Desi Narrative
  • Home
  • Politics
  • History
  • Culture
  • Religion
  • Literature
  • Economics
  • Strategy
No Result
View All Result
Desi Narrative
  • Home
  • Politics
  • History
  • Culture
  • Religion
  • Literature
  • Economics
  • Strategy
No Result
View All Result
Desi Narrative
No Result
View All Result
  • Home
  • Politics
Home Religion

ശ്രീനാരായണസ്മൃതി: ശ്രീനാരായണ ഗുരുദേവൻ പുനരാവിഷ്കരിച്ച ആർഷ വൈദിക സനാതനധർമ പദ്ധതി

ക്ഷേത്രപ്രതിഷ്ഠകൾക്കും ആചാരപരിഷ്കരണങ്ങൾക്കും ശേഷം സകല മതങ്ങളിലും ജാതികളിലുംപെട്ട മനുഷ്യർക്ക് ഒന്നായി ജീവിക്കാനും സനാതന ധര്മമൂല്യങ്ങൾ അവരുടെ ജീവിതത്തിൽ സാക്ഷാത്കരിക്കാനുതകുന്നതുമായ ഒരു ധർമസംഹിത എന്ന നിലയിലാണ് ഗുരുദേവൻ നൂറുവർഷങ്ങൾക്ക് മുമ്പ് 'ശ്രീ നാരായണ ധർമം അഥവാ ശ്രീ നാരായണസ്‌മൃതി' എന്ന കൃതി പ്രസിദ്ധപ്പെടുത്തിയത്. ഏകദൈവവിചാരം മുതൽ പഞ്ചമഹായജ്ഞങ്ങൾ വരെയുള്ള സനാതന ധർമ പദ്ധതിയെ മഹർഷി ദയാനന്ദൻ ഉപദേശിച്ചതു പോലെ ക്രമനിബദ്ധമായാണ് ഗുരുദേവനും നമുക്ക് പറഞ്ഞു തരുന്നത്.

Ganesh Radhakrishnan by Ganesh Radhakrishnan
Aug 25, 2025, 05:47 am IST
in Religion
ശ്രീനാരായണസ്മൃതി: ശ്രീനാരായണ ഗുരുദേവൻ പുനരാവിഷ്കരിച്ച ആർഷ വൈദിക സനാതനധർമ പദ്ധതി
Share on FacebookShare on TwitterTelegram

ശ്രീനാരായണ ഗുരുദേവനെ ‘കേരളത്തിൻ്റെ മന:സാക്ഷി’ എന്നു വിശേഷിപ്പിച്ചത് സ്വർഗീയ പി. പരമേശ്വർജിയാണ്. സനാതന ധർമോദ്ധാരകനായ ഗുരുദേവൻ്റെ ധന്യജീവിതത്താൽ അനുഗ്രഹീതമായ മണ്ണാണ്, അദ്ദേഹത്തിൻ്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ, ‘ധർമ ഭൂമിയായ കേരളം’. എന്നാൽ, അടുത്തിടെയായി ഇതേ ഗുരുദേവനെ സനാതനധർമ വിരോധിയായി ചിത്രീകരിക്കാനും അതുവഴി ധർമ്മകേരളത്തിന്റെ മനഃസാക്ഷിയെ കശാപ്പുചെയ്യാനുമുള്ള രാഷ്ട്രീയ ശ്രമങ്ങൾ കേരളത്തിനകത്തും പുറത്തും സജീവമാകുന്ന കാഴ്ച നാം കാണുന്നുണ്ട്. മനഃസാക്ഷിയെ ഇല്ലായ്മ ചെയ്താൽ അധർമ്മത്തെ തിരുത്താനുള്ള വൈയക്തികവും സാമൂഹികവുമായ ശേഷി കൂടിയാണ് നഷ്ടപ്പെടുന്നതെന്ന് ആചാര്യന്മാർ മുന്നറിയിപ്പ് നല്കിയിട്ടുള്ളതുകൊണ്ട്, ‘നവകേരള’ത്തിന് എന്നോ കൈമോശം വന്ന ഈ മനഃസാക്ഷിയെ വീണ്ടെടുക്കാൻ നാമാദ്യം ചെയ്യേണ്ടത് മാർഗമധ്യേ നഷ്ടപ്പെട്ടുപോയ ശ്രീനാരായണ ധർമ സന്ദേശങ്ങളുടെ വീണ്ടെടുപ്പാണെന്ന ബോധ്യമാണ് ഈ ലേഖനത്തിന് പ്രേരകമാകുന്നത്.

ശ്രീനാരായണ ഗുരുദേവനെ സനാതന ഹിന്ദു ധർമത്തിൻ്റെ പ്രയോക്താവായി അംഗീകരിക്കാൻ വിമുഖത കാട്ടുകയും, അതുവഴി ഹിന്ദു ഐക്യത്തിന് തടയിടാൻ ശ്രമിക്കുകയും ചെയ്യുന്ന രാഷ്ട്രീയ-മതശക്തികളുടെ ഗൂഢലക്ഷ്യങ്ങൾ ദശകങ്ങൾക്കു മുമ്പേ നമ്മുടെ മുമ്പിൽ അനാവരണം ചെയ്യപ്പെട്ടതാണെങ്കിലും, അത്തരം ശ്രമങ്ങളെ ബൗദ്ധികമായി ചെറുത്തു തോൽപ്പിക്കുന്നതിൽ ഹിന്ദുസമൂഹം വേണ്ടത്ര ശ്രദ്ധ ചെലുത്തിയില്ലയെന്നത് നിഷേധിക്കാൻ കഴിയാത്ത വസ്തുതയാണ്. എന്നാൽ, നിരന്തരം നടന്നു വരുന്ന ഈ ഗുരുദേവനിന്ദയ്ക്കുള്ള മറുപടി ത്രികാലജ്ഞാനിയായ ഗുരുദേവൻ തന്നെ തയ്യാറാക്കി തന്നിട്ടുണ്ടെങ്കിലോ? ഫലത്തിൽ അങ്ങനെയൊരു മഹദ് സൃഷ്ടിയാണ് ഗുരുദേവകൃതമായ ‘ശ്രീനാരായണ സ്മൃതി’. ഗുരുദേവന്റെ ജീവിതകാലത്തു തന്നെ ശിവഗിരി മഠം പ്രസിദ്ധപ്പെടുത്തിയ ഈ അമൂല്യ ഗ്രന്ഥം പിന്നീട് ‘അജ്ഞാത കാരണങ്ങളാൽ’ ചരിത്രത്തിൻ്റെ വിസ്മൃതിയിലേക്ക് ബോധപൂർവ്വം തഴയപ്പെട്ടു. 1924 ൽ ഉപദേശിക്കപ്പെട്ട ഈ കൃതിയുടെ പതിപ്പുകൾ ശിവഗിരി മഠം 1957 ലും 1965 ലും പുറത്തിറക്കിയിരുന്നു. ഇതിൻ്റ പ്രസിദ്ധീകരണം ശിവഗിരി മഠം ഇപ്പോഴും തുടരുന്നുണ്ടെന്നു വേണം കരുതാൻ. ഗുരുദേവന്റെ സമ്പൂർണകൃതികളുടെ സമാഹാരങ്ങളിലും ‘ശ്രീനാരായണ സ്‌മൃതി’ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും അത് സാമാന്യ ശ്രദ്ധയിലേക്ക് ഇതുവരെ എത്തിയിട്ടില്ലെന്നു വേണം മനസ്സിലാക്കാൻ. മനുസ്‌മൃതി, യാജ്ഞവല്ക്യ സ്‌മൃതി തുടങ്ങിയ പുരാതന സ്‌മൃതി ഗ്രന്ഥങ്ങളുടെ ഗണത്തിൽപെടുന്നതു കൊണ്ടാണ് ഇതിനെ ‘നാരായണ സ്‌മൃതി’ എന്ന് വിളിക്കാൻ ശ്രീനാരായണ ശിഷ്യനായ നടരാജഗുരു ഇഷ്ടപ്പെട്ടിരുന്നതെന്ന്  ശ്രീ മുനിനാരായണ പ്രസാദ് അദ്ദേഹത്തിന്റെ ഒരു വ്യാഖ്യാനത്തിന് ആമുഖമായി പറയുന്നുണ്ട്. മേൽപ്പറഞ്ഞ പ്രസ്താവം, പ്രസിദ്ധീകരണത്തിന്റെ നൂറാം വാർഷികത്തിലെത്തിനിൽക്കുന്ന ഈ കൃതിയുടെ കാലിക പ്രാധാന്യത്തെ വിളിച്ചോതുന്നു.

ഹിന്ദുസമൂഹത്തിൽ നിലനിന്നിരുന്ന അനാചാരങ്ങളെയും ജാതിവിവേചനത്തെയും ഇല്ലാതാക്കി, നിലവിലെ ക്ഷേത്രങ്ങൾ എല്ലാവിഭാഗങ്ങൾക്കും തുറന്നുകൊടുക്കാനുള്ള യത്നങ്ങൾക്ക് തുടക്കമിട്ട്, സർവ ജനങ്ങൾക്കുമായി പുതിയ ക്ഷേത്രങ്ങളും സ്ഥാപിച്ച്, തന്റെ ജീവിതോദ്ദേശ്യം പൂർത്തീകരിക്കുന്നതിന്റെ അവസാന പടി എന്ന നിലയിലാണ് ഗുരുദേവൻ ഈ കൃതിയുടെ പ്രസിദ്ധീകരണത്തിന് ആജ്ഞ കൊടുക്കുന്നത്. ആചാരപരിഷ്കരണങ്ങൾക്ക് ശേഷം സകല മതങ്ങളിലും ജാതികളിലുംപെട്ട മനുഷ്യർക്ക് ഒന്നായി ജീവിക്കാനും അനുഷ്ഠിക്കാനും വേണ്ടിയുള്ള ഒരു ധർമസംഹിത എന്ന നിലയിലാണ് ഗുരു ഇത് രചിക്കുന്നത് എന്ന്, മുഖവുരയിൽ വ്യാഖ്യാതാവ് പറയുന്നു.

എന്തുകൊണ്ട് ശ്രീനാരായണസ്മൃതി?

ഗുരുദേവന്റെ തന്നെ വാക്കുകളിൽ പറഞ്ഞാൽ, ശ്രുതി, സ്‌മൃതി, പുരാണങ്ങളെ അടിസ്ഥാനമാക്കി, അദ്ദേഹം മാനവരാശിക്ക് ഉപദേശിച്ച ജീവിതപദ്ധതിയാണ് ‘ശ്രീനാരായണ സ്‌മൃതി അഥവാ ശ്രീനാരായണ ധർമം’. വേദത്തിന്റെ സനാതനത്വത്തെ പ്രമാണമാക്കി, കാലത്തിനനുസരിച്ച് നമുക്കുവേണ്ടി അദ്ദേഹം തയ്യാറാക്കിയതാണ് ഈ ധർമശാസ്ത്ര ഗ്രന്ഥം. തന്റെ അവസാനകാലത്ത് തയ്യാറാക്കിയ ഈ ‘സ്‌മൃതി’ അദ്ദേഹം ഉപദേശിക്കുന്നത് സർവ ധർമങ്ങളിലും പെട്ട മനുഷ്യർക്ക് വേണ്ടിയാണ്. ‘ഒരു ജാതി, ഒരു മതം’ എന്ന് ഗുരു അരുളിചെയ്തപ്പോൾ, അവർ ഏതാചാരമാണ് അനുഷ്ഠിക്കേണ്ടത് എന്ന കാതലായ ചോദ്യത്തിനുള്ള മറുപടിയായാണ് ‘ശ്രീനാരായണ ധർമം’ അവതരിപ്പിക്കപ്പെടുന്നത്. ഭഗവദ് ഗീതയുടെ മാതൃകയിൽ, ഗുരുശിഷ്യ സംവാദമായാണ് ഈ കൃതിയെ അവതരിപ്പിച്ചിരിക്കുന്നത്.

ഗുരുദേവനിൽ ചില അല്പമാത്ര ബുദ്ധികൾ ആരോപിക്കുന്ന സനാതന വിരുദ്ധതയെ പൂർണമായി നിരാകരിക്കുന്ന കൃതിയാണിത്. ഗുരുദേവൻ വേദങ്ങളുടെ പ്രാമാണ്യത്തെ എത്രകണ്ട് അംഗീകരിക്കുന്നു? ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്നുപദേശിച്ചതിൽ നിന്ന് അദ്ദേഹം എന്താണ് അർത്ഥമാക്കിയത്? അദ്ദേഹം കർമസിദ്ധാന്തത്തെ പിന്തുണയ്ക്കുന്നോ? ഷോഡശസംസ്കാര കർമങ്ങളെ അംഗീകരിക്കുന്നുണ്ടോ? സ്‌മൃതികളെ പൂർണമായി നിഷേധിക്കുന്നുണ്ടോ? വർണത്തേയും ജാതിയെയും ഒന്നായാണോ അദ്ദേഹം കണ്ടത്? വൈദിക യജ്ഞങ്ങളെയും പൂർവ്വമീമാംസയെയും എതിർത്തിരുന്നോ? തുടങ്ങിയ എല്ലാ സനാതന വിരുദ്ധ സംശയങ്ങൾക്കും 296 സംസ്‌കൃത ശോകങ്ങളിലൂടെ ഗുരുദേവൻ തന്നെ കൃത്യമായ മറുപടി നല്കുന്നുണ്ടെന്ന സവിശേഷതയും ഈ പുസ്തകത്തിനുണ്ട്.

ശ്രീനാരായണധർമം മൂലശ്ലോകങ്ങൾ ഗുരുദേവന്റെ ജീവിതകാലത്തുതന്നെ അദ്ദേഹത്തിന്റെ ശിഷ്യപ്രധാനിയായിരുന്ന ശ്രീ ബോധാനന്ദസ്വാമികൾ ‘ധർമം’ പത്രത്തിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ശ്രീ ബോധാനന്ദ സ്വാമികളെയാണ് ഗുരുദേവൻ തന്റെ പിൻഗാമിയായി, ശിവഗിരി മഠാധിപതിയായിരിക്കണം എന്ന് വ്യവസ്ഥ ചെയ്തത് എന്നത് ഇവിടെ സ്മരണീയമാണ്. കൂടാതെ, 1944ൽ സ്വാമി നാരായണതീർഥരുടെ നേതൃത്വത്തിൽ പ്രസിദ്ധീകരിച്ചിരുന്ന ‘നവജീവൻ’ ആഴ്ചപ്പതിപ്പിലും ഇത് പ്രസിദ്ധം ചെയ്തിട്ടുണ്ട്. ശിവഗിരി മഠം പുറത്തിറക്കിയ പുസ്തകത്തിന്റെ പ്രസ്താവനയിൽ സ്വാമി ആത്മാനന്ദ പറയുന്നത് ഇപ്രകാരമാണ്:”ശ്രീനാരായണധർമം ആയിരത്തിഒരുന്നൂറു (1924) ചിങ്ങത്തിൽ വർക്കല ശിവഗിരി മഠത്തിൽ വച്ച് ഗുരുദേവൻ അരുളിച്ചെയ്ത ഉപദേശങ്ങളാകുന്നു. ഈ ധർമ്മോപദേശങ്ങൾ പദ്യരൂപേണ എഴുതുന്നതിന് ഗുരുദേവൻ എന്നെ ചുമതലപ്പെടുത്തി. അതനുസരിച്ച് അപ്പപ്പോൾ എഴുതി ഗുരുദേവനെ അന്നാണ് വായിച്ചു കേൾപ്പിക്കുകയും ആവശ്യമായ തിരുത്തുകൾ ഗുരുദേവന്റെ ആജ്ഞയനുസരിച്ചു ചെയ്യുകയും ചെയ്തിട്ടുണ്ട്.”

ശിവഗിരി മഠത്തിന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ ‘നവജീവൻ’ ആഴ്ചപ്പതിപ്പിന്റെ 1944 സെപ്തംബര് 17 ന് പ്രസിദ്ധീകരിച്ച (വാല്യം 25) ലക്കം മുതലാണ് ‘ശ്രീ നാരായണ ധർമം’ പിന്നീട് പൂർണമായി പ്രസിദ്ധീകരിക്കുവാൻ ആരംഭിക്കുന്നത്. ഒന്നാം ഭാഗത്തോടൊപ്പം പ്രസിദ്ധീകരിച്ച ശ്രീ നാരായണ ധര്മ സംഘത്തിന്റെ ഔദ്യോഗിക കുറിപ്പിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ്: “അടുത്ത് തന്നെ പ്രസിദ്ധപ്പെടുത്തുവാൻ നിശ്ചയിച്ചിരിക്കുന്ന “ശ്രീനാരായണ ധർമം’ എന്ന ഈ ഗ്രന്ഥം ഗുരുശിഷ്യ സംവാദരൂപത്തിൽ എഴുത്തിയിട്ടുള്ളതും, അനുഷ്ടുപ്പ് വൃത്തത്തിൽ മുന്നൂറില്പരം പദ്യങ്ങളുള്ള ഏഴു സർഗത്തോടും കൂടിയതാണ്. “ഗുരുരുവാച” എന്നുള്ള ഭാഗങ്ങൾ ശ്രീനാരായണഗുരുദേവൻ തന്നെ അരുളിചെയ്തിട്ടുള്ളതും ശിഷ്യപ്രധാനി എഴുതിഎടുത്തിട്ടുള്ളതും ആകുന്നു. സ്ഥല വർണന, ഗുരുദേവവർണ്ണന, “ശിഷ്യാ ഊചു:” എന്നീ ഭാഗങ്ങൾ ശിഷ്യപ്രധാനി എഴുതിയെടുത്തിട്ടുള്ളതും ആണ്. ഈ വിശിഷ്ട  ഗ്രന്ഥത്തിൽ ജാതി മതഭേദവിചാരം, സാമാന്യധർമവിചാരം, ആസ്തേയം, മദ്യനിഷേധം, പഞ്ചധർമം, പഞ്ചശുദ്ധി, സൂതകം, ബലോപചാരണിയം, വിദ്യാരംഭം, ആശ്രമധർമസ്വരൂപം, ബ്രഹ്മചര്യാധർമം, ഗാർഹസ്ഥ്യം, സന്യാസധർമം ആദിയായ മുപ്പതില്പരം വിഷയങ്ങൾ അടങ്ങിയിട്ടുണ്ട്. മൂലശ്ലോകങ്ങൾ പ്രസിദ്ധപ്പെടുത്തിയതിനു ശേഷം ഇതിന്റെ വ്യാഖ്യാനത്തോടു കൂടിയുള്ള ഗ്രന്ഥം ധര്മസംഘത്തിൽ നിന്നും പുസ്തകരൂപേണ പ്രസിദ്ധം ചെയ്യുന്നതാകുന്നു. പകർപ്പവകാശം S . N . ധര്മസംഘത്തിന് ”

നവജീവൻ ആഴ്ചപ്പതിപ്പ് അതിന്റെ പ്രസിദ്ധീകരണം വീണ്ടും തുടങ്ങുന്ന പതിപ്പിലാണ് ‘ശ്രീനാരായണധർമം’ വീണ്ടും പ്രസിദ്ധീകരിക്കുന്നത്. ഇതിൽ പ്രസിദ്ധീകരിച്ച ഡോ എൽ എ രവിവർമ്മയുടെ ഒരു ആശംസാകുറിപ്പിലെ ചിലഭാഗങ്ങൾ ഇവിടെ ഉദ്ധരിക്കുന്നത് പ്രസക്തമാണ്: “മതം അഥവാ സനാതനധർമം ലോകത്തിന്റെ സാർവത്രികമായ രക്ഷയ്ക്കും സമുൽഗ്ഗതിക്കും ഏകനിദാനമാണെന്ന് ലോകത്തിനെ മനസിലാക്കുക നവജീവനു സാധിക്കുന്ന പക്ഷം ഈ പത്രഗ്രൻഥം സനാതനധർമത്തിന് നവജീവൻ തന്നെ ആയിരിക്കുമെന്ന് ഉറപ്പായി പറയാം. ശുഭം ഭവതു.” ഗുരുദേവന്റെ അനുഗ്രഹസ്പർശമുള്ള ഈ വാക്കുകൾ എൺപതോളം വർഷങ്ങൾക്ക് ശേഷം ഈ വാക്കുകൾ നാം വീണ്ടെടുക്കുമ്പോൾ അതെത്രമാത്രം അർത്ഥവത്തായി തോന്നുന്നു.

ശ്രീനാരായണ സ്‌മൃതിയുടെ ഭാഷ്യത്തിന്റെ ആമുഖത്തിൽ മൂലകൃതിയിലവലംബിച്ച രചനാശൈലിയുടെ വൈദികപ്രാധാന്യത്തെപ്പറ്റി ശ്രീ മുനിനാരായണ പ്രസാദ് എഴുതുന്നു: “ശ്രുതിപാരംഗതനായ ആളിന് ധർമ്മോപദേശം നൽകേണ്ടതില്ല. അയാളുടെ ജീവിതം സ്വാഭാവികമായിത്തന്നെ സത്യത്തിനു നിരക്കുന്നതായി തീർന്നുകൊള്ളും. ജ്ഞാനസാരത്തിന്റെ ആഴം കണ്ടെത്താത്തവർക്ക് നൽകുന്ന നിർദ്ദേശരൂപത്തിലുള്ളതാണ് സ്‌മൃതികൾ. ശ്രുതിയിൽ സ്‌മൃതിയും ഉൾപ്പെട്ടുപോകും എന്നുള്ളതുകൊണ്ട്, ശ്രുതിയുടെ സ്വഭാവമുള്ള കൃതികൾ രചിക്കുന്ന ഋഷിമാർ സ്‌മൃതികൾ എഴുതാറില്ല… നാരായണഗുരുവിന്റെ കൃതികളെല്ലാം തന്നെ ശ്രുതിയുടെ സ്വഭാവമുള്ളതാണ്, സ്ത്രോത്രകൃതികൾ പോലും.” ഈ പാരമ്പര്യത്തെ മാനിച്ചാണ് ഗുരുദേവൻ അതു നേരിട്ടെഴുതാതെ തന്റെ ശിഷ്യനായ ആത്മാനന്ദസ്വാമിയെക്കൊണ്ട് എഴുതിച്ചതെന്ന് ശ്രീ മുനിനാരായണ പ്രസാദ് വ്യക്തമാക്കുന്നു.

മനുസ്‌മൃതിക്ക് ശേഷമുണ്ടായ വിടവ് നികത്താനാണ് ഗുരുദേവൻ ഈ സ്‌മൃതി ഉപദേശിച്ചതെന്ന് ശ്രീ മുനിനാരായണ പ്രസാദ് അഭിപ്രായപ്പെടുന്നു- “മനുസ്‌മൃതിയും മറ്റും പണ്ട് എഴുതിയിട്ടുള്ളത്, അക്കാലത്ത് നിലനിന്ന കാലദേശപരമായ അനിവാര്യതകളും ആവശ്യങ്ങളും മുൻനിർത്തിയാണ്. ആധുനികലോകത്ത് അതിലെ പല വിധികളും നിഷേധങ്ങളും അസംഗതമായിത്തീർന്നിട്ടുണ്ട്, അതുകൊണ്ട് അതിനെ കുറ്റം പറയാൻ ധാരാളം ആളുകളുകളുണ്ട്. എന്നാൽ കുറ്റം പറയാനല്ലാതെ പുതിയൊരു സ്‌മൃതി എഴുതാൻ ആരും തുനിഞ്ഞില്ല. ഈ വിടവാണ് നാരായണഗുരുവിന്റെ അനുഗ്രഹപൂർവ്വകമായ നിർദ്ദേശങ്ങളുടെ വെളിച്ചത്തിൽ സ്വാമി ആത്മാനന്ദ ഈ കൃതിയിലൂടെ നിർവഹിച്ചിരിക്കുന്നത്.”

“ദേശകാലോചിതം കർമ്മ ധാർമിത്യഭിധീയതേ” എന്ന സ്‌മൃതി വാക്യമനുസരിച്ച് ഓരോ കാലങ്ങളിലും ദേശങ്ങളിലും ജനങ്ങളുടെ ആചാരങ്ങളും മതങ്ങളും മാറിക്കൊണ്ടിരിക്കും. വേഷവും ഭാഷയും ഭിന്നഭിന്നങ്ങളായിരുന്നാലും ആചാരങ്ങൾക്കും സിദ്ധാന്തങ്ങൾക്കും മനുഷ്യരിൽ ഐക്യരൂപമുണ്ടാകേണ്ടതിനാൽ ഈ തത്വം ആധാരമാക്കിയിട്ടുള്ളതാണ് ഇതിലെ പ്രതിപാദ്യവിഷയങ്ങൾ. മാത്രമല്ല; അന്യായവും ആഡംബരവും അനാവശ്യമായി പലതരത്തിൽ ധനം ദുർവ്യയം ചെയ്തു നടത്തുന്ന ആചാരങ്ങളെയും നടപടികളെയും തടയേണ്ടത് കാലോചിതമെന്നു കരുതി ത്രികാലജ്ഞനായ ഗുരുദേവൻ മുപ്പത്തിയൊൻപതു വർഷങ്ങൾക്കു മുമ്പ് ആജ്ഞാപിച്ചിട്ടുള്ള ഇതിലെ സിദ്ധാന്തങ്ങൾ പലതും ഇതിനോടകം നടപ്പിൽ വന്നിട്ടുണ്ട്.” ശ്രീനാരായണ ശിഷ്യനായ സ്വാമി ആത്മാനന്ദ 1957ൽ എഴുതിയ തന്റെ പ്രസ്താവനയിൽ പറയുന്നു.

പ്രധാനമായും ജാതിയെ സനാതന ധർമത്തിൽ നിന്നും ഉന്മൂലനം ചെയ്യാനാണ് ഗുരുദേവൻ ഇങ്ങനെയൊരു ധർമസംഹിത ഉപദേശിച്ചതെന്നു ഗ്രന്ഥത്തിന്റെ മുഖവുരയിൽ വ്യാഖ്യാതാവായ സ്വാമി ശ്രീനാരായണതീർത്ഥർ വ്യക്തമാക്കുന്നു. “ഭാരതത്തിൽ ധർമശാസ്ത്രങ്ങൾക്കു കുറവൊന്നുമില്ല. പിന്നെന്തിന് ശ്രീനാരായണഗുരുദേവൻ ഇങ്ങനെയൊരു ധർമശാസ്ത്രമുപദേശിച്ചു എന്നൊരു ചോദ്യത്തിനിവിടെ അവകാശമുണ്ട്. യാജ്ഞവല്ക്യസ്‌മൃതി, പരാശരസ്‌മൃതി, പ്രാചേതസ്‌മൃതി, ധർമസിന്ധു, മനുസ്‌മൃതി, ആദിയായ വളരെ സ്‌മൃതികൾ പല കാലങ്ങളിലായി ഭാരതത്തിൽ ഉണ്ടായിട്ടുണ്ട്. ഈ സ്‌മൃതികൾ ഓരോന്നും പരിശോധിക്കുന്നതാകയാൽ അവ ഓരോ കാലങ്ങളിൽ ഉണ്ടായിരുന്ന ആചാരങ്ങളുടെയും നടപടികളുടെയും നിയമവാളിയാണെന്നു കാണുവാൻ കഴിയും. അനാചാരമായി ക്രമേണ സംഭവിച്ച ജാതിയെ സംരക്ഷിക്കുവാൻ പ്രസ്തുതസമൃതികളിൽ പലതും താങ്ങും തണലുമായി നിൽക്കുന്നുണ്ടെന്നും കാണാം. സ്‌മൃതികാരന്മാർ അവരുടെ സ്വന്തസിദ്ധാന്തങ്ങളും സ്‌മൃതി ഗ്രന്ഥങ്ങളിൽ വെളിപ്പെടുത്തിയിട്ടുണ്ട്,” ആമുഖമായി അദ്ദേഹം പറയുന്നു.

“വിഭിന്നമതവിശ്വാസങ്ങളും ആചാരങ്ങളും ജാതിവിചാരങ്ങളും തന്മൂലമുള്ള അസ്പൃശ്യതകളും ഹേതുവായി പരസ്പരം സൗഹാർദ്ദവും സ്നേഹവും ഐക്യവും ഇല്ലാതെകഴിയുന്ന ജനസമൂഹം ഇനിയെങ്കിലും ഏകോപിച്ച് എല്ലാവരും മനുഷ്യർതന്നെ എന്നുള്ള ബോധത്തോടുകൂടി സ്നേഹമായികഴിയണമെന്നും അതാണ് യഥാർത്ഥമായ മനുഷ്യധർമമെന്നും ഗുരുദേവൻ കണ്ടു. അതിനുതകുന്ന ധര്മശാസ്ത്രം ഉണ്ടാകേണ്ടത് ആവശ്യമെന്നും ആചാര്യപാദർ ധരിച്ചു. അതിന്റെ ഫലമാണ് ‘ശ്രീനാരായണ ധർമം’,” ഗുരുദേവന്റെ ധര്മശാസ്ത്രരചനോദ്ദേശ്യം വ്യാഖ്യാതാവും വ്യക്തമുക്കുന്നു.

ശ്രീനാരായണസ്‌മൃതിയുടെ ഉള്ളടക്കം

ഈ ഗ്രന്ഥത്തിലെ പത്ത് സർഗങ്ങളിലൂടെ അദ്ദേഹം ഉപദേശിക്കുന്നത് കലർപ്പില്ലാത്ത സനാതന ധർമ നിയമങ്ങളും വൈദിക സാധനാപദ്ധതിയുമാണ്. ഏകദൈവവിചാരം മുതൽ പഞ്ചമഹായജ്ഞങ്ങൾ വരെയുള്ള സനാതന ധർമ പദ്ധതിയെ മഹർഷി ദയാനന്ദൻ ഉപദേശിച്ചതു പോലെ ക്രമനിബദ്ധമായാണ് ഗുരുദേവനും നമുക്ക് പറഞ്ഞു തരുന്നത്. സത്യാർത്ഥപ്രകാശം, സംസ്കാരവിധി എന്നീ ദയാനന്ദകൃതികളുടെ ഉള്ളടക്കവുമായി പൂർണമായി ചേർന്ന് നിൽക്കുന്നതാണ് ‘ശ്രീനാരായണ ധർമം’. ഗുരുശിഷ്യ സംവാദ രൂപത്തിലുള്ള അവതരണത്തിലും ‘സത്യാർത്ഥപ്രകാശ’ത്തോട്, ഈ പുസ്തകത്തിന് സാമ്യമുണ്ട്. ദയാനന്ദ സരസ്വതിയെപ്പോലെ, വേദ സംഹിതകളുടെ പ്രാമാണ്യത്തിൽ മാത്രമൂന്നിയാണ് ഗുരുദേവനും തന്റെ സ്‌മൃതി സ്ഥാപിച്ചെടുക്കുന്നത്.

ആർഷപാരമ്പര്യത്തിൽ, ഋഷിമാരുടെ വാക്കും ചിന്തയും പ്രവൃത്തിയും ദേശ-കാലഭേദങ്ങൾക്കതീതമായി എങ്ങനെ പരസ്പരം ഐക്യത്തിൽ വർത്തിക്കുന്നു എന്നതിൻ്റെ ആധുനിക കാലത്തെ അനുഭവ സാക്ഷ്യമായി നമുക്കീ ആശ്ചര്യ ജനകമായ സമാനതയെ മനസ്സിലാക്കാം. ഗുരുദേവൻ മഹർഷി ദയാനന്ദൻ്റെ പേരും പ്രവൃത്തിയും വളരെയധികം തവണ തൻ്റെ സംഭാഷണങ്ങളിലും പ്രസംഗങ്ങളിലും ഉദ്ധരിച്ചിട്ടുണ്ടെന്നുള്ളത് ഇത്തരുണത്തിൽ സ്മരണീയമാണ്. 1924 ൽ ആലുവയിലെ അദ്വൈതാശ്രമത്തിൽ വച്ച് നടന്ന സർവമത സമ്മേളനത്തിൽ വച്ച് ‘വേദപ്രതിപാദിതങ്ങളായ തത്വങ്ങൾ അപൗരുഷേയമാണെന്ന്’ ഗുരുദേവൻ അടിവരയിടുന്നുണ്ട്. മാത്രമല്ല, ‘മഹർഷി ദയാനന്ദ സരസ്വതി ചെയ്തതെന്തോ അതാണ് സകല മതാചാര്യൻമാരും ചെയ്യേണ്ടതെന്ന്’ അദ്ദേഹം അസന്നിഗ്ദമായി പ്രഖ്യാപിക്കുക കൂടി ചെയ്തു. വൈക്കം സത്യാഗ്രഹ കാലത്ത് ആര്യസമാജത്തിലെ പ്രമുഖനായിരുന്ന സ്വാമി ശ്രദ്ധാനന്ദനും മറ്റു സന്യാസിമാരും ശിവഗിരി ആശ്രമം സന്ദർശിച്ചതും ഗുരുദേവനോടൊത്ത് ദിവസങ്ങൾ ചിലവഴിച്ചതും മറ്റും ചരിത്രത്തിൻ്റെ ഭാഗമാണല്ലോ.

പുസ്തകത്തിന്റെ ഉള്ളടക്കത്തിലേക്ക് കടന്നാൽ, പ്രതിപാദ്യവിഷയങ്ങളെ ഇപ്രകാരം ചുരുക്കുപ്പറയാം: ഒന്നാം സർഗ്ഗത്തിൽ, സ്ഥലവർണനം, ശിവഗിരിവർണനം, ആചാര്യ സമർഥനം. രണ്ടാം സർഗ്ഗത്തിൽ ധര്മാധര്മ വിവേചനം, ജാതിമത ദൈവവിചാരം, ജാതി, ഏകദൈവവിചാരം. മൂന്നാം സർഗ്ഗത്തിൽ, സാമാന്യ ധർമം, ശുദ്ധിപഞ്ചകം. നാലിൽ, സൂതകം, ബാലോപചരണം, വിദ്യാരംഭം. അഞ്ച്, ആശ്രമധർമം. ആറിൽ, ബ്രഹ്മചര്യം. ഏഴിൽ, ഗാർഹസ്ഥ്യധർമം. എട്ടാം സർഗ്ഗത്തിൽ പഞ്ചമഹായജ്ഞം. ഒൻപതിൽ, അഥാപരക്രിയ. പത്താം സർഗത്തിൽ, സന്യാസം!

സ്ഥലമാഹാത്മ്യം കൊണ്ട് സമാരംഭിക്കുന്ന ഈ വിശിഷ്ട ഗ്രന്ഥത്തിൽ കേരളത്തെ ‘ധർമരാജ്യം’ എന്നും വർക്കല ശിവഗിരി നിലനിൽക്കുന്ന പ്രദേശത്തെ ‘ധർമ സംസ്ഥാനം’ എന്നുമാണ് വിശേഷിപ്പിക്കുന്നത്. തിരുവിതാംകൂറിൻ്റെ ധർമരാജ്യമെന്ന പ്രശസ്തി, ഗുരുദേവനെയും ശ്രീനാരായണ പ്രസ്ഥാനങ്ങളെയും ചാരിനിന്ന് ദുർവ്യാഖ്യാനം ചെയ്യുന്നവർക്കുള്ള ആദ്യ പ്രഹരമാണ് ഈ സ്ഥലമഹാത്മ്യത്തിൽ കരുതി വെച്ചിരിക്കുന്നത്.

വേദത്തിന്റെ പ്രാമാണ്യം

അടുത്ത ഘട്ടത്തിൽ, ബോധാനന്ദസ്വാമികൾ അടക്കമുള്ള ശിഷ്യർ ധർമ്മാധർമ സംബന്ധിയായ വിഷയത്തിലേക്ക് ഗുരുവിൻ്റെ ശ്രദ്ധയെ ക്ഷണിക്കുന്നു.

പ്രതികർത്തുമശക്താസ്തേ ജാതിശല്യ നികൃന്തനം

മതമന്യത്സമാശ്രിത്യ സുഖം ജീവന്തി ഭാരതേ (20)

‘ഭാരതത്തിൽ ജാതിമർദ്ദനത്തെ സഹിക്കാൻ വയ്യാതെ അധ:കൃതർ അന്യമതങ്ങളിൽ ചേർന്ന് സുഖമായി ജീവിക്കുന്നു’ എന്നു തുടങ്ങുന്ന ‘ധർമാധർമവിവേചനം’, എന്താശങ്കയാണ് മുന്നോട്ടു വയ്ക്കുന്നതെന്ന് നമുക്ക് മനസ്സിലാകും. തുടർന്ന്, അവർ ഗുരുദേവനോട് ചോദ്യരൂപത്തിലുന്നയിക്കുന്നവയാണ് താഴെക്കാണുന്ന രണ്ട് പ്രധാന ശ്ലോകങ്ങൾ.

ശ്രുതി സ്‌മൃതിപുരാണോക്തധർമാചാരബന്ധനേ
വിഭിന്നമതയ: കേചിന്നീ ചാം വൃത്തീം ഭജന്തി ചാ

അർഥം: വേദങ്ങൾ, സ്‌മൃതികൾ, പുരാണങ്ങൾ ഇവയിൽ പറഞ്ഞിട്ടുള്ള ആചാരത്തിൽനിന്ന് വ്യതിചലിച്ചു നടക്കുന്ന ചിലർ ഏറ്റവും നീചമായ പ്രവൃത്തിയിലിടപെട്ടു ജീവതം നയിക്കുന്നു.

ശ്രുതിസ്‌മൃത്യൂദിതേ കർമണ്യനേക നാധികാരിണഃ വിശിഷ്ടബുദ്ധി മത്ത്വേപി തേഷാം ന്യക്കാര ഈരിത:

അർഥം: ശ്രുതിസ്‌മൃതികളിൽ പറയപ്പെട്ടിരിക്കുന്ന സദാചാരങ്ങളെ അനേകമാളുകൾ ആചരിക്കുന്നില്ല. വിശേഷബുദ്ധിയുള്ള സജ്ജനങ്ങളിലും അവർ ധിക്കാരത്തെ പ്രകടിപ്പിക്കുന്നു. (സജ്ജനങ്ങളെ അവർ അപലപിക്കുന്നു.)

ഇതിനു ഗുരുദേവൻ മറുപടി നൽകുന്നു: “മനുഷ്യൻ ധർമതത്പരനായിരിക്കണം. അവൻ ധർമത്തെ അറിയുകയും വിചാരിക്കുകയും അനുഷ്ഠിക്കുകയും ഉപദേശിക്കുകയും ചെയ്യണം. അവൻ്റെ എല്ലാ പ്രവൃത്തികളും ധർമമായിരിക്കണം. ധർമമാണ് ലോകത്തെ നടത്തുന്നത്, ധരിക്കുന്നത്.”

എന്തുകൊണ്ട് ഈശ്വരൻ്റെ ഏകത്വം, എന്ന സംശയത്തിന് ഗുരുദേവൻ നൽകുന്ന മറുപടി ഇപ്രകാരമാണ്: “ദൈവം ഒന്നല്ല, അനേകമുണ്ടെന്ന് പറയുകയാണെങ്കിൽ വേദവാക്യങ്ങൾക്ക് വ്യവസ്ഥയില്ലെന്നു വരും. അതുകൊണ്ട് ശ്രേഷ്ഠവുമായ ദൈവം ഒന്ന് തന്നെയാകുന്നു.” ഇവിടെ ഈശ്വരന്റെ ഏകത്വത്തെ സ്ഥാപിക്കാൻ അദ്ദേഹം വേദപ്രമാണമാണ് സ്വീകരിക്കുന്നത്. കൂടാതെ, സാമാന്യധര്മത്തിലും അദ്ദേഹം ഉപദേശിക്കുന്നത് സ്‌മൃതിപ്രോക്തങ്ങളായ ധർമോപദേശങ്ങളാണ്. ഗുരുദേവൻ അദ്ദേഹം ജീവിച്ചിരുന്ന കാലത്തെ സാമൂഹ്യവിപത്തുകളായ ജാതിഭേദം, മദ്യപാനം, മദ്യനിർമാണം, വ്യഭിചാരം എന്നിവയുടെ നിവാരണത്തിന് തന്റെ സ്‌മൃതിയിൽ കൂടുതൽ പ്രാമുഖ്യം നൽകുന്നുണ്ട്. പഞ്ചധർമത്തോടൊപ്പം പഞ്ചശുദ്ധിയും അദ്ദേഹം നിഷ്കര്ഷിക്കുന്നുണ്ട്.

ജാതി ഉന്മൂലനത്തിനുള്ള ആഹ്വാനം

അന്നത്തെ സമൂഹത്തെ ഗ്രസിച്ചു നിന്ന ജാതി എന്ന ദുർഭൂതത്തെ വ്യക്തികളുടെയും സമൂഹത്തിൻ്റെയും ആശയ-ചിന്താപരിസരങ്ങളിൽ നിന്നു പോലും ഉച്ചാടനം ചെയ്യുകയായിരുന്നു ഗുരുദേവൻ ചെയ്തത്. അതിനുള്ള ഒരു മഹത്തായ കർമപദ്ധതി സ്വയം ആവിഷ്കരിച്ചു വിജയകരമായി നടപ്പിലാക്കിയ ഒരു മഹാത്മാവ്, ആധുനിക ചരിത്രത്തിൽ ഗുരുദേവനേപ്പോലെ വേറെയില്ലെന്നു കാണാം.

സമൂഹത്തിൽ നിന്ന് ജാതി ഇല്ലാതെയാക്കാനുള്ള ഉപാധിയായി അദ്ദേഹം നമ്മോട് നിർദ്ദേശിച്ചത് ‘ജാതിയില്ല എന്ന് വിചാരിക്കാനാണ്. എത്ര ലളിതവും അർത്ഥവത്തായതുമായ ഉപദേശം! അനാവശ്യ തർക്കങ്ങളിലോ വാദപ്രതിവാദങ്ങളിലോ ഏർപ്പെടാതെ, യുക്തിഭദ്രവും സത്യയുക്തവുമായ തൻ്റെ കർമ പദ്ധതിയിലൂടെ സമൂഹത്തെ പരിവർത്തനോന്മുഖമാക്കുകയാണ് അദ്ദേഹം ചെയ്തത്.

ശ്രീ നാരായണ സ്മൃതിയിൽ ഗുരുദേവൻ വിവരിക്കുന്നത് തൻ്റെ മഹത്തായ ഈ ധർമോദ്ധാരണ യജ്ഞത്തിന്റെ സനാതന പ്രമാണങ്ങളാണ്. നിരുക്തപ്രകാരം, ബ്രാഹ്മണാദി വർണങ്ങൾക്ക് ജാതി എന്നർത്ഥമില്ലെന്ന് അദ്ദേഹം സ്ഥാപിക്കുന്നു. മനുഷ്യൻ ഒരു ജാതി, അവന്റെ ജാതി മനുഷ്യത്വം എന്നാണ് ഗുരു പറഞ്ഞു വയ്ക്കുന്നത്. ദയാനന്ദ സരസ്വതി അടക്കമുള്ള ഋഷി ശേഷ്ഠർ ജാതി വേദവിരുദ്ധമാണെന്ന് ശക്തിയുക്തം വാദിക്കുകയും വേദപ്രമാണങ്ങളുദ്ധരിച്ച് അതിനെ പാടെ തിരസ്കരിക്കുകയും ചെയ്തിട്ടുള്ളതാണല്ലോ. അപ്രകാരം, ഗുരുദേവൻ തൻ്റെ തനതായ ശൈലിയിൽ യുക്തികൊണ്ടും ശ്രുതിപ്രമാണങ്ങൾ കൊണ്ടും ജാതിഭേദങ്ങളെ പൂർണമായും നിഷേധിക്കുന്നു.

മനുഷ്യാണാം മനുഷ്യത്വം ജാതിർഗോത്വം ഗവാം യഥാ

നൈവ സാ ബ്രാഹ്മണത്വാദിർയൗഗികത്വാദ്വിമൃശ്യതാം (35)

അർഥം: പശുക്കൾക്ക് ‘ഗോത്വം’ എപ്രകാരം ജാതിയാകുന്നുവോ അപ്രകാരമാണ് മനുഷ്യർക്ക് ‘മനുഷ്യത്വം’. യൗഗികാർത്ഥപ്രകാരം, ബ്രാഹ്മണാദി വർണങ്ങൾ ജാതിയല്ല എന്ന് ചിന്തിച്ചാലും.

വ്യാപരദേശഭാഷാഭിര്യാ യാ സംജ്ഞാ നിഗദ്യതേ

താം താം വദന്തീഹ ജാതീം പാമരാ ന തു പണ്ഡിതാ: (39)

അർഥം: പ്രവൃത്തി, ഭാഷ, ദേശം, മുതലായവ കൊണ്ട് കൽപ്പിക്കുന്ന പേര് അവരുടെ ജാതിയാണെന്ന് മൂഢന്മാർ പറയുന്നു. പണ്ഡിതന്മാർ ഒരിക്കലും അങ്ങനെ പറയില്ല.

മഹർഷി ദയാനന്ദനും ഗുരുദേവനും ജാതിക്ക് നൽകുന്ന വിവരണങ്ങൾക്ക് വിസ്മയാവഹമായ സമാനതകൾ നമുക്ക് കാണാൻ കഴിയും. നൂറ് ആർഷ സംജ്ഞകളുടെ യഥാതഥമായ അർഥം ക്രോഡീകരിച്ച് ‘ആര്യോദ്ദേശ രത്‌നമാല’ എന്ന പേരിൽ മഹർഷി ദയാനന്ദ സരസ്വതി രചിച്ച ഗ്രന്ഥത്തിൽ ‘ജാതി’ ശബ്ദത്തെ അദ്ദേഹം നിർവചിച്ചിട്ടുണ്ട്: “ജന്മം മുതൽ മരണപര്യന്തമുണ്ടായിരിക്കുന്നതും അനേകം വ്യക്തികൾക്ക് ഒരുപോലെ ലഭിച്ചിട്ടുള്ളതും ഈശ്വരകൃതവുമായതിനെ, അതായത് മനുഷ്യൻ, പശു, കുതിര, മരം മുതലായ സമൂഹങ്ങളെ ജാതി എന്ന പദത്താൽ ഗ്രഹിക്കണം.”

ജാതിയെ നിർവചിക്കാനും, അതിന്റെ അർത്ഥവ്യത്യാസം സ്ഥാപിക്കുന്നതിനും രണ്ടുപേരും ഉദാഹരിക്കുന്നത് മനുഷ്യൻ, പശു എന്നീ ഗണങ്ങളെയാണ്. ‘സ്‌പീഷീസ്’ എന്ന് ഇംഗ്ലീഷിലേക്ക് ഭാഷാന്തരം ചെയ്യാവുന്ന വാക്കാണ് സംസ്‌കൃതത്തിൽ ‘ജാതി’. മനുഷ്യൻ, പശു എന്ന് ദയാനന്ദ സരസ്വതി പറയുമ്പോൾ, അതോടൊപ്പം ‘മനുഷ്യത്വം’, ‘ഗോത്വം’ എന്നുകൂടെ ചേർത്ത് ഗുരുദേവൻ അർത്ഥപൂരണം നടത്തുന്നു.

വർണ്ണിന: പിതരൗ നിസ്സ്വൗ യദി ദേശസഭാ സ്വയം

ബ്രഹ്മചര്യവ്രതം സമ്യഗവശ്യം തസ്യ നിർവഹേത് (148)

അർഥം: വിദ്യ അഭ്യസിപ്പിക്കുന്നതിന് കഴിവില്ലാത്ത അച്ഛനമ്മമാരാണെങ്കിൽ ആ കാര്യം ദേശ സഭതന്നെ ഏറ്റെടുത്തു നടത്തണം.

ഈ ശ്ലോകം (148) അതിന്റെ അർഥം കൊണ്ടും ആശയം കൊണ്ടും ശ്രദ്ധേയമാണ്. ഇവിടെ ബ്രഹ്മചാരിയെ സൂചിപ്പിക്കാൻ ഗുരുദേവൻ ‘വർണ്ണി’ എന്ന ശബ്ദമാണ് ഉപയോഗിച്ചിരിക്കുന്നത് എന്ന് ശ്രദ്ധിക്കുക. ഈ കൃതിയിലുടനീളം ബ്രഹ്മചാരിയെകുറിക്കുന്നതിന് ഗുരുദേവൻ ‘വർണ്ണി’ എന്നാണ് പ്രയോഗിച്ചിരിക്കുന്നത്. വർണ്ണം എന്നാൽ ജാതി എന്നാണ് അർത്ഥമെങ്കിൽ, വർണി എന്ന് ആവർത്തിച്ച് പ്രയോഗിക്കുന്നതിലൂടെ ഗുരുദേവൻ ജാതിയെ പിന്തുണക്കുന്നു എന്നാണോ അർത്ഥമാക്കേണ്ടത്? വർണം എന്നതിന് വരിക്കുന്നത് എന്നർത്ഥം. ഒരു ബ്രഹ്മചാരി തന്റെ വിദ്യാഭ്യാസവേളയിൽ വരിക്കുന്നതേതാണോ അതാണ് അവന്റെ വർണം. വർണോ വൃണോതേ: എന്ന് യാസ്കാചാര്യനും, വ്രിയതേ വർണ: എന്ന് ക്ഷീരസ്വാമിയും പറഞ്ഞിരിക്കുന്നു.

‘വർണ്ണി’ ശബ്ദത്തിന് ഗുരുദേവൻ ലക്ഷ്യമാക്കിയ അർഥം സമ്പൂർണ്ണമായി ഗ്രഹിക്കാൻ, മഹർഷി ദയാനന്ദന്റെ ഋഗ്വേദാദിഭാഷ്യ ഭൂമികയുടെ പഠനം സഹായകരമാകും.

“വർണോ വൃണോതേ” (നിരുക്തം 2.3)

ദയാനന്ദ സരസ്വതിയുടെ ഭാഷ്യം പരിശോധിക്കാം: “വർണോ വൃണോതേ എന്ന നിരുക്ത പ്രമാണത്തിൽ നിന്ന്, വരണീയമായ വരിക്കാൻ അർഹമായ ഗുണകർമങ്ങളെ കണ്ടറിഞ്ഞ് യഥായോഗ്യം വരിക്കുന്നതാണ് വർണം എന്ന് മനസിലാക്കുന്നു.”

ഒരു വ്യക്തിയുടെ ജന്മം കൊണ്ട് അവനുമേൽ അടിച്ചേൽപ്പിക്കപ്പെടുന്ന ജാതിയും, ശ്രുതികളിലും സ്‌മൃതികളിലും പരാമർശിക്കപ്പെടുന്ന വർണവും തമ്മിലുള്ള വ്യത്യാസം ഇവിടെ വ്യക്തമാകുന്നു. വ്യാഖ്യാതാവായ ശ്രീ നാരായണതീർത്ഥർ സ്വാമികൾ  ‘വർണി’ എന്ന ശബ്ദത്തെ നിർവചിക്കുന്നതിങ്ങനെ: ‘വര്ണാ: അസ്യ സന്തീതി വർണീ’. അതിനർത്ഥം നൽകിയിരിക്കുന്നത് ബ്രഹ്മചാരി എന്നാണ്. ഇത്രയും ലളിതമായാണ്  ജാതിയും വർണവും തമ്മിലുള്ള വ്യത്യാസം ഗുരുദേവൻ അവതരിപ്പിച്ചിരിക്കുന്നത്.

ഗുരുദേവന്റെ ഈ കൃതിയിലെ ‘ബ്രഹ്മചര്യം’ എന്ന സർഗത്തിന് ഒരു വ്യാഖ്യാനം ഇതേ ലക്കം ‘നവജീവനിൽ’ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിദ്വാൻ മഹോപാധ്യായ എൻ. പദ്മനാഭപ്പണിക്കർ, സംസ്കൃതകോളേജ് പണ്ഡിറ്റ്, രചിച്ച വ്യാഖ്യാനത്തിൽ മറ്റൊരു ശ്ലോകത്തെ വ്യാഖ്യാനിക്കുമ്പോൾ ഗുരുദേവന്റെ ‘വർണി’ പ്രയോഗത്തെ  ഗുരുപക്ഷ വ്യാഖ്യാനത്തിന് വിധേയമാക്കുന്നു.

“ആകാംക്ഷൻ ജീവിതോൽക്കർഷം

വർണ്ണീ ഗുരുകുല വസേത്;

നിർണ്ണീത കാല പര്യന്തം

ഗുർവ്വാജ്ഞാമ് പരിപാലയൻ” (174)

അർഥം: “ജീവിതോൽക്കർഷത്തെ ഇച്ഛിക്കുന്നവനായ വർണ്ണി ഗുരുവിന്റെ ആജ്ഞയെ പരിപാലിച്ചു കൊണ്ടു നിശ്ചിതകാലം മുഴുവൻ ഗുരുകുലത്തിൽ താമസിക്കണം.”

കൂടുതൽ ആശയവ്യക്തതയ്ക്കായി, ഈ ശ്ലോകത്തിന്റെ മേൽപറഞ്ഞ വ്യാഖ്യാനം ഇവിടെ ചേർത്ത് വായിക്കുന്നത് ഉചിതമായിരിക്കും. “ഇവിടെ വർണ്ണീ എന്നു പറഞ്ഞിട്ടുള്ളതിനെപ്പറ്റി അൽപ്പം ചിന്തിക്കേണ്ടതാകുന്നു. വർണ്ണീ എന്നുള്ളതിന് ശിഷ്യനെന്നുള്ള അർഥം ഇവിടെ സ്വീകരിക്കാമെങ്കിലും അതുമാത്രമല്ല അതുകൊണ്ട് വിവക്ഷിതമായിട്ടുള്ളതെന്നു തോന്നുന്നു. വർണ്ണീ എന്നുള്ള പ്രയോഗത്തിൽനിന്ന് ചാതുർവർണ്യത്തിന്റെ പ്രതീതി ഉണ്ടാകുന്നുണ്ടല്ലോ. ചാതുർ വർണങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള വർഗക്കാർ ആരെല്ലാമാണെന്നും അവരെ പൊതുവേ വർണ്ണികളെന്നു പറയാമോ എന്നും ഒരു ശങ്കയ്ക്കിവിടെ അവകാശമുണ്ട്. ചാതുർ വർണങ്ങളിൽ ഒടുവിലത്തെ വര്ണത്തെ ഒഴിച്ചിട്ടാണ് മിക്കവാറും വർണികൾ എന്നുള്ള വ്യവഹാരം മുഖ്യമായി കാണുന്നത്. നാലാമത്തെ വർണം ഭാക്തമായി ചാതുർ വര്ണ്യത്തിലുൾപ്പെടുത്തിയിരിക്കുന്നതല്ലാതെ അധികാരവും അവകാശവുമെല്ലാം മറ്റ് മൂന്നു വർണ്ണക്കാർക്കാണ് വിധിച്ചിട്ടുള്ളത്. അതിൽത്തന്നെ സർവ്വാധികാരവും സർവ്വാവകാശവും ഒന്നാമത്തെ വര്ണത്തിനുതന്നെ നിശ്ചിതമായും ഇരിക്കുന്നു. അപ്പോൾ, ബാഹ്യന്മാരായ മറ്റു വർഗക്കാരുടെ കഥ എന്തായിരിക്കണം. അവർക്ക് വല്ല അവകാശമോ അധികാരമോ ഉണ്ടോ? അവർക്ക് ഗുരുകുലമുണ്ടോ – ഉണ്ടെങ്കിൽ അവിടെ പോകാമോ – ചെന്നാൽ സ്വീകരിക്കാമോ അധികാരവകാശങ്ങൾ നോക്കിയാൽ ഇതെല്ലം കുഴപ്പത്തിലാകുന്നു. എന്നാൽ ആചാര്യന്റെ ചാതുർവർണ്യം ഈ കുഴപ്പത്തെ ഉണ്ടാക്കുന്ന ഒന്നല്ല. അതിൽ ഉൾപ്പെടാത്ത മനുഷ്യരെയില്ല. എല്ലാവരും- എല്ലാ മനുഷ്യരും – നിയതികൃതമായ ആ പരിധിയിൽ- പ്രകൃതിദത്തമായ ആ നിയമത്തിൽ – ഉൾപ്പെടുന്നു. അപ്പോൾ ഏതു വർഗ്ഗത്തിൽപ്പെട്ട ശിഷ്യനായാലും അവനെ വർണ്ണീ എന്നു പറയാമെന്നു നിശ്ചയമാണല്ലോ. ഏതു വർഗക്കാരന്റെ കുലമായാലും ഏതുവർഗക്കാരനായ വർണ്ണിക്കും ചെല്ലാം; സ്വീകരിക്കാം; പഠിപ്പിക്കാം; പഠിക്കാം; ഒന്നിനും യാതൊരു അനുപപത്തിയും ആചാര്യന്റെ ചാതുർ വർണ്യത്തിലില്ല തന്നെ!”

ചാതുർവർണ്യം ഏതെങ്കിലും തരത്തിൽ ജാതിസമ്പ്രദായവുമായി ബന്ധപ്പെട്ടിരിക്കുന്നെങ്കിൽ വേദമെന്നല്ല, സനാതനധർമം പോലും ഉപേക്ഷിക്കുമായിരുന്നു ഗുരുദേവൻ. വർണത്തിന്  ഗുരുദേവൻ വിവക്ഷിച്ചിട്ടുള്ള ശ്രുതിപ്രോക്തമായ അർത്ഥവും, ജാത്യാചാരങ്ങൾ കൊടികുത്തിവാണിരുന്ന അന്നത്തെ കേരളത്തിൽ നിലനിന്നിരുന്ന വിപരീതാർത്ഥവും തമ്മിലുള്ള പൊരുത്തക്കേട് പരിശോധിക്കുകയാണ് വ്യാഖ്യാതാവ് ചെയ്തിരിക്കുന്നതെന്ന് നമുക്ക് കാണാം. ശേഷം, അദ്ദേഹമെത്തിച്ചേരുന്ന നിഗമനം, ഗുരുദേവന്റെ ‘വർണം’ ജാതി-വർഗ വ്യത്യാസമില്ലാതെ സകല മനുഷ്യരെയും ഉൾക്കൊള്ളുന്ന വർണമാണ് എന്നാണ്.

അതായത്, ഋഷീശ്വരന്മാരായ ദയാനന്ദനും വാല്‌മീകിയും വ്യാസനും  പരാശരനുമടങ്ങുന്ന ഇതപര്യന്തമുള്ള ആർഷപരമ്പരയുടെ സമാന വീക്ഷണമാണ് നാരായണ ഋഷിയും ഈ കാര്യത്തിൽ പുലർത്തിയത് എന്നർത്ഥം.

ഇത് ധർമം സനാതനം

സനാതന ധർമത്തിന് നിദാനമായ ‘ധർമ’ ശബ്ദത്തെ ഒരു ശ്ലോകത്തിൽ അദ്ദേഹം നിര്വചിക്കുന്നുണ്ട്. ‘ധാരയതി ഇതി ധർമ:’ എന്ന് യാസ്കാചാര്യൻ നിരുക്തത്തിൽ നൽകിയ നിർവചനമാണ് ഗുരുദേവനും നൽകിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

യാതുധാരമാത്മനോ ദൃശ്യമായാതം യേന ജീവതി
യസ്മിൻ വിലയമാപ്നോതി തസ്മാത് സർവം താദാത്മകം (31 )

അർഥം: നാം കാണുന്ന സർവവും ധർമസ്വരൂപത്തിൽ നിന്നും ഉണ്ടായവയാണ്. എല്ലാം ധർമത്തിൽ ഉദ്ഭവിച്ച് ധർമത്തിൽ നിലനിന്ന് ധർമത്തിൽ ലയിക്കുന്നു. അതുകൊണ്ട് എല്ലാം ധര്മമയമാണെന്നു അറിഞ്ഞുകൊള്ളുക.

ഈ കൃതിയിലെ ഏറ്റവും ശ്രദ്ധേയമായ ഒരുഭാഗം, ഗുരുദേവൻ തന്റെ പ്രസിദ്ധമായ ‘ഒരു ജാതി ഒരു മതം ഒരു ദൈവം’ എന്ന വാക്യത്തിനു നൽകുന്ന വിശദീകരണമാണ്. “എല്ലാ മതങ്ങളും ഒന്നാണെന്ന് നാം മുമ്പ് തന്നെ പറഞ്ഞിട്ടുണ്ടല്ലോ. എന്നാൽ അതിനെ ചുരുക്കിപ്പറയാം; കേട്ടാലും.” എന്ന് പറഞ്ഞ ശേഷം ഗുരു തന്റെ വചനത്തിന്റെ പ്രമാണമായി അദ്ദേഹം ഉദ്ധരിക്കുന്നത് ഭഗവദ് ഗീതയാണ്!

“മമ വർത്തമാനു വർത്തന്തേ മനുഷ്യാ: പാർത്ഥ സർവശഃ”

ഇതി ഗീതാവചോപ്യത്ര മതേ പ്രാമാണ്യമർഹതി. (58)

അർഥം: “അല്ലയോ അർജുനാ! ഏതു മതവിശ്വാസി ആയാലും, എല്ലാവരും ഒടുവിൽ എന്നെ പ്രാപിക്കുന്നു” എന്ന ഗീതവചനവും ഒരു മതം എന്നതിന് പ്രമാണമായി തീർന്നിട്ടുണ്ട്!

ഇതിലൂടെ ഗുരുദേവൻ മറ്റു വ്യാഖ്യാനങ്ങൾക്ക് പഴുതില്ലാത്ത വിധം വീണ്ടും സ്ഥാപിക്കുന്നത്, തന്റെ ‘ഒരു മതം’ ഭഗവദ് ഗീതയിലൂടെ ശ്രീകൃഷ്ണൻ പുനഃസ്ഥാപിക്കുന്ന അതേ സനാതന ധർമം ആണെന്നാണ്.

ഗുരുദേവൻ കർമസിദ്ധാന്തത്തിൽ വിശ്വസിക്കുന്നില്ല എന്ന് പ്രചരിപ്പിക്കുന്ന മൂഢാത്മാക്കൾക്കും അദ്ദേഹം മറുപടി നൽകുന്നുണ്ട്. കർമസിദ്ധാന്തത്തെ ഒരു ശ്ലോകത്തിലൂടെ അദ്ദേഹം വിവരിക്കുന്നതിങ്ങനെ:

താരുണ്യേ വിഹിതം യത്തദ് വർദ്ധക്യേ ച സുഖാപ്തയേ
ആമുതേരഖിലാ വൃത്തീ: സ്യാദുത്തരസുഖായ ച (138)

അർഥം: ഒരുവന്റെ യൗവ്വനത്തിലെ പ്രവൃത്തി അവന്റെ വാർധക്യത്തിൽ സുഖത്തെ പ്രദാനം ചെയ്യുന്നു. മരണം വരെയുള്ള എല്ലാ പ്രവൃത്തിയും, അനന്തര ജന്മത്തിൽ, സുഖത്തെ ചെയ്യുന്നു. (ഓരോ ജന്മത്തിലെ കർമഫലം അടുത്ത ജന്മത്തിൽ അനുഭവിക്കുമെന്നു വിവക്ഷ.)

പിന്നീട്, ആശ്രമ ധർമങ്ങൾ അനുഷ്ഠിക്കേണ്ടതിന്റെ അനിവാര്യതയെപ്പറ്റി അദ്ദേഹം പറയുന്നു.

ആശ്രമധർമങ്ങൾ മുറതെറ്റാതെ അനുഷ്ഠിച്ച് പുരുഷാർത്ഥങ്ങളായ ധർമം, അർഥം, കാമം, മോഷം എന്നിവയെ സാക്ഷാത്കരിക്കണം എന്ന സനാതന ധർമത്തിൻ്റെ അന്ത:സത്തയാണ് ഗുരുദേവൻ തൻ്റെ ഉപദേശങ്ങളുടെ ലക്ഷ്യമായി പ്രതിഷ്ഠിക്കുന്നത്. ആശ്രമധര്മങ്ങളെപ്പറ്റി പറയുമ്പോൾ, അദ്ദേഹം കൃത്യമായി ഉപദേശിക്കുന്നത് ഷോഡശ സംസ്കാര കര്മങ്ങളാണ്.

ഉഷസ്യേവ സമുത്ഥായ സ്നാത്വാ ദേവമനുസ്മരൻ

പ്രാതസന്ധ്യാമുപസ്യാന്തേ സ്വാധ്യായനിരതോഭവേദ് (165)

“ബ്രഹ്മചാരി നിത്യവും രണ്ടുനേരം പ്രാതഃസന്ധ്യാ കർമങ്ങൾ അനുഷ്ഠിച്ച് വേദാധ്യയനം ചെയ്യണം” എന്ന് അദ്ദേഹം വ്യക്തമായി നിഷ്കർഷിക്കുന്നു.  (ശ്ലോകം: 165). സ്ത്രീകളുടെ ആർത്തവാദി അശുദ്ധികളെപ്പറ്റിയും ആ കാലത്ത് അവർ  അനുഷ്ഠിക്കേണ്ട കര്മങ്ങളെക്കുറിച്ചും അദ്ദേഹം വ്യക്തമായി ഉപദേശിക്കുന്നു.

സന്യാസാശ്രമത്തെപ്പറ്റി സംസാരിക്കുമ്പോൾ, ഗുരുദേവൻ അതിൻ്റെ പ്രായോഗിക തലങ്ങളിലേക്ക് വളരെ ആഴത്തിൽ കടന്നു ചെല്ലുന്നുണ്ട്. കൂടാതെ, ശിഷ്യപരമ്പരകൾ ചാതുർമാസ്യവ്രതം അനുഷ്ഠിക്കണമെന്ന് നിഷ്കർഷിക്കുന്ന ഗുരു, വ്രതാവസാനം അവർ ഒരിടത്ത് ഒത്തു ചേരണമെന്നും പറയുന്നു. (ശ്ലോകം 293)

പഞ്ചയജ്ഞങ്ങൾ അനുഷ്ഠിക്കാത്തവൻ പാപി 

ഏറെ പ്രാധാന്യമുള്ള അഷ്ടമസർഗ്ഗത്തിൽ അദ്ദേഹം, വൈദിക നിത്യോപാസനയുടെ ഭാഗമായ പഞ്ചയജ്ഞങ്ങളെപ്പറ്റി പറയുന്നു.

ബ്രാഹ്മ: പിതൃസ്തഥാ ദൈവസ്തതോ ഭൗതികമാനുഷൗ
ഏതേ പഞ്ച മഹായജ്ഞാ: പ്രോച്യന്തേ നയകോവിദൈ: (187 )

അർഥം: ബ്രഹ്മയജ്ഞം, പിതൃയജ്ഞം, ദേവയജ്ഞം, ഭൂത സംബന്ധിയായും മനുഷ്യസംബന്ധിയായും നടത്തുന്ന യജ്ഞങ്ങൾ എന്നിങ്ങനെ അഞ്ചു യജ്ഞങ്ങളാണുള്ളത്.

ബ്രഹ്മയജ്ഞം എന്നാൽ വേദം പഠിക്കുകയും, പഠിപ്പിക്കുകയും ചെയ്യുക, എന്നാണെന്നു അടുത്ത ശ്ലോകത്തിൽ അദ്ദേഹം വിവരിക്കുന്നു.

പഞ്ചായജ്ഞാന കുർവാണോ നൂനം ദുർഗതിമാപ്നുയാത്
യജ്ഞാവശിഷ്ട ഭോക്‌താര: സ്പൃശ്യന്തേ ന ഹി പാപ്മഭി:

അർഥം: പഞ്ചയജ്ഞങ്ങൾ അനുഷ്ഠിക്കാത്തവൻ ദുർഗതി പ്രാപിക്കും. പഞ്ചയജ്ഞങ്ങൾ അനുഷ്ഠിക്കുന്നവരെ പാപം ബാധിക്കുകയില്ല.

ഗുരുദേവൻ തൻ്റെ സ്മൃതിയിൽ ഉൾപ്പെടുത്തിയ ഈ ആചാര വിധികളുടെ പ്രമാണമായ മനുസ്മൃതിയിൽ അവയെപ്പറ്റി പരാമർശിക്കുന്നത് ശ്രദ്ധിക്കുക. സത്യാർത്ഥ പ്രകാശത്തിൽ ഉദ്ധരിച്ചിരിക്കുന്ന ആ ശ്ലോകങ്ങൾക്ക് മഹർഷി ദയാനന്ദൻ നൽകുന്ന വ്യാഖ്യാനവും താരതമ്യത്തിനായി അവയുടെ ചുവടെ ചേർക്കുന്നു.

ഋഷി യജ്ഞം ദേവയജ്ഞം ഭൂതയജ്ഞം ച സർവ്വദാ

നൃയജ്ഞം പിതൃയജ്ഞം ച യഥാശക്തി നഹാപയേത്

(മനുസ്മൃതി 4:21)

ബ്രഹ്മയജ്ഞ: പിത്രയജ്ഞസ്തു തർപ്പണംഹോമോ

ദൈവോ ബലിർഭൗതോനൃയജ്ഞോതിഥി പൂജനം (മനു. 3:70)

സ്വാധ്യായേനാർച്ചയേതർഷീൻ ഹോമൈർ ദേവാനഥ്യാവിധി

പിത്യൻ ശ്രാദ്ധൈശ്ച നൃനന്നൈർ ഭൂതാനി ബലികർമ്മണാ (മനു. 3:81)

ദയാനന്ദ ഭാഷ്യം: വേദശാസ്ത്രങ്ങളുടെ പഠനവും പാഠനവും, സന്ധ്യോപാസനം, യോഗാഭ്യാസം എന്നിവയടങ്ങിയ ബ്രഹ്മയജ്ഞം; രണ്ടാമത്തേത് വിദ്വജ്ജനങ്ങളുടെ സേവാംഗങ്ങൾ, പവിത്രത, ദിവ്യഗുണങ്ങൾ, ദാതൃത്വം എന്നിവയെ സമ്പാദിക്കുക, വിദ്യാഭിവൃദ്ധി പ്രാപിക്കുക എന്നിതുകളടങ്ങിയ ദേവയജ്ഞം; ഈ രണ്ടു യജ്ഞങ്ങളും പ്രാത:കാലത്തും സായംകാലത്തും അനുഷ്ഠിക്കേണ്ടവയാകുന്നു.

ന തിഷ്ഠതി തു യ: പൂർവ്വാം നോപാസ്തേ യസ്തു പശ്ചിമാം

സ ശുദ്രദ് ബഹിഷ്കാര്യ: സർവ്വസ്മാദ് ദ്വിജ കർമ്മണ:

(മനു. 2:103)

ദയാനന്ദ ഭാഷ്യം: ഇപ്പറഞ്ഞ രണ്ടു കർമങ്ങളേയും പ്രാത:കാലത്തും സായംകാലത്തും അനുഷ്ഠിക്കാത്തവനെ സജ്ജനങ്ങൾ ബ്രാഹ്മണകർമങ്ങളിൽ നിന്ന് ബഹിഷ്കരിച്ച് തള്ളിക്കളയേണ്ടതാണ്. അപ്രകാരമുളവനെ ശൂദ്രനെന്ന് മനസ്സിലാക്കണം.

സനാതന ധർമാനുഷ്ഠാനത്തിൻ്റെ ആധാരശിലകളാണ് പഞ്ചയജ്ഞങ്ങൾ. അനാദികാലങ്ങൾ മുതൽ സർവ്വജനങ്ങളും ആചരിക്കേണ്ട ഏക ഉപാസനാ പദ്ധതിയായി ശ്രുതിസ്മൃതിപുരാണങ്ങൾ മുന്നോട്ടു വയ്ക്കുന്നവയാണ് പഞ്ചയജ്ഞങ്ങൾ. ഈ പഞ്ചയജ്ഞങ്ങൾ ആചരിക്കുന്ന ഹിന്ദുവിനെയാണ് ‘സനാതനികൾ’ എന്ന് ഹിന്ദുവിരുദ്ധർ ആക്ഷേപരൂപത്തിൽ വിളിച്ചു പോന്നിരുന്നത്. മഹർഷി ദയാനന്ദ സരസ്വതി നിഷ്കർഷിക്കുന്ന വൈദിക സാധനാ പദ്ധതിയും പ്രാചീനമായ ഇതേ പഞ്ചയജ്ഞങ്ങളാണ്. ഇതിൻ്റെ പേരിൽ ഹിന്ദു വിമർശകർ ഗുരുദേവനേയും ‘സനാതനി’ എന്ന് വിളിച്ച് പരിഹസിക്കുമോ എന്നു മാത്രമേ ഇനി അറിയേണ്ടൂ.

സനാതന ധർമത്തെ ഉദ്ധരിക്കുന്നതിനും അനാചാരങ്ങളെ ദൂരികരിക്കുന്നതിനും വേണ്ടി ഗുരുദേവനും ദയാനന്ദ സരസ്വതിയും അവലംബിച്ച മാർഗം ഒന്നു തന്നെയാണ്: സ്മൃതിയെ കാലത്തിനും ദേശത്തിനുമനുസരിച്ച് പരിഷ്കരിക്കുക. അതിൽ കാലക്രമേണ അടിഞ്ഞുകൂടിയ മാലിന്യങ്ങളും അസത്യ വചനങ്ങളും, അപൗരുഷേയവും കാലാതീതവുമായ ശ്രുതിയെ പ്രമാണമാക്കി സത്യാസത്യ വിവേചനം നടത്തി ശുദ്ധീകരിക്കുക. വേദ പ്രോക്തമായ സത്യത്തെ വരിക്കുകയും, വേദവിരുദ്ധമായ അസത്യത്തെ ത്യജിക്കുകയും ചെയ്യുക. എന്നിട്ട്, സത്യമാർഗത്തെ പിന്തുടരുകയും പ്രചരിപ്പിക്കുകയും ചെയ്യുക. ഗുരുദേവൻ ശ്രീനാരായണ സ്മൃതിയിലൂടെയും ദയാനന്ദ സരസ്വതി സത്യാർത്ഥപ്രകാശത്തിലൂടെയും നിവൃത്തിച്ചത് ഒരേ ദൗത്യമാണ്.

സത്യാധിഷ്ഠിതമായ ജീവിതം, കുടുംബത്തിലായാലും അല്ലാതെയായാലും നയിക്കുന്നതിന് ആഗ്രഹിക്കുന്ന ഏവർക്കും ഇതൊരു നല്ല വഴികാട്ടിയായിരിക്കുമെന്നതിൽ സംശയമില്ല. അഥവാ, ജീവിതത്തിൽ ഗുരുതന്നെ വഴികാട്ടിയായി വരുന്ന അനുഭവമായിരിക്കും ഇതുവായിക്കുന്ന ഓരോരുത്തർക്കും ഉണ്ടാവുക എന്ന മുനിനാരായണ പ്രസാദിന്റെ നിരീക്ഷണം അക്ഷരംപ്രതി ശരിയാണ്.

മീമാംസയിൽ ഗുരുദേവദര്ശനത്തിന്റെ സാകല്യം 

ഗുരുദേവ സാഹിത്യത്തിൻ്റെ കാലാനുക്രമണിക പരിശോധിക്കുമ്പോഴാണ് ഈ കൃതിയുടെ മഹത്വം പൂർണമായി നമുക്ക് ബോധ്യമാകുന്നത്.  ഗുരുദേവ കൃതികളുടെ പട്ടിക പ്രകാരം, അദ്ദേഹത്തിൻ്റെ ‘സമ്പൂർണ കൃതികളിൽ’ ഉൾപ്പെടുത്തിയിരിക്കുന്ന കീർത്തന-സ്‌തോത്രാദികളായ  ഏതാണ്ടെല്ലാ രചനകളും 1916 നുള്ളിൽ എഴുതി പൂർത്തിയാക്കിയവയാണ്. പിന്നീട്, അദ്ദേഹത്തിൻ്റെ സമാധി വരെയുള്ള പന്ത്രണ്ട് വർഷങ്ങൾക്കിടയിൽ അദ്ദേഹം ഒരു കാലത്ത് ഏറെ വിഹരിച്ചിരുന്ന തന്റെ രചനാലോകത്ത് തീരെ സജീവമാകുന്നില്ല എന്ന് കാണാൻ സാധിക്കും. എന്നാൽ ആ കാലത്ത് അദ്ദേഹം രചിച്ച രണ്ടു കൃതികൾ ഏറെ പ്രാധാന്യമര്ഹിക്കുന്നവയാണ്.

ഒന്ന്, ശ്രീനാരായണസ്മൃതി. (മാറിയ സമൂഹത്തിനുള്ള ധർമ സംഹിത)

രണ്ട്, ഹോമമന്ത്രം. (ആര്യസമാജത്തിനു വേണ്ടി വേദമന്ത്രത്തിൻ്റെ മാതൃകയിൽ എഴുതിയത്.)

ഈ രണ്ടു രചനകളും നടന്നത് യഥാക്രമം 1924 ലും 1925 ലും ആണെന്നത് വളരെ പ്രാധാന്യമർഹിക്കുന്നു. അപ്പോഴേക്കും, വൈക്കം സത്യാഗ്രഹത്തിന്റെ പശ്ചാത്തലത്തിൽ ആര്യസമാജവുമായും സ്വാമി ശ്രദ്ധാനന്ദനുമായും ഗുരുദേവനുള്ള ബന്ധം ദൃഢമാകുന്നുണ്ട്. സത്യാഗ്രഹവുമായി ബന്ധപ്പെട്ട് ശ്രീ നാരായണഗുരുവുമായുള്ള സ്വാമി ശ്രദ്ധാനന്ദന്റെ കൂടിക്കാഴ്ച വളരെയേറെ ചരിത്രപ്രാധാന്യമുള്ളതാണ്. ആ കൂടിക്കാഴ്ചയുടെ ബാക്കിപത്രമാണ് ഗുരുദേവൻ രചിച്ച പ്രശസ്തമായ ‘ഹോമ മന്ത്രം’. വേദമന്ത്രത്തിന്റെ മാതൃകയിൽ രചിക്കപ്പെട്ട ‘ഹോമ മന്ത്രത്തെ’ അദ്ദേഹം സ്വാമി ശ്രദ്ധാനന്ദനും ഒപ്പമുണ്ടായിരുന്ന ആര്യസമാജ സന്യാസി സംഘത്തിനും നൽകിയ ശേഷം, ‘ഇത് നിങ്ങളുടെ ഹോമകർമത്തിൽ ഉപയോഗിക്കാൻ പറ്റുമോ എന്ന് നോക്കൂ’ എന്ന് ആരാഞ്ഞു.

ഹോമമന്ത്രം*

ഓം

അഗ്നേ തവ യത്തേജസ്തദ് ബ്രാഹ്മം

അതസ്ത്വം പ്രത്യക്ഷം ബ്രഹ്മാസി

ത്വദീയാ ഇന്ദ്രിയാണി മനോ

ബുദ്ധിരിതി സപ്തജിഹ്വാഃ

ത്വയി വിഷയാ ഇതി സമിധോ ജുഹോമി

അഹമിത്യാജ്യം ജുഹോമി

ത്വം ന പ്രസീദ പ്രസീദ

ശ്രേയശ്ച പ്രേയശ്ച പ്രയച്ഛ സ്വാഹാ

ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ

ഇതിനെ വൈദിക പാതയിലേക്കുള്ള  ഗുരുദേവൻ്റെ പരിണാമമായല്ല നാം വായിച്ചെടുക്കേണ്ടത്. കാരണം, ഗുരുദേവൻ എക്കാലവും ശ്രുതിപക്ഷം തന്നെയായിരുന്നു പിന്തുടർന്നത്. എന്നാൽ, അദ്ദേഹം തൻ്റെ ജീവിതത്തിൻ്റെ ആദിപര്യന്തം നമുക്ക് കാട്ടിത്തരാൻ ശ്രമിച്ചത്, അന്ധകാരത്തിലാണ്ടു പോയ ഒരു സമൂഹം അനുവർത്തിക്കേണ്ട ക്രമാനുഗതമായ അദ്ധ്യാത്മിക പുരോഗതിയെയാണ്. ധർമ സംസ്ഥാപനയജ്ഞത്തിൽ, മഹർഷി ദയനാന്ദ സരസ്വതിക്ക് ലഭിച്ച ആനുകൂല്യം പോലും ഗുരുദേവന് അന്യമായിരുന്നല്ലോ. ദയാനന്ദ സരസ്വതിയുടെ പ്രവർത്തനം താരതമ്യേന വിദ്യാസമ്പന്നരുടെ ഇടയിലും, ഗുരുദേവൻ്റേത് വിദ്യാഹീനരായ സാധാരണ സമൂഹത്തിലുമായിരുന്നു. അജ്ഞാനത്തിൽ നിന്നും അടിമത്വ ബോധത്തിൽ നിന്നും സമൂഹത്തെ മോചിപ്പിച്ച്, സാമൂഹികവും സാമ്പത്തികവുമായി ഉദ്ധരിച്ച്, അവരെ ബൗദ്ധികമായി ഉയർത്തി, പടിപടിയായി അവരെ വൈദികപദ്ധതിയിലേക്ക് ആനയിക്കുകയായിരുന്നു ഗുരുദേവൻ ചെയ്തത്. ഭാരതത്തിലെ മറ്റൊരു ഋഷിവര്യനും നേരിടേണ്ടി വന്നിട്ടില്ലാത്തത്ര ആയാസകരമായ വെല്ലുവിളിയാണ് അദ്ദേഹം ഏറ്റെടുത്ത്, മാതൃകാപരമായി നടപ്പിലാക്കിയത്.

നമ്മിൽനിന്ന് മറച്ചു വയ്ക്കപ്പെട്ട ഈ സത്യം, അദ്ദേഹത്തിന്റെ രചനകളുടെ കാലവും, പ്രതിഷ്ഠകളുടെ രൂപ ഭാവാദികളും കാലവും തമ്മിലുള്ള ഒരു താരതമ്യത്തിലൂടെ നമുക്ക് സിദ്ധമാകും. “കണ്ണാടി പ്രതിഷ്ഠ എന്ന് തെറ്റായി വ്യവഹരിക്കുന്ന കാളവങ്കോടത്തെ പ്രതിഷ്ഠ യഥാർത്ഥത്തിൽ ‘ഓംകാര’ പ്രതിഷ്ഠയാണ്. കണ്ണാടിയുടെ പുറത്തെ രസം ചുരണ്ടി ‘ഓം ശാന്തി’ എന്നാണ് എഴുതിയതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. വെച്ചൂർ ഉല്ലല ക്ഷേത്രത്തിലും ഓംകാര പ്രതിഷ്ഠ തന്നെയാണ്. മറ്റൊരു മതത്തിലും ഓംകാര സങ്കൽപ്പമില്ല. ഓം ഇത്യേകാക്ഷരം ബ്രഹ്മ – എന്ന് ഭഗവദ് ഗീതയും ഓമിത്യേതദക്ഷണം ഇദം സർവം തസ്യോപവ്യാഖ്യാനം എന്ന് മാണ്ഡൂക്യോപനിഷത്തും പറയുന്നത് സനാതന ധര്മത്തിന്റെ പ്രമാണമാണ്.”: ശ്രീ എസ് ഗുപ്തൻ നായർ അദ്ദേഹത്തിന്റെ ‘ആദ്ധ്യാത്മിക നവോത്‌ഥാനത്തിന്റെ ശിൽപ്പികൾ’ എന്ന കൃതിയിൽ പറയുന്നു. അരുവിപ്പുറത്തെ ശിലാപ്രതിഷ്ഠയോടെ സമാരംഭിച്ച ശ്രീ നാരായണ ഗുരുദേവൻ്റെ ക്ഷേത്രസ്ഥാപനയജ്ഞത്തിന് വിരാമം കുറിക്കുന്നത് ഉല്ലലയിലെ ഓംകാര പ്രതിഷ്ഠയോടെയാണ്. അവസാന പ്രതിഷ്ഠയുടെ മൂലമന്ത്രമായി ഗുരുദേവൻ മേൽശാന്തിക്ക് ഉപദേശിച്ചത് ‘ബ്രഹ്മഗായത്രി’ മന്ത്രമാണ്.

“ഓം വേദാത്മനേ വിദ്മഹേ
ഹിരണ്യഗർഭായ ധീമഹി
തന്നോഃ ബ്രഹ്മ പ്രചോദയാത്” എന്ന വേദസ്വരൂപനായ, ഹിരണ്യഗർഭനായ, ബ്രഹ്മത്തെ സ്തുതിക്കുന്ന ബ്രഹ്മ ഗായത്രീമന്ത്രം.

നിരവധി വേന്താന്ത കൃതികൾ രചിച്ച ഗുരുദേവൻ്റെ പ്രസിദ്ധമായ ഈശാവാസ്യോപനിഷത്ത് പരിഭാഷയെ ഇവിടെ സ്മരിക്കുന്നത് ഉചിതമാകും. യജുർവ്വേദീയ ഉപനിഷത്തായ ഈശാവാസ്യത്തിന് ഗുരുദേവൻ നൽകിയ മലയാള പരിഭാഷ അതിൻ്റെ ആശയ ഗാംഭീര്യത്തിലും കാവ്യഭംഗിയിലും മികവുറ്റു നിൽക്കുന്നു. യജുർവേദ സംഹിതയിലെ പതിനെട്ട് വേദ മന്ത്രങ്ങളടങ്ങുന്നതും ഓംകാരോപസാനയ്ക്ക് അതീവ പ്രാധാന്യം നൽകുന്നതുമായ ഈ ഉപനിഷത്ത് തന്നെ ഭാഷാന്തരത്തിനായി ഗുരുദേവൻ തെരഞ്ഞെടുത്തത് ഗുരുഭക്തരെ തെല്ലും അത്ഭുതപ്പെടുത്തുന്നില്ല.

ഈശാവാസ്യമിദം സർവം… എന്നു തുടങ്ങുന്ന ഈശാവാസ്യോപനിഷത്തിലെ ആദ്യ മന്ത്രത്തിന് ഗുരു നൽകിയ പരിഭാഷ: “ഈശൻ ജഗത്തിലെല്ലാമാവസിക്കുന്നതുകൊണ്ടു നീ ചരിക്ക മുക്തനായാശിക്കരുതാരുടെയും ധനം.”

ഹിരണ്മയേന പാത്രേണ സത്യസ്യാപിഹിതം മുഖം

തത്ത്വം പൂഷന്ന പാവൃണു സത്യധർമായ ദൃഷ്ടയേ. (15)

പ്രസിദ്ധമായ ഈ മന്ത്രത്തെ ഗുരുദേവൻ ഭാഷാന്തരം ചെയ്തിരിക്കുന്നതിപ്രകാരമാണ് :-

“മൂടപ്പെടുന്നു പൊൻപാത്രം കൊണ്ടു സത്യമതിൻമുഖം തുറക്കുകതുനീ പൂഷൻ! സത്യധർമന്നു കാണുവാൻ.”

വായുരനിലമമൃതമഥേദം ഭസ്മാന്തം ശരീരം

ഓം ക്രതോ സ്മര കൃതം സ്മര ക്രതോ സ്മര കൃതം സ്മര . (17)

അഗ്നേ നയ സുപഥാ രായേ അസ്മാൻ

വിശ്വാനി ദേവ വയുനാനി വിദ്വാൻ

യുയോധ്യസ്മജ്ജൂഹുരാണമേനോ

ഭൂയിഷ്ഠാം തേ നമ ഉക്തിം വിധേമ. (18)

ഈശവാസ്യോപനിഷത്തിലെ പ്രാർത്ഥനാരൂപത്തിലുള്ള അവസാന രണ്ടു മന്ത്രങ്ങൾക്ക് (18-19) അവയുടെ ഗൂഢാർത്ഥം ഒട്ടും ചോർന്നു പോകാതെ ശ്രീ നാരായണ ഗുരു പരിഭാഷപ്പെടുത്തിയതിങ്ങനെ:-

“പ്രാണൻ പോമന്തരാത്മാവിൽ

പിൻപു നീറാകുമീയുടൽ.

ഓമെന്നു നീ സ്മരിക്കാത്മൻ!

കൃതം സർവം സ്മരിക്കുക.

അഗ്നേ! ഗതിക്കായ് വിടുക

സന്മാർഗത്തൂടെ ഞങ്ങളെ.

ചെയ്യും കർമങ്ങളെല്ലാവുമറിഞ്ഞീടുന്ന ദേവ! നീ

വഞ്ചനം ചെയ്യുമേനസ്സു ഞങ്ങളിൽനിന്നു മാറ്റുക.

അങ്ങേയ്ക്കു ഞങ്ങൾ ചെയ്യുന്നു നമോവാകം മഹത്തരം.”

അവസാനകാലത്ത് അദ്ദേഹം നിർവ്വഹിച്ച ഓംകാര പ്രതിഷ്ഠകളും, മനോബിംബത്തിലെ ഓംകാര ദർശനം സാധ്യമാക്കുന്ന കണ്ണാടി പ്രതിഷ്ഠകളും അഗ്നി പ്രതിഷ്ഠയും എന്തിലേക്കുള്ള പരിണാമത്തെ കുറിക്കുന്നു? ആ പരിണാമത്തിൻ്റെ പൂർത്തീകരണം എവിടെയെത്തിയെത്തി നിന്നു? ഈ ചോദ്യങ്ങളുടെ ഉത്തരങ്ങൾ ഈ കാലാനുക്രമണികയിലൂടെ നമുക്ക് വായിച്ചെടുക്കാം.

പൂർവോത്തര മീമാംസകളെ ആർഷ പാരമ്പര്യപ്രകാരം യുഗ്മമായി കണ്ട്, വേദാന്ത ദർശനത്തെ പ്രായോഗികതയുടെ  ആർഷപാരമ്യത്തിലേക്ക് ഉയർത്തുകയായിരുന്നു ഗുരുദേവൻ ചെയ്തത്. ഒപ്പം, ഹോമ മന്ത്രത്തിൻ്റെ ദ്രഷ്ടാവായി മാറുക കൂടി ചെയ്തപ്പോൾ ഗുരു ഭാരതീയ ഋഷി പരമ്പരയുടെ ഇങ്ങേയറ്റത്തെ കണ്ണിയായി മാറി. ആചാരോപാസനകളെയും അദ്വൈത ദർശനത്തെയും സമ്മേളിപ്പിച്ച് സമ്യക്കായ വൈദിക സനാതന പദ്ധതിയെ പുനരാവിഷ്ക്കരിക്കുകയാണ് ആ ഋഷിവര്യൻ ചെയ്തത്. ദൗർഭാഗ്യവശാൽ, ഗുരുദേവൻ്റെ മഹത്തായ സങ്കല്പത്തെ  കർമപഥത്തിലെത്തിക്കുന്നതിൽ പിൻഗാമികളായ നാം പരാജയപ്പെട്ടു. തത്ഫലമായി, അർദ്ധവിരാമത്തിലെത്തി നിൽക്കുന്ന നമ്മുടെ അദ്ധ്യാത്മിക പുരോഗതി അതിൻ്റെ പൂർണതയിലെത്തിക്കുവാൻ ‘ശ്രീനാരായണ സ്മൃതി’യിൽ ഗുരുദേവൻ നിഷ്കർഷിച്ച സനാതന ധർമപദ്ധതി പ്രാവർത്തികമാക്കിയേ തീരൂ.

ഇപ്രകാരം, ഗുരുദേവൻ തന്റെ അവസാനകാലത്ത്  മാനവരാശിക്കാകമാനം ഉപദേശിച്ച ഈ വൈദിക ജീവന പദ്ധതി  യഥാർത്ഥത്തിൽ ഗുരുദേവൻ നടത്തിയ കണ്ടെത്തലല്ല, മറിച്ച് വീണ്ടെടുപ്പാണ്. “ഇതിലെ ധർമ്മോപദേശങ്ങൾ ഓരോരുത്തരും ആചരിക്കുന്നതായാൽ വിവിധമതൈക്യത്തിനും വിശ്വാസ ഐക്യത്തിനും ക്ഷേമത്തിനും ലോകശാന്തിക്കും അന്യമാർഗങ്ങൾ അവലംബിക്കേണ്ടിവരില്ല.” എന്നാണ് ആമുഖ പ്രസ്താവനയിൽ സ്വാമി ആത്മാനന്ദ എഴുതിയിരിക്കുന്നത്. ഗുരുദേവൻ വിഭാവനം ചെയ്ത ആ ‘ഒരു മതം’ എതാണെന്നും അതിൻ്റെ ആചാര-ഉപാസനാ പദ്ധതി എന്താണെന്നുമുള്ള സംശയവും ഇതോടെ നിവാരണം ചെയ്യപ്പെടുന്നു. ലോകസമാധാനത്തിനും ക്ഷേമത്തിനും വേണ്ടി സകല മതസ്ഥർക്കായും അദ്ദേഹം തയ്യാറാക്കിയ ഈ അമൂല്യ ധർമശാസ്ത്ര ഗ്രന്ഥം സനാതന ധർമത്തിൽ അധിഷ്ഠിതമല്ലെന്ന് ഇനിയും അധികാര വർഗവും സനാതന ധർമ വിമർശകരും വിശ്വസിക്കുന്നുണ്ടെങ്കിൽ അവരോട് വിനീതമായൊരു അഭ്യർത്ഥനയുണ്ട്. ‘സനാതന വിരുദ്ധനായ’ ഗുരുദേവൻ്റെ ‘സനാതന വിരുദ്ധ’ ഉപദേശങ്ങളടങ്ങിയ ഈ ഗ്രന്ഥം ശ്രദ്ധായുക്‌തം പഠിക്കാനും, അവ ജീവിതത്തിൽ ആചരിക്കാനും, സമൂഹത്തിൽ പ്രചരിപ്പിക്കാനും, പൊതുവിദ്യാഭ്യാസ പദ്ധതിയിലുൾപ്പെടുത്തി, ഗുരുദേവൻ വിഭാവനം ചെയ്തതുപോലെ സകല മനുഷ്യരിലേക്കും എത്തിക്കാനും നിങ്ങൾ തയ്യാറാകാണം.

References:

1. Sree Narayana Dharmamam or Sree Narayana Smriti by Sree Narayana Gurudevan published by Sivagiri Mutt, Varkala

2. Navajeevan Weekly, official publication by Varkala Sivagiri Mutt, Varkala

3. Complete Works of Sree Narayana Guru (Malayalam), edited by Muni Narayana Prasad.

4. Homa Mantra by Sree Narayana Gurdevan

5. Narayana Guru: Complete Works by Muni Narayana Prasad (English)

6. Satyartha Prakash by Maharshi Dayanand Saraswati

7. Rigvedadi Bhashya Bhumika by Maharshi Dayanand Saraswati

8. Sanskar Vidhi by Maharshi Dayanand Saraswati

9. Vaikom Satyagraha Rekhakal by Adv. P Harikumar

10. Complete Works of Sree Narayana Guru: edited by Prof. G. Balakrishnan Nair

11. Architects of Spiritual Renaissance by Prof. S. Gupthan Nair

12. Narayana Guru : The Prophet of Renaissance by P. Parameshwaran

ShareSendTweetShare

Related Posts

ശ്രീനാരായണ ദർശനവും ലഹരിമുക്ത കേരളവും

ശ്രീനാരായണ ദർശനവും ലഹരിമുക്ത കേരളവും

ശ്രീനാരായണ ദർശനവും ലഹരിമുക്ത കേരളവും

Sree Narayana Dharma: A Solution to Kerala’s Drug Menace

Srimad Bhagavad Gita: The Spiritual Fountainhead of India’s Freedom Struggle

Srimad Bhagavad Gita: The Spiritual Fountainhead of India’s Freedom Struggle

100 Years of Sree Narayana Smriti: A Sanatana Dharma Samhita Emerges from Oblivion for Resurgent, Caste-free Bharat

Swami Vivekananda’s Influence on Leo Tolstoy: A Catalyst for His Departure from Christianity?

Swami Vivekananda’s Influence on Leo Tolstoy: A Catalyst for His Departure from Christianity?

ആചാര്യത്രയവും ഹൈന്ദവാചാരപദ്ധതിയും

Discussion about this post

Recent.

Arnold Toynbee and Ram Mandir: Bharat’s Civilizational Reawakening in Ayodhya

Arnold Toynbee and Ram Mandir: Bharat’s Civilizational Reawakening in Ayodhya

Constitutional Amendments During the Emergency: RSS Stands by its Position; What About the Communists Who Criticized the Inclusion of Socialism and Secularism?

Constitutional Amendments During the Emergency: RSS Stands by its Position; What About the Communists Who Criticized the Inclusion of Socialism and Secularism?

ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്റ് കെമിക്കല്‍സ്: ഗുരുവിൻ്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഭരണകൂടം മുഴക്കിയ മരണമണി

ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്റ് കെമിക്കല്‍സ്: ഗുരുവിൻ്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഭരണകൂടം മുഴക്കിയ മരണമണി

ശ്രീനാരായണ ദർശനവും ലഹരിമുക്ത കേരളവും

ശ്രീനാരായണ ദർശനവും ലഹരിമുക്ത കേരളവും

ശ്രീനാരായണ ദർശനവും ലഹരിമുക്ത കേരളവും

Sree Narayana Dharma: A Solution to Kerala’s Drug Menace

ഫാദർ അന്തോണി ഇലഞ്ഞിമിറ്റം: ആർഎസ്എസിനെപ്പറ്റിയുള്ള ആദ്യ സമഗ്ര ഗ്രന്ഥം രചിച്ച, ‘കപട-മതേതരവാദം’ എന്ന പദം രാഷ്ട്രമീമാംസയ്ക്ക് സംഭാവന ചെയ്ത മലയാളി കത്തോലിക്കാ പുരോഹിതൻ

ഫാദർ അന്തോണി ഇലഞ്ഞിമിറ്റം: ആർഎസ്എസിനെപ്പറ്റിയുള്ള ആദ്യ സമഗ്ര ഗ്രന്ഥം രചിച്ച, ‘കപട-മതേതരവാദം’ എന്ന പദം രാഷ്ട്രമീമാംസയ്ക്ക് സംഭാവന ചെയ്ത മലയാളി കത്തോലിക്കാ പുരോഹിതൻ

The Catholic Priest who authored the first popular book about RSS

The Catholic Priest who authored the first popular book about RSS

Flag Committee Report 1931: When Nehru, Sardar Patel and Abdul Kalam Azad proposed ‘Saffron Flag’ as India’s National Flag!

Flag Committee Report 1931: When Nehru, Sardar Patel and Abdul Kalam Azad proposed ‘Saffron Flag’ as India’s National Flag!

  • Home
  • Politics
  • History
  • Culture
  • Religion
  • Literature
  • Economics
  • Strategy

© Desi Narrative

No Result
View All Result
  • Home
  • Politics
  • History
  • Culture
  • Religion
  • Literature
  • Economics
  • Strategy

© Desi Narrative