്ടിലെ ഇസ്ലാമിസ്റ്റായ മുഹമ്മദ് ഇസ്മായീലിനെ നിയോഗിച്ചതും ജിന്ന തന്നെയാണ്. ജിന്നയുടെ നിർദ്ദേശം അനുസരിച്ച് ഇസ്മായിൽ മദ്രാസിൽ ഒരു പാർട്ടി യോഗം വിളിച്ചു. എന്നാൽ മുസ്ലിം ലീഗിന്റെ പണ്ടത്തെ ശക്തികേന്ദ്രമായിരുന്ന ഉത്തരപ്രദേശ് ഉൾപ്പെടെയുള്ള വടക്കൻ സംസ്ഥാനങ്ങളിൽ നിന്നാരും ആ യോഗത്തിൽ പങ്കെടുത്തില്ല. 147 മുസ്ലിം ലീഗ് നേതാക്കൾക്ക് ക്ഷണം നൽകിയിരുന്നുവെങ്കിലും, മദ്രാസ് സമ്മേളനത്തിൽ പങ്കെടുത്തത് വെറും 30 പേർ മാത്രമാണ്. ആ 30 പേരിൽ ഭൂരിഭാഗവും മദ്രാസിൽ നിന്നുള്ളവരായിരുന്നു (മലബാർ ഉൾപ്പെടെയുള്ള). ബാക്കിയുള്ളവർ മൈസൂരിൽ നിന്നും ബോംബെയിൽ നിന്നുമുള്ള ലീഗ് നേതാക്കൾ. പഴയ ഓൾ ഇന്ത്യ മുസ്ലിം ലീഗിന്റെ ദക്ഷിണേന്ത്യൻ നേതൃസംഘം തന്നെയാണ് പുതിയ IUML രൂപീകരിച്ചത്, കൂടാതെ AIML-ന്റെ ആസ്തികളും IUML-നൊപ്പം തുടർന്നു. ഉദാഹരണത്തിന്, കേരളത്തിലെ IUML-ന്റെ പത്രമായ ചന്ദ്രിക, 1932-ൽ ഓൾ ഇന്ത്യ മുസ്ലിം ലീഗ് നേതാക്കൾ പാർട്ടിയുടെ പത്രമായി ആരംഭിച്ചതാണ്. വിഭജനവും AIML-ന്റെ പിരിച്ചുവിടലും ഉണ്ടായിട്ടും, അത് മുസ്‌ലിം ലീഗിന്റെ മുഖപത്രമായിത്തന്നെ തുടരുകയായിരുന്നു!

മതസഹിഷ്ണുതയുടെ സുദീർഘമായ ചരിത്രം അവകാശപ്പെടുന്ന ഭാരതത്തിൽ ഇസ്ലാമിസ്റ്റുകൾ അടിച്ചേൽപ്പിച്ച ഇത്തരം കലാപങ്ങളെ മതേതരത്വത്തിന്റെ പേരിൽ നിസ്സാരവൽക്കരിക്കുകയും അവഗണിക്കുകയും ചെയ്യുന്നതിലൂടെ മതമൗലിക വാദം ഉയർത്തുന്ന ഭീഷണി ഇല്ലാതാകുന്നില്ലെന്ന് കരേൻ ആംസ്ട്രോങ് പ്രസ്താവിക്കുന്നു. “മൗലികവാദത്തിന്റെ ചരിത്രം നമ്മെ ചൂണ്ടിക്കാട്ടുന്നതെന്തെന്നാൽ, തീവ്രവാദ സ്വഭാവമുള്ള മതവിശ്വാസത്തെ നാം അവഗണിച്ചാൽ അപ്രത്യക്ഷമാകില്ല എന്നതാണ്. മൗലികവാദത്തിന്റെ ഭീഷണി ഇല്ലെന്നു നടിക്കുന്നത് കൊണ്ടോ, അതിനെ ചില തെറ്റിദ്ധരിപ്പിക്കപ്പെട്ട ഭ്രാന്തന്മാരുടെ വ്യാമോഹമെന്ന നിലയിൽ tതികച്ചും ‘മതേതരമായ അവഗണന’യോടെ (secular disdain) തള്ളിക്കളയുന്നതുകൊണ്ടോ യാതൊരു ഗുണവും ഇല്ല,” അവർ പറയുന്നു.

ഈ കാഴ്ചപ്പാടിനെ മറ്റൊരു രൂപത്തിൽ, സകാരാത്മകമായി അവതരിപ്പിക്കുകയാണ് മഹാകവി കുമാരനാശാൻ ചെയ്തത്. കേരളം കണ്ട അങ്ങേയറ്റം പൈശാചികമായ ഒരു കലാപത്തെ ‘മതേതരമായി അവഗണിക്കുന്നതിന്’ പകരം, അതിന്റെ ആവർത്തിച്ചുള്ള പഠനവും ഓർമ്മപ്പെടുത്തലുമാണ് അദ്ദേഹം നിർദ്ദേശിച്ചത്. ‘1921’ എന്ന മഹാവിപത്തിനെ ശൈശവപ്രായമായ ഹിന്ദു സമൂഹം വേഗം മറക്കുമെന്നും, അതുകൊണ്ട് ആയതിനെ ആവർത്തിച്ച് പഠിപ്പിച്ച് സമുദായത്തിൻ്റെ പുന:സംഘടനയ്ക്കു പ്രേരകമാകത്തക്കവണ്ണം ആജീവനാന്തം ഹൈന്ദവരുടെ ഓർമ്മയിൽ നിലനിർത്തുകയും ചെയ്യണമെന്നുള്ളതാണ് ‘ദുരവസ്ഥ’ എഴുതാനുള്ള ഉദ്ദേശ്യമായി മഹാകവി എടുത്തുകാട്ടിയത്. അദ്ദേഹത്തിന്റെ ആശങ്ക അസ്ഥാനത്തായിരുന്നില്ല എന്ന് പിൽക്കാല അനുഭവങ്ങൾ നമ്മെ പഠിപ്പിച്ചു. കലാപം പഠിപ്പിച്ച പാഠങ്ങൾ മാത്രമല്ല, ദുരവസ്ഥ എന്ന കാവ്യത്തിന്റെ രചനോദ്ദേശ്യം പോലും കലാപത്തിന്റെ ഇരകളുടെ പിൻഗാമികൾ മറന്നു എന്നതായി ചരിത്രം! മാത്രമല്ല, വേട്ടക്കാർ നിർമിച്ച വ്യാജചരിത്രത്തിന്റെ പ്രചാരകരുമായി അവർ മാറി. ഒരു വിഭാഗം മതഭ്രാന്തന്മാരുടെ ബുദ്ധിശൂന്യതയെ ഇന്നും ന്യായീകരിക്കുന്ന ചരിത്രകാരന്മാരും രാഷ്ട്രീയ നേതൃത്വവും ഗുരുദേവന്റെ നിരീക്ഷണങ്ങളും കുമാരനാശാന്റെ വിലയിരുത്തലുകളും കാണാതെ പോകരുത്. മഹാകവി അഭിപ്രായപ്പെട്ടത് പോലെ, ശൈശവത്തിൽ പഠിച്ച പാഠങ്ങൾ വേഗം മറന്നു പോകും എന്നുള്ള ഒരു ദോഷമുള്ളതുകൊണ്ട്, 1921 പഠിപ്പിച്ച പാഠങ്ങൾ നമ്മൾ ഇടയ്ക്കിടക്ക് ഉരുക്കഴിച്ചു പഠിക്കുന്നത് നല്ലതാണ്.

(മാധ്യമപ്രവർത്തകനും സെന്റർ ഫോർ സൗത്ത് ഇന്ത്യൻ സ്റ്റഡീസിൽ ഫെല്ലോയുമാണ് ലേഖകൻ)

‘ഹിന്ദുവിശ്വ’ മാസികയിൽ പ്രസിദ്ധീകരിച്ച ലേഖനം

 

 

 

 

 

 

 

 

Tags: Malabar Riots1921Moplah RiotsMappilaKumaranasanSree Narayana GuruDuravasthaFEATUREDTOP
ShareSendTweetShare

Discussion about this post

Related Posts

എഫ്സിആർഎ നിയമഭേദഗതി: പാശ്ചാത്യ ശക്തികളുടെ അട്ടിമറി ലക്ഷ്യങ്ങൾക്ക് ഭാരതത്തിന്റെ ‘ചെക്ക്മേറ്റ്’

എഫ്സിആർഎ നിയമഭേദഗതി: പാശ്ചാത്യ ശക്തികളുടെ അട്ടിമറി ലക്ഷ്യങ്ങൾക്ക് ഭാരതത്തിന്റെ ‘ചെക്ക്മേറ്റ്’

‘ശൈവം തന്നല്ലോ?’: ശ്രീനാരായണ ഗുരുദേവനും ‘വെജിറ്റേറിയനിസവും’

‘ശൈവം തന്നല്ലോ?’: ശ്രീനാരായണ ഗുരുദേവനും ‘വെജിറ്റേറിയനിസവും’

സരസ്വതീവിജയം: ആര്യസമാജത്തെ ആദ്യം അവതരിപ്പിച്ച മലയാള നോവൽ

സരസ്വതീവിജയം: ആര്യസമാജത്തെ ആദ്യം അവതരിപ്പിച്ച മലയാള നോവൽ

#Exclusive എപ്‌സ്റ്റീൻ ഫയൽസിൽ കേരളവും: രാജിവച്ച ബ്രിട്ടീഷ് ലേബർ പാർട്ടി നേതാവ് പീറ്റർ മാൻഡേൽസനും കേരളവും തമ്മിൽ എന്ത്?

#Exclusive എപ്‌സ്റ്റീൻ ഫയൽസിൽ കേരളവും: രാജിവച്ച ബ്രിട്ടീഷ് ലേബർ പാർട്ടി നേതാവ് പീറ്റർ മാൻഡേൽസനും കേരളവും തമ്മിൽ എന്ത്?

പൈതൃകത്തിൻ്റെ പുനരാഗമനം!

പൈതൃകത്തിൻ്റെ പുനരാഗമനം!

ഞാനെല്ലാ സർസംഘചാലക്മാരെയും കാണുകയും കേൾക്കുകയും ചെയ്തിട്ടുണ്ട്: മാ. ഗോ. വൈദ്യജി / ഗണേഷ് രാധാകൃഷ്ണൻ

ഞാനെല്ലാ സർസംഘചാലക്മാരെയും കാണുകയും കേൾക്കുകയും ചെയ്തിട്ടുണ്ട്: മാ. ഗോ. വൈദ്യജി / ഗണേഷ് രാധാകൃഷ്ണൻ

പുതിയത്

ശ്രീനാരായണഗുരുവും മലബാർ ഹിന്ദു വംശഹത്യയും

ശ്രീനാരായണഗുരുവും മലബാർ ഹിന്ദു വംശഹത്യയും

എഫ്സിആർഎ നിയമഭേദഗതി: പാശ്ചാത്യ ശക്തികളുടെ അട്ടിമറി ലക്ഷ്യങ്ങൾക്ക് ഭാരതത്തിന്റെ ‘ചെക്ക്മേറ്റ്’

എഫ്സിആർഎ നിയമഭേദഗതി: പാശ്ചാത്യ ശക്തികളുടെ അട്ടിമറി ലക്ഷ്യങ്ങൾക്ക് ഭാരതത്തിന്റെ ‘ചെക്ക്മേറ്റ്’

‘ശൈവം തന്നല്ലോ?’: ശ്രീനാരായണ ഗുരുദേവനും ‘വെജിറ്റേറിയനിസവും’

‘ശൈവം തന്നല്ലോ?’: ശ്രീനാരായണ ഗുരുദേവനും ‘വെജിറ്റേറിയനിസവും’

സരസ്വതീവിജയം: ആര്യസമാജത്തെ ആദ്യം അവതരിപ്പിച്ച മലയാള നോവൽ

സരസ്വതീവിജയം: ആര്യസമാജത്തെ ആദ്യം അവതരിപ്പിച്ച മലയാള നോവൽ

#Exclusive എപ്‌സ്റ്റീൻ ഫയൽസിൽ കേരളവും: രാജിവച്ച ബ്രിട്ടീഷ് ലേബർ പാർട്ടി നേതാവ് പീറ്റർ മാൻഡേൽസനും കേരളവും തമ്മിൽ എന്ത്?

#Exclusive എപ്‌സ്റ്റീൻ ഫയൽസിൽ കേരളവും: രാജിവച്ച ബ്രിട്ടീഷ് ലേബർ പാർട്ടി നേതാവ് പീറ്റർ മാൻഡേൽസനും കേരളവും തമ്മിൽ എന്ത്?

പൈതൃകത്തിൻ്റെ പുനരാഗമനം!

പൈതൃകത്തിൻ്റെ പുനരാഗമനം!

ഞാനെല്ലാ സർസംഘചാലക്മാരെയും കാണുകയും കേൾക്കുകയും ചെയ്തിട്ടുണ്ട്: മാ. ഗോ. വൈദ്യജി / ഗണേഷ് രാധാകൃഷ്ണൻ

ഞാനെല്ലാ സർസംഘചാലക്മാരെയും കാണുകയും കേൾക്കുകയും ചെയ്തിട്ടുണ്ട്: മാ. ഗോ. വൈദ്യജി / ഗണേഷ് രാധാകൃഷ്ണൻ

വീര സാവർക്കറെ നിരോധിച്ച തിരുവിതാംകൂർ: ഒന്നല്ല, മൂന്നു തവണ!

വീര സാവർക്കറെ നിരോധിച്ച തിരുവിതാംകൂർ: ഒന്നല്ല, മൂന്നു തവണ!

Load More
  • Home
  • Politics
  • History
  • Culture
  • Religion
  • Literature
  • Economics
  • Strategy
  • About Us

© Desi Narrative

No Result
View All Result
  • രാഷ്ട്രീയം
  • സംസ്കാരം
  • ചരിത്രം
  • മതം
  • സാമ്പത്തികം
  • സാഹിത്യം
  • സ്ട്രാറ്റജി
  • English
    • Politics
    • Culture
    • History
    • Religion
    • Economics
    • Literature
    • Strategy

© Desi Narrative