കേരളത്തിലെ സാമൂഹിക പരിഷ്കരണ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകിയ സംഘടനകളിൽ അദ്വിതീയ സ്ഥാനമാണ് നായർ സർവീസ് സൊസൈറ്റിക്കുള്ളത്. ഹൈന്ദവ സമൂഹത്തെ കാർന്നുതിന്നുകൊണ്ടിരുന്ന ജാതിഭേദവും, ജാതിയ്ക്കുള്ളിൽ നിലനിന്നിരുന്ന ഉച്ചനീചത്വങ്ങളും അനാചാരങ്ങളും ഇല്ലാതാക്കാനുള്ള എൻ.എസ്.എസ്സിന്റെ പ്രവർത്തനങ്ങൾ ആധുനിക കേരള ചരിത്രത്തിലെ സുപ്രധാനമായ ഒരേടാണ്. ശ്രീ നാരായണ ഗുരുദേവനും മഹാത്മ അയ്യങ്കാളിക്കുമൊപ്പം കേരളത്തിന്റെ മഹത്തായ ഹൈന്ദവ പുനർജാഗരണത്തിന് ദിശാബോധം നൽകിയ മഹാനായ സാമൂഹ്യപരിഷ്കർത്താവായിരുന്നു ഭാരതകേസരി ശ്രീ മന്നത്ത് പത്മനാഭൻ.
ശ്രീ മന്നത്ത് പത്മനാഭന്റെയും എൻ.എസ്.എസിന്റെയും പ്രവർത്തന പാരമ്പര്യത്തെക്കുറിച്ചോ, ചരിത്രസംഭാവനകളെക്കുറിച്ചോ മലയാളികളെ ഉദ്ബുദ്ധരാക്കേണ്ട ആവശ്യം ഉണ്ടെന്നു തീരെ തോന്നുന്നില്ല. എന്നാൽ, എൻ.എസ്.എസിനെ വെറുമൊരു പ്രാദേശിക ജാതി സംഘടന മാത്രമാക്കി അവതരിപ്പിക്കാനുള്ള കേരളത്തിലെ ചില രാഷ്ട്രീയ നേതാക്കളുടെ ശ്രമങ്ങളെ മുളയിലേ നുള്ളിക്കളയേണ്ടതുണ്ട്. ദേശീയ കാഴ്ചപ്പാടോ ഹിന്ദുത്വ ബോധമോ പുലർത്താത്ത, ആർ.എസ്.എസ് പോലുള്ള സംഘടനകളെ അയിത്തമാചരിച്ച് അകറ്റി നിർത്തിയ വെറുമൊരു സംഘടന മാത്രമായിരുന്നോ എൻ.എസ്.എസ്? ശ്രീ മന്നത്തു പദ്മനാഭനെ, ‘ഭാരതകേസരി’ എന്ന് ചേർത്ത് സംബോധന ചെയ്യാൻ മടിക്കുന്ന കോൺഗ്രസാണ് ഇത്തരം ദുഷ്പ്രചാരണങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.
ആർ.എസ്.എസ് കേരളത്തിൽ അതിന്റെ സാന്നിധ്യം വിളിച്ചറിയിക്കുന്നതിനും വളരെ വർഷങ്ങൾ മുൻപേ തുടങ്ങിയതാണ് എൻ.എസ്.എസിനു ഹിന്ദുത്വ ദേശീയ സംഘടനകളുമായുള്ള ബന്ധം. ആര്യ സമാജം, ഹിന്ദുമഹാസഭ തുടങ്ങിയ ഹിന്ദു ദേശീയ മുന്നേറ്റങ്ങളിൽ നിന്ന് പ്രേരണ ഉൾക്കൊണ്ടാണ് വിശാല ഹിന്ദു കാഴ്ചപ്പാടോടെ മന്നം എൻ.എസ്.എസിന്റെ പ്രവർത്തങ്ങളുമായി മുന്നോട്ടു പോയത്. ഹൈന്ദവരുടെ സ്വകാര്യ ഭൂമിയിലേക്കുള്ള അന്യമതസ്ഥരുടെ കടന്നുകയറ്റവും, ക്ഷേത്ര ധ്വംസനങ്ങളും പതിവായ 1920-30 കാലങ്ങളിൽ, ജാതി-വർഗ വ്യത്യാസങ്ങൾക്ക് അതീതമായി അദ്ദേഹം നേതൃത്വം കൊടുത്ത സമരങ്ങൾക്ക് കണക്കില്ല. മന്നത്തിന്റെ ഡയറിക്കുറിപ്പുകളും ആത്മകഥയിലും ഇത്തരത്തിലുള്ള പരാമർശങ്ങൾ അനേകം കാണാം. എൻ.എസ്.എസ് നേതൃത്വത്തിൽ തുടരുമ്പോൾ തന്നെ, ഒട്ടനവധി ഹൈന്ദവ പ്രശ്നങ്ങളിൽ അദ്ദേഹം ഇടപെടുന്നുണ്ട്. മാത്രമല്ല, പ്രാദേശിക അടിസ്ഥാനത്തിൽ ചെറിയ ഹൈന്ദവ സഭകളും, ഹിന്ദു മിഷൻ യൂണിറ്റുകൾക്കും അദ്ദേഹം രൂപം കൊടുക്കുന്നുണ്ട്. (അത് മറ്റൊരു ലേഖനത്തിൻറെ വിഷയമാണ്.)
മന്നത്തിന്റെ ഈ വിശാല ഹിന്ദു ബോധത്തെ അദ്ദേഹത്തിന്റെ വാക്കുകളിലേക്ക് തന്നെ ചുരുക്കിയാൽ, അതിപ്രകാരമായിരിക്കും: “സനാതനമായ ഹൈന്ദവധര്‍മ്മം ജാതിയേയോ ജാതി അടിസ്ഥാനമാക്കിയുള്ള ഉച്ചനീചത്വങ്ങളേയോ അംഗീകരിക്കുന്നില്ലെന്നും ഹൈന്ദവ മതവിശ്വാസികള്‍ക്കുണ്ടായ സകല അധഃപതനത്തിന്റേയും കാരണം ജാതിവൃത്യാസമാണെന്നും ഞാന്‍ വിശ്വസിക്കുന്നു. പാവനമായ ഹൈന്ദവ ധര്‍മ്മത്തെ പുനരുദ്ധരിക്കുന്നതും ഒരു ഹൈന്ദവജനതയെ സൃഷ്ടിക്കുന്നതിനുവേണ്ടി പ്രവര്‍ത്തിക്കുന്നതും ഒരു ഹിന്ദുവെന്ന നിലയില്‍ എന്റെ സര്‍വ്വപ്രധാനമായ കര്‍ത്തവ്യമാണെന്നും ഞാന്‍ വിശ്വസിക്കുന്നു. എന്റെ ജീവിതത്തിലെ ഒരു രംഗത്തും ഒരു സന്ദര്‍ഭത്തിലും ജാതി ചിന്തിച്ചു പ്രവര്‍ത്തിക്കുന്നതല്ലെന്നും ജാതിനശീകരണ യത്നത്തില്‍ എന്റെ സകല കഴിവുകളും ഞാന്‍ വിനിയോഗിക്കുന്നതാണെന്നും ദൃഡഃപ്രതിജ്ഞ ചെയ്യുന്നു.”
രാഷ്ട്രീയ സ്വയംസേവക സംഘം തിരുവിതാംകൂറിൽ പ്രവർത്തനം തുടങ്ങുന്നതിന് കാലങ്ങൾക്കു മുന്നേ, ഹിന്ദുത്വ ദർശനത്തിന്റെ ഉപജ്ഞാതാവെന്നു വാഴ്ത്തപ്പെടുന്ന വീര സവർക്കറിനെ മന്നം ചങ്ങനാശ്ശേരിയിലേക്ക് ക്ഷണിച്ചു വരുത്തി. 1940 ൽ നടന്ന എൻ.എസ്.എസ് രജതജൂബിലി ആഘോഷങ്ങളിൽ സവർക്കറായിരുന്നു മുഖ്യാതിഥി. ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട ഹിന്ദു സമ്മേളനത്തിന്റെ അധ്യക്ഷൻ സാക്ഷാൽ വീര സവർക്കറായിരുന്നു.
ഈ ചരിത്ര സംഭവത്തെ മന്നം തന്റെ ഡയറി താളുകളിൽ ഇങ്ങനെ കുറിച്ചിട്ടു:
“1940-മെയ്-2 നു ജൂബിലി ഉദ്‌ഘാടനം ഉച്ച തിരിഞ്ഞ്.
കാലത്ത് മുതൽ ജൂബിലി മഹോത്സാവം ആരംഭിച്ചു. പതാക ഉയർത്തൽ, ജൂബിലി പരോൾ ഉദ്‌ഘാടനം, പ്രദര്ശനോദ്‌ഘാടനം മുതലായവ നിർവിഘ്‌നം നടന്നു. നായർ മഹാസമ്മേളനം പ്രസിഡന്റിന്റെ സ്വീകരണം ഘോഷയാത്ര മുതലായത് ആഡംബരപൂർവ്വം നടന്നു. ഘോഷയാത്ര അവസാനിച്ചപ്പോൾ മഴ പെയ്തു.
3-നു സമ്മേളനം തുടർന്നു നടന്നു.
4-നു സമ്മേളനം തുടർന്ന് നിർവിഘ്‌നം നടന്നു. ഹിന്ദു സമ്മേളനാധ്യക്ഷനെ ചെങ്കോട്ട മുതൽ സ്വീകരിച്ചു. വഴിമധ്യേ പല സ്വീകരണങ്ങളും ഉണ്ടായി. സ്വാഗതസംഘം സവർക്കരെ ആഡംബരപൂർവ്വം സ്വീകരിച്ചു ഘോഷയാത്രയായി കൊണ്ടുവന്നു. മുനിസിപ്പൽ മംഗള പത്രം കൊടുത്തു.”
ഹിന്ദുമഹാമണ്ഡലരൂപീകരണത്തോട് ബന്ധപ്പെട്ടാണ് രാഷ്ട്രീയ സ്വയംസേവക സംഘവുമായി മന്നം നേരിട്ട് ബന്ധം സ്ഥാപിക്കുന്നതെന്ന് സ്വർഗീയ പി. പരമേശ്വർജി അദ്ദേഹത്തിന്റെ ഒരു ദീർഘ ലേഖനത്തിൽ പറയുന്നുണ്ട്. വർഗീയ ശക്തികൾ ശബരിമല ക്ഷേത്രം തീ വച്ച് നശിപ്പിച്ച സംഭവം അദ്ദേഹത്തിൻ്റെ ഹിന്ദു ഏകീകരണത്തിനായുള്ള ശ്രമങ്ങളെ ത്വരിതപ്പെടുത്തി. 1951 ജനുവരി 14 ലെ ഡയറിക്കുറിപ്പിൽ അദ്ദേഹം ആർ. ശങ്കറുമൊന്നിച്ച് തിരുവനന്തപുരത്ത് റസിഡന്‍സിയില്‍ പോയി ശ്യാമപ്രസാദ് മുഖര്‍ജിയെ കണ്ട് ഒരു മണിക്കൂര്‍ സംസാരിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്.
മന്നത്തിന്റെ നേതൃത്വത്തിൽ ഹിന്ദുമഹാമണ്ഡലം കൊല്ലത്തുവച്ച് സംഘടിപ്പിച്ച ഹിന്ദുമഹാസമ്മേളനത്തിൽ ആർ.എസ് .എസ് സന്നദ്ധഭടനായി സേവനം ചെയ്ത പരമേശ്വർജി, അതിനെപ്പറ്റി സ്മരിക്കുന്നതിങ്ങനെ: “1950 ജനുവരി 23ന് ചങ്ങനാശ്ശേരിയില്‍ ചേര്‍ന്ന ഹിന്ദുപ്രതിനിധിസമ്മേളനം സുപ്രധാനമായ ഒരു തീരുമാനം കൈക്കൊണ്ടു. ജാതിയില്ലാത്ത ഹിന്ദുമണ്ഡലരൂപീകരണത്തിന് പച്ചക്കൊടി കാട്ടിയതായിരുന്നു അത്. അതിന്റെ തുടര്‍ച്ചയായി 1950 മേയ് 12 മുതല്‍ 18 വരെ കൊല്ലത്തുനടന്ന അതിഗംഭീരമായ ഹിന്ദുമഹാസമ്മേളനം ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരുന്നു. പ്രസംഗവശാല്‍ പറയട്ടെ, അന്ന് കൊല്ലത്ത് ആര്‍. എസ്സ്.എസ് പ്രചാരകനായിരുന്ന ഈ ലേഖകനും നൂറു കണക്കിന് സംഘസ്വയംസേവകരും ആ സമ്മേളനത്തില്‍ സന്നദ്ധഭടന്മാരായി സേവനമനുഷ്ഠിക്കുകയുണ്ടായി. മന്നവും ശങ്കറും രാമലക്ഷ്മണന്മാരെപ്പോലെ കൈകോര്‍ത്തു പ്രവര്‍ത്തിച്ച ആ ദൃശ്യം അവിസ്മരണീയമായി ഇന്നും മനസ്സില്‍ അവശേഷിക്കുന്നു.”
1952 ൽ ഗുരുജിയുമായി നടന്ന ഒരു കൂടിക്കാഴ്ചയെപ്പറ്റി മന്നം ഡയറിക്കുറിപ്പുകളില്‍ പരാമര്‍ശിച്ചിട്ടുള്ളത് ഇവിടെ ശ്രദ്ധേയമാണ്:
1952 നവംബര്‍ 14 ന് രാത്രി 8 മണിക്കു കൊല്ലത്തെത്തി. ഹിന്ദുമഹാമണ്ഡലം ആഫീസില്‍ രാത്രി 7 മണിക്കു വന്ന ആര്‍. എസ്സ.എസ്സ്. പ്രസിഡന്റ് ഗോള്‍വല്‍ക്കറെ സ്വീകരിച്ചു. ഞങ്ങള്‍ മണ്ഡലം ആഫീസില്‍ താമസിച്ചു.
(മന്നത്തിന്റെ ഡയറിക്കുറിപ്പുകള്‍, പേജ് 925)
പിന്നീട്, 1956 ൽ ഗുരുജി ഗോൾവാൽക്കറുടെ അമ്പത്തിയൊന്നാം ജന്മദിനത്തോടത്തുബന്ധിച്ച് അദ്ദേഹത്തിന് തിരുവനന്തപുരത്ത് വച്ച് നൽകിയ സ്വീകരണത്തിൽ ശ്രീ മന്നത്ത് പത്മനാഭൻ പങ്കെടുത്തു. അന്ന് അദ്ദേഹം നടത്തിയ പ്രസംഗം, രാഷ്ട്രീയ സ്വയംസേവക സംഘം എന്ന സംഘടനയോടുള്ള അദ്ദേഹത്തിന്റെ മമത വിളിച്ചോതുന്നതായിരുന്നു. താൻ കുറേക്കൂടി ചെറുപ്പമായിരുന്നെങ്കിൽ ആർഎസ്എസ് ശാഖയിൽ പങ്കെടുത്തേനേ എന്നാണ് മന്നം അന്ന് ശ്രീ ഗുരുജിയുടെ സാന്നിധ്യത്തിൽ തുറന്നു പറഞ്ഞത്.
ഈ പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങൾ 1956, April 9 ലക്കം ഓർഗനൈസർ വാരികയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിന്റെ പരിഭാഷ താഴെ കൊടുക്കുന്നു:
“ഹിന്ദു സമുദായത്തിന്റെ ബലഹീനതയ്ക്കും ഐക്യത്തിന്റെ അഭാവത്തിനും, തൽഫലമായുണ്ടായ ഭീരുത്വവും ദയനീയാവസ്ഥയും പരിഹരിക്കാനുമുള്ള ഏകമാർഗ്ഗമാണ് രാഷ്ട്രീയ സ്വയംസേവക സംഘം (ആർ.എസ്.എസ്). കേരളത്തിലെ ഓരോ ഗ്രാമവും അഭിമാനത്തോടെ ഒരു ആർ.എസ്.എസ് ശാഖയെങ്കിലും നിലനിർത്തേണ്ടതുണ്ട്, കാരണം രാജ്യമൊട്ടാകെ വേരുകളുള്ള യഥാർത്ഥ ദേശീയ സംഘടന ഇത് മാത്രമാണ്. ഞാൻ കുറച്ചു കൂടി ചെറുപ്പമായിരുന്നെങ്കിൽ ആർ.എസ്.എസിന്റെ കായിക പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുക്കുമായിരുന്നു.”: കേരളത്തിന്റെ തലസ്ഥാന നഗരിയിൽ ശ്രീ ഗുരുജിയുടെ അമ്പത്തിയൊന്നാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ശ്രീചിത്ര ഹിന്ദുമത ലൈബ്രറി ഹാളിൽ നടന്ന മഹാസമ്മേളനത്തിൽ പ്രസംഗിച്ചുകൊണ്ട്, തിരുവിതാംകൂറിലേ മുതിർന്ന ഹിന്ദു നേതാവും നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപകനുമായ ശ്രീ മന്നത്തു പത്മനാഭൻ പറഞ്ഞു.
“യുവ സംഘപ്രവർത്തകരുടെ പ്രവർത്തനങ്ങളിൽ നമുക്ക് കാണാൻ സാധിക്കുന്നത് ഭാരതീയതയുടെ ഉയർച്ചയാണ്. തുടർച്ചയായി പ്രസംഗങ്ങൾ നടത്തുന്നതിൽ ഹിന്ദുക്കൾക്ക് പ്രാവീണ്യമുണ്ടെങ്കിലും, പ്രവർത്തനത്തിന്റെ കാര്യം വരുമ്പോൾ നിരാശമാത്രമാണ് ഫലമെന്ന് നമുക്ക് സമ്മതിക്കേണ്ടി വരുന്നു. എന്നാൽ, ആർ.എസ്.എസ് പ്രസംഗങ്ങൾക്കു പകരം പ്രവർത്തനത്തിന് പ്രാധാന്യം നല്കി മുന്നേറുന്നെന്ന് മനസ്സിലാക്കുന്നതിൽ നമ്മുക്ക് അതിയയായ സന്തോഷമുണ്ട്. ഹൈന്ദവ പുനർജാഗരണമെന്ന മോഹിത ലക്ഷ്യത്തിലേക്ക് ഈ മഹത്തായ സംഘടനയെ നയിക്കാൻ ശ്രീ ഗുരുജിക്ക് ദീർഘായുസ്സും ശക്തിയും നൽകണമേയെന്നു നമുക്കെല്ലാവർക്കും ഹൃദയപൂർവ്വം പ്രാർത്ഥിക്കാം,” അദ്ദേഹം തന്റെ പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.
“RSS is the only effective cure for the lack of strength and organisation and the consequent cowardice and wretched state of our Hindu race. Every village of Kerala must proudly possess a Shakha of the RSS which is the only true countrywide national organisation. Had I been younger, I would have gladly participated even in the physical activities of the RSS,” declared Sri Mannathu Padmanabhan, the 79 year old veteran Hindu leader of Travancore and the founder of the Nair Service Society, addressing a mammoth gathering in the Sri Chitra Hindu Religious Library Hall on the occasion of Sri Guruji’s 51th birthday celebrations in the capital of Kerala.
He continued: “We find the upsurge of Bharathiyatha in the work of the young Sangh workers. Though we are clever in delivering speeches after speeches, we have to admit that we sorrowfully lack in action. But we are very glad to note that the RSS goes the other way, believing and stressing more in action rather than in speeches. Let us all pray wholeheartedly for long life to Sri Guruji who should guide this worthy organisation to its cherished goal of Hindu renaissance.”
(പ്രസംഗത്തിന്റെ ഇംഗ്ലീഷ് റിപ്പോർട്ട്: ഓർഗനൈസർ വീക്കിലി, 1956, April 9)
ഈ സമ്മേളനത്തിന് ശേഷം ഗുരുജിയും മന്നവും തമ്മിലുള്ള ബന്ധം കൂടുതൽ ആഴമേറിയതായി മാറിയെന്നു പിൽക്കാല ചരിത്രം നമ്മെ ബോധ്യപ്പെടുത്തുന്നു. പിന്നീട്, 1958ൽ ഗുരുജി ഗോൾവാൽക്കാറോടൊപ്പം ആർ.എസ്.എസിന്റെ യോഗത്തിൽ അദ്ദേഹം പങ്കെടുക്കുന്നുണ്ട്. സ്വർഗീയ പി പരമേശ്വർജിയുടെ ക്ഷണപ്രകാരമാണ് മന്നം ആ യോഗത്തിന്റെ അദ്ധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നത്. ഈ വിവരങ്ങൾ മന്നം തന്റെ ഡയറിയിൽ രേഖപ്പെടുത്തിട്ടുണ്ട്:
“1958-സെപ്റ്റംബർ 30 നു തിരുവനന്തപുരം ആർഎസ് എസ് പ്രവർത്തകൻ പരമേശ്വരൻ വന്നു. ഗോൾവാൾക്കറുടെ എറണാകുളം യോഗത്തിൽ അദ്ധ്യക്ഷത വഹിക്കണം എന്ന് പറഞ്ഞു. അദ്ദേഹം വരുമ്പോൾ എൻ.എസ്.എസ് സ്ഥാപനങ്ങൾ സന്ദർശിക്കാൻ സമ്മതമുണ്ടോ എന്നന്വേഷിക്കാൻ പറഞ്ഞു.”
“ഒക്ടോബര് 13നു ഗോൾവാൾക്കറുടെ സ്വീകരണയോഗം. ഞാൻ അദ്ധ്യക്ഷൻ. തിരുവന്തപുരത്തു നിന്ന് എറണാകുളത്തേക്ക് വിമാനത്തിൽ രണ്ടു മണിക്ക് മുൻപെത്തി. അവിടെ നിന്ന് എന്നെ കാറിൽ പ്രഭുവിന്റെ വീട്ടിലേക്കു കൊണ്ടുപോയി. ഗുരുജിയുമൊരുമിച്ച് റ്റി.ഡി. ഹാളിൽ എത്തി. അവിടുത്തെ ചടങ്ങിൽ പങ്കുകൊണ്ടു. 5 മണിക്ക് ആർ.എസ്.എസിന്റെ പൊതുയോഗം എന്റെ അധ്യക്ഷതയിൽ കൂടി. ഞാനും ഗുരുജിയും പ്രസംഗിച്ചു. രാത്രി 8 മണിക്ക് അവസാനിച്ചു. ഗുരുജിയുടെ കൂടെ താമസിച്ചു.”
സ്വാമി വിവേകാനന്ദ ജന്മശതാബ്‌ദി ആഘോഷങ്ങളിൽ പങ്കെടുക്കാൻ ഗുരുജിയുടെ ക്ഷണം അദ്ദേഹത്തെ തേടിയെത്തി. ഈ കാലഘട്ടത്തിൽ മന്നം സംഘവുമായി കൂടുതൽ അടുത്തു. അനുദിനം ദൃഢമായിക്കൊണ്ടിരുന്ന എൻ.എസ്.എസ്-ആർ.എസ്.എസ് മൈത്രിയെക്കുറിച്ച് ദൃക്‌സാക്ഷിയായിരുന്ന പരമേശ്വർജി ഇങ്ങനെ എഴുതി:
“എറണാകുളം പരിപാടിയും ശ്രീഗുരുജിയുമായി നേരിട്ടുണ്ടായ സമ്പ൪ക്കവും സംഭാഷണവും രണ്ടുപേരും തമ്മിലുള്ള സൌനഹൃദബന്ധത്തെ സ്ഥിരമായ അടിസ്ഥാനത്തില്‍ പ്രതിഷ്ഠിച്ചു. അത് നിരന്തരം തുടരുകയും ചെയ്തു. കേരളത്തിനകത്തും പുറത്തും ഹിന്ദുസമൂഹത്തിന് മന്നത്ത് പദ്മനാഭന്റെ സംഘടനാപാടവത്തിലും നേതൃത്വശേഷിയിലും ഉണ്ടായിരുന്ന വിശ്വാസം പല മടങ്ങു വര്‍ദ്ധിച്ചു. അതിന് കളമൊരുക്കിയ ഒരുവിശേഷാല്‍ സംഭവമുണ്ടായി. സ്വാമി വിവേകാനന്ദന്റെ ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി കന്യാകുമാരിയിലെ വിവേകാനന്ദശിലയില്‍ ഒരു സ്മാരകം നിര്‍മ്മിക്കാന്‍ അവിടുത്തെ ഹിന്ദുനേതാക്കള്‍ ശ്രമിച്ചു. പ്രാരംഭനടപ്ടിയായി ഒരു ഫലകം സ്ഥാപിച്ചു. പക്ഷേ കന്യാകുമാരി പ്രദേശത്തെ പ്രബല വും സംഘടിതവുമായ ക്രിസ്ത്യന്‍ സമൂഹം പള്ളിയുടെ നേതൃത്വത്തില്‍ ഫലകം എടുത്തുമാറ്റുകയും തല്‍സ്ഥാനത്ത് കുരിശ് സ്ഥാപിക്കുകയും ചെയ്തു. അപ്രതീക്ഷിതമായ ഈ സംഭവവികാസത്തെ നേരിടേണ്ടതെങ്ങനെ എന്നറിയാതെ സമിതിക്കാര്‍ നിസ്സഹായാവസ്ഥയില്‍ ആയപ്പോള്‍ രാഷ്ട്രീയ സ്വയംസവകസംഘം രംഗത്തുവന്നു. വിവരങ്ങള്‍ നേരിട്ടറിയുകയും ഗൌരവാവസ്ഥ മനസ്സിലാക്കുകയും ചെയ്ത ശ്രീ ഗുരുജി അന്നത്തെ സംഘത്തിന്റെ സര്‍കാര്യവാഹായിരുന്നു ശ്രീ ഏകനാഥ റാനഡെയെ ഈ ദൌത്യം ഏല്‍പ്പിച്ചു. തുടര്‍ന്ന് മന്നം അദ്ധ്യക്ഷനായുള്ള സുശക്തമായ ഒരു സമിതി രൂപീകരിക്കപ്പെട്ടു.”
കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരകത്തിന്റെ ശിലാസ്ഥാപനത്തിൽ പങ്കുകൊണ്ട കാര്യവും, പിന്നീട് മദ്രാസിൽ വച്ച് നടന്ന സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ച കാര്യവും അദ്ദേഹം ഡയറിയിൽ കുറിച്ച് വച്ചു:
1963 ജനുവരി 17-നു തിരുവന്തപുരം സ്വാമി വിവേകാനന്ദന്റെ ശതവാർഷികാഘോഷാരംഭം. ക്ഷണക്കത്ത് ഇവിടെ കിട്ടി. കന്യാകുമാരി ശിലാസ്ഥാപനത്തിനു കളത്തിൽ വേലായുധൻനായരും മറ്റും ഒരുമിച്ചു രണ്ടു മണിക്ക് പോയി.
ഫെബ്രുവരി 3-നു മദ്രാസ്. ആർ.എസ്.എസിന്റെ സമാപന യോഗത്തിൽ ഞാൻ പങ്കുകൊണ്ടു. വലിയ പ്ലാറ്റുഫോറത്തിൽ അദ്ധ്യക്ഷത വഹിച്ചു മലയാളത്തിൽ പ്രസംഗം ചെയ്തു.
മന്നത്തിന് ഗുരുജിയുമായുണ്ടായിരുന്ന ഹൃദയബന്ധം അദ്ദേഹത്തിന്റെ മരണം വരെ തുടർന്നു. മരണാസന്നനായ മന്നത്ത് ത്മനാഭനെ ഗുരുജി സന്ദർശിച്ച അവസരത്തെപ്പറ്റി ഗുരുജി ഗോള്‍വല്‍ക്കറിന്റെ ജീവചരിത്രത്തിൽ സ്വർഗീയ ആര്‍.ഹരി വിവരിച്ചിട്ടുണ്ട്:
“മേയ് മാസം ഒന്നിന് എറണാകുളത്തേയ്ക്കു മടങ്ങും വഴി ചങ്ങനാശ്ശേരിയില്‍ ജര്‍ജ്ജരദേഹനായി ജീവിതസന്ധൃയില്‍ കഴിഞ്ഞുകൂടിയിരുന്ന, വിവേകാനന്ദശിലാസ്മാരകസമിതിയ്ക്ക് ഏറ്റവും ദുര്‍ഘടം നിറഞ്ഞ കാലഘട്ടത്തില്‍ വിക്രാന്തപൂര്‍ണ്ണമായ നേതൃത്വം കൊടുത്ത, എന്‍.എസ്.എസ് സ്ഥാപകനായ മന്നത്തു പത്മനാഭനെ സ്വന്തം വസതിയില്‍ പോയി കണ്ടു. രംഗം വീക്ഷിച്ചിരുന്ന കുടുംബാംഗങ്ങളുടെ നടുവില്‍നിന്ന് സ്വാമിജി ഗോള്‍വല്‍ക്കര്‍ (അങ്ങനെയാണ് മന്നം ഗുരൂജിയെ വിശേഷിപ്പിച്ചിരുന്നത്) സാഭിമാനം ആശ്വസിപ്പിച്ചു: അങ്ങ് എല്ലാംകൊണ്ടും പൂര്‍ണ്ണകാമനാണ്. ഇംഗ്ലീഷും ഹിന്ദിയും കാര്യമായറിയാത്ത ആ ഭാരതകേസരിക്ക് പൂര്‍ണ്ണകാമന്‍ എന്ന വാക്കിന്റെ അര്‍ത്ഥം പൂര്‍ണ്ണമായും പിടികിട്ടി. ആ മുഖം തെളിഞ്ഞു. രണ്ടുപേരും പരസ്പരം കൈപിടിച്ച് അഭിവാദ്യം ചെയ്തു.”
എൻ.എസ്.എസ് നേതൃസ്ഥാനം വഹിച്ചിരുന്ന പ്രഗദ്ഭരിൽ പലരും സംഘഅനുഭാവികളും കാര്യകർത്താക്കളും ആയിരുന്നിട്ടുണ്ട്. എന്‍.എസ്.എസ്സിന്റെ അദ്ധ്യക്ഷനായിരുന്ന അഡ്വ. ഗോവിന്ദമേനോന്‍ സംഘത്തിന്റെ പ്രാന്തസംഘചാലകായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. 1975 ൽ എൻ.എസ്.എസിന്റെ രാഷ്ട്രീയ സംഘടനയായിരുന്ന എൻ.ഡി.പി. ആർ.എസ്.എസ് പ്രചോദിത ദേശീയ രാഷ്ട്രീയ കക്ഷിയായിരുന്ന ജനസംഘവുമായി ചേർന്ന് പ്രവർത്തിക്കാൻ താല്പര്യപ്പെട്ടതായും, അതുമായി ബന്ധപ്പെട്ടു എൻ.എസ്.എസ്.-എൻ.ഡി.പി. നേതാവായ കളത്തിൽ വേലായുധൻ നായരും അന്നത്തെ കേരളം ജനസംഘ നേതൃത്വവും തമ്മിൽ ചർച്ചകൾ നടന്നിരുന്നതായും പറയപ്പെടുന്നുണ്ട്. എന്നാൽ, 1975 ൽ പ്രഖ്യാപിക്കപ്പെട്ട അടിയന്തരാവസ്ഥ അത്തരമൊരു സാധ്യതയെ തുടക്കത്തിലേ ഇല്ലാതാക്കി. അല്ലായിരുന്നെങ്കിൽ കേരള രാഷ്ട്രീയത്തിൻ്റെ ചരിത്രവും വർത്തമാനവും പാടേ മാറ്റിയെഴുതപ്പെട്ടേനേ. എൻ.എസ്.എസിന് രാഷ്ട്രീയ സ്വയംസേവക സംഘവുമായുണ്ടായിരുന്ന ബന്ധത്തിന് ഇത്രയൊക്കെ ചരിത്രസാധുത പോരെ?
അവലംബം:
൧. മന്നത്തിന്റെ ഡയറിക്കുറിപ്പുകൾ, ശ്രീ മന്നത്ത് പത്മനാഭൻ
൨. ആത്മകഥ, ശ്രീ മന്നത്ത് പത്മനാഭൻ
൩. നാമറിയേണ്ട മന്നത്തു പദ്മനാഭൻ, ശ്രീ പി പരമേശ്വരൻ
൪. ശ്രീ ഗുരുജി: ജീവചരിത്രം, ശ്രി ആർ ഹരി.
൫. ഓർഗനൈസർ വാരിക, 1956, April 9
൬. മന്നത്തിന്റെ സമ്പൂര്‍ണ്ണ കൃതികള്‍
Discussion about this post