Desi Narrative
  • രാഷ്ട്രീയം
  • സംസ്കാരം
  • ചരിത്രം
  • മതം
  • സാമ്പത്തികം
  • സാഹിത്യം
  • സ്ട്രാറ്റജി
  • English
    • Politics
    • Culture
    • History
    • Religion
    • Economics
    • Literature
    • Strategy
Desi Narrative
  • രാഷ്ട്രീയം
  • സംസ്കാരം
  • ചരിത്രം
  • മതം
  • സാമ്പത്തികം
  • സാഹിത്യം
  • സ്ട്രാറ്റജി
  • English
    • Politics
    • Culture
    • History
    • Religion
    • Economics
    • Literature
    • Strategy
Desi Narrative
  • Home
  • Politics
  • Culture
  • History
  • Religion
  • Economics
  • Literature
  • Strategy
  • മലയാളം
Home മലയാളം മതം

സരസ്വതീവിജയം: ആര്യസമാജത്തെ ആദ്യം അവതരിപ്പിച്ച മലയാള നോവൽ

'സരസ്വതീവിജയം' എന്ന നോവലിന്റെ പ്രസിദ്ധീകരത്തിന് ഒരു വ്യാഴവട്ടക്കാലത്തിന് ശേഷമാണ് ശ്രീനാരായണധർമപരിപാലനയോഗത്തിന് അരുവിപ്പുറത്ത് പ്രാരംഭം കുറിക്കുന്നത്. ഒരു ആശയമായി പത്തൊൻപതാം നൂറ്റാണ്ടിൽ മലബാറിന്റെ മണ്ണിൽ എത്തിയ ദയാനന്ദാദർശത്തിന്, മുപ്പതു വർഷങ്ങൾക്ക് ശേഷം, 1921ൽ മാത്രമാണ് സംഘടനാരൂപത്തിൽ ഇവിടേക്ക് ഔദ്യോഗികമായി പ്രവേശിക്കാനാകുന്നത്.

Mar 1, 2026, 02:39 am IST
in മതം, ചരിത്രം, സാഹിത്യം, മലയാളം
സരസ്വതീവിജയം: ആര്യസമാജത്തെ ആദ്യം അവതരിപ്പിച്ച മലയാള നോവൽ
Share on FacebookShare on TwitterTelegram

 

ശ്രീനാരായണഗുരുവിന്റെ പ്രഭാവം സാമൂഹിക-അദ്ധ്യാത്മിക രംഗങ്ങളിലെന്നപോലെ സാഹിത്യരംഗത്തും ദൃശ്യമായിരുന്നു. മലയാള സാഹിത്യരംഗത്ത് ഒരു കവിയെന്ന നിലയിൽ ഗുരുദേവന്റെ സ്ഥാനം എക്കാലവും ഒന്നാം നിരയിൽ തന്നെ. ഒപ്പം, സമകാലീനരായ ഒട്ടനവധി സാഹിത്യപ്രതിഭകളും കവികളും ആ സാഹിതീയസൂര്യനു ചുറ്റും ഗ്രഹങ്ങളും ഉപഗ്രഹങ്ങളുമായി പ്രദക്ഷിണം ചെയ്തു. കുമാരനാശാനും, പള്ളവും, മൂലൂരുമൊക്കെ ഗുരുസമക്ഷത്തു നിന്നുയർന്നുവന്ന മഹാകവികളിൽ ചിലരായിരുന്നു.

1888ലെ അരുവിപ്പുറം പ്രതിഷ്ഠയോടെ സാമാന്യ ജനങ്ങൾ ഗുരുദേവനെ തങ്ങളുടെ ആചാര്യസ്ഥാനീയനായി കണ്ടുതുടങ്ങി. ചിജ്ജഡചിന്തനം, വിനയകാഷ്ടകം, നവമഞ്ജരി തുടങ്ങി അനേകം കൃതികൾ അതിനോടകം ഗുരുദേവൻ രചിച്ചുകഴിഞ്ഞിരുന്നു. മലയാളത്തിലെ ആദ്യ നോവൽ എന്നറിയപ്പെടുന്ന അപ്പു നെടുങ്ങാടിയുടെ കുന്ദലത പ്രസിദ്ധീകരിച്ച വർഷം 1887 ആയിരുന്നു. തുടർന്ന് 1889ൽ, മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവലായ ഒ. ചന്ദുമേനോന്റെ ഇന്ദുലേഖ പുറത്തുവന്നു. ഇന്ദുലേഖ സാഹിത്യലോകത്ത് സൃഷ്ടിച്ച അലയടികൾ അടങ്ങുന്നതിനു മുമ്പ് 1891ൽ, സി വി രാമൻപിള്ളയുടെ മാർത്താണ്ഡവർമ എന്ന മലയാളത്തിലെ ആദ്യത്തെ ചരിത്രാഖ്യായികയും വായനക്കാരിലേക്കെത്തി. തൊട്ടടുത്ത വർഷം, 1892ൽ പുറത്തിറങ്ങിയ മലയാള നോവലായിരുന്നു പോത്തേരി കുഞ്ഞമ്പു രചിച്ച സരസ്വതീവിജയം. ഇന്ദുലേഖയെപ്പോലെ സരസ്വതീവിജയവും മലയാളത്തിലെ ആദ്യകാല സാമൂഹികനോവലായിരുന്നു. മാർത്താണ്ഡവർമ തിരുവിതാംകൂറിൽ നിന്നും പുറത്തുവന്ന ആദ്യത്തെ മലയാള നോവലായപ്പോൾ, മറ്റുമൂന്നു നോവലുകളും മലബാറിൽ നിന്ന് പ്രസിദ്ധീകരിച്ചവയായിരുന്നു. ഒപ്പം, അവയുടെ കഥാപശ്ചാത്തലവും മലബാർ തന്നെയായിരുന്നു.

മേൽപ്പറഞ്ഞ നോവലുകളിൽ, ഇവിടെ ഏറെ പ്രസക്തമാകുന്നതും, എന്നാൽ പിൽക്കാല മലയാള സാഹിത്യലോകം തീരെ ചർച്ചചെയ്യാതെ പോയതുമായ ഒന്നാണ് പോത്തേരി കുഞ്ഞമ്പുവിന്റെ സരസ്വതീവിജയം. പേര് സൂചിപ്പിക്കുമ്പോലെ, വിദ്യയുടെ വിജയമാണ് നോവൽ ഉയത്തിക്കാട്ടാൻ ശ്രമിച്ച സാമൂഹിക മൂല്യം. മലയാളത്തിലെ ആദ്യത്തെ സോദ്ദേശ്യ സാഹിത്യകൃതിയെന്ന് സരസ്വതീവിജയത്തെ വിശേഷിപ്പിക്കാവുന്നതാണ്. ഈ കൃതിയുടെ ഇതിവൃത്തവും രചയിതാവിന്റെ പശ്ചാത്തലവും കൂടുതൽ ചർച്ചാവിധേയമാക്കുമ്പോൾ, ഇതിന്റെ സാമൂഹിക-സാംസ്‌കാരിക പ്രാധാന്യവും മറ്റും കൂടുതൽ വ്യക്തമാകും.

പോത്തേരി കുഞ്ഞമ്പു: ജീവിതരേഖ

സരസ്വതീവിജയത്തിന്റെ രചനയിലൂടെ ശ്രദ്ധേയനായ എഴുത്തുകാരനാണ് പോത്തേരി കുഞ്ഞമ്പു. മഹാകവി ഉള്ളൂർ എസ് പരമേശ്വർ അയ്യർ തന്റെ പ്രസിദ്ധമായ മലയാള സാഹിത്യ ചരിത്രത്തിൽ പോത്തേരി കുഞ്ഞമ്പുവിനെ അടയാളപ്പെടുത്തുന്നത്, ‘ഉത്തരകേരളത്തിൽ അധഃസ്ഥിതരുടെ ഉന്നമനത്തിനു വേണ്ടി കാര്യക്ഷമമായി പലതും പ്രവർത്തിച്ച ഒരു മനുഷ്യസ്നേഹി’ എന്നാണ്. 1857 ജൂ‍ൺ 6-ന് കണ്ണൂരിനടുത്തുള്ള പള്ളിക്കുന്ന് ദേശത്തിലാണ് പോത്തേരി കുഞ്ഞമ്പുവിന്റെ ജനനം. അച്ഛൻ പോത്തേരി കുഞ്ഞക്കൻ നടത്തിയിരുന്ന എഴുത്തുപള്ളിയിൽ പഠിച്ച ശേഷം സംസ്കൃതത്തിലും മലയാളത്തിലും സാമാന്യം പണ്ഡിതനായ്യിരുന്ന ചെറുമണലിൽ കുഞ്ഞമ്പൂട്ടി ഗുരുക്കളുടെ കീഴിൽ പ്രാഥമികവിദ്യാഭ്യാസം നേടി. പിന്നീട് അദ്ദേഹം കണ്ണൂർ ഗവണ്മെന്റ് ഇംഗ്ലീഷ് സ്കൂളിൽ പഠിച്ച് മെട്രിക്കുലേഷൻ ജയിച്ചു. എന്നാൽ, ദാരിദ്ര്യംനിമിത്തം അദ്ദേഹത്തിന്റെ ഉപരിപഠനം മുടങ്ങുകയും കുറച്ചുകാലം കോടതി ഗുമസ്തനായി ജോലിനോക്കുകയും ചെയ്തു. അദ്ദേഹം പിന്നീട് നിയമപരീക്ഷ ജയിച്ച് വക്കീലായി തളിപ്പറമ്പിലും കണ്ണൂരും അഭിഭാഷകവൃത്തിയിൽ തന്റെ പ്രാഗല്ഭ്യം തെളിയിച്ചു.

അദ്ദേഹത്തിന്റെ സമുദായസേവന പ്രവർത്തനങ്ങളെ, മഹാകവി ഉള്ളൂർ ഇപ്രകാരം സംഗ്രഹിക്കുന്നു:

“താൻ ജനിച്ച തീയസമുദായം അന്നു ജാതിസംബന്ധമായി പല അവശതകൾ അനുഭവിച്ചുകൊണ്ടിരുന്നു. തീയരേക്കാൾ അധഃസ്ഥിതരായ ചെറുമക്കളുടെ നരക ജീവിതം അദ്ദേഹത്തിന്റെ ഹൃദയത്തെ അത്യന്തം വേദനിപ്പിച്ചു. അത്തരത്തിലുള്ള
സമുദായങ്ങൾക്കുവേണ്ടി അദ്ദേഹം ആത്മസമർപ്പണം ചെയ്യുവാൻ തീർച്ചപ്പെടുത്തി. മതപരിഷ്കാരത്തെയും സാധുജനോദ്ധാരണത്തെയും കുറിച്ച് നിശിതങ്ങളായ പല ഉപന്യാസങ്ങൾ കേരളപത്രിക, കേരളസഞ്ചാരി എന്നീ പത്രങ്ങളിലും ഭാഷാപോഷിണി മാസികയിലും പ്രസിദ്ധീകരിച്ചു. ചെറുമക്കൾക്കുവേണ്ടി സ്വന്തമായി ഒരു പ്രാഥമിക വിദ്യാലയം സ്ഥാപിക്കുകയും, അതിൽ പഠിപ്പിക്കുവാൻ അധ്യാപകന്മാരെ കിട്ടായ്കയാൽ സ്വന്തം സഹോദരന്മാരിൽ ഒരാളെ തന്നെ നിയോഗിക്കുകയും ചെയ്തു. ‘എഡ്വേഡ് പ്രസ്സ്’ എന്ന പേരിൽ ഒരു അച്ചുകൂടവും അദ്ദേഹത്തിന്റെ സ്ഥാപനങ്ങളിൽ അപ്രധാനമല്ല. കുഞ്ഞമ്പുവിന്റെ പുസ്തകങ്ങളൊക്കെയും വിദ്യാഭ്യാസവും അന്ധവിശ്വാസോച്ചാടനം കൊണ്ടും ചെറുമക്കളെപ്പോലെ ഉള്ള സമുദാ
യങ്ങളെ പുരോഗമിപ്പിക്കുന്നതിനുവേണ്ടി എഴുതപ്പെട്ടിട്ടുള്ളവയാണ്.”

അധസ്ഥിതവിഭാഗങ്ങൾക്കു വേണ്ടി എഴുതുകയും പ്രവർത്തിക്കുകയും ചെയ്ത കുഞ്ഞമ്പുവാണ് തന്റെ രചനകളിൽ ആദ്യമായി പുലയർ ‘പഞ്ചമർ’ എന്ന് വിശേഷിപ്പിച്ചതെന്ന് ഉള്ളൂർ നിരീക്ഷിക്കുന്നു. 1892 ജനുവരി 1-ാം തീയതിയാണ് അദ്ദേഹം തന്റെ പ്രധാന കൃതിയായ ‘സരസ്വതീവിജയം’ പ്രസിദ്ധീകരിക്കുന്നത്. തീയർ, രാമകൃഷ്ണസംവാദം, രാമായണസാരശോധന, മൈത്രി, ഭഗവദ് ഗീതോപദേശം എന്നിവയാണ് മറ്റു കൃതികൾ. 1919 ഡിസംബർ 24-ാം തീയതി കുഞ്ഞമ്പു അന്തരിച്ചു.

ശ്രീനാരായണഗുരുവിന്റെ ആരാധകനായിരുന്നു കുഞ്ഞമ്പു വക്കീൽ. ശ്രീനാരായണഗുരുദേവന്റെ ആദർശങ്ങളും ഉപദേശങ്ങളും അദ്ദേഹത്തെ വളരെയേറെ സ്വാധീനിച്ചു. 1890ൽ പുലയക്കുട്ടികൾക്കുവേണ്ടി വിദ്യാലയം നിർമിച്ച അദ്ദേഹത്തിന് ‘പുലയ കുഞ്ഞമ്പു’ എന്ന അപരനാമവും കിട്ടി. സ്ത്രീവിദ്യാഭ്യാസത്തിന് അതീവ പ്രാധാന്യം നൽകിയ അദ്ദേഹം തന്റെ മകളായ പാറുവമ്മയെ മദ്രാസ് മെഡിക്കൽ കോളേജിൽ അയച്ചു പാടിപ്പിച്ച് മലബാറിലെ ആദ്യത്തെ വനിതാ ഡോക്ടർ ആക്കി മാറ്റി. കണ്ണൂരിലെ ആദ്യത്തെ ബാങ്കായ കണ്ണൂർ ബാങ്ക് സ്ഥാപിച്ചതും കുഞ്ഞമ്പു വക്കീലായിരുന്നു.

സരസ്വതീവിജയത്തിന്റെ ഇതിവൃത്തം

യാഥാസ്ഥിതികനും അതിസമ്പന്നനുമായ 45 വയസ്സുകാരനായ കനകശേഖരയില്ലത്ത് കുബേരൻ നമ്പൂതിരിയാണ് പ്രതിനായക കഥാപാത്രം. അദ്ദേഹം തന്റെ പാടത്തുനിന്ന് ശ്രുതിമധുരമായ ഗാനം കേട്ട് ആകൃഷ്ടനാകുകയും ഗായകനെ അന്വേഷിക്കാൻ കാര്യസ്ഥനായ രാമൻ‌കുട്ടി നമ്പ്യാരോട് ആവശ്യപ്പെടുകയും ചെയ്യുന്നു. തന്റെ പറമ്പിലെ കുടികിടപ്പുകാരനായ മരത്തൻ എന്ന പുലയക്കുട്ടിയാണ് പാടിയതെന്നറിയുന്ന നമ്പൂതിരി കോപാന്ധനാകുന്നു. മരത്തനെ ചവിട്ടി ബോധംകെടുത്തിയ നമ്പ്യാരെ മനുസ്മൃതിയും രാമായണത്തിലെ ശംബൂകവധവും ഉദ്ധരിച്ച് അയാൾ പ്രശംസിക്കുകയും പാരിതോഷികം നൽകുകയും ചെയ്യുന്നു. മരത്തനെ ചവിട്ടിയിട്ടിടത്ത് ഒരു അജ്ഞാതജഡം കാണപ്പെട്ടതോടെ അത് മരത്തനാണെന്ന് ഉറയ്ക്കുകയും ആ പ്രദേശത്തെ മുസ്ലീങ്ങൾ അംശം അധികാരിക്ക് പരാതിനൽകുകയും ചെയ്യുന്നു. കുബേരൻ നമ്പൂതിരി ഇടപെട്ട് ആ പരാതി തമസ്കരിച്ചെങ്കിലും അവർ അഞ്ചരക്കണ്ടിയിലെ ജോസഫ് സായിപ്പു വഴി പരാതി സബ് ഇൻസ്പെക്ടർക്കും മജിസ്ത്രേട്ടിനും എത്തിക്കുന്നു. രാമൻ‌കുട്ടി നമ്പ്യാർ 15 വർഷത്തെ തടവിന് വിധിക്കപ്പെടുകയും നമ്പൂതിരി വിശ്വസ്തഭൃത്യനായ കുപ്പൻ ‍പട്ടരോടൊപ്പം ഒളിവിൽപ്പോവുകയും ചെയ്യുന്നു.

നമ്പൂതിരി ഒളിവിലായതോടെ അയാളുടെ ശത്രുവായ ഭവശർമ്മൻ നമ്പൂതിരി, കുബേരൻ നമ്പൂതിരിയുടെ മകൾ സുഭദ്രയ്ക്ക് ജാരസംസർഗ്ഗമുണ്ടെന്ന് അപവാദം പരത്തുകയും കുമ്പയെന്ന വാല്യക്കാരിയുടെ മൊഴിയോടെ സ്മാർത്തവിചാരം നടത്തി അവളെ ഭ്രഷ്ടയാക്കുകയും ചെയ്യുന്നു. സുഭദ്രയെയും മക്കളെയും ബാസൽ മിഷൻ‌കാർ കൂട്ടിക്കൊണ്ടുപോയി വിദ്യാഭ്യാസം നൽകി, സുഭദ്രയെ ഒരു വിദ്യാലയത്തിലെ ഉപാദ്ധ്യാപികയാക്കുന്നു. ബ്രാഹ്മണേതരസാഹചര്യങ്ങളിൽ പതിനഞ്ചുവർഷം ഒളിവിൽ കഴിഞ്ഞ കുബേരൻ നമ്പൂതിരി കാശിയിൽ‌വെച്ച് അറസ്റ്റുചെയ്യപ്പെട്ട് തലശ്ശേരി സെഷൻ കോടതിയിൽ വിചാരണയ്ക്കു വിധേയനാകുന്നു. യേശുദാസൻ എന്ന ജഡ്ജിയാണ് നമ്പൂതിരിയെ വിചാരണ ചെയ്യുന്നത്. ഈ യേശുദാസൻ പഴയ മരത്തനായിരുന്നു. നാടുവിട്ട ശേഷം കോഴിക്കോട്ടുള്ള ഒരു പാതിരിയുടെ സഹായത്തോടെ ബീ.ഏ ജയിച്ച് പല ഉദ്യോഗങ്ങളിലിരുന്ന് ആ പദവിയിലെത്തിയതാണ്. സുഭദ്രയുടെ മകൾ സരസ്വതിയെ മരത്തൻ വിവാഹംകഴിക്കുകയും ചെയ്തിരുന്നു. കൊലക്കേസിന്റെ വിചാരണയിൽ യേശുദാസൻ നമ്പൂതിരിയെ മോചിപ്പിക്കുകയും രാമൻ‌കുട്ടിയെ വിട്ടയയ്ക്കുകയും ചെയ്യുന്നു. സുഭദ്രയുടെ ഭർത്താവ് യജ്ഞൻ നമ്പൂതിരിക്ക് അവളെ തിരിച്ചുകിട്ടുന്നു; അയാൾ ക്രിസ്തുമതം സ്വീകരിക്കുന്നു. ദുഷ്ടതകൾ മറന്ന് കുബേരൻ നമ്പൂതിരി മുതല്പേർ ജാതിവിദ്വേഷം വെടിഞ്ഞ് സസന്തോഷം ജീവിക്കുകയും യേശുദാസൻ സരസ്വതിക്കൊപ്പം മദിരാശിക്കു പോകുകയുമാണ്‌ കഥാന്ത്യത്തിൽ.

കുബേരൻ നമ്പൂതിരി പോയ വഴിയേ സഞ്ചരിക്കുമ്പോൾ…

നായക കഥാപാത്രമെന്ന് കരുതാവുന്ന മരത്തനേക്കാൾ, നോവലിൽ പ്രാധാന്യം നൽകിയിരിക്കുന്നത് പ്രതിനായകനായ കുബേരൻ നമ്പൂതിരിക്കാണ്. പത്തൊൻപതാം നൂറ്റാണ്ടിലെ കേരളത്തിന്റെ സാമൂഹികാവസ്ഥയെയാണ് കുഞ്ഞമ്പു ഈ നോവലിൽ വരച്ചിട്ടിരിക്കുന്നത്. മരത്തന്റെ മതംമാറ്റവും തുടർന്ന് അദ്ദേഹത്തിന് സമൂഹത്തിൽ ലഭിക്കുന്ന അംഗീകാരവും മറ്റും കഥാഗതിയിൽ ഉൾച്ചേർത്ത് കേരളത്തിന്റെ ഭാവിപ്രവചനത്തോളം അദ്ദേഹം ആ നോവലിനെ കൊണ്ടുചെന്നെത്തിക്കുന്നു. കുബേരൻ നമ്പൂതിരി തന്റെ നിലപാടുകളിലെ യാഥാസ്ഥിതികത്വത്തെ ഉറപ്പിക്കാൻ സ്‌മൃതികളും പുരാണങ്ങളും നോവലിലുടനീളം ഉദ്ധരിക്കുകയും തനിക്കൊത്തവണ്ണം വ്യാഖ്യാനിക്കുകയും ചെയ്യുന്നുണ്ട്. കേരളത്തിലെ നമ്പൂതിരിമാരിലും, സ്വയം സവർണ്ണരെന്ന് അഭിമാനിച്ചിരുന്നു ജാതികളിലും അടിഞ്ഞുകൂടിയ അധർമത്തെയും നീതികേടിനെയും കടുത്തഭാഷയിൽ തുറന്നുകാട്ടുന്ന ആഖ്യാനശൈലിയാണ് കുഞ്ഞമ്പു ഈ നോവലിൽ സ്വീകരിച്ചിരിക്കുന്നത്.

വർണം ജന്മസിദ്ധമാണെന്ന അധാർമികവും അനാർഷവുമായ ചിന്തയും ശുദ്ധിയെപ്പറ്റിയുള്ള വികലമായ ബോധവുമൊക്കെ കുബേരൻ നമ്പൂതിരിയുടെ സംഭാഷണങ്ങളിൽ നിന്ന് വ്യക്തമാകുന്നുണ്ട്. മനുസ്‌മൃതിയിലെ ചില ശ്ലോകങ്ങൾ ദുർവ്യാഖ്യാനം ചെയ്ത് തന്റെ പ്രവർത്തികളെ ന്യായീകരിക്കുന്ന നമ്പൂതിരിയെ നമുക്ക് ഈ നോവലിന്റെ പൂർവാർദ്ധത്തിൽ കാണാം. എന്നാൽ കുറ്റവിചാരണയിൽ നിന്ന് രക്ഷപെടാൻ പരദേശത്തേക്ക് പലായനം ചെയ്യുന്ന നമ്പൂതിരി, കാശിയിലെയും മറ്റും ആര്യസമാജ പ്രവർത്തകരുമായുള്ള സമ്പർക്കത്തെത്തുടർന്ന് തന്റെ ജീർണിച്ചുപഴകിയ പൗരാണീക വിശ്വാസങ്ങൾ ഉപേക്ഷിക്കുന്ന കാഴ്ചയാണ് കഥയുടെ ഉത്തരാർദ്ധത്തിൽ നാം വായിക്കുന്നത്.

അന്യദേശത്തുകൂടെയുള്ള യാത്രയിൽ നമ്പൂതിരിക്ക് നിഷിദ്ധമായത് പലതും പരദേശബ്രാഹ്മണന് സ്വീകാര്യമാകുന്നതും സ്വദേശത്തെ അനാചാരങ്ങൾ പരദേശത്ത് ആചാരങ്ങളാകുന്നതും നമ്പൂതിരി തിരിച്ചറിയുന്നു. അതോടെ ശുദ്ധിയെപ്പറ്റിയുള്ള നമ്പൂതിരിയുടെ ധാരണകൾ അടിമുടി മാറുകയാണ്. യാത്രാവസാനം കാശിയിലെ ഒരു ശിവദാസപണ്ഡിതരുടെ വീട്ടിലെത്തുന്ന നമ്പൂതിരി അവിടെ പതിനഞ്ചുവർഷത്തോളം ചിലവിടുകയാണ്. കാശിയിലെ സത്‌സംഗം നിമിത്തം മനസ്സിന്റെ ജീർണത വിട്ടൊഴിഞ്ഞ നമ്പൂതിരിയെയാണ് അവസാന അദ്ധ്യായത്തിൽ വായനക്കാർ കാണുന്നത്.

“കുളത്തിൽ മുങ്ങിക്കുളിച്ചാലേ ദേഹത്തിന്റെ അശുദ്ധം തീരുവെന്ന വിചാരവും ദേശസഞ്ചാരം കൊണ്ടും കാശിയിൽ വച്ച്, ആര്യസമാജം, ബ്രഹ്മസമാജം എന്നീ യോഗക്കാരും മറ്റുമായുണ്ടായ ചേർച്ചകൊണ്ടും കുബേരൻ നമ്പൂതിരിക്ക് കേവലം തീർന്നിരിക്കുന്നു. എന്ന് മാത്രമല്ല, അത് ഒരു വിഡ്‌ഢിത്തമാണെന്നും കുളിയുടെ ആവശ്യം കേവലം ദേഹശുദ്ധിക്കാണെന്നും അത് വെള്ളത്തിന്റെ ഗുണത്തിന്മേലാണെന്നും വെള്ളം നിൽക്കുന്ന സ്ഥലത്തിന്റെ പേരിലല്ലെന്നും നല്ലവണ്ണം മനസ്സിലാക്കിയിരിക്കുന്നു.”

തുടർന്ന് ഈ സന്ദർഭത്തിന് ഉചിതമായ പ്രമാണവാക്യമെന്ന നിലയിൽ നോവലിസ്റ്റ് ഉദ്ധരിക്കുന്നത് വിദുരവാക്യത്തിൽ നിന്നാണ്:

“അർത്ഥാഭിജാത്യവിദ്യാദികളാലുള്ള മദ-
മെത്രയും വിരിയപ്പോം സജ്ജനസംഗത്തിനാൽ”

കഥാവസാനം, അഹങ്കാരവും അവിദ്യയും കാരണം ദുരാചാരങ്ങളെ ശീലിച്ച് പാപിയായി ജീവിച്ച കുബേരൻ നമ്പൂതിരി കാശിയിലെ സജ്ജനസംഗത്താൽ ഒരു മെച്ചപ്പെട്ട മനുഷ്യനായിത്തീർന്നിരിക്കുന്നു. ഇവിടെ ഏറ്റവും ശ്രദ്ധേയമായ കാര്യം, ഈ കഥാപാത്രം ത്യാജ്യഗ്രാഹ്യ വിവേകം നേടിയെടുത്ത്, സനാതന ധർമത്തിന്റെ യഥാർത്ഥ മൂല്യങ്ങളെ തിരിച്ചറിയുകയാണ്. അയാൾ സ്വന്തം ധർമത്തെ ഉപേക്ഷിച്ച്, അന്യമതം സ്വീകരിച്ചല്ല ഒരു മെച്ചപ്പെട്ട മനുഷ്യനായി തീരുന്നത്. മറിച്ച്, ആര്യസമാജം പോലെയുള്ള നവോത്ഥാനപ്രസ്ഥാങ്ങളുടെ ധർമ സന്ദേശത്തെ അതിന്റെ പൂർണതയിൽ ഗ്രഹിക്കുന്നതിലൂടെയാണ് ഈ പരിവർത്തനം. കഥയുടെ പൂർവാർദ്ധത്തിൽ, വികലമായി ഉദ്ധരിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്ന സ്‌മൃതികളും ഇതിഹാസങ്ങളും, ഈ കഥാപാത്രം കഥാന്ത്യത്തിൽ ഉപേക്ഷിക്കുന്നിടത്തല്ല അയാൾ മഹാനാകുന്നത്. പകരം, അവയോടുള്ള അയാളുടെ കാഴ്ചപ്പാടിനാണ് പരിവർത്തനം സംഭവിക്കുന്നത്. പത്തൊൻപതാം നൂറ്റാണ്ടിൽ, ഇത്തരത്തിലുള്ള ഒരു കഥാകഥനം നൽകിയ സന്ദേശം വളരെ വലുതായിരുന്നു.

ദുഷിച്ച ജാതിവ്യവസ്ഥയ്ക്ക് നൽകുന്ന പ്രോത്സാഹനം ഹൈന്ദവസമൂഹത്തെ കൊണ്ടുചെന്നെത്തിക്കുന്നത് മതപരിവർത്തനം എന്ന വിപത്തിലേക്കായിരിക്കുമെന്നുള്ള മുന്നറിയിപ്പാണ് സരസ്വതീവിജയം നൽകിയത്. പത്തൊൻപതാം നൂറ്റാണ്ടിൽ ഒരു സാഹിത്യകൃതിയിലൂടെ കുഞ്ഞമ്പു നടത്തിയ പ്രവചനം അല്ലെങ്കിൽ താക്കീത്, ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ യാഥാർഥ്യമാകുന്നതാണ് കേരളം പിന്നീട് കണ്ടത്. കേരളത്തിൽ ഏറ്റവും കൂടുതൽ ഹിന്ദുക്കൾ മതപരിവർത്തനത്തിന് വിധേയമായ കാലഘട്ടമായിരുന്നു അത്. ക്രിസ്തുമതം സ്വീകരിച്ച് ക്രിസ്ത്യാനിയായി ജീവിക്കാനല്ല ഗീതാസാരത്തിന്റെ കർത്താവുകൂടിയായ നോവലിസ്റ്റും ശ്രമിച്ചത്. തന്റെ ജീവിതാന്ത്യത്തിൽ അദ്ദേഹം ശ്രീനാരായണീയ ദർശത്തിൽ സാഫല്യം കണ്ടെത്തി. സുന്ദരേശ്വരക്ഷേത്രത്തിന്റെ പ്രതിഷ്ഠയ്ക്കു വേണ്ടി 1916ൽ കണ്ണൂരിലെത്തിയ ഗുരുവിനെ സ്വീകരിച്ചവരിൽ മുന്നിൽ നിന്നത് കുഞ്ഞമ്പു വക്കീലായിരുന്നു. ഗുരുദേവൻ കുഞ്ഞമ്പുവിന്റെ ആതിഥ്യം സ്വീകരിച്ച്, അദ്ദേഹത്തെ അനുഗ്രഹിക്കുകയും ചെയ്തു. ആ സംഭവത്തിന് ഏകദേശം മൂന്നുവർഷങ്ങൾക്കകം ശ്രീ കുഞ്ഞമ്പു ഇഹലോകവാസം വെടിഞ്ഞു.

ആര്യസമാജത്തെ ആദ്യം അവതരിപ്പിച്ച നോവൽ

ക്രിസ്തുമതത്തിലേക്കുള്ള ദളിതന്റെ പരിവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്ന കൃതി എന്ന നിലയിലാണ് പല ഇടത് നിരൂപകരും ഈ നോവലിനെ വിലയിരുത്തുന്നത്. സരസ്വതീവിജയത്തിന്റെ ക്രിസ്ത്യൻ വായന പിന്തുടരുന്നത് മരത്തൻ എന്ന കഥാപാത്രത്തിന്റെ സഞ്ചാര വഴിയെയാണ്. മരത്തൻ എന്ന പുലയയുവാവിനെ യേശുദാസൻ ആക്കുന്നതിലൂടെ നോവലിസ്റ്റ് നൽകുന്ന താക്കീതിനെ, നോവലിന്റെ സന്ദേശമായി തെറ്റിദ്ധരിപ്പിക്കാനാണ് നിരൂപകർ ഇത്രനാളും ശ്രമിച്ചത്. എന്നാൽ, കുബേരൻ നമ്പൂതിരിക്കുണ്ടായ പരിവർത്തനമാണ് ഈ സോദ്ദേശ്യസാഹിത്യ കൃതിയുടെ യഥാർത്ഥ ആഹ്വാനമായി നാം തിരിച്ചറിയേണ്ടത്. അതാണ് നോവലിന്റെ ശരിയായ സന്ദേശവും.

ഈ തിരിച്ചറിയൽ സാധ്യമാകണമെങ്കിൽ, 1892 എന്ന കാലത്തിന്റെ ചരിത്രപശ്ചാത്തലം കൂടി മനസ്സിലാക്കേണ്ടതുണ്ട്. കുമാരനാശാൻ മുതലായ സനാതന ധർമ പ്രേമികൾ ആര്യസമാജം പോലെയുള്ള പുരോഗമന പ്രസ്ഥാനങ്ങൾ കേരളത്തിലേക്കെത്തേണ്ടതിന്റെ അടിയന്തിരമായ ആവശ്യകതയെപ്പറ്റി ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ ഉച്ചത്തിൽ സംസാരിക്കുന്നത് നാം കണ്ടു. എന്നാൽ, 1892 ജനുവരി ഒന്നിന് പ്രസിദ്ധീകരിക്കപ്പെട്ട സരസ്വതീവിജയം എന്ന ഈ നോവൽ അച്ചടിശാലയിൽ എത്തുന്നത് 1891ലാണ്. സ്വാമി വിവേകാനന്ദൻ തന്റെ പ്രസിദ്ധമായ ചിക്കാഗോ പ്രസംഗത്തിനായി അമേരിക്കയ്ക്ക് പുറപ്പെടുന്നതിനും വർഷങ്ങൾ മുൻപേ, സ്വാമിജിയെ ഡോക്ടർ പല്പു കണ്ടു മുട്ടുന്നതിനും മുമ്പേയാണ് ഈ കൃതി അച്ചടിമഷി പുരളുന്നത്.

മഹർഷി ദയാനന്ദ സരസ്വതി മഹാസമാധിയായി കേവലം എട്ടു വർഷങ്ങൾ തികയുന്നതിനു മുമ്പ് മലയാള ഭാഷയിൽ പ്രസിദ്ധീകരിച്ച ഒരു നോവലിൽ ആര്യസമാജം പരാമർശവിധേയമാകുന്നു എന്നത് ഏറെ കൗതുകകരമായ അറിവാണ്. മാത്രമല്ല, കേരളത്തിലെ സാധാരണ വായനക്കാർക്ക് ഒരു നോവലിലൂടെ ആര്യസമാജത്തെ ആദ്യമായി പരിചയപ്പെടുത്തിക്കൊടുത്തത് ശ്രീനാരായണഗുരുവിന്റെ ആരാധകനായ, തീയ്യസമുദായത്തിൽ ജനിച്ച ഒരു സാമൂഹികപരിഷ്കർത്താവിലൂടെയാണെന്നത് നമ്മുടെ വിശാല ചരിത്രത്തിൽ എന്നേ ഇടം നേടേണ്ട വസ്തുതയാണ്. 1875ൽ സ്ഥാപിക്കപ്പെട്ട ആര്യസമാജം, അതിനും വർഷങ്ങൾക്ക് ശേഷമാണ് സംഘടനാപരമായി ശക്തിപ്രാപിക്കുന്നത്. കേവലം ഒരു ദശാബ്ദകാലയവിനുള്ളിലാണ് ആര്യസമാജത്തിന്റെ പ്രഭാവം മലയാള ഭാഷയിലെ ഒരു കഥാസാഹിത്യരൂപത്തിൽ വായനക്കാരിലേക്ക് എത്തുന്നത്. ആ കാലയളവിൽ മറ്റേതെങ്കിലും ഭാരതീയ ഭാഷകളിലെ ജനപ്രിയ സാഹിത്യത്തിൽ, ആര്യ സമാജം ഇടം നേടിയിട്ടുണ്ടോ എന്നതും നമുക്ക് അജ്ഞാതമാണ്.

മഹർഷി ദയാനന്ദന്റെ പ്രസിദ്ധമായ കാശി ശാസ്ത്രാർഥം നടക്കുന്നത് 1869ൽ ആയിരുനെന്നാണ് അജ്മീർ പരോപകാരിണി സഭ സാക്ഷ്യപ്പെടുത്തുന്നത്. യാഥാസ്ഥിതികരായ ബ്രാഹ്മണരിൽ നിന്ന് ശക്തമായ വെല്ലുവിളികൾ മഹർഷി ദയാനന്ദന് നേരിടേണ്ടി വന്നെങ്കിലും, ശാസ്ത്രാർത്ഥത്തിന്റെ വിജയത്തോടെ അദ്ദേഹത്തിന്റെ ആശയങ്ങൾക്ക് ഏറെ വളക്കൂറുള്ള മണ്ണായി കാശി മാറി. 1875ൽ സത്യാർത്ഥ പ്രകാശത്തിന്റെ ആദ്യത്തെ പതിപ്പ് പുറത്തിറങ്ങുന്നത് കാശിയിൽ നിന്നായിരുന്നു. അതിലെ തെറ്റുകൾ തിരുത്തി, പുതുക്കിയ പതിപ്പ് പുറത്തിറങ്ങുന്നത് 1882ലും. ഇത്തരത്തിൽ മഹർഷി ദയാനന്ദന്റെ വൈദിക വിപ്ലവം ഉഴുതു മറിച്ചിട്ട മണ്ണിൽ നിന്നാണ് ‘കുബേരൻ നമ്പൂതിരി’ സത്യത്തിന്റെ സത്യാർത്ഥം ഗ്രഹിക്കുന്നത്.

ഭാരതീയ സൗന്ദര്യശാസ്ത്രപ്രകാരം ‘നായകാഭ്യുദയം’ ഉത്തമ സാഹിത്യത്തിന്റെ ലക്ഷണങ്ങളിൽ ഒന്നായി കരുതിപ്പോരുന്നു. കഥാന്ത്യത്തിൽ ആര്യസമാജത്തിന്റെ സംസർഗം നിമിത്തം ഉത്തമനാകുന്ന കുബേരൻ നമ്പൂതിരി തന്നെയല്ലേ ആത്മീയ അഭ്യുന്നതി കൈവരിക്കുന്ന നായക കഥാപാത്രം എന്ന ചോദ്യം അവശേഷിപ്പിച്ചിട്ടാണ് പോത്തേരി കുഞ്ഞമ്പു തന്റെ നോവൽ അവസാനിപ്പിക്കുന്നത്.

ഈ നോവലിന്റെ പ്രസിദ്ധീകരത്തിന് ഒരു വ്യാഴവട്ടക്കാലത്തിന് ശേഷമാണ് ശ്രീനാരായണധർമപരിപാലനയോഗത്തിന് അരുവിപ്പുറത്ത് പ്രാരംഭം കുറിക്കുന്നത്. ഒരു ആശയമായി പത്തൊൻപതാം നൂറ്റാണ്ടിൽ മലബാറിന്റെ മണ്ണിൽ എത്തിയ ആര്യസമാജം, മുപ്പതു വർഷങ്ങൾക്ക് ശേഷം, 1921ൽ മാത്രമാണ് സംഘടനാരൂപത്തിൽ ഇവിടേക്ക് ഔദ്യോഗികമായി പ്രവേശിക്കാനാകുന്നത്. ഈ മൂന്നു ദശാബ്ദക്കാലം, കേരളത്തിലെ ഹൈന്ദവ ജനതയെ സംബന്ധിച്ചിടത്തോളം മഹാ നഷ്ടങ്ങളുടെ വർഷങ്ങളായിരുന്നെന്ന് പറയേണ്ടി വരും. ജനസംഖ്യാകണക്കുകൾ മൊത്തത്തിൽ മാറിമറിഞ്ഞ ആ കാലത്തിന് മുമ്പേ, ശ്രീനാരായണീയ പ്രസ്ഥാനങ്ങളും, ആര്യസമാജവും ഒരുമിച്ച് പ്രവർത്തനമാരംഭിച്ചിരുന്നെങ്കിൽ കേരളത്തിന്റെ ഭാവിതന്നെ മറ്റൊന്നാകുമായിരുന്നു.

(ഗണേഷ് രാധാകൃഷ്ണൻ എഴുതി സെന്റർ ഫോർ സൗത്ത് ഇന്ത്യൻ സ്റ്റഡീസ് പ്രസിദ്ധീകരിച്ച ‘മഹർഷിയും മഹാഗുരുവും’ എന്ന പുസ്തകത്തിൽ നിന്ന്.)

Tags: FEATUREDTOP
ShareSendTweetShare

Discussion about this post

Related Posts

‘ശൈവം തന്നല്ലോ?’: ശ്രീനാരായണ ഗുരുദേവനും ‘വെജിറ്റേറിയനിസവും’

‘ശൈവം തന്നല്ലോ?’: ശ്രീനാരായണ ഗുരുദേവനും ‘വെജിറ്റേറിയനിസവും’

#Exclusive എപ്‌സ്റ്റീൻ ഫയൽസിൽ കേരളവും: രാജിവച്ച ബ്രിട്ടീഷ് ലേബർ പാർട്ടി നേതാവ് പീറ്റർ മാൻഡേൽസനും കേരളവും തമ്മിൽ എന്ത്?

#Exclusive എപ്‌സ്റ്റീൻ ഫയൽസിൽ കേരളവും: രാജിവച്ച ബ്രിട്ടീഷ് ലേബർ പാർട്ടി നേതാവ് പീറ്റർ മാൻഡേൽസനും കേരളവും തമ്മിൽ എന്ത്?

പൈതൃകത്തിൻ്റെ പുനരാഗമനം!

ഞാനെല്ലാ സർസംഘചാലക്മാരെയും കാണുകയും കേൾക്കുകയും ചെയ്തിട്ടുണ്ട്: മാ. ഗോ. വൈദ്യജി / ഗണേഷ് രാധാകൃഷ്ണൻ

ഞാനെല്ലാ സർസംഘചാലക്മാരെയും കാണുകയും കേൾക്കുകയും ചെയ്തിട്ടുണ്ട്: മാ. ഗോ. വൈദ്യജി / ഗണേഷ് രാധാകൃഷ്ണൻ

വീര സാവർക്കറെ നിരോധിച്ച തിരുവിതാംകൂർ: ഒന്നല്ല, മൂന്നു തവണ!

വീര സാവർക്കറെ നിരോധിച്ച തിരുവിതാംകൂർ: ഒന്നല്ല, മൂന്നു തവണ!

കേരളത്തിലെ ഇസ്ലാമിക വർഗീയവാദവും യമനികളായ തങ്ങൾമാരും: പാണക്കാട് തങ്ങൾ ജയിലിൽ പോയത് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടോ?

കേരളത്തിലെ ഇസ്ലാമിക വർഗീയവാദവും യമനികളായ തങ്ങൾമാരും: പാണക്കാട് തങ്ങൾ ജയിലിൽ പോയത് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടോ?

പുതിയത്

‘ശൈവം തന്നല്ലോ?’: ശ്രീനാരായണ ഗുരുദേവനും ‘വെജിറ്റേറിയനിസവും’

‘ശൈവം തന്നല്ലോ?’: ശ്രീനാരായണ ഗുരുദേവനും ‘വെജിറ്റേറിയനിസവും’

സരസ്വതീവിജയം: ആര്യസമാജത്തെ ആദ്യം അവതരിപ്പിച്ച മലയാള നോവൽ

സരസ്വതീവിജയം: ആര്യസമാജത്തെ ആദ്യം അവതരിപ്പിച്ച മലയാള നോവൽ

#Exclusive എപ്‌സ്റ്റീൻ ഫയൽസിൽ കേരളവും: രാജിവച്ച ബ്രിട്ടീഷ് ലേബർ പാർട്ടി നേതാവ് പീറ്റർ മാൻഡേൽസനും കേരളവും തമ്മിൽ എന്ത്?

#Exclusive എപ്‌സ്റ്റീൻ ഫയൽസിൽ കേരളവും: രാജിവച്ച ബ്രിട്ടീഷ് ലേബർ പാർട്ടി നേതാവ് പീറ്റർ മാൻഡേൽസനും കേരളവും തമ്മിൽ എന്ത്?

പൈതൃകത്തിൻ്റെ പുനരാഗമനം!

ഞാനെല്ലാ സർസംഘചാലക്മാരെയും കാണുകയും കേൾക്കുകയും ചെയ്തിട്ടുണ്ട്: മാ. ഗോ. വൈദ്യജി / ഗണേഷ് രാധാകൃഷ്ണൻ

ഞാനെല്ലാ സർസംഘചാലക്മാരെയും കാണുകയും കേൾക്കുകയും ചെയ്തിട്ടുണ്ട്: മാ. ഗോ. വൈദ്യജി / ഗണേഷ് രാധാകൃഷ്ണൻ

വീര സാവർക്കറെ നിരോധിച്ച തിരുവിതാംകൂർ: ഒന്നല്ല, മൂന്നു തവണ!

വീര സാവർക്കറെ നിരോധിച്ച തിരുവിതാംകൂർ: ഒന്നല്ല, മൂന്നു തവണ!

കേരളത്തിലെ ഇസ്ലാമിക വർഗീയവാദവും യമനികളായ തങ്ങൾമാരും: പാണക്കാട് തങ്ങൾ ജയിലിൽ പോയത് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടോ?

കേരളത്തിലെ ഇസ്ലാമിക വർഗീയവാദവും യമനികളായ തങ്ങൾമാരും: പാണക്കാട് തങ്ങൾ ജയിലിൽ പോയത് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടോ?

ആഷാമേനോന്റെ ആത്മീയപ്രത്യക്ഷങ്ങൾ: പ്രസിദ്ധ സാഹിത്യനിരൂപകൻ ആഷാമേനോനുമായി മാധ്യമപ്രവർത്തകൻ ശ്രീ സുനീഷ് കെ നടത്തുന്ന സംഭാഷണം

ആഷാമേനോന്റെ ആത്മീയപ്രത്യക്ഷങ്ങൾ: പ്രസിദ്ധ സാഹിത്യനിരൂപകൻ ആഷാമേനോനുമായി മാധ്യമപ്രവർത്തകൻ ശ്രീ സുനീഷ് കെ നടത്തുന്ന സംഭാഷണം

Load More
  • Home
  • Politics
  • History
  • Culture
  • Religion
  • Literature
  • Economics
  • Strategy
  • About Us

© Desi Narrative

No Result
View All Result
  • രാഷ്ട്രീയം
  • സംസ്കാരം
  • ചരിത്രം
  • മതം
  • സാമ്പത്തികം
  • സാഹിത്യം
  • സ്ട്രാറ്റജി
  • English
    • Politics
    • Culture
    • History
    • Religion
    • Economics
    • Literature
    • Strategy

© Desi Narrative