കേരളം മാരകലഹരിയുടെ പിടിയിൽ അമരുമ്പോൾ, അതിനൊരു പരിഹാരത്തിനായുള്ള അന്വേഷണം സ്വാഭാവികമായി എത്തിനിൽക്കുക ശ്രീനാരായണ ഗുരുദേവനിലാണ്. ഒരിറ്റ് രക്തമോ കണ്ണീരോ ചിന്താതെ അനേകം ധർമയുദ്ധങ്ങളെ ഏകനായി നയിച്ച്, അഹിംസാത്മകമായി വിജയിപ്പിച്ച മറ്റൊരു വിശ്വഗുരു ചരിത്രത്തിൽ ഇന്നോളമുണ്ടായിട്ടില്ല. തന്റെ ദർശനപദ്ധതിയിലോ പൊതുവ്യവഹാരത്തിലോ സൗമ്യതയോടെയല്ലാതെ അദ്ദേഹം വാക്പ്രയോഗങ്ങൾ നടത്തിയിട്ടില്ല, ഒന്നിനെയും പരിധിവിട്ട് വിമർശിച്ചിട്ടില്ല. ഡോ. സുകുമാർ അഴീക്കോട് എഴുതിയതുപോലെ, ‘തന്റെ യൂട്ടോപ്യയില് അദ്ദേഹം ചെക്കു പോസ്റ്റുറപ്പിച്ചു നിരോധിച്ചത് രണ്ടെണ്ണമായിരുന്നു. ഒന്ന് മദ്യം മറ്റേതു ജാതിഭേദം.’ ഇതിൽ, ജാതി ഭേദത്തെപറ്റി പരാമർശിക്കുമ്പോൾ പോലും അദ്ദേഹം അങ്ങേയറ്റം സമചിത്തതയോടും സൂക്ഷ്മതയോടും കൂടി മാത്രമേ തന്റെ വാക്കുകൾ പ്രയോഗിച്ചിരുന്നുള്ളു. എല്ലാ പ്രതിസന്ധികളെയും സാമൂഹിക വിപത്തുകളെയും അദ്വൈത ബോധത്തിന്റെ പാരമ്യത്തിൽ നിന്നുമാത്രം വിലയിരുത്തിയ ഗുരുദേവൻ, ഒരുപക്ഷെ, കാർക്കശ്യത്തോടെ വാക്കുകൾ ഉപയോഗിച്ചത് മദ്യം, ലഹരി മുതലായവയെപ്പറ്റി സംസാരിച്ചപ്പോഴായിരിക്കും.
പൊതുവെ കരുതപ്പെടുന്നതുപോലെ, മദ്യം എന്നത് കൊണ്ട് ഗുരു വിവക്ഷിച്ചത് വെറും കള്ളിനെയും ചാരായത്തിനെയും മാത്രമായിരുന്നില്ല. അസാധാരണമായ ദീർഘദർശിത്വത്തോടെയാണ് ഗുരുദേവൻ ‘ശ്രീനാരായണ സ്മൃതി’ എന്ന ഗ്രന്ഥത്തിൽ മദ്യത്തെ നിർവചിച്ചിരിക്കുന്നത്. കള്ള്, കറുപ്പ്, കഞ്ചാവ്, പുകയില, മുതലായവ ചിത്തഭ്രമത്തെ ചെയ്യുന്നതാകയാൽ അവയെ മുഴുവൻ മദ്യമായി ഗുരു ഗണിക്കുകയാണ്. രാഷ്ട്രത്തിന്റെ ഭാവിയെതന്നെ തകർക്കാൻ കെൽപ്പുള്ള ഒരു മാരക വിപത്തായാണ് ലഹരിയെ ഗുരുദേവൻ അന്നേ മുൻകൂട്ടികണ്ടത് എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മദ്യത്തിന് നൽകുന്ന ഈ നിർവചനം. അദ്ദേഹം ജീവിച്ചിരുന്ന കാലത്തെ സാമൂഹിക പ്രശ്നങ്ങളായിരുന്ന കള്ളുചെത്ത്, ചാരായ നിർമ്മാണം എന്നിവയുടെ പരിധിയ്ക്കപ്പുറം, മദ്യത്തിന് കഞ്ചാവ്, മയക്കുമരുന്ന് എന്ന അർത്ഥമുണ്ടെന്ന് ഗുരു പറയുമ്പോൾ, അദ്ദേഹത്തിന്റെ മദ്യവിരുദ്ധ സന്ദേശങ്ങളെയെല്ലാം ഈ വിശാലമായ നിർവചനത്തിന്റെ പരിധിക്കുള്ളിൽ നിന്നുകൊണ്ടുവേണം ഇനിമുതൽ കേരളം വ്യാഖ്യാനിക്കേണ്ടതും മനസ്സിലാക്കണ്ടതും. അത്തരത്തിലുള്ള മദ്യം വിൽക്കുക, വാങ്ങുക, കൂട്ടുക, കൊടുക്കുക, എന്നിവ ചെയ്യുന്നത് വലിയ അധഃപതനത്തിന്, നരകയാതനകൾക്ക്, ഹേതുവാകയാൽ, ബുദ്ധിയുള്ള മനുഷ്യൻ ഒരിക്കലും അവയൊന്നും ആചരിക്കരുത് എന്നും ഗുരുദേവൻ സ്മൃതിവാക്യമായി ഉപദേശിച്ചു.
ലഹരിയ്ക്കെതിരെ ധർമയുദ്ധം
ഗുരുവിന്റെ മദ്യവർജനാഹ്വാനം കേവലം ഏതെങ്കിലുമൊരു വിഭാഗത്തെ മാത്രം ലക്ഷ്യം വച്ചായിരുന്നില്ലെന്ന് അദ്ദേഹത്തിന്റെ ഇതുസംബന്ധിച്ച ഇടപെടലുകളിൽ നിന്ന് വ്യക്തമാകും. മഹാത്മ അയ്യങ്കാളിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് മുട്ടത്തറയിൽ വച്ച് നടന്ന പുലയ സമുദായാംഗങ്ങളുടെ ഒരു മഹായോഗത്തിൽ പങ്കെടുത്ത് ഗുരുദേവൻ നടത്തിയ പ്രസംഗം ചരിത്രപ്രാധാന്യമർഹിക്കുന്നു. ഗുരു മദ്യത്തിനെതിരെ സംസാരിക്കുക മാത്രമല്ല ചെയ്തത്, മദ്യപാനം കാരണമുണ്ടാകുന്ന ദുർവ്യയത്തിന്റെ സാമ്പത്തിക ശാസ്ത്രവും, അതിനുവേണ്ടി ചിലവാക്കുന്ന പണം എങ്ങനെ സാമൂഹിക പുരോഗതിക്കായി നീക്കി വയ്ക്കാമെന്നും ഗുരുദേവൻ ആ മഹായോഗത്തിൽ വച്ച് ജനസാമാന്യത്തെ ഉദ്ബോധിപ്പിക്കുന്നുണ്ട്.
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും മഹാത്മാ ഗാന്ധിയും മദ്യവർജനം ഒരു അജണ്ടയായി ഉയർത്തികൊണ്ടുവരുന്നതിനും എത്രയോ മുമ്പുതന്നെ ഗുരുദേവൻ തന്റെ മദ്യവിരുദ്ധ യജ്ഞം ആരംഭിച്ചിരുന്നു. ഒരു പക്ഷേ, അരുവിപ്പുറം പ്രതിഷ്ഠയോളം അതിന് പഴക്കമുണ്ട്. പ്രാണിഹിംസയോടൊപ്പം മദ്യത്തെയും നമ്മുടെ ആരാധനാ സമ്പ്രദായങ്ങളിൽ നിന്ന് ഒഴിവാക്കിയുള്ള ആചാരപരിഷ്കരണത്തോടെയാണ് ഗുരു തന്റെ മദ്യവിരുദ്ധ പ്രവർത്തനങ്ങൾ ആരംഭിച്ചതെന്നു പറയാം. അത്തരം അനുഷ്ഠാനങ്ങളെ പാടെ ഒഴിവാക്കി അദ്ദേഹം ക്ഷേത്രങ്ങൾ സ്ഥാപിച്ചു. അത്തരം സദാചാരങ്ങളിലേക്ക് സമൂഹത്തെ കൈപിടിച്ചുയർത്തിയതിനു ശേഷം, അടുത്ത പടിയെന്നവണ്ണമാണ് അദ്ദേഹം മദ്യത്തിനെതിരെയുള്ള മഹാസന്ദേശം നൽകുന്നത്. “മദ്യം വിഷമാണ്, അതുണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത്. ചെത്തുകാരന്റെ ദേഹം നാറും,
തുണി നാറും, അവൻ തൊട്ടതെല്ലാം നാറും.” എന്ന ഗുരുവിന്റെ മദ്യവർജ്ജന സന്ദേശത്തിന് ഒരു നൂറ്റാണ്ടിലധികം പഴക്കമുണ്ട്. കൊല്ലവർഷം 1096-ലെ ജയന്തിക്കാലത്താണ് ഈ മഹത്തായ സന്ദേശം അദ്ദേഹം ലോകത്തിനായി നൽകിയത്. ഏതാണ്ടിതേകാലത്താണ്, അയിത്തോച്ചാടനത്തോടൊപ്പം മദ്യവർജ്ജനവും കോൺഗ്രസ് അവരുടെ പ്രധാന രാഷ്ട്രീയ പരിപാടികളിൽ ഉൾപ്പെടുത്തുന്നത്.
മദ്യം വിഷമാണെന്ന മഹാസന്ദേശം നല്കുന്നതിനോടൊപ്പം, വളരെ കർക്കശമായിത്തന്നെ അദ്ദേഹം അതിന്റെ ഉത്പാദകരെയും വിതരണക്കാരെയും താക്കീതുകൂടി ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ, മാറിമാറി വന്ന സർക്കാരുകളുടെയും ആദർശ രാഷ്ട്രീയ നേതാക്കളുടെയും പ്രോത്സാഹനത്തിൽ തഴച്ചു വളർന്ന മദ്യവ്യവസായത്തിന്റെ സ്വാധീനത മൂലം, ഗുരുവിന്റെ മഹാസന്ദേശത്തിന്റെ രണ്ടാം പകുതിക്ക് പ്രചാരമില്ലാതെയായി. മദ്യത്തിന്റെ ഉത്പാദനത്തെ പ്രോത്സാഹിപ്പിച്ച ഇവിടുത്ത രാഷ്ട്രീയ പാർട്ടികൾ, മദ്യത്തിന്റെ ഉത്പാദനത്തിനും വിതരണത്തിനും ‘തൊഴിൽ’ എന്ന പേരിൽ മാന്യത നൽകി പുനരവതിരിപ്പിക്കുകയും ഗുരുവിന്റെ മദ്യവിരുദ്ധ പ്രവർത്തനങ്ങളെയും അദ്ദേഹത്തിന്റെ സദുപദേശങ്ങൾ കേരളീയ സമൂഹത്തിലുണ്ടാക്കിയ മുഴുവൻ പരിവർത്തനങ്ങളെയും അട്ടിമറിക്കുകയും ചെയ്തു. കള്ളുചെത്ത് അവസാനിപ്പിച്ചാൽ തൊഴിൽ നഷ്ടപ്പെടും എന്ന തൊഴിലാളിരാഷ്ട്രീയ വാദം ഗുരുദേവന്റെ കാലത്തുതന്നെ സജീവമായിരുന്നു. “തേറു മുറിച്ചെടുത്താൽ മൂന്നുനാലു കത്തി തീർക്കാം, ക്ഷൗരക്കത്തി. ഇതിലുംപരം ശ്രേഷ്ഠമായ തൊഴിലാണ് ക്ഷൗരം” എന്നായിരുന്നു ഈ വാദത്തിന് ഗുരു നൽകിയ മറുപടി.
ഗുരുവിന്റെ വിജയ മാതൃകയെ സർക്കാർ അട്ടിമറിച്ചതെങ്ങനെ?
ഇന്ന് കേരള സർക്കാരിന്റെ വരുമാനത്തിന്റെ മുഖ്യസ്രോതസ്സായ മദ്യത്തിനെതിരെ പ്രത്യക്ഷത്തിൽ നയിച്ച ധർമയുദ്ധമാണ് ഗുരുവിന്റെ സാമൂഹിക ജീവിതത്തിലെ പ്രധാന പർവ്വമായി അദ്ദേഹത്തിന്റെ ജീവചരിത്രങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഗാന്ധിജിയോടുള്ള ആദരസൂചകമായി, അദ്ദേഹത്തിന്റെ ജന്മനാടായ ഗുജറാത്ത് മദ്യത്തെ സമ്പൂർണ്ണമായി നിരോധിച്ചപ്പോൾ, നമ്മുടെ സർക്കാരുകൾ ഗുരുദേവനോടുള്ള കൂറ് പ്രഖ്യാപിച്ചത് ഗുരു വിലക്കിയ ലഹരി ഉൽപ്പാദനത്തെയും ഉപഭോഗത്തെയും അകമഴഞ്ഞ് പ്രോത്സാഹിപ്പിച്ചുകൊണ്ടാണ്. മദ്യവർജ്ജനവും മദ്യനിരോധനവും രണ്ടും രണ്ടാണെന്നും, സംസ്ഥാനത്തെ ഏറ്റവും വലിയ മദ്യനിർമ്മാതാവും വിതരണക്കാരുമായ സർക്കാരിന്റെ യഥാർത്ഥ ലക്ഷ്യം മദ്യവർജ്ജനമാണെന്നും, മദ്യനിരോധനത്തെ അപ്രായോഗിക്കാമെന്ന് പറഞ്ഞ് എഴുതിത്തള്ളുകയും ചെയ്യുന്ന മന്ത്രിമാർക്കും ജനപ്രതിനിധികൾക്കും ഗുരുദേവൻ നൽകുന്ന മറുപടിയാണ് ശ്രീനാരായണ സ്മൃതി. മദ്യത്തെ പ്രധാന വരുമാന സ്രോതസ്സായി കാണുന്ന സർക്കാരിന്റെ നയങ്ങൾക്കെതിരെ ഗുരുദേവൻ ഒരു നൂറ്റാണ്ടു മുമ്പ് പറഞ്ഞത് ഇന്നും പ്രസക്തമാണ്. ടി. കെ. മാധവൻ എഴുതിയ ഒരു പുസ്തകത്തിന്റെ മുഖവരയിൽ ‘മദ്യവർജനത്തിന്റെ കാലമാണിത്’ എന്ന ഭാഗം വായിച്ചു കേട്ടപ്പോൾ സ്വാമികൾ പറഞ്ഞു: ‘മദ്യം ഉണ്ടായപ്പോഴേ മദ്യവർജന ശ്രമം തുടങ്ങി. മദ്യവർജ്ജനം ഇക്കാലത്തു മാത്രമല്ല, വളരെക്കാലത്തിനു മുമ്പേയുള്ളതാണ്; ഇതുമാത്രം മദ്യവർജ്ജനത്തിന്റെ കാലമാകുന്നതല്ല.’ അതേ പുസ്തകത്തിൽ നിന്നുതന്നെ, ‘മദ്യത്തിൽ നിന്നുള്ള വരവ് നിന്നു പോകുന്നത് നഷ്ടമാണെന്ന’ ഗവൺമെന്റിന്റെ ന്യായം വായിച്ചുകേട്ടപ്പോൾ, ‘അത് തിന്നു വയറു വലുതായി പോയിട്ടാണ്’ എന്നത്രേ സ്വാമികൾ പറഞ്ഞത്.
ശിവഗിരി മഠത്തിന്റെ പ്രസിദ്ധീകരണമായിരുന്ന നവജീവനിൽ (07-01-1921), ശ്രീ നാരായണ ഗുരുദേവൻ തന്റെ അനന്തരാവകാശിയായി പ്രഖ്യാപിച്ച സ്വാമി സത്യവ്രതൻ എഴുതിയ ലേഖനം ഗുരുദേവന്റെ മദ്യവിരുദ്ധ പോരാട്ടം ഒരു ചുരുങ്ങിയ കാലത്തിനകം എങ്ങനെ സമ്പൂർണ വിജയം കണ്ടു എന്നതിന്റെ നേർസാക്ഷ്യമാണ്. മദ്യപാനത്തിനും, അത് മൂലമുണ്ടായ ഗോവധത്തിനും സത്യവ്രത സ്വാമികൾ കുറ്റപ്പെടുത്തുന്നത് ബ്രിട്ടീഷ് ആധിപത്യത്തെയും പാശ്ചാത്യ സംസ്കാരത്തിന്റെ സ്വാധീനത്തെയുമാണ്.
“പാശ്ചാത്യപരിഷ്കാരം വളരെ ജനങ്ങളെ കുടിയന്മാരാക്കി തീർത്തിരിക്കുന്നു. പടിഞ്ഞാറൻ മദ്യം അകത്തു പോയാൽ ‘കുടൽ’ കത്തി തുടങ്ങും. കുടലിനുള്ളിൽ വല്ല സമാധാനവും വേണമെങ്കിൽ ‘മൂരിയിറച്ചി’ തന്നെ ചെല്ലണം. അതു രണ്ടും കൂടെ അകത്തു കിടന്ന് കൂടിക്കാഴ്ച നടത്തുന്ന സമയമത്രയും കുടിയന് അല്പമൊരു ആശ്വാസമുണ്ട്. പടിഞ്ഞാറുകാർ വരുന്നതിനു മുമ്പായി ഗോവധം ഇല്ലാതെ ഇരുന്ന ഇന്ത്യയിൽ ഇപ്പോൾ ഗോശ്രീരാജൻ തുടങ്ങി ‘ഗോബ്രാഹ്മണ ഹിതത്തിനു’ മാത്രം ജീവിക്കുന്ന അരചന്മാർ വെള്ളക്കാരന്റെ ഹിതത്തിന് ഗോവധം അനുവദിച്ചു കഴിഞ്ഞിരിക്കുന്നു. ഗോവും ബ്രാഹ്മണനും അരചനെ എന്തുചെയ്യും? വെള്ളക്കാരന്റെ അഹിതം ഉള്ളിൽ സുഖത്തെ ഉളവാക്കില്ല. പിന്നെ, അനുവദിക്കാതെ അവർക്ക് ഗത്യന്തരം ഇല്ലല്ലോ. മദ്യപാനം നിമിത്തം എത്ര കുടുംബങ്ങൾ തുലഞ്ഞു! എത്രപേർ അകാലമരണം പ്രാപിച്ചു! ഇവരെപ്പോലെ പാവങ്ങളായ എത്ര പശുക്കൾ മദ്യത്തിന് കൂട്ടുപോകുവാൻ മരണമടഞ്ഞു! ശിവ! ശിവ! കണ്ണിൽ ചോരയും ഉള്ളിൽ കനവുമുള്ളവർ ഒരു നിമിഷം പോലും ഈ ദുഷ്കൃത്യം വെച്ചുകൊണ്ടിരിക്കുകയില്ല,” സത്യവ്രത സ്വാമികൾ എഴുതുന്നു.
സത്യവ്രത സ്വാമികളുടെ ഉള്ളു പൊള്ളിക്കുന്ന വാക്കുകളിൽ ഒരു മനുഷ്യസ്നേഹിയുടെ വിലാപമാണ് നമുക്ക് കാണാൻ കഴിയുക. തുടർന്ന് അദ്ദേഹം എഴുതുന്ന വാക്കുകൾക്ക് ഒരു ചരിത്ര രേഖയുടെ പ്രാധാന്യമാണുള്ളത്. ഗുരുദേവന്റെ മഹാസന്ദേശം എതാനം മാസങ്ങൾ കൊണ്ട് സമൂഹത്തിലുണ്ടാക്കിയ സമ്പൂർണ പരിവർത്തനത്തിന്റെ തെളിവായി നമുക്കിതിനെ കാണാം. “മദ്യം വിഷമാണ് അത് ഉണ്ടാക്കരുത് കൊടുക്കരുത് കുടിക്കരുത് മുണ്ടും നാറും വീട് നാറും അവൻ തൊട്ടതെല്ലാം നാറും എന്നിങ്ങനെ ശ്രീനാരായണഗുരു സ്വാമി പാദങ്ങൾ ഒരു കൽപ്പന പുറപ്പെടുവിച്ചത് കൊണ്ട് ഈഴവർ ചെത്തുനിർത്തിയിരിക്കുന്നു. അടുത്ത കുത്തക ലേലത്തിന് മുമ്പായി ഒരു ഈഴവനും തെങ്ങു ചെത്താൻ ഉണ്ടാവില്ല. ഇതിന്റെ ദൂഷ്യം നേരത്തെ അറിഞ്ഞുകൊണ്ട് വല്ല ധാന്യങ്ങളിൽ നിന്നും മദ്യം ഉണ്ടാക്കാമോ എന്ന് പരിശോധിക്കാൻ എക്സൈസ് കമ്മീഷണർക്ക് കൽപ്പന കൊടുത്തിരിക്കുന്നു രാജ്യത്ത് മുതലെടുപ്പ് വർദ്ധിപ്പിക്കാൻ അശ്രാന്ത പരിശ്രമം ചെയ്യുന്ന ആ മന്ത്രിക്ക് വന്നുപിണഞ്ഞ ഒരു വിപത്തു നോക്കണേ….” സത്യവ്രത സ്വാമികൾ എഴുതുന്നു.
തുടർന്ന് അനേകം രാജ്യങ്ങളിൽ മദ്യനിരോധനം നടപ്പിലാക്കിയതിന്റെ ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടി തിരുവിതാംകൂറിലും നിരോധനം നടപ്പാക്കാൻ ഭരണാധികാരിയോട് അദ്ദേഹം അഭ്യർത്ഥിക്കുന്നു. “പൊന്നു തമ്പുരാൻ തിരുമനസ്സിലെ അടുത്ത തിരുനാൾ ദിവസം മേലാൽ രാജ്യത്തിൽ ഒരുത്തനും മദ്യപിച്ചു കൂടാ എന്നൊരു കൽപ്പന നീതുല്യമായി അവിടുത്തെ സ്നേഹിക്കുന്ന പ്രജകൾക്കായി ദാനം ചെയ്യണമെന്ന് പൗരാവലി ഒരേപോലെ അപേക്ഷിക്കുന്നു,” എന്ന് മുഖപ്രസംഗത്തിലൂടെ സ്വാമി സത്യവ്രതൻ അഭ്യർത്ഥിച്ചു.
ഗുരുദേവന്റെ ആഹ്വാനത്തിനു ശേഷം നാടൻ മദ്യവ്യവസായത്തിന്റെ നട്ടെല്ലൊടിഞ്ഞതിനെ തുടർന്നാണ് തിരുവിതാംകൂർ സർക്കാർ വിദേശമദ്യ നിർമ്മാണം എന്ന ആശയത്തെപ്പറ്റി ചിന്തിക്കുന്നത്. ഗുരു നടപ്പിലാക്കിയ സാമൂഹ്യവിപ്ലവത്തെ അട്ടിമറിച്ച്, സമൂഹത്തെ പൂർവാന്ധകാരത്തിലേക്ക് മടക്കിക്കൊണ്ടുപോകാൻ ലക്ഷ്യമിട്ട് സ്ഥാപിക്കപ്പെട്ട ആ സ്ഥാപനമാണ് ഇന്ന് കേരള സർക്കാരിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ദി ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡ് (ടി.എസ്.സി.എൽ.) 1920കളിൽ തുടങ്ങിയ പുതിയ മദ്യനിർമാണ മേഖലകളെക്കുറിച്ചുള്ള അന്വേഷണം, 1930കളിൽ ഒരു കമ്പനി രൂപീകരണത്തിലെത്തി നിന്നു. പിന്നീട്, 1948ൽ പൂർണമായി പ്രവർത്തനം തുടങ്ങുന്ന ഒരു മദ്യനിർമാണശാലയായി അത് മാറി.
ഇന്ന്, കേരളത്തിലെ ഏറ്റവും വലിയ മദ്യനിർമാണശാലകളിലൊന്നാണ് തിരുവല്ലയിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനം. തുടർഭരണം നേടിയ ഇടതു സർക്കാരിന്റെ ഏക ഭരണ നേട്ടമായി ചൂണ്ടിക്കാട്ടാൻ കഴിയുന്ന പൊതുമേഖല സ്ഥാപനമാണിത്. പിണറായി വിജയൻ സർക്കാരിന് കീഴിൽ പുതുജീവൻ കിട്ടിയ ഈ സ്ഥാപനം ഇന്ന്, വെറും ഒരൊറ്റ ബ്രാൻഡ് മദ്യം ഉൽപ്പാദിപ്പിക്കുന്നതിലൂടെ ദിനംപ്രതി ഒരു ലക്ഷം രൂപ ലാഭം ഉണ്ടാക്കുന്ന സ്ഥിതിയിലേക്ക് വളർന്നിരിക്കുന്നു. കൂടാതെ, കേരളത്തിലേക്കുള്ള വിദേശമദ്യത്തിന്റെ ഇറക്കുമതി കുത്തകയും ഈ കമ്പനിക്കാണ്. ‘സാധാരണക്കാരന് നിലവാരമുള്ള മദ്യം കുറഞ്ഞ വിലയിൽ’ എന്ന ടി.എസ്.സി.എല്ലിന്റെ മുദ്രാവാക്യത്തിൽ ഗുരുദേവന്റെ മദ്യവിരുദ്ധ മഹാസന്ദേശത്തെ ഇടത് സർക്കാർ മുക്കിക്കൊന്നു. സാധാരണക്കാരൻ മദ്യപാനം ഉപേക്ഷിച്ച് ആ പണം കൊണ്ട്, കുഞ്ഞുങ്ങളെ വിദ്യാഭ്യാസം ചെയ്യിക്കണമെന്ന് ഉപദേശിച്ച ഗുരുവിന്റെ മഹത്തായ സ്വപ്നത്തെയും ഗുരുദേവന്റെ നേതൃത്വത്തിൽ നടന്ന നവോത്ഥാനത്തിന്റെ നേട്ടങ്ങളെയും ഇടത്-വലത് ഭരണവർഗം എങ്ങനെ കെടുത്തിക്കളഞ്ഞു എന്നതിന്റെ ചരിത്ര സ്മാരകമാണ് ഈ സ്ഥാപനം.
ലഹരിക്കെതിരെ ധർമയുദ്ധം നയിച്ച ഗുരു, പക്ഷേ ലഹരിക്കടിമപ്പെട്ടവോട് അങ്ങേയറ്റം കാരുണ്യപൂർവ്വമായി മാത്രമേ പെരുമാറിയിട്ടുള്ളു. ലഹരിവിരുദ്ധ പോരാട്ടങ്ങൾക്കൊപ്പം, തുടക്കം മുതലേ ലഹരി വിമോചന പ്രവർത്തനങ്ങളിലും അദ്ദേഹം വ്യാപൃതനായതായി നമുക്ക് കാണാം. ഒരുപക്ഷെ ഈ മേഖലയിൽ, അദ്ദേഹം ആധുനിക കേരളത്തിന് മുമ്പേ നടന്ന വഴികാട്ടിയായി മാറി. ലഹരിക്കടിമപ്പെട്ട അനേകം പേരെ ആ ദുശ്ശീലത്തിൽ നിന്ന് മോചിപ്പിച്ച് സാധാരണ ജീവിതത്തിലേക്ക് മടക്കികൊണ്ടുവന്നിട്ടുണ്ട്. അത്തരം അനുഭവസാക്ഷ്യങ്ങളാണ് ഗുരുദേവൻ നടത്തിയ അത്ഭുത പ്രവൃത്തികളിൽ ഭൂരിഭാഗവും. മദ്യപിച്ച് ലക്കുകെട്ട് തന്നെ ഭർത്സിച്ചവരോട് പോലും ഗുരു അവർ അർഹിക്കുന്ന അനുതാപത്തോടുകൂടി മാത്രമേ ഗുരു പെരുമാറിയിരുന്നുള്ളു. അവർക്കും അദ്ദേഹം രോഗശാന്തി നൽകി. ലഹരിയോടുള്ള ആസക്തിയെ രോഗമായാണ് ഒരു മഹാവൈദ്യൻ കൂടിയായിരുന്ന ഗുരു കണ്ടത്. ലഹരിക്കടിമപ്പെട്ടവരെ മരുന്നുകൊണ്ടും മനഃശാസ്ത്രപരമായ ചികിത്സകൾ കൊണ്ടും ഗുരു സുഖപ്പെടുത്തി. ലഹരി വിരുദ്ധ പ്രവർത്തനങ്ങളോടൊപ്പം, ഇത്തരത്തിലുള്ള ലഹരിവിമോചന പ്രവർത്തനങ്ങളും നടത്തിയ ഗുരുദേവൻ ഇന്നത്തെ ഭരണാധികാരികൾക്ക് അനുകരണീയമായ ഒരു മാതൃകയാണ് സൃഷ്ടിച്ചത്. ഈ മഹത്തായ മാതൃകയെ മുൻനിർത്തിയുള്ള ഒരു അടിയന്തിര ലഹരിവിരുദ്ധ-ലഹരിവിമോചന മുന്നേറ്റമാണ് കേരളീയ സമൂഹം ഇന്നാവശ്യപ്പെടുന്നത്. ഒപ്പം, മദ്യവർജ്ജനമാണ് തങ്ങളുടെ ലക്ഷ്യമെന്ന് ആവർത്തിച്ച് പ്രഖ്യാപിക്കുന്ന ഇടത് സർക്കാർ, അതിൽ അല്പമെങ്കിലും വാസ്തവമുണ്ടെങ്കിൽ, ഗുരുദേവന്റെ മഹാസങ്കല്പത്തെ മാനിച്ചു കൊണ്ട് മദ്യത്തിന്റെ നിർമാണത്തിൽ നിന്നും വിതരണത്തിൽ നിന്നും പൂർണമായി പിൻവാങ്ങണം.
(മാധ്യമപ്രവർത്തകനും സെന്റർ ഫോർ സൗത്ത് ഇന്ത്യ സ്റ്റഡീസിൽ ഫെല്ലോയുമാണ് ലേഖകൻ)
Discussion about this post