വിദേശ സംഭാവനകളെ നിരീക്ഷിക്കാനും വ്യവസ്ഥപ്പെടുത്താനുമുള്ള ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റഗുലേഷന്‍ ആക്ട് (എഫ്‌സിആര്‍എ) എന്ന നിയമത്തിൽ കേന്ദ്രസർക്കാർ അവതരിപ്പിച്ച നിയമഭേദഗതികൾക്കെതിരെ പ്രതിപക്ഷപാർട്ടികളും മറ്റ് നിക്ഷിപ്തതാല്പര്യക്കാരും വൻ വ്യാജപ്രചാരണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. കേരളത്തിൽ അടക്കം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപി ഉണ്ടാക്കിയേക്കാവുന്ന മുന്നേറ്റത്തെ തടുക്കുക എന്ന രാഷ്ട്രീയ ലക്ഷ്യം വച്ചാണ് ഈ വ്യാജ പ്രചാരണങ്ങൾ. എഫ്സിആർഎ ഭേദഗതി ലക്ഷ്യം വക്കുന്നത് ക്രിസ്ത്യൻ സഭകളെയും സഭയ്ക്ക് കീഴിലുള്ള സ്ഥാപനങ്ങളുമാണെന്നാണ് പ്രചാരണം. നിലവിലെ നിയമത്തിലെ ഭരണനിർവഹണപരമായ അപാകതകൾ പരിഹരിക്കാനും, എഫ്‌സിആർഎ സർട്ടിഫിക്കറ്റ് റദ്ധാകുന്ന പക്ഷം അത്തരം സംഘടനകളുടെ മേൽനോട്ടത്തിനായും ഒരു ഔദ്യോഗിക സംവിധാനം രൂപപ്പെടുത്താനും പുതിയ ഭേദഗതി കേന്ദ്ര സർക്കാരിനെ അധികാരപ്പെടുത്തുന്നു.
1976ൽ ഇന്ദിര ഗാന്ധി സർക്കാർ നടത്തിയ നിയമനിർമാണത്തിലൂടെയാണ് വിദേശ സംഭാവനകളെ നിരീക്ഷിക്കാനും നിയന്ത്രിക്കാനുമുള്ള നിയമം നിലവിൽ വരുന്നത്. പിന്നീട്, രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് മുൻകാല നിയമങ്ങളെ സംയോജിപ്പിച്ച്, ഭേദഗതികളോടെ എഫ്സിആർഎ ബില്ല് 2010 പാർലമെന്റ് നിയമമാക്കി. രാജ്യസുരക്ഷയെ ചൂണ്ടിക്കാട്ടി കോൺഗ്രസ് നടപ്പിലാക്കിയ നിയമത്തെ, അതെ ലക്ഷ്യങ്ങൾ മുൻനിർത്തി കാലോചിതമാക്കി പരിഷ്കരിക്കുക മാത്രമാണ് പിന്നീട് അധികാരത്തിലെത്തിയ എൻഡിഎ സർക്കാർ ചെയ്തത്. ഈ നിയമം ഏതെങ്കിലും മതവിഭാഗത്തെ ലക്ഷ്യമാക്കിയുള്ളതാണെന്ന പ്രചാരണം തികച്ചും അടിസ്ഥാന രഹിതമാണ്. വിദേശ ധനസഹായത്തോടെ ഭാരതത്തിൽ നിയമാനുസൃതമായി പ്രവർത്തിക്കുന്ന പ്രധാന സന്നദ്ധ സംഘടനകളുടെ പട്ടികയിലെ ആദ്യത്തെ പേരുകാരായി ക്രിസ്തീയ സഭകൾ നേതൃത്വം നൽകുന്ന എൻജിഓകളൊന്നും തന്നെയില്ല. മാത്രമല്ല, ഏറ്റവും കൂടുതൽ വിദേശ സംഭാവനകൾ കൈപ്പറ്റുന്നവയിൽ അക്ഷയപാത്ര ഫൌണ്ടേഷൻ പോലെയുള്ള ഹിന്ദുത്വ ചായ്‌വുള്ള സംഘടനകളാണുള്ളത്. 2020ലെ നിയമഭേദഗതികളിലും അതിനു മുമ്പ് നടപ്പിലാക്കിയ നിയമവിരുദ്ധമായി നേടിയ ലൈസൻസുകൾ റദ്ധാക്കുന്നതിലും ഏതെങ്കിലും പ്രത്യേക മതവിഭാഗത്തെ ലക്ഷ്യം വച്ചെന്ന ആരോപണം നിലനിൽക്കുന്നതല്ലെന്ന് രേഖകളുടെ അടിസ്ഥാനത്തിൽ തെളിയിക്കപ്പെട്ടതാണ്.
അതുപോലെ, ഈ നിയമം വിദേശസംഭാവനകളെ വ്യവസ്ഥപ്പെടുത്തുകയും നിരീക്ഷിക്കുകയും മാത്രമാണ് ചെയ്യുന്നത് അല്ലാതെ തടയുകയല്ല. എഫ്സിആർഎ 2020 നിലവിൽ വന്നതിന് ശേഷം ഇന്ത്യയിലേക്കുള്ള വിദേശ സംഭാവന കുറയുകയാണ്, മറിച്ച് കുത്തനെ ഉയരുകയാണ് ചെയ്തത്. 2023 മാർച്ചിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സമർപ്പിച്ച കണക്കുകൾ പ്രകാരം 2019-20 ൽ ഭാരതത്തിലേക്ക് ഒഴുകിയെത്തിയ വിദേശ സംഭാവനയുടെ കണക്ക് 16,306 കോടി രൂപയായിരുന്നെങ്കിൽ, 2021-22ൽ അത് 22,085 കോടി രൂപയായി ഉയരുകയാണ് ചെയ്തത്.
ലക്ഷ്യം രാജ്യസുരക്ഷ
എഫ്സിആർഎ കർശനമാക്കുന്നതിന് പിന്നിലെ ഉദ്ദേശ്യങ്ങൾ എന്തായിരുന്നെന്ന് മനസ്സിലാക്കാൻ പോയവർഷങ്ങളിൽ ഈ നിയമം ഉപയോഗിച്ച് കേന്ദ്ര സർക്കാർ സ്വീകരിച്ച നടപടിക്രമങ്ങൾ എന്തായിരുന്നുവെന്ന് പരിശോധിച്ചാൽ മതി. വിദേശ സംഭാവനകൾ സ്വീകരിച്ച് അന്യരാജ്യങ്ങളിൽ ആഭ്യന്തര കുഴപ്പങ്ങൾ സൃഷ്ടിക്കുകയും നിയമവിരുദ്ധമായി ലോബിയിങ് നടത്തുകയും ചെയ്യുന്ന എൻജിഓകൾക്ക് കടിഞ്ഞാണിടുകയാണ് കേന്ദ്ര സർക്കാർ ചെയ്തത്.
നിയമം ശക്തിപ്പെടുത്തിയതിന് പിന്നാലെ, ഗ്രീൻപീസ് ഇന്ത്യ, ആംനസ്റ്റി ഇന്റർനാഷണൽ, കംപാഷൻ ഇന്റർനാഷണൽ തുടങ്ങിയ സംഘടനകൾ നിയമാനുസൃതമല്ല ഇന്ത്യയിൽ പ്രവർത്തിക്കുന്നതെന്ന് തെളിയുകയും, അവയെല്ലാം തങ്ങളുടെ ഇന്ത്യയിലെ പ്രവർത്തനങ്ങൾ നിർത്തിവക്കുകയും ചെയ്തു. 2026 മാർച്ചിലെ നിയമഭേദഗതിക്കെതിരായും ആദ്യം ശബ്ദമുയർത്തിയത് ആംനസ്റ്റി ഇന്റർനാഷണൽ തന്നെയായിരുന്നു. വിദേശ രാജ്യങ്ങളിൽ അമേരിക്കൻ താല്പര്യങ്ങളുടെ വക്താവായും അമേരിക്കൻ ചാരസംഘടനയുടെ ആജ്ഞയ്ക്കനുസരിച്ചും പ്രവർത്തിച്ച് പോരുന്ന ആംനെസ്റ്റിയുടെ അവിശുദ്ധ ചരിത്രം ഇതൊനൊടകം ലോകം തിരിച്ചറിഞ്ഞു കഴിഞ്ഞതാണ്. അമേരിക്കൻ സൈനിക അധിനിവേശം നേരിട്ട ലോകരാജ്യങ്ങളിൽ, അതിന് വഴിമരുന്നിട്ടതിൽ ആംനെസ്റ്റയുടെ വ്യാജ റിപ്പോർട്ടുകൾക്ക് വലിയ പങ്കുണ്ട്. ഇറാൻ, ഉക്രൈൻ മുതലായ രാജ്യങ്ങളിൽ നടന്ന സംഭവങ്ങളെപ്പറ്റി പരസ്പരവിരുദ്ധവും ഊതിപ്പെരുപ്പിച്ചതുമായ വിവരങ്ങളാണ് റിപ്പോർട്ടുകളെന്ന പേരിൽ ആംനസ്റ്റി പ്രചരിപ്പിച്ചതെന്ന് പിന്നീട് കണ്ടെത്തിയിരുന്നു.
രാജ്യസുരക്ഷയെ നേരിട്ട് ബാധിക്കുന്ന വിദേശ ഇടപെടലുകൾക്കെതിരെ ജാഗ്രത പാലിക്കേണ്ട വലിയ ഉത്തരവാദിത്വം ഇന്ന് കേന്ദ്ര സർക്കാരിന് മുമ്പിലുണ്ട്. ഇപ്പോഴത്തെ നിയമഭേദഗതികൾ ആ ഉത്തരവാദിത്വത്തിന്റെ പൂർത്തീകരണമെന്ന് പറയേണ്ടി വരും. വിദേശത്തു നിന്ന് സ്വീകരിക്കുന്ന സംഭാവനകൾ ദേശീയ താല്പര്യത്തിനും ക്രമസമാധാനത്തിനും ദേശീയ സുരക്ഷക്കും എതിരായി വിനിയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയാണ് നിയമത്തിന്റെ ലക്ഷ്യമായി ഔദ്യോഗികമായി പറയപ്പെടുന്നത്.
2025-26 കാലത്ത് മാത്രം പാശ്ചാത്യ സൈനീക ശക്തികൾ തങ്ങളുടെ താല്പര്യം മറ്റ് രാജ്യങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്നതിന്റെ നിരവധി ഉദാഹരങ്ങൾ വാർത്തകളിലൂടെ ലോകം കണ്ടു. ജനകീയ പ്രക്ഷോഭങ്ങൾ എന്ന പേരിൽ വാർത്തകളിൽ നിറഞ്ഞ അരാജകത്വം അതാത് രാജ്യങ്ങളിൽ സൃഷ്ടിക്കപ്പെട്ടത് ദശലക്ഷക്കണക്കിന് ഡോളർ ഒഴുക്കിവിട്ടുകൊണ്ടാണ്. വെനിസ്വേലയിലെയും ക്യൂബയിലെയും നിലവിലെ ഭരണത്തെ അട്ടിമറിക്കാൻ അമേരിക്കൻ പ്രസിഡണ്ട് നടത്തിയ ആഹ്വാനത്തിന് പിന്നാലെ അവിടെ വലിയ കലാപങ്ങളാണ് പൊട്ടിപ്പുറപ്പെട്ടത്. റഷ്യ-ഉക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കൻ പിന്തുണയോടെ നിരവധി സമരങ്ങളാണ് റഷ്യയിൽ നടന്നത്. ഇന്ത്യയുടെ അയൽരാജ്യങ്ങളായ മ്യാന്മറിലും ശ്രീലങ്കയിലും ബംഗ്ലാദേശിലും നടന്നത് പാശ്ചാത്യശക്തികളുടെ സഹായത്തോടെ നടന്ന ഭരണകൂട അട്ടിമറികളാണ്. ഇറാനിൽ അത് നടപ്പിലാക്കാൻ നേരിട്ടുള്ള സൈനീക നടപടികൾ വേണ്ടി വന്നപ്പോൾ, മേൽപ്പറഞ്ഞ രാജ്യങ്ങളിൽ അത് അവർ നടപ്പിലാക്കിയത് അതാത് രാജ്യങ്ങളിലേക്ക് ഡോളർ ഒഴുക്കികൊണ്ടായിരുന്നു.
വത്തിക്കാന്റെ മാതൃക
സന്നദ്ധ സംഘടനകളുടെ പേരിൽ പ്രവർത്തിക്കുന്ന പാശ്ചാത്യ ചാരസംഘടനകളുടെ പിണിയാളുകളിലേക്ക് വിദേശ ധനസഹായം ഒഴുകിയെത്തുന്നത് തടയേണ്ടത് രാജ്യത്തിൻറെ പരമാധികാരത്തെ സംരക്ഷിക്കാൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയ സർക്കാരിന്റെ ഭരണഘടനാപരമായ ബാധ്യതയാണ്. രാജ്യത്തിൻറെ വികസനത്തിനും ആഭ്യന്തര സുരക്ഷയ്ക്കും ഒരുപോലെ തുരങ്കം വയ്ക്കുന്ന രാജ്യവിരുദ്ധ ഏജൻസികളെ നിലക്ക് നിർത്താൻ, അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും ശക്തമായ നിയമങ്ങളുണ്ട്. 2022 ഡിസംബറിൽ വത്തിക്കാനിൽ അന്നത്തെ മാർപ്പാപ്പയായിരുന്ന പോപ്പ് ഫ്രാൻസിസ് ഇത്തരത്തിൽ സന്നദ്ധ സംഘടനകളെ നിയന്ത്രിക്കുന്നതിനും അവയുടെ മേൽനോട്ടം ശക്തമാക്കുന്നതിനും ഒരു പുതിയ നിയമം കൊണ്ടുവന്നിരുന്നു. മാനദണ്ഡങ്ങൾ പാലിക്കാതെ സംഭാവന സ്വീകരിക്കുന്ന സംഘടനകൾക്കെതിരെ ശക്തമായ ശിക്ഷാനടപടികളാണ് നിയമത്തിൽ വ്യവസ്ഥ ചെയ്തത്. ഇന്ത്യയിലെ നിലവിലുള്ള നിയമത്തെക്കാൾ കർശനമായ വ്യവസ്ഥകളാണ് വത്തിക്കാൻ ഏർപ്പെടുത്തിയിരിക്കുന്നത്. ലിയോ പതിനാലാമൻ പുതിയ മാർപ്പാപ്പയായി അധികാരമേറ്റതിനു ശേഷം സംഭാവനകൾ സ്വീകരിക്കാൻ ഒരു കേന്ദ്രീകൃത സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്.









Discussion about this post